20250509 140151 0000

ഇന്ത്യൻ സേനയ്ക്കായി പ്രതിരോധ ബജറ്റിൽ അമ്പതിനായിരം കോടി രൂപ കൂടി വർധിപ്പിക്കാൻ തീരുമാനം. പുതിയ ആയുധങ്ങൾ വാങ്ങാനും സൈനികരംഗത്തെ ഗവേഷണത്തിനുമായിരിക്കും പണം അനുവദിക്കുക. ഇതോടെ പ്രതിരോധ ബജറ്റ് 7 ലക്ഷം കോടി കടക്കും. ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ സായുധ സേനയ്ക്കായി 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അധിക തുക അനുവദിക്കാൻ അനുമതി നേടും.

 

പാകിസ്ഥാന്റെ പിന്തുണയോടെയുള്ള തീവ്രവാദത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പഹൽഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം, ഓപ്പറേഷൻ സിന്ദൂർ എന്നിവ വിശദീകരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികൾ അടങ്ങുന്നതാകും സംഘം.

 

ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി ഇന്ത്യ മുന്നോട്ട്. എക്കൽ നീക്കുന്നത് മാസം തോറും നടത്താൻ ഇന്ത്യ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ പാകിസ്ഥാൻറെ എതിർപ്പ് ഇനി കണക്കിലെടുക്കില്ല.

 

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന പണിമുടക്കിൽ സംസ്ഥാന സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിരെ മുഖ്യമന്ത്രിക്ക് പരാതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരായ ഹൈക്കോടതി വിധി ലംഘിച്ചാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പണിമുടക്കെന്നാണ് പരാതി.

 

മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ യൂത്ത് കോൺഗ്രസിന് താക്കീതുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ധീരജിനെ കുത്തിയ കത്തിയുമായി വന്നാൽ നിങ്ങൾക്ക് ഞങ്ങൾ ഒരു പുഷ്പചക്രം കരുതിവയ്ക്കുമെന്നായിരുന്നു കെ കെ രാകേഷിൻ്റെ പരാമർശം. അതോടൊപ്പം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനമാണ് നൽകുന്നതെന്നും മൂട്ടയെ കൊല്ലാൻ ആരും കൊടുവാൾ എടുക്കാറില്ലെന്നും രാഗേഷ് കൂട്ടിച്ചേർത്തു.

 

കോൺഗ്രസ് പതാക എസ്എഫ്ഐ കത്തിച്ചെന്ന് ആരോപിച്ച് കണ്ണൂർ പാനൂരിൽ കോൺഗ്രസ്സിന്റെ പൊലീസ് സ്റ്റേഷൻ ഉപരോധം ഇന്നലെ നടന്നു. മലപ്പട്ടത്തെ സംഘർഷത്തിൽ പ്രതിഷേധിച്ച് വൈകിട്ട് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ് ബ്ലോക്ക് ഓഫീസിൽ കയറി കൊടികൾ എടുത്ത് കൊണ്ടുപോയി കത്തിച്ചെന്നാണ് ആരോപണം. പൊലീസ് സ്ഥലത്ത് എത്തിയിട്ടും നടപടി സ്വീകരിക്കാത്തതിൽ ആയിരുന്നു പ്രതിഷേധം.

 

കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്തില്ലെന്ന കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ദീപ ദാസ്മുൻഷി റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാന നേതാക്കളെ കേട്ട ശേഷമാണ്. സുധാകരൻ സജീവമല്ലെന്നും അനാരോഗ്യമുണ്ടെന്നും ദീപയെ ധരിപ്പിച്ചത് സംസ്ഥാന നേതാക്കൾ ആണെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറയുന്നു.

 

തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് ഓർമ്മിക്കണമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. അധ്യക്ഷ പദവിയിലെ കെ സുധാകരന്റെ അതൃപ്തിയും കെപിസിസി പുനസംഘടനയിലെ കോൺഗ്രസ്‌ നേതാക്കളുടെ അതൃപ്തിയുമായും ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം കൊട്ടിഘോഷിച്ചാണ് നടക്കുന്നത് എന്നാൽ 760 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകിയതെന്ന് ഇവിടെ മറച്ചുവെക്കുന്നു കേന്ദ്ര സ‍ർക്കാരിൻ്റെ പദ്ധതികൾ പേരുമാറ്റി നടപ്പാക്കുകയാണ് കേരളത്തിലെന്നും അവർ കുറ്റപ്പെടുത്തി.

 

പത്തനംതിട്ട കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ, വീഴ്ച പറ്റിയത് എംഎൽഎക്കെന്ന് അന്വേഷണ റിപ്പോർട്ട്. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയ്യാറാക്കിയ റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറി. എംഎൽഎയുടെത് അപക്വമായ പെരുമാറ്റമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിലുണ്ട്.

 

സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സിൽ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ യോഗ്യരല്ലെന്നാണ് ബാര്‍ കൗണ്‍സിൽ വ്യക്തമാക്കുന്നത്.

 

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ ദാസ് റിമാന്‍ഡിൽ. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തത്. ബെയ്ലിൻ ദാസിന്‍റെ ജാമ്യ ഹര്‍ജിയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിങ് ദാസ് നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

 

 

കോടതിയുടെ തീരുമാനം എന്തുതന്നെയായാലും ബെയ്ലിൻ ദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചുവെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിൻ. തന്നെ അടിച്ചെന്ന് ബെയ്ലിൻ സമ്മതിച്ചു അതോടെ തന്നെ തനിക്ക് നീതി ലഭിച്ചു. ഓഫീസില്‍ തന്നെ മര്‍ദിച്ചതിന് സാക്ഷികളുണ്ടെന്നും ഇനി ഇത്തരത്തിൽ ഒരാള്‍ക്കു പോലും അനുഭവമുണ്ടാകരുത്.ആര്‍ക്കും ആരെയും കൈനീട്ടി അടിക്കാനോ ഉപദ്രവിക്കാനോ അവകാശമില്ലെന്നും അവർ പറഞ്ഞു.

 

വയനാട് മേപ്പാടി 900 കണ്ടിയിൽ റിസോര്‍ട്ടിലെ ടെന്‍റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ടു പേർ അറസ്റ്റിലായി. 900 കണ്ടിയിലെ എമറാള്‍ഡിന്‍റെ ടെന്‍റ് ഗ്രാം എന്ന റിസോര്‍ട്ടിലെ നടത്തിപ്പുകാരായ സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

 

പക്ഷാഘാതം ഉണ്ടാകുന്നവരുടെ എണ്ണം ‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലാ ആശുപത്രികളില്‍ സ്ട്രോക്ക് യൂണിറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയെന്ന് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ സമഗ്ര പക്ഷാഘാത പരിചരണ സെന്‍റര്‍ ആയി ഉയര്‍ത്തുമ്പോള്‍ പക്ഷാഘാതം ഉണ്ടാകുന്നവര്‍ക്ക് മികച്ച ചികിത്സയും അതിലൂടെ സാധാരണ നിലയിലുള്ള തുടര്‍ ജീവിതവും ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം.

 

കോട്ടയം അയർക്കുന്നത് മക്കളുമൊത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത കേസിലെ പ്രതി ജോസഫിന്റെ ശബ്ദ പരിശോധന നടത്തും. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തുക. മരിച്ച ജിസ്മോളുടെ ഭർത്താവിന്റെ അച്ഛനാണ് ജോസഫ്. ജോസഫിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ചില ശബ്ദസന്ദേശങ്ങളിൽ വ്യക്തത വരുത്താനാണ് പരിശോധന നടത്തുന്നത്.

 

 

തൃശൂര്‍ മെഡിക്കൽ കോളേജിൽ യുവാവിന്‍റെ അതിക്രമം. മെഡിക്കൽ കോളേജിലെ കോണ്‍ഫറന്‍സ് ഹാളിലെത്തിയ യുവാവ് സെക്യൂരിറ്റിയെ പൂട്ടിയിട്ടശേഷം എസി കത്തിച്ചു. ഇന്ന് രാവിലെയാണ് യുവാവ് ഗ്യാസ് സിലിണ്ടറുമായി സ്ഥലത്തെത്തിയത്. മെഡിക്കൽ കോളേജ് അലുംമിനി ഓഡിറ്റേറിയത്തിലാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

 

മലപ്പുറം കാളികാവിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗഫൂറിന്റെ കഴുത്തിൽ ആഴത്തിലുള്ള കടിയേറ്റു. ആഴത്തിലുള്ള മുറിവും രക്തം വാർന്നതും മരണകാരണമായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഗഫൂറിന്റെ പോസ്റ്റ്മോർട്ടം നടന്നത്.

 

നെടുമ്പാശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്ന കേസിൽ, ആശുപത്രിയിൽ കഴിഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വിനയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.

 

കലാഭവന്‍ മണി സ്മാരക മന്ദിരത്തിന്റെ നിർമാണോദ്ഘാടനം 27ന് നടക്കും. ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. നാടന്‍പാട്ടുകള്‍ സംരക്ഷിക്കുന്നതിനായുള്ള ഫോക്‌ലോര്‍ അക്കാദമിയുടെ സബ് സെന്ററായി കലാഭവന്‍ മണി സ്മാരകം പ്രവര്‍ത്തിക്കും.

 

ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച തലവടി സ്വദേശി ടി ജി രഘു മരിച്ചു.തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.രോഗത്തിന്‍റെ ഉറവിടം ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല.

 

തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കല്ലറ സ്വദേശി ജോയിയുടെയും അജ്‌നയുടെയും മകൾ ജ്യോതിലക്ഷ്മി(15) ആണ് മരിച്ചത്. ഞെക്കാട് ഗവ.എച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. വീടിനു സമീപത്തെ തോട്ടിൽ ഒരു കാട്ടുപന്നി ചത്തു കിടന്നിരുന്നുവെന്നും ഈ തോട്ടിലെ വെള്ളത്തിലൂടെ നടന്നാണ് കുട്ടികൾ വീട്ടിൽ എത്തിയിരുന്നതെന്നും മരിച്ച കുട്ടിയുടെ കാലിൽ മുറിവ് ഉണ്ടായിരുന്നു വെള്ളത്തിലൂടെയുണ്ടായ അണുബാധയാണ് രോഗ കാരണമെന്നാണ് സംശയമെന്നും ഡോക്ടർമാർ പറഞ്ഞു.

 

പൊലീസിന്റെ വിലക്ക് മറികടന്ന് ബിഹാറിലെ ദർഭംഗയിലെ അംബേദ്കർ വെൽഫെയർ ഹോസ്റ്റലിലേക്ക് രാഹുൽ ഗാന്ധിയെ എത്തിച്ച് വിദ്യാർത്ഥികൾ. സർക്കാർ കെട്ടിട സമുച്ചയത്തിൽ വച്ച് രാഷ്ട്രീയ സ്വഭാവമുള്ള പരിപാടി അനുവദിക്കില്ലെന്നായിരുന്നു ബിഹാർ പൊലീസ് നിലപാട് എടുത്തത്. എന്നാൽ വിദ്യാഭ്യാസ നീതി സംവാദം ഹോസ്റ്റലിൽ തന്നെ വച്ച് നടത്തുമെന്ന് രാഹുലും എൻഎസ്‌യു പ്രവർത്തകരും നിർബന്ധം പിടിക്കുകയായിരുന്നു.

 

കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തിയ ഇറാഖി ചരക്ക് കപ്പലിലുള്ള പാക് പൗരനെ തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്. ഇയാളുടെ മൊബൈൽ ഫോണുകൾ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കപ്പലിൽ ഉണ്ടായിരുന്ന സിറിയൻ പൗരൻമാരോടും കരയിലിറങ്ങരുതെന്ന് കോസ്റ്റ് ഗാർഡ് നിർദേശം നൽകി. പെട്രോളിയം വസ്തുക്കളുമായി എത്തിയ ഇറാഖി കപ്പലായ എംടിആർ ഓഷ്യൻ എന്ന കപ്പലിലെ ജീവനക്കാരന് നേരെയാണ് നടപടി.

 

മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ `ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി ആദരിച്ചു. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് `ഓർഡർ ഓഫ് സായിദ്’. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി അൽ വതാനിൽ ഒരുക്കിയ ചടങ്ങിൽ വെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സമ്മാനം നൽകി ആദരിച്ചത്.

 

അമേരിക്കയും യുഎഇയും തമ്മിൽ ഒപ്പുവെച്ചത് 20,000 കോടി ഡോളറിന്റെ കരാറുകൾ. മിഡിൽഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇയിൽ എത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്. ഇതു കൂടാതെ പത്തു വർഷത്തിനിടെ അമേരിക്കയിൽ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം യുഎഇ നടത്തുമെന്നും പ്രഖ്യാപിച്ചു.

 

തുർക്കിയിൽ വച്ച് നടക്കുന്ന റഷ്യ- യുക്രൈൻ സമാധാന ചർച്ചകൾക്ക് ഏറെ പ്രതീക്ഷകളില്ലെന്ന സൂചനകളുമായി വ്ലാദിമിർ സെലൻസ്കിയും തുർക്കി പ്രസിഡന്റ് തയ്യീബ് എർദ്ദോഗനും തമ്മിലുള്ള കൂടിക്കാഴ്ച ചിത്രങ്ങൾ.സെലൻസ്കിയും എർദ്ദോഗനും നിശബ്ദമായി ഇരിക്കുമ്പോൾ പ്രകടമായ ശരീര ഭാഷയാണ് സമാധാന ചർച്ചകളിൽ പ്രതീക്ഷകളില്ലെന്ന സൂചന നൽകുന്നതായി വിദഗ്ധർ നിരീക്ഷിക്കുന്നത്.

 

കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഹിമാചൽ പ്രദേശിൽ അടച്ചു പൂട്ടിയത് 1,200 സ്കൂളുകളെന്ന് ഹിമാചൽ പ്രദേശ് വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂർ. ഇതിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ മാത്രം അടച്ചു പൂട്ടിയത് 450 സ്കൂളുകളെന്നും മന്ത്രി. വിദ്യാഭ്യാസ വകുപ്പിനെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ സ്കൂളുകളുടെ ലയനവും പുനഃസംഘടനയും പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് മാറ്റി വച്ച് ഇന്ത്യ. സാങ്കേതിക വിഷയങ്ങൾ പറഞ്ഞാണ് രാഷ്ട്രപതിക്ക് ഉത്തരവ് കൈമാറുന്ന ചടങ്ങ് മാറ്റിയത്. രാഷ്ട്രപതി ഭവനിൽ ഇന്ന് നടക്കാനിരുന്ന ചടങ്ങാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) പ്രോട്ടോക്കോൾ വിഭാഗം മാറ്റി വച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

 

ഏവിയേഷൻ കമ്പനിയായ സെലിബി ഏവിയേഷൻ ഇന്ത്യയുടെ സുരക്ഷാ അനുമതി ഇന്ത്യൻ അധികാരികൾ റദ്ദാക്കിയതിന് പിന്നാലെ വിശദീകരണവുമായി കമ്പനി. തുർക്കി ഉടമസ്ഥതയെക്കുറിച്ച് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

 

ഓടുന്ന ട്രെയിനിൽ നിന്ന് കല്ലെറിഞ്ഞ് ആർപിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ കേസിൽ പ്രതിക്ക് ശിക്ഷ 500 രൂപ പിഴ മാത്രം. 2012-ൽ സേവ്രി സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ആളുകളെ അപകടത്തിലാക്കിയ അശ്രദ്ധമായ പ്രവൃത്തിയാണെന്ന് സെഷൻസ് കോടതി വിധിച്ചു. എന്നാൽ ജയിൽ ശിക്ഷ വിധിച്ചില്ല. സംഭവം നടക്കുമ്പോൾ പ്രതിക്ക് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ കുറച്ചത്.

 

 

ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടറുടെ വസതിയിൽ നിന്ന് 32 കോടിയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തി. ഇ.ഡി നടത്തിയ റെയ്ഡിൽ 8.6 കോടി രൂപയും 23.25 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങളും പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ വസായ് – വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷനിലെ ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടർ യുമിഗാനു ശിവ റെഡ്ഡിയുടെ വീട്ടിലായിരുന്നു റെയ്ഡ്.

 

ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ലെന്നും ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്നും റിപ്പോര്‍ട്ട്. ഇതോടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചേക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *