വിഴിഞ്ഞത്തും കോവളത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട, ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികൾക്കുളള നഷ്ട പരിഹാര തുക വിതരണം ചെയ്ത സ്ഥലത്താണ് പ്രതിഷേധമുണ്ടായത്. നഷ്ട പരിഹാരത്തിൽ നിന്നും വടക്ക് ഭാഗത്തെ മത്സ്യ തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. കോവളത്ത് തൊഴിലാളികൾ റോഡ് ഉപരോധിക്കുകയും. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. മന്ത്രിയെ തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.
നവകരേള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ബസ്സ് ഒരുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു . ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണെന്നും, 21 മന്ത്രിമാരും അവരുടെ എസ്കോർട്ടും കൂടി 75 വാഹനം ഉണ്ടാകും.ആ തിരക്ക് ഒഴിവാക്കാനാകും. മുഖ്യമന്ത്രി ഉൾപ്പെടെ ബെൻസ് ബസിലാണ് യാത്ര ചെയ്യുന്നത് സാമ്പത്തികമായ ലാഭം ബസിൽ യാത്ര ചെയ്യുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് സുരേഷ്ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. അദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. സുരേഷ് ഗോപി വരുന്നതിന് മുമ്പായി നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകർ പ്ലക്കാര്‍ഡുകളുമേന്തി പദയാത്ര നടത്തിയിരുന്നു. പദയാത്ര നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടർന്ന് വാക്കേറ്റം ഉണ്ടായി.
കരുവന്നൂർ തട്ടിപ്പിൽ സുരേഷ് ഗോപി ഇടപെട്ടതിനെതിരെയുള്ള രാഷ്ട്രീയ വേട്ടയാണ് ഇപ്പോൾ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് എതിരായ കേസ് നിയമപരമായി ജനങ്ങളെ അണി നിരത്തി നേരിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ശ്രീകണ്ഠാപുരം നഗരസഭ കഴിഞ്ഞ വെള്ളിയാഴ്ച്ച ചേർന്ന യോഗത്തിൽ നവകേരള സദസിനായി അരലക്ഷം രൂപ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന നഗരസഭ പിരിവ് നൽകുന്നത് ചര്‍ച്ചയായതോടെ പിരിവ് നൽകേണ്ടെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതിനെ തുടർന്ന് പ്രത്യേക കൗൺസിൽ യോഗം വിളിച്ചു ചേർക്കുകയും നവകേരള സദസ്സിനായി രൂപ നൽകാനിരുന്ന തീരുമാനം പിൻവലിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം 29ന് കളമശ്ശേരിയില്‍ നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.
കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെ പ്രതിയെ ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ഹാജരാക്കി. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഗുരുവായൂർ മേൽപ്പാലം യാഥാർഥ്യമാക്കിയ നരേന്ദ്ര മോദി സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആദ്യം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. അതേസമയം ഈ ബോർഡിന് സമീപത്തായി ബിജെപി പറയുന്നത് പച്ചക്കള്ളമാണെന്നും 26 കോടിയോളം രൂപ കിഫ്ബി ഫണ്ടിൽ നിന്ന് ചെലവഴിച്ചാണ് പാലം നിർമിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. എന്നാൽ, ഫ്ലക്സ് ആരുടേതാണെന്ന് വ്യക്തമല്ല.
കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനം ഒറ്റപ്പെട്ടതല്ലെന്ന് മന്ത്രി എംബി രാജേഷ്. ലൈഫ് പദ്ധതി മുതൽ അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന നീക്കം കേന്ദ്രത്തിൽ നിന്നുണ്ടാവുന്നുവെന്നും കുറ്റപ്പെടുത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് തുച്ഛമായ പണം നൽകുന്ന കേന്ദ്രസർക്കാർ, ലൈഫ് പദ്ധതിയുടെ അടക്കം പേര് മാറ്റാൻ നിർബന്ധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
172 ആപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്ത് നൽകി. ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ സൈബർ പൊലിസ് ഡിവിഷന്റെ ശുപാർശ പ്രകാരമാണ് സംസ്ഥാന ഐടി വകുപ്പ് കേന്ദ്രത്തെ സമീപിച്ചത്.
അടിമാലിയിലെ മറിയക്കുട്ടി വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്നും, മകൾ വിദേശത്താണെന്നുമുള്ള വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.
കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഡ്യറാലി വന്‍ വിജയമായെന്ന വിലയിരുത്തലിനെത്തുടർന്ന് മലപ്പുറത്തും വിപുലമായ രീതിയില്‍ റാലി സംഘടിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഐക്യദാര്‍ഡ്യ റാലിയിലേക്ക് മുസ്ലീം ലീഗ് അണികളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം ആര്യാടന്‍ ഷൗക്കത്തിന് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെയും റാലിയില്‍ പങ്കെടുപ്പിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.
കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന വയോജന ഉത്സവത്തിനായി ഫ്രീഡം സ്ക്വയറിലേക്കുള്ള കവാടം കെട്ടിയടച്ചത് വിവാദത്തിൽ. പന്നിക്കൂടിന് വയ്ക്കുന്ന ഗ്രിൽ വെച്ച് തടയുന്നതാരെയെന്ന് ചോദിച്ച് കോർപ്പറേഷനെ വിമർശിച്ചിരിക്കുകയാണ് മുൻ എംഎല്‍എ എ പ്രദീപ് കുമാർ. ആരാണ് ചെയ്തതെന്ന് അറിയില്ലെന്നാണ് മേയർ ബീന ഫിലിപ്പിന്റെ വിശദീകരണം.
ഞെട്ടിത്തോട് ഉൾവനത്തിലും കർണാടക അതിർത്തി വനമേഖലയിലും വ്യാപക തെരച്ചിൽ തുടർന്ന് തണ്ടർബോൾട്ട് സംഘം. തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ഒരു മാവോയിസ്റ്റിന് സാരമായ പരിക്കേറ്റെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. വനത്തിൽ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.
സിപിഎം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ അന്തരിച്ചു. 1964 ല്‍ സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ.
കോഴിക്കോട് ചാത്തമംഗലം കളംന്തോട് എംഇഎസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന പരാതിയില്‍ ആറു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുന്ദമംഗലം പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പേരാമ്പ്രയിലെ ചേനായി റോയല്‍ മാര്‍ബിള്‍സിലെ ജീവനക്കാരിയായ 34കാരിയെ സ്ഥാപനം ഉടമയായ ജാഫര്‍ മര്‍ദ്ദിച്ചെന്ന കേസിൽ മർദ്ദനം, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു. കടയിലെ കണക്കുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലത്തിന്‍റെ വധശിക്ഷ ഉടന്‍ നടപ്പാകില്ല. പ്രതിക്ക് മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ ഉള്‍പ്പെടെ അവസരമുള്ളതിനാല്‍ പല കടമ്പകള്‍ കടന്നശേഷം മാത്രമെ വധശിക്ഷയിലേക്കുള്ള നടപടികളിലേക്ക് കടക്കാനാകുവെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക നൽകാൻ സുപ്രീംകോടതി ഡിവിഷൻ ബഞ്ച് ഉത്തരവായി. ഗ്രാറ്റുവിറ്റി കുടിശിക നിർണയിക്കാൻ സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രേയയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. കേരളത്തിലെ ആറ് എസ്റ്റേറ്റുകളിലെ 1892 തൊഴിലാളികൾക്ക് 28 കോടി രൂപ നൽകാനാണ് രണ്ടംഗ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
സേഫ് & സ്ട്രോങ് നിക്ഷേപതട്ടിപ്പ് കേസിലെ, മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ തൃശൂര്‍ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ ഉത്തരവിട്ടു.അതതു മേഖലകളിലെ തഹസീൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. ബഡ്സ് നിയമപ്രകാരമാണ് നടപടി.
അഞ്ച് വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ ആധാര്‍ എൻറോള്‍മെന്റ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്. ജില്ലയിൽ ആധാർ എടുത്തത് 44487 കുട്ടികളാണ്. മെഗാ ക്യാമ്പുകൾ വഴിയും, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ചേർന്നുമാണ് ആധാർ എൻറോൾമെന്റ് പൂർത്തിയാക്കിയത്.
നാല് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. പോസ്കോ കേസിൽപ്പെട്ട പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി. വി ചേലപ്പുറത്ത്, യാത്രക്കാരിക്ക് ടിക്കറ്റ് നൽകാതെ സൗജന്യയാത്ര അനുവദിച്ച പുനലൂർ യൂണിറ്റിലെ കണ്ടക്ടർ അനിൽ ജോൺ, കോതമംഗലം യുണീററിലെ ജീവനക്കാരുടെ മുറിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കണ്ടക്ടർ വിഷ്ണു എസ് നായർ, വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഹരിപ്പാട് യൂണിറ്റിലെ കണ്ടക്ടർ ബി. വിജയൻപിള്ളയെ അന്വേഷണ വിധേയമായും സസ്പെൻഡ് ചെയ്തതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു ശബരി.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതിയെയും പൊലീസ് പീടികൂടി. സേലത്തുവെച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദ് നല്‍കിയ മൊഴിയിലാണ് സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായത്.
അമേരിക്കയില്‍ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് . കോട്ടയം ഉഴവൂർ സ്വദേശിയായ മീരയ്ക്ക് നേരെ ഭര്‍ത്താവ് അമല്‍ റെജിയാണ് വെടിവെച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം. ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മൽസരങ്ങളിൽ ഇന്ത്യ-ന്യൂസിലന്‍ഡ് മൽസരം അൽപ്പ സമയത്തിനകം ആരംഭിക്കും.
Very good.