ദില്ലിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലെത്തി നിൽക്കുമ്പോൾ രാജ്യ തലസ്ഥാനത്തെ ഭരണം ബി ജെ പി ഉറപ്പിച്ചു. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഘട്ടത്തിൽ എ എ പിക്ക് നേരിയ മുൻതൂക്കം നേടാനായെങ്കിലും അധികം വൈകാതെ തന്നെ ബി ജെ പി മുന്നോട്ട് കുതിക്കുകയായിരുന്നു. കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളിലും ദില്ലിയിലെ രാഷ്ട്രീയ കളത്തിൽ ആധിപത്യം സ്ഥാപിച്ചത് ആം ആദ്മി പാർട്ടിയായിരുന്നു.
തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻതിരിച്ചടി നേരിട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി കെജ്‍രിവാളിനെതിരെ വിമർശനവുമായി അണ്ണാ ഹസാരെ. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ കെജ്രിവാൾ പണം കണ്ട് മതി മറന്നുവെന്നും തൻ്റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ 24 സീറ്റിലാണ് ആം ആദ്മി സാന്നിദ്ധ്യമറിയിച്ചിരിക്കുന്നത്. അതേ സമയം 46 സീറ്റിന്റെ ലീഡുമായി ബിജെപി മുന്നിട്ട് നിൽക്കുകയാണ്.
പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പ്രധാന മന്ത്രി നരേന്ദ്രമോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. 25 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. അതോടൊപ്പം തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു.
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും എഎപി സ്ഥാനാര്‍ത്ഥിയുമായ അതിഷി മര്‍ലേനയ്ക്ക് ജയം. കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിദൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്. കടുത്ത മത്സരം നേരിട്ട ശേഷമായിരുന്നു അതിഷിയുടെ വിജയം. കോൺഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ മൂന്നാം സ്ഥാനത്തായി.
ആം ആദ്മി പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികളും ദില്ലിയിൽ പരാജയപ്പെട്ടു. ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. അരവിന്ദ് കെജരിവാൾ ന്യൂ ദില്ലി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായ പർവേഷ് വർമ്മയോടാണ് പരാജയപ്പെട്ടത്. ജങ്ങ്പുര മണ്ഡലത്തില്‍ 500 ലധികം വോട്ടുകള്‍ക്കാണ് മനീഷ് സിസോദിയ അരവിന്ദർ സിംഗ് മർവയോട് തോറ്റത്. മുൻ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും പരാജയപ്പെട്ടു.
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിക്കാനിരിക്കെ സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ചുരുക്കം വോട്ടുകൾ. വികാസ്പുരി മണ്ഡലത്തിൽ വോട്ടെണ്ണൽ നാല് റൗണ്ട് കഴിഞ്ഞപ്പോള്‍ സിപിഐക്ക് ലഭിച്ചത് 104 വോട്ടുകളാണ്. കരാവല്‍ നഗര്‍ മണ്ഡലത്തിൽ 9 റൗണ്ട് എണ്ണിക്കഴിയുമ്പോൾ സിപിഎം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 273 വോട്ടും ബദാര്‍പൂര്‍ മണ്ഡലത്തിൽ 7 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 96 വോട്ടുകളുമാണ് കിട്ടിയത്.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി സി പി ഐ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്നാണ് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജയുടെ വിമർശനം. ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മ പരിശോധന നടത്തണമെന്നും രാജ ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ദില്ലി നൽകുന്ന സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായി എന്നും മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധിയെന്നും അനില്‍ ആന്‍റണി പറഞ്ഞു.
ദില്ലിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസത്തിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ രൂപത്തിൽ വേഷമിട്ട കുട്ടി. ആം ആദ്മി പാർട്ടിയെ ഇഷ്ടപെടുന്ന അവ്യൻ ടോമർ എന്ന കുട്ടിയാണ് വോട്ടെണ്ണൽ ദിവസത്തിൽ കെജ്‌രിവാളിനെ പോലെ വേഷധാരണം ചെയ്ത് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൻ്റെ ട്രെൻഡ് പരിശോധിച്ചിട്ടില്ലെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ വേളയിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ പുറത്തു വിട്ട ആദ്യകാല ട്രെൻഡുകളിലെ ഫലത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് എനിക്കറിയില്ല, ഞാൻ ഇതുവരെ ഫലങ്ങൾ പരിശോധിച്ചിട്ടില്ല എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മറുപടി.
തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹി നിയമസഭ കോണ്‍ഗ്രസ് മുക്തം. ഒരേയൊരിടത്ത് മാത്രമാണ് രണ്ടാംസ്ഥാനത്തെങ്കിലും കോൺഗ്രസിന് എത്താന്‍ കഴിഞ്ഞത്. കസ്തൂര്‍ബാ നഗറിലാണ് ബി.ജെ.പിയുടെ നീരജ് ബസോയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ കോണ്‍ഗ്രസിനായത്.
ഉത്തർപ്രദേശിലെ മിൽകിപൂർ, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മിൽകിപൂറിൽ ബിജെപിയും ഇറോഡിൽ ഡിഎംകെയും ലീഡ് ചെയ്യുകയാണ്. ഉച്ചയ്ക്ക് 12 മണിക്ക് ഇലക്ഷൻ കമ്മീഷൻ നൽകുന്ന കണക്ക് പ്രകാരം മിൽകിപൂരിൽ ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പാസ്വാൻ 34581 വോട്ടുകൾക്ക് മുന്നിലാണ്. ഈസ്റ്റ് ഈറോഡിലാകട്ടെ ഡിഎംകെ സ്ഥാനാർത്ഥി ചന്ദ്രകുമാർ വി സിക്ക് നിലവിൽ 24827 വോട്ടുകളുടെ ലീഡുണ്ട്.
കിഫ്ബിയുടെ ടോൾ ബൂത്തുകൾ തുടങ്ങിയാൽ അടിച്ചുപൊളിച്ചിരിക്കുമെന്ന് കെ മുരളീധരന്‍. ഇത്രകാലവും ഞങ്ങൾ നടത്തിയത് വെജിറ്റേറിയൻ സമരം ആണെങ്കിൽ ഇനി നോൺ വെജിറ്റേറിയൻ സമരം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് ഗതാഗതമന്ത്രി കെബി ഗണേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്നാൽ ബസിൽ വച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയിൽ ഈ ബസ് സർവീസ് നടത്തുന്നില്ല ലൈറ്റ് ഇടേണ്ട എന്നും ജീവനക്കാർക്ക് അദ്ദേഹം നിർദേശം
നല്‍കി. നിയമം ലംഘിച്ച് കെഎസ്ആർടിസി ബസ്സില്‍ അലങ്കാര ലൈറ്റുകള്‍ വച്ചിരിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം .
മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്നെത്തും. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും പ്രിയങ്ക സന്ദർശനം നടത്തിയേക്കും
സിഎസ്ആർ ഫണ്ട് തട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു. വൻ തട്ടിപ്പ് നടന്നത് സ്കൂട്ടർ വാഗ്ദാനം ചെയതെന്നാണ് അനന്തകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളിൽ നിന്നു നിഗമനം. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന് കൂടുതൽ സ്ഥലങ്ങളിലെത്തി തെളിവെടുക്കും.
മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിതെന്നും വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആൺമക്കൾ മാസം തോറും 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഭൂചലനത്തിനൊപ്പം അസാധാരണ ശബ്‌ദവും അനുഭവപ്പെട്ടു.
പെരിയാര്‍ കടുവാ സാങ്കേതത്തില്‍ പക്ഷി സര്‍വേ പൂര്‍ത്തിയായി. സര്‍വേയുടെ ഭാഗമായി നടന്ന കണക്കെടുപ്പില്‍ 228 ഇനത്തില്‍പ്പെട്ട പക്ഷികളെ കണ്ടെത്തി രേഖപ്പെടുത്തി, ഇവയില്‍ വംശനാശ ഭീഷണി നേരിടുന്ന 16 എണ്ണവും ഉള്‍പ്പെടുന്നു. വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട 33 ഇനത്തില്‍പ്പെട്ട പക്ഷികളെയും, പശ്ചിമഘട്ടത്തില്‍ മാത്രമായി കാണുന്ന 24 ഇനം പക്ഷികളും ഇവയില്‍ ഉള്‍പ്പെടുന്നു.
മലപ്പുറം വീണാലുക്കലിൽ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീണാലുക്കൽ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസിൽ കീഴടങ്ങി. യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. റാഷിദിന് സുഹൈബിനോടുള്ള പകയ്ക്ക് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെപി മനോജ് കുമാറിനെയാണ് രാവിലെ കുടുംബ ക്ഷേത്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
കൊച്ചിയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. മലയാറ്റൂർ സ്വദേശിനി ലീലയാണ് മരിച്ചത്. ഭർത്താവ് ഭാസ്കരന് പരിക്കേറ്റു. മറ്റൂർ വിമാനത്താവള റോഡിൽ ചെത്തിക്കോട് വച്ചായിരുന്നു സംഭവം. ബൈക്ക് ടോറസിൽ ഇടിച്ച് അപകടത്തിൽപെടുകയായിരുന്നു.
അർജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു നദിയുടെ നിറം കടും ചുവപ്പായി ഒഴുകുന്നു വെന്ന് റിപ്പോർട്ട്. നദിയിൽ നിന്ന് ദുർഗന്ധം വമിച്ചതായും പ്രദേശവാസികൾ പറയുന്നു. ബ്യൂണസ് അയേഴ്‌സിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള അവെല്ലനെഡ എന്ന പട്ടണത്തിലാണ് സംഭവം. ഈ നദിയുടെ തീരത്തുള്ള ടെക്സ്റ്റൈൽ ഫാക്ടറികളിൽ നിന്ന് പുറത്തുവരുന്ന മാലിന്യമാകാം നദിയുടെ നിറം മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അലാസ്കയിൽ പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച അലാസ്കയിൽ അപ്രത്യക്ഷമായ പ്രാദേശിക സിംഗിൾ എഞ്ചിൻ എയർലൈൻ വിമാനമാണ് യുഎസ് കോസ്റ്റ് ഗാർഡ് ഒടുവിൽ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത് യാത്രക്കാരും മരിച്ചു. മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. മറ്റ് ഏഴ് പേരും മരിച്ചെന്നാണ് അധികൃതർ സ്ഥിരീകരിക്കുന്നത്.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചേക്കും. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ജോ ബൈഡന് ഇല്ലെന്ന് ട്രംപ് പറഞ്ഞു. പരമ്പരാഗതമായി അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവർക്കും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ഉണ്ടാകാറുണ്ട്. എന്നാൽ 2020ലെ തെരഞ്ഞെടുപ്പിൽവിജയിച്ചതിന് ശേഷം ബൈഡൻ തന്റെ സുരക്ഷാ അനുമതികൾ ഒഴിവാക്കിയിരുന്നുവെന്ന് ട്രംപ് ചൂണ്ടികാട്ടി.