പാൽ വില കൂട്ടാനുള്ള നിർണായക തീരുമാനമെടുക്കാൻ ഇന്ന് ഡയറക്ടർ ബോർഡ് യോഗം മിൽമ ആസ്ഥാനത്ത് ചേരുന്നു. മൂന്ന് മേഖലാ യൂണിയനുകളിലെ ചെയർമാൻമാർ, എംഡിമാർ തുടങ്ങിയവർ ബോർഡ് യോഗത്തിൽ പങ്കെടുക്കും. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് മലബാര്‍ യൂണിയനെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വര്‍ധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാര്‍ശ.
യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു.
നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. വിദേശകാര്യ മന്ത്രാലയവുമായി ഗവർണർ സംസാരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യമാണ് ഗവര്‍ണര്‍ മുന്നോട്ട് വെക്കുന്നത്. പ്രവാസി വ്യവസായി എം എ യൂസഫലിയുമായും ഗവർണർ സംസാരിച്ചു. ദയാദനത്തിന് എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് എം എ യൂസഫലി ഗവർണറെ അറിയിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമാനിലെ പണ്ഡിതന്മാരെ ബന്ധപ്പെട്ടുവെന്ന് കാന്തപുരം പറഞ്ഞു. വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥ ഉണ്ടെന്നും അത് ഉപയോഗിക്കാനാണ് നീക്കം നടത്തിയതെന്നും കാന്തപുരം പ്രതികരിച്ചു.
സ്കൂൾ സമയമാറ്റ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും എന്നാൽ ഇത് സമയമാറ്റമെന്ന തീരുമാനത്തിൽ മാറ്റം വരുത്താനല്ല, മറിച്ച് കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി വ്യക്തമാക്കി. സമസ്ത ഉൾപ്പെടെ പരാതിയുള്ള എല്ലാ വിഭാഗങ്ങളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരത് പവാറിനൊപ്പമെങ്കില്‍ എംഎല്‍എ സ്ഥാനം ഉടൻ രാജിവെക്കണമെന്നും അല്ലെങ്കില്‍ തങ്ങളുടെ എൻസിപിയിൽ ചേരണമെന്നും അറിയിച്ച് കൊണ്ട് എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും പ്രഭുൽ പട്ടേൽ കത്ത് അയച്ചു. ശരത് പവാറിനൊപ്പം തുടർന്നാൽ കേരളത്തിലെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യരാകുമെന്നാണ് പ്രഭുൽ പട്ടേലിന്‍റെ മുന്നറിയിപ്പ്. എന്നാൽ കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും അവഗണിക്കാനാണ് തീരുമാനമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
അനെർട്ടിലെ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് വൈദ്യുത മന്ത്രിയോട് രമേശ് ചെന്നിത്തലയുടെ 9 ചോദ്യങ്ങൾ. അഴിമതി കാണിച്ചിട്ടില്ലെന്നും ചെന്നിത്തല ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് വൈദ്യുതി മന്ത്രിയോട് ഏതാനും ചോദ്യങ്ങള്‍ പരസ്യമായി തന്നെ ചോദിച്ചു അദ്ദേഹം അതിന് പരസ്യമായി മറുപടി പറയട്ടെ അതിനു ശേഷം ബാക്കിയുള്ള ചോദ്യങ്ങള്‍ കൂടി ചോദിക്കാമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കണ്ണൂരിൽ കെ. സുധാകരനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചത് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രാദേശിക പ്രവര്‍ത്തകരെന്ന് ഡിസിസി. സുധാകരന്‍ കണ്ണൂരിലെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന് മുദ്രാവാക്യം വിളിച്ചതില്‍ അപാകതയില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ഇന്നലെ നടന്ന സമര സംഗമം പരിപാടിയിലാണ് കെപിസിസി പ്രസിഡന്‍റിനും സഹഭാരവാഹികൾക്കും മുദ്രാവാക്യം വിളിക്കാതെ, പരിപാടിയിൽ പങ്കെടുക്കാത്ത കെ സുധാകരന് വേണ്ടി മാത്രം ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.
മണ്ണാർക്കാട് നഗരത്തിലൂടെ കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ സിപിഎം ജില്ലാ കമ്മറ്റി അംഗം ആർഷോ, മണ്ണാർക്കാട് ഏരിയ സെക്രട്ടറി നാരായണൻകുട്ടി, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീരാജ്, സിപിഎം ലോക്കൽ സെക്രട്ടറി മൻസൂർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് എതിരെ മുൻ എസ്എഫ്ഐ നേതാവായ ഷാനിഫ് കെ മണ്ണാർക്കാട് പൊലീസിന് പരാതി നൽകി. കലാപ ആഹ്വാനത്തിന് കേസ് എടുക്കണമെന്ന് പരാതിയിൽ പറയുന്നു.
പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ. പ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിൽ, ഇനിയും കണ്ടെത്താനുള്ള 39 ലക്ഷം പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഷിബിൻ ലാലിന്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്.
സബ് ട്രഷറി സൂപ്രണ്ടിന്‍റെ വ്യാജ ഒപ്പിട്ട് വ്യാജ രേഖയുണ്ടാക്കി ഒന്നര ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം തൈക്കാട് വഴുതക്കാട് സ്വദേശി ഷിയാസ് (30) ആണ് അറസ്റ്റിലായത്. പ്രതിയെ മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് കോണ്‍ട്രാക്ട് പുതുക്കാനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് രാജേഷ് എന്ന വ്യക്തിയിൽ നിന്ന് ഷിയാസ് പണം തട്ടിയത്.
തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ പ്രതിഷേധിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധം. ജീവന്‍ സംരക്ഷിക്കാന്‍ പാവപ്പെട്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെയോ കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളെയോ സമീപിക്കേണ്ട അവസ്ഥയാണെന്നും ഉത്തരവാദപ്പെട്ട സ്ഥലം എംപിയും എംഎല്‍എയും നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്നുമാണ് പരാതി. ടെക്നീഷ്യന്മാർ പരിചയ സമ്പന്നരല്ലെന്ന് വകുപ്പ് മേധാവി റിപ്പോർട്ട് നൽകിയതോടെയാണ് ഹൃദയ ശസ്ത്രക്രിയകൾ നിർത്തിവെച്ചത്.
എ ഡി ജി പി എം ആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈകോടതിക്ക് റിപ്പോർട്ട് നൽകി. അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച്ച വൈകുന്നേരമാണ് ADGP പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറിൽ മലയിറങ്ങി. നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനുള്ള യാത്രചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലവിലുണ്ട്.
കാട്ടുപന്നികളെ വെടിവയ്ക്കാന്‍ ശക്തമായ നടപടിയുമായി ചാലിയാര്‍ ഗ്രാമപഞ്ചായത്ത്. ഇതിനായി തോക്ക് ലൈസന്‍സുള്ള 17 ഷൂട്ടര്‍മാരെ നിയമിച്ചു. ഇന്ന് മുതല്‍ കാട്ടുപന്നികളെ വെടിവയ്ക്കും. പെരുമ്പത്തൂര്‍, എളമ്പിലാക്കോട്, മുട്ടിയേല്‍ വാര്‍ഡുകളിലാണ് ഇന്ന് രാത്രി കാട്ടുപന്നികളെ വെടിവയ്ക്കുക.
കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടർന്ന് ചെയര്‍ പേഴ്‌സണും ബി.ജെ.പി കൗണ്‍സിലര്‍മാരും ആശുപത്രിയില്‍. വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ അവഗണിക്കുകയും ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകള്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.
കോണ്‍ഗ്രസ് ഭരിക്കുന്ന ചാലക്കുടി കോടശേരി പഞ്ചായത്തില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തിനു നേരെ ഭരണപക്ഷത്തിന്‍റെ ആക്രമണം. ആക്രമണത്തില്‍ പ്രതിപക്ഷത്തെ രണ്ട് വനിതാ അംഗങ്ങളടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസില്‍ പ്രതി ഷെറിൻ്റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി. മന്ത്രിസഭ ശുപാർശ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് പതിപ്പിച്ചാൽ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലമായ 14 വർഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിൻ സ്വതന്ത്രയാകുന്നത്.
അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരികെയെത്തി. പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവർ എത്തിയിരുന്നു.നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജ പൊലീസിലും കുടുംബം പരാതി നൽകും. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും.
കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 7.05 കോടി രൂപ അനുവദിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ, ആർടി ഫെസ്റ്റ്, ഹോംസ്റ്റേകൾ, നെറ്റ് സീറോ ടൂറിസം തുടങ്ങി വിവിധ പദ്ധതികൾക്കായി ഈ ഫണ്ട് ഉപയോഗിക്കും.
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായി സ്പേസ് സെൻറ്ററിൽ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വി എസ് എസ് സി മുന്നറിയിപ്പ് നൽകി. ഒഴിവുകൾ വി എസ് സി സിയുടെയോ ഐ എസ് ആർ ഒയുടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുന്നതാണെന്ന് വി എസ് സി സി അറിയിച്ചു.
ലക്ഷക്കണക്കിന് രോഗികൾക്ക് അവശ്യ ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകിയ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടന സ്ഥാപിച്ച വിനോദ് ഭാസ്കരൻ അന്തരിച്ചു. 48 വയസായിരുന്നു. കരൾ രോഗം കാരണം കുറച്ച് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് എസ്‍സി സെൽ നേതാവ് മാരെല്ലി അനിൽ ആണ് മരിച്ചത്. മേദക് ജില്ലയിലെ കുൽച്ചരം മണ്ഡലിൽ ഇന്ന് രാവിലെയാണ് അനിലിനെ മരിച്ച നിലയിൽ കണ്ടത്. കാറിൽ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു അനിൽ. മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു.
ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി എത്തിയത്. ബിഎസ്ഇയെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിൽ സഖാവ് പിണറായി വിജയൻ എന്ന ഇമെയിൽ ഐഡിയിൽ നിന്നാണ് ലഭിച്ചത്. മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കീം റാങ്ക് പട്ടിക പുന:ക്രമീകരിച്ചതുമായി ബന്ധപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസയക്കാതെ സുപ്രീംകോടതി. ഹർജി നൽകിയ കേരള സിലബസ് വിദ്യാർഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സർക്കാർ അപ്പീൽ നൽകുമോയെന്നും കോടതി ചോദിച്ചു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സൂചിപ്പിച്ചായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പരാമർശം. ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും.
ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ലയും ആക്സിയം 4 ദൗത്യസംഘവും ഇന്ന് ഭൂമിയിലെത്തും. ഇന്നലെ വൈകുന്നേരം 4:45-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് യാത്ര പുറപ്പെട്ട ക്രൂ ഡ്രാഗൺ ഗ്രേസ് പേടകം ഇപ്പോൾ ബഹിരാകാശത്ത് കൂടി സഞ്ചരിക്കുകയാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ പേടകത്തിലെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനുള്ള നടപടികൾ തുടങ്ങും. കാലിഫോര്‍ണിയ തീരത്ത് 3:01-ഓടെ ഡ്രാഗൺ ഗ്രേസ് പേടകം ഇറങ്ങും.
സ്തനാർബുദം, അലർജി, പ്രമേഹം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 71 അവശ്യ മരുന്നുകളുടെ വില കേന്ദ്ര സർക്കാർ നിശ്ചയിച്ചു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
ബെംഗളൂരുവിൽ ഓട്ടോ റിക്ഷ നിരക്ക് വര്‍ധിപ്പിച്ചു. ആദ്യ രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള മിനിമം നിരക്ക് 36 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 30 രൂപയായിരുന്നു. ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ആദ്യത്തെ രണ്ടു കിലോമീറ്ററിനുശേഷം പിന്നീടുള്ള ഒരോ കിലോമീറ്ററിനുള്ള നിരക്ക് 18 രൂപയായും വര്‍ധിപ്പിച്ചു.
പാകിസ്താനിലെ ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വങ്ങളുടെ നിര്‍ദേശാനുസരണം പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ യും ലഷ്‌കറെ തൊയ്ബയും ചേര്‍ന്നാണ് ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടപ്പാക്കിയ ഭീകരവാദികളെല്ലാവരും പാകിസ്താനികളായിരുന്നെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേയ്മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്.