20250802 142259 0000

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമർപ്പിക്കാമെന്ന് കോടതിയെ അറിയിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.

 

കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പത്തു പേരടങ്ങിയ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക സുപ്രീം കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചേക്കും. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സിപിഎമ്മിൽ നടപടി. സിഡബ്ല്യുസി മുൻ ചെയർമാൻ അഡ്വ എൻ രാജീവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ആയിരുന്ന പിജെ ജോൺസനെ സസ്പെൻഡ് ചെയ്തത്. ഒരു വിഭാഗം നേതാക്കൾ ചേർന്ന് നടപടി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് സൈബർ പോര് രൂക്ഷമായിരുന്നു.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ ഹാരിസ് ചിറയ്ക്കൽ. മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്നും ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. എന്നാൽ സർവ്വീസ് ചട്ടലംഘനത്തിൽ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഡോ കെ വി വിശ്വനാഥന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിര നിയമനം. നിലവിൽ ഡി എം ഇയുടെ ചുമതല വഹിക്കുകയായിരുന്ന ഡോ വിശ്വനാഥൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പ്രഫസർ ആയിരുന്നു. ഇത്തവണ 12 അംഗ ലിസ്റ്റുണ്ടായിരുന്നതിൽ ആറാമത്തെ ആളായിരുന്നു കെ വി വിശ്വനാഥൻ. ലിസ്റ്റിൽ സീനിയോരിറ്റിയുള്ളവരെ മറികടന്നാണ് ഡോ വിശ്വനാഥൻ്റെ നിയമനമെന്ന് ആരോപണമുണ്ട്.

 

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത്കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. കവടിയാറിൽ ഭൂമി വാങ്ങി ആഡംബര വീട് പണിതതിൽ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്‍റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു.

 

 

തൃശൂരിലെ വോട്ടർ പട്ടിക സി.പി.ഐ സമഗ്രമായി പരിശോധിക്കുമെന്നും കള്ള വോട്ടർമാരെ തൃശൂർ എംപി പുറത്ത് കൊണ്ടു വരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ ഖുറാനും ബൈബിളും ഗീതയുമായ വോട്ടർ പട്ടികയെ ബി.ജെ.പി മാനഭംഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ വോട്ട്ക്രമക്കേടിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം സിപിഐ നേതൃത്വത്തിൽ 16 ന് രാവിലെ തൃശൂരിൽ നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വയനാട് ലോക്സഭ മണ്ഡലത്തിൽ 93,000 വോട്ടുകൾ കൃത്രിമമായി ചേർത്തതാണ് എന്ന ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിന്‍റെ വാദത്തില്‍ പ്രതികരിച്ച് വയനാട്ടിലെ വോട്ടര്‍മാര്‍. ചൗണ്ടേരി എന്ന പേരിൽ ഉമറും ലില്ലിക്കുട്ടിയും ഫാറൂഖും കമലമ്മയും എങ്ങനെ വന്നു എന്നായിരുന്നു അനുരാഗ് താക്കൂറിന്റെ ചോദ്യം. എന്നാൽ ഇത് ദേശത്തിൻ്റെ പേരാണെന്നും ജാതി മത വ്യത്യാസം ഇല്ലാതെ ഈ നാട്ടിൽ മിക്കവരും ചൗണ്ടേരി എന്നത് പേരിനോട് ചേർക്കുന്നു എന്നും വോട്ടർമാർ വ്യക്തമാക്കി.

 

കോൺഗ്രസിനും സിപിഎമ്മിനും എതിരെ കള്ളവോട്ട് ആരോപണവുമായി ബിജെപി മുൻ ജില്ലാ അധ്യക്ഷനും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.കെ അനീഷ് കുമാർ. വടക്കാഞ്ചേരി കുറ്റൂരിലെ സ്ഥിര താമസക്കാരായ കോൺഗ്രസ്സ് പ്രവർത്തകൻ അഭിജിത്തും, അദ്ദേഹത്തിന്‍റെ അമ്മ അമ്പിളിയും കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് കെ.കെ അനീഷ് കുമാർ ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും അദ്ദേഹം പുറത്തുവിട്ടു.

 

സിനിമാ നിര്‍മ്മാതക്കളുടെ സംഘടന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗം കൊച്ചിയില്‍ ആരംഭിച്ചു. പതിനൊന്നംഗ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സാന്ദ്ര തോമസും സ്ഥലത്തെത്തിയിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.

 

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിന പരിപാടി നടത്തിയാൽ തടയുമെന്ന് എസ്എഫ്ഐ യും കെഎസ്‍യുവും. വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാൻസലറും പാടില്ലെന്ന് പ്രോ ചാൻസ്ലറും നിലപാടെടുത്തു. സർവ്വകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്. ഇന്ന് ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണർ കത്തയച്ചിരുന്നു.

 

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംഘര്‍ഷാന്തരീക്ഷം. എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുതള്ളുമുണ്ടായി. വിഭജനഭീതി ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും പിന്നാലെ എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. വന്‍ പോലീസ് വിന്യാസം കോളേജിലുണ്ട്.

 

 

 

ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ ദിനത്തില്‍ എറണാകുളത്തെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും മനുഷ്യ മതില്‍ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ വൈകിട്ട് നാല് മണിക്ക് എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ മതിലില്‍ സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ മുതൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കുചേരുമെന്നും നേതാക്കൾ അറിയിച്ചു.

 

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി.

 

സഹകരണ ബാങ്കിൽ സ്ഥാനക്കയറ്റത്തിനായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിനെതിരെ പൊലീസ് കേസെടുത്തു. അരിയൂർ ബാങ്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാരനായിരിക്കവേ ക്ലാർക്കായി ഉദ്യോഗ കയറ്റത്തിനായി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് പരാതി. വകുപ്പുതല അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി.

 

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശിയപാത അതോറിറ്റി നൽകിയ ഹർജിയില്‍ വിമര്‍ശനവുമായി സുപ്രീംകോടതി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.റോഡിന്‍റെ അവസ്ഥ മോശം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. തനിക്കും അതുവഴി സഞ്ചരിക്കാൻ അവസരമുണ്ടായിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

 

ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചതോടെ കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടാണ്.

 

കുന്നംകുളം പന്തല്ലൂരിൽ മിന്നൽ ചുഴലിയിൽ വൻനാശനഷ്ടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് പന്തല്ലൂരിൽ ആഞ്ഞുവീശിയത്. മെയിൻ റോഡിൽ നിന്നും പന്തല്ലൂർ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. വിവിധ പറമ്പുകളിലെ നിരവധി മരങ്ങൾ കടപുഴകി വീണു.

 

പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയായ മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘത്തേയും പിടികൂടിയിട്ടുണ്ട്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് 1.6 കോടി രൂപ മൂല്യമുള്ള ദുബായിയിലെ ചെക്കുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

ഏറ്റുമാനൂർ ജെയ്നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ക്രൈം ബ്രാഞ്ചിന് നിർണായക തെളിവ് ലഭിച്ചു. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ആണ് സ്ഥിരീകരണം വന്നത്. ഡിഎന്‍എ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല.

 

വോട്ട് മോഷണത്തിനെതിരായ യാത്ര ബിഹാറിന്‍റെ മണ്ണിൽ നിന്ന് തുടങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി. കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല, ജനാധിപത്യത്തെയും, ഭരണഘടനയേയും സംരക്ഷിക്കാനുള്ള വലിയ ദൗത്യമാണെന്നും വോട്ട് മോഷ്ടാക്കളെ തുരത്തുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിലവില്‍ രാജ്യത്തുടനീളം വിഷയത്തില്‍ റാലിയും പ്രതിഷേധവും നടത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

 

ഇരട്ട വോട്ടുകളില്‍ തെളിവ് ഉണ്ടെങ്കില്‍ എത്രയും വേഗം ഹാജരാക്കാൻ രാഹുല്‍ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. വോട്ട് ചോരി പ്രയോഗം വോട്ടര്‍മാരെ ആകെ അപമാനിക്കുന്നതാണെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. എന്നാൽ ഞായറാഴ്ച തുടങ്ങി സെപ്റ്റംബര്‍ ഒന്ന് വരെ നീളുന്ന വോട്ട് അധികാര്‍ യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തുറന്ന് കാട്ടാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം.

 

ഹിമാചൽ പ്രദേശില്‍ പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്ന് റിപ്പോര്‍ട്ട്. സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി.

 

ദില്ലിയിലും കനത്ത മഴ. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂപപ്പെട്ടു. മഴ ശക്തമായതോടെ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

 

വിഭജനത്തിന്‍റെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. മുസ്ലിം ലീഗ് നിരപരാധികളായ കുഞ്ഞുങ്ങൾ അടക്കം പതിനായിരങ്ങളെ കൊന്നു, കാഫിറുകൾ എന്ന് വിളിച്ച് പതിനായിരങ്ങളെ ജന്മനാട്ടിൽ നിന്ന് പിഴുതെറിഞ്ഞു എന്നുമാണ് ഗവര്‍ണറുടെ പ്രതികരണം. സമാനശക്തികൾ വിവിധരൂപത്തിൽ ഇന്ന് കരുത്താർജിക്കുന്നു എന്നും ഇവരുടെ നീചലക്ഷ്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും ആർ എൻ രവി പറഞ്ഞു.

 

 

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൂനെ കോടതിയിൽ രാഹുൽഗാന്ധി നൽകിയ ഹർജി പിൻവലിക്കും. രാഹുലിൻ്റെ അറിവോടെയല്ല അഭിഭാഷകൻ ഹർജി നൽകിയതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഹർജിക്കെതിരെ ബിജെപി പരിഹാസം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഹർജി പിൻവലിക്കാനുള്ള തീരുമാനം കോൺഗ്രസ് എടുത്തത്.

 

പാകിസ്ഥാൻ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കറാച്ചിയിൽ മൂന്ന് മരണം. അശ്രദ്ധമായ വ്യോമ ആഘോഷത്തിനിടെയാണ് വെടിവെപ്പ് അപകടമുണ്ടായത്. അപകടത്തിൽ 60 ലധികം പേർക്ക് വെടിയേറ്റു. ഈ ആചാരം അപകടകരമാണെന്ന് അധികൃതർ അപലപിച്ചു. വ്യോമാക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.]

 

ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയ വിഷയത്തിൽ പ്രശ്നം പരിഹരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേല്‍ പുരസ്കാരത്തിന് ശുപാർശ ചെയ്താൽ മതിയെന്ന് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പരിഹസിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ രണ്ടുതവണ നൊബേലിന് നാമനിർദേശം ചെയ്താൽ മതിയെന്നും എന്നാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നടപടി അനാവശ്യമാണെന്നും ഇന്ത്യയ്ക്കെതിര ചുമത്തിയ ഉയർന്ന തീരുവ ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

തെക്കന്‍ യൂറോപ്പിൽ കാട്ടുതീ പടരുന്നു. യൂറോപ്പില്‍ റെക്കോർഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. കനത്ത ചൂടിൽ പലയിടങ്ങളിലും കാട്ടുതീ പടർന്നു. ഗ്രീസിലും സ്പെയിനിലും തുർക്കിയിലും അൽബേനിയയിലും സ്ഥിതി രൂക്ഷമാണെന്നാണ് റിപ്പോർട്ട്. ഗ്രീസിലെ പാത്രസിൽ നിന്ന് മാത്രം ഒഴിപ്പിച്ചത് രണ്ട് ലക്ഷത്തിലധികം പേരെയാണ്. ഇറ്റലിയിലെ 16 നഗരങ്ങളിൽ അത്യുഷ്ണ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും കാട്ടുതീ അതിരൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി ചുമതലയേറ്റെടുത്തു. രണ്ട് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായി തുടരും. നാളെ ഖാലിദ് ടീമിനൊപ്പം ചേരും. നേഷന്‍സ് കപ്പില്‍ താജിക്കിസ്ഥാനെതിരെ ആണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത മത്സരം. ഒക്ടോബര്‍ മുതല്‍ എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങളും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *