അംബേദ്കർ വിവാദം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇരുസഭകളിലും നോട്ടീസ് നൽകി. രാഹുൽ ഗാന്ധിക്കെതിരായ കേസ് നിയമപരമായി നേരിടാനാണ് കോൺഗ്രസിന്‍റെ തീരുമാനം. പ്രതിഷേധത്തിന് ബിജെപിയും തയ്യാറെടുക്കുന്നതോടെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസവും പ്രക്ഷുബ്ധമായി. ബഹളത്തെ തുടർന്ന് രാജ്യസഭ 12 മണി വരെയും ലോക്‌സഭ അനിശ്ചിതകാലത്തേക്കും പിരിഞ്ഞു.
അമിത് ഷായുടെ അംബേദ്കർ പരാമർശത്തിലും ഇന്നലത്തെ പാർലമെന്റ് സംഘർഷത്തിലും പ്രതിഷേധിച്ച് വിജയ് ചൗക്കില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഒരുമിച്ച് ചേര്‍ന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാഹുൽ ഗാന്ധിക്കെതിരെ കേസ് കണ്ട് കോൺഗ്രസ് ഭയപ്പെടില്ലെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.
ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാ ശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാ പാര്‍ട്ടിയും ഒരു പതിവാക്കിയെന്ന് രമേശ് ചെന്നിത്തല. ഇത് രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തിരുത്തിയെഴുതാനാണ് കുറേക്കാലമായി ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിർദ്ദേശിച്ചു. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിർദ്ദേശം നല്‍കി.
അസാധാരണ നടപടിയുമായി എൻ പ്രശാന്ത് ഐ എഎസ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണൽ സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ,എന്നിവര്‍ക്കും മാതൃഭൂമി ദിനപത്രത്തിനും വക്കീൽ നോട്ടീസ് അയച്ചു. ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
ഇടുക്കി കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നാലെ ബാങ്കിന് പിന്നിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.
കട്ടപ്പന റൂറൽ കോ – ഓപ്പറേറ്റീവ് ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കനത്ത പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ സമരക്കാർ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ്. ബാങ്ക് പ്രസിഡന്‍റിനെയടക്കം അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ സമരക്കാർ നഗരത്തിൽ ഹർത്താലും പ്രഖ്യാപിച്ചു.
സെക്രട്ടറിയേറ്റ് എംപ്ലോയ്സ് സംഘിൻ്റെ പ്രസിഡൻ്റും നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ആകാശ് രവിയെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് അച്ചടക്ക നടപടി നേരിട്ടിരുന്നു. ഈ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനാണ് സസ്പെൻഷൻ.
തൊണ്ടി മുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. വർഷങ്ങളായി മുടങ്ങി കിടക്കുന്ന കേസിന്‍റെ വിചാരണ അടിയന്തരമായി നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ തുർന്നാണ് ആന്‍റണി രാജു നേരിട്ട് കോടതിയിലെത്തിയത്.കേസ് എംപി-എംഎൽഎ കോടതിയുടെ പരിധിയിൽ വരുന്നതാണെന്ന് ആന്റണി രാജുവിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പെറ്റീഷൻ നൽകാൻ കോടതി നിർദ്ദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പാലക്കാട് സിപിഎം പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിൻ സെക്രട്ടറിയുമായ മുസ്തഫ വരമംഗലം പാര്‍ട്ടി വിട്ടു. അതേസമയം കഴിഞ്ഞ ദിവസം തേങ്കുറുശ്ശിയിൽ പാര്‍ട്ടിവിട്ട സിപിഎം കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ പത്തോളം പേര്‍ക്ക് കോൺഗ്രസ് സ്വീകരണം നൽകി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി.
ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു.
എം എം ലോറൻസിന്‍റെ മ്യതദേഹ സംസ്കാരത്തിലെ തർക്കം ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി. വില്യം ഏണസ്റ്റിന്‍റെ വരികളെ ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാൻ ആഗ്രഹിക്കും.എന്നാൽ മരണത്തിന് ശേഷം മറ്റുള്ളവർ വിധി നിശ്ചയിക്കുമെന്നും കോടതി വിധിയില്‍ പറയുന്നു.
കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കിണറിൽ നിന്നുള്ള വെള്ളമാണ് പ്രഭവകേന്ദ്രമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി രാജീവ്. ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നാണ് രോഗവ്യാപനം എന്നാണ് പ്രാഥമിക കണ്ടെത്തൽ. കളമശ്ശേരിയിലെ 10,12,13 വാർഡുകളിലാണ് രോഗവ്യാപനം. ഈ വാർഡുകളിൽ ക്യാമ്പ് നടത്തുമെന്നും ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. എം എസ് സോലൂഷൻസിന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് വിദ്യാർത്ഥിയോട് പറഞ്ഞ അധ്യാപകനെ ഷുഹൈബ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷുഹൈബന്റെ ഓഡിയോ പുറത്തുവന്നു.
മെക് 7ന് സിപിഐ മുഖപത്രത്തിന്‍റെ പിന്തുണ. എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ലെന്നും , വ്യായാമ പരിപാടിയിൽ എന്തോ ഭീകര പ്രവർത്തനം നടക്കുന്നതായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചു എന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. മെക്7 ന് മലപ്പുറത്ത് മാത്രം ആയിരത്തോളം യൂണിറ്റുകളുണ്ട്.
കണ്ണൂർ സർവകലാശാല ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് പുറത്തുവന്ന സംഭവത്തിൽ പിഴവ് സർവകലാശാലയ്ക്കെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ മാത്യു ആരോപിച്ചു. പരീക്ഷാഫലം ഉച്ചയ്ക്ക് രണ്ടരക്ക് പ്രിൻസിപ്പൽമാർക്കുള്ള പോർട്ടലിൽ വന്നുവെന്നും ഇത് ഡൗൺലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകിയെന്നും ഡോ. എം ജെ മാത്യു പറഞ്ഞു.
മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത പൊലീസുകാർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണു. ഒരു പരിശോധനയും നടത്താതെ കള്ളനെന്ന് മുദ്രകുത്തി കസ്റ്റഡിയിലെടുത്ത ശേഷം കോന്നി, ഇരവിപുരം സ്റ്റേഷനുകളിലെ പൊലീസുകാർ മോശമായി പെരുമാറിയെന്നും വിഷ്ണു പറയുന്നു. ക്ഷേത്രത്തിലെ പൂജകൾ പോലും തടസപ്പെടുത്തി കീഴ്ശാന്തിയെ കൊണ്ടുപോയ പൊലീസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെയും ആവശ്യം.
ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമവുമായി പൊലീസ്. ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസിൽ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി സ്വീകരിച്ചത്. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
എസ്ഒജി കമാന്‍ഡോ വിനീതിന്‍റെ ആത്മഹത്യയിൽ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ. മേലുദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിച്ചതിന്‍റെ ബാക്കിപത്രമാണ് വിനീതിന്‍റെ ആത്മഹത്യയെന്ന് കേരള പൊലീസ് അസോസിയേഷൻ പ്രമേയത്തിൽ ആരോപിച്ചു.
പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസില്‍ പ്രതികളായ 17 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി. മതിയായ കാരണങ്ങൾ ഇല്ലാതെയാണെന്ന് ഹൈക്കോടതി ഉത്തരവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എൻഐഎയുടെ അപ്പീലിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നൽകിയതും നിഷേധിച്ചതും ചോദ്യം ചെയ്തുള്ള എൻഐഎയുടെയും പ്രതികളുടേയും അപ്പീലിൽ ഒരുമിച്ച് വാദം കേൾക്കും.
എറണാകുളം കാക്കനാട് ഇൻഫോപാർക്കിനടുത്ത് ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവം ജനങ്ങളെ പരിഭ്രാന്തരാക്കുകയായിരുന്നു ലക്ഷ്യമെന്ന് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രി 11ഓടെയാണ് ഹോട്ടലിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളിൽ നിന്നാണ് ഹെല്‍മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളിൽ ഇലക്ട്രോണിക് ഡിവൈസും കണ്ടെത്തിയത്.
ലൈംഗികാത്രിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. കേസില്‍ ഒമർ ലുലുവിന് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷഫീക്കിന്‍റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്.
കോട്ടയം മുണ്ടക്കയത്ത് പ്ലസ്ടു വിദ്യർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുരിക്കുംവയൽ സര്‍ക്കാര്‍ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അനീഷ്.
ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദളിന്റെ നേതാവുമായ ഓം പ്രകാശ് ചൗട്ടാല(86) അന്തരിച്ചു. ഗുഡ്ഗാവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
രാജ്യത്തിൻ്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോർട്ട്. പാർലമെൻ്ററി പാനൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 ഡിസംബർ 8 ന് Mi-17 V5 ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് മരിച്ചത്.
രാജസ്ഥാനിലെ ജയ്പൂരിൽ ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടത്തിൽ 4 പേർ വെന്ത് മരിച്ചു. 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പത്തിലധികം വാഹനങ്ങൾ കത്തിയെന്നാണ് റിപ്പോർട്ട്. പെട്രോൾ പമ്പിന് സമീപം രാസവസ്തുക്കൾ നിറച്ച ട്രക്ക് ഗ്യാസ് ലോറിയും മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.
സ്ത്രീകളുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്ത നിയമങ്ങൾ ഭർത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ കൊള്ളയടിക്കുന്നതിനോ ഉള്ള ഉപകരണങ്ങളല്ലെന്ന് സുപ്രീം കോടതി. ഒരു കുടുംബത്തിൻ്റെ അടിത്തറയും പവിത്രമായ കാര്യവുമാണ് ഹിന്ദു വിവാഹമെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും പങ്കജ് മിത്തലും നിരീക്ഷിച്ചു. സുപ്രീംകോടതിയില്‍ വന്ന ഒരു കേസിനെ ആസ്പദമാക്കിയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍.
ക്രിയേറ്റര്‍മാര്‍ വീഡിയോയിൽ അധികം പ്രാധാന്യമില്ലാത്ത വിവരങ്ങൾ ഇനി തംബ്നൈലായി ഉപയോഗിച്ചാല്‍ നടപടി നേരിടേണ്ടിവരും. ഇത്തരത്തിലുള്ള വീഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബിന്‍റെ മുന്നറിയിപ്പ്. ആളെ കൂട്ടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്നതോ ഞെട്ടിക്കുന്നതോ ആയ തംബ്നൈൽ നല്‍കുന്നതിനെതിരെ ഇന്ത്യയില്‍ കർശന നടപടിയെടുക്കാനാണ് യൂട്യൂബിന്‍റെ തീരുമാനം.
ബിഹാറിൽ സ്കൂൾ ഉച്ച ഭക്ഷണത്തിനായി കൊണ്ടുവന്ന മുട്ട മോഷ്ടിച്ച് പ്രിൻസിപ്പൽ. ബിഹാറിലെ വൈശാലി ജില്ലിയിലാണ് സംഭവം. ഉച്ച ഭക്ഷണത്തിനായുള്ള സാധനങ്ങൾ കൊണ്ടുവന്ന വാഹനത്തിൽ നിന്ന് വാഹനത്തിന്റെ ഡ്രൈവറെ ഉപയോഗിച്ചാണ് മുട്ടകൾ പ്രിൻസിപ്പൽ എടുത്തതെന്നാണ് വിവരം. സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നത് സ്വീകാര്യമല്ലെന്നും രാമക്ഷേത്രം ഒരു വികാരമായിരുന്നുവെന്നും ആര്‍എസ്എസ് തലവൻ മോഹൻ ഭഗവത്. വിവിധ മതവിശ്വാസിങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്ന് മോഹൻ ഭഗവത് പറഞ്ഞു. യുപിയിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് മോഹൻ ഭാഗവതിന്‍റെ പ്രസ്താവന.
നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ചനടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍. ട്രംപുമായുള്ള ചര്‍ച്ചയില്‍ യുക്രൈന്‍ യുദ്ധത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ചര്‍ച്ചകള്‍ക്ക് മുന്‍വ്യവസ്ഥകളൊന്നുമില്ലെന്നും എന്നാല്‍ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈന്‍ ഭരണകൂടവും ഉള്‍പ്പെടുമെന്നും പുതിന്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തത്തിന്‍റെ റെക്കോർഡ് ചൈനയ്ക്ക്. ചൈനയിലെ ബഹിരാകാശ യാത്രികരായ കായ് സൂഷെ, സോംഗ് ലിംഗ്‌ഡോംഗ് ചേർന്നാണ് ഒമ്പത് മണിക്കൂർ ബഹിരാകാശ നടത്തം പൂർത്തിയാക്കി റെക്കോർഡ് സ്വന്തമാക്കിയത്. അമേരിക്കയുടെ റെക്കോർഡാണ് ചൈന തകർത്തിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ഡെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് സൂചന. അഡ്‌ലെയ്ഡിലും ബ്രിസ്ബേനിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ മധ്യനിരയിലാണ് ബാറ്റിംഗിനിറങ്ങിയത്. രാഹുലിനെ മാറ്റാൻ സാധ്യതയില്ലാത്തതിനാല്‍ മെല്‍ബൺ ടെസ്റ്റില്‍ രോഹിത് മൂന്നാം നമ്പറില്‍ ബാറ്റിംഗിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അഡ്‌ലെയ്ഡിലും ബ്രിസ്ബേനിലും ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ രോഹിത് 3, 6, 10 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്.