Screenshot 20240928 1401072

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കസാനിലാണ് 16-ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. പുടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് പുടിന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്.

 

 

തെരഞ്ഞെടുപ്പ് സഹകരണത്തിനായി അൻവറുമായി ഇനി ചർച്ചയില്ലെന്നും യുഡിഎഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവര്‍ പുതിയ പാർട്ടിയുണ്ടാക്കിയതിനെ തുടർന്ന് ഞങ്ങളുമായി സഹകരണത്തിന് വന്നു. നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാമെന്ന് അൻവ‍റും പറഞ്ഞു, എന്നാൽ പിന്നീടാണ് കണ്ടീഷൻസ് വെച്ചുളള അൻവറിന്റെ വാ‍ർത്താ സമ്മേളനം ഉണ്ടായതെന്ന് വി ഡി സതീശൻ വ്യക്തമാക്കി. എഐസിസി പ്രഖ്യാപിച്ച സ്ഥാനാ‍ർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവർ പറയുന്നതെന്നും സതീശൻ പരിഹസിച്ചു.

 

 

 

പി വി അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴും. അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്കോപ്പുണ്ട്. പാലക്കാട്ടെ വിമർശനങ്ങളെല്ലാം ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

 

 

 

കോണ്‍ഗ്രസിന്റെ അവസാന വാക്ക് സതീശനല്ലെന്ന് പി വി അന്‍വര്‍. യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ലെന്നും അധ്യായം തുറന്നാലല്ലേ അടക്കേണ്ടതുള്ളൂ. കോണ്‍ഗ്രസിന് ഒരു വാതില്‍ മാത്രമല്ല ഉള്ളതെന്നും കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും അന്‍വര്‍ പരിഹസിച്ചു.

 

 

ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ്‌ സമീപനമെന്ന് പാർട്ടി വിട്ട യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് . പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് സതീശനെന്നും സതീശനു ധാർഷ്ട്യമാണെന്നും മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നുവെന്നും ഷാനിബ് കുറ്റപ്പെടുത്തി. എന്നാൽ ഉപ തെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്‍റെ തന്ത്രങ്ങൾ പാലക്കാട്‌ പാളും എന്ന് മുന്നറിയിപ്പ് നൽകുന്നുവെന്നും പാർട്ടിക്കകത്തെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണു തന്‍റെ പോരാട്ടമെന്നും ഷാനിബ് പറഞ്ഞു. ഈ സാഹചര്യത്തിൽ സ്വാതന്ത്രൻ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാട്ടിലേക്ക് വരേണ്ടതില്ലെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. ചേലക്കരയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെസി ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകര്‍. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ക്ക് മാത്രമാണ് വയനാട്ടില്‍ ചുമതല. ബാക്കിയുളളവര്‍ ചേലക്കരയിലും പാലക്കാട്ടുമായി ഉണ്ടാകണമെന്നാണ് കെപിസിസിയുടെ നിർദേശം .

 

 

 

പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും. രണ്ട് കിലോമീറ്റ‍ർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. പരമാവധി പ്രവർത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വൻവിജയമാകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്.

 

 

 

വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കേരളത്തിലങ്ങോളമിങ്ങോളം പ്രതിഫലിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വലിയ മാറ്റമാണ് അതുണ്ടാക്കാന്‍ പോവുന്നതെന്നും. ഇനി ഇന്ത്യാ മുന്നണിയുടെ കാലമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെട്ടിവെക്കാന്‍ പണമുണ്ടെങ്കില്‍ ആര്‍ക്കും സ്ഥാനാര്‍ഥിയാക്കാം. നിങ്ങളെല്ലാം വാര്‍ത്തയും കൊടുക്കും. അതുകൊണ്ട് അതിലൊന്നും വലിയ കാര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

 

 

പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് മുന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി. പാലക്കാട്ടെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനും പ്രാദേശിക സ്ഥാനാര്‍ഥി വേണമെന്നാണ്. അതല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കൾ മത്സരിക്കണമെന്നാണ്. എന്നാല്‍ ഷാഫിയുടെ നിര്‍ബന്ധം കാരണമാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടത് ഷാഫി കാരണമാണെന്നും രാമസ്വാമി പറഞ്ഞു.

 

 

കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എഡിഎം നവീൻ ബാബു എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും. അതോടൊപ്പം പരിയാരം ഗവ മെഡിക്കൽ കോളേജിൽ ജീവനക്കാരനായിരിക്കെ ടി.വി.പ്രശാന്ത് പെട്രോൾ പമ്പിന് അപേക്ഷ നൽകിയതിൽ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇന്നെത്തിയേക്കും.

 

 

 

വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും നവീൻ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിനു കൈമാറിയെന്നും അരുൺ കെ വിജയൻ കൂട്ടിച്ചേര്‍ത്തു.

 

 

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്.ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്.ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

 

 

ശബരിമല തീര്‍ഥാടനകാലത്ത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കുമെന്നും ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്ന് 300 സ്‌പെഷ്യല്‍ തീവണ്ടികളോടിക്കുമെന്നും ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി ചെങ്ങന്നൂരില്‍ നടന്ന റെയില്‍വേയുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

 

ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നി‍ർദ്ദേശം. ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐ.ജി കെ സേതുരാമൻ, ഇടുക്കി മുൻ കളക്ടർ എച്ച് ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഉദ്യോസ്ഥർക്ക് നിർദ്ദേശം നൽകിയത്.

 

 

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി. ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നല്‍കാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.

 

 

 

ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതികളുമായി പൊലീസിനെ സമീപിക്കുകയാണ്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.

 

 

 

തൃശൂർ മണ്ണൂത്തിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട് കയറി ഭീഷണിപ്പെടുത്തിയ കേസില്‍ 2 പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബസ് നടത്തിപ്പുകാരായ വെണ്ടോര്‍ സ്വദേശി ജെന്‍സന്‍, പുത്തൂര്‍ സ്വദേശി ബിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബസിന് ഫിറ്റ്നസ് നല്‍കിയില്ലെന്നാരോപിച്ച് കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിന്‍റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.

 

 

തിരുവനന്തപുരം വെള്ളറടയിൽ കരടിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. വെള്ളറട ചെറുകര വിളാകത്താണ് കരടിയെ കണ്ടത്. ആനപ്പാറ പെട്രോൾ പമ്പിന്‍റെ മുന്നിലെ സിസിടിവിയിൽ കരടിയുടേതിന് സാദൃശ്യമുള്ള ദൃശ്യങ്ങൾ പതിഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

 

 

വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറി അപകട യാത്ര. മണ്ണുത്തി വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.

 

 

കരുവന്നൂർ ചെറിയപാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോ ആണ് മരിച്ചത്.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ എതിരെ വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.

 

 

വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങി.

മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും , നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാൻ നഗരത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.

 

 

യുഎഇയില്‍ മൂടല്‍മഞ്ഞിന്‍റെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാറിവരുന്ന വേഗപരിധികള്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

താൽക്കാലിക സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകൾ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). ഇത് വര്‍ധിച്ചുവരുന്ന തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള നീക്കമാണ്.

ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച മുതൽ വീണ്ടും വിസ നൽകാന്‍ തുടങ്ങുന്നത്.

 

 

 

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു. മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

 

 

പതിനാറ് ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ലഡാക്കിന് വേണ്ടി മുന്നോട്ടു വച്ച ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താമെന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് തീരുമാനം. ലഡാക്കിന് സംസ്ഥാന പദവിയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദില്ലിയിലെ ലഡാക്ക് ഭവനില്‍ സോനം വാങ്ചുക് സമരമിരുന്നത്.

 

 

അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ്ക്ക് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന (യുബിവിഎസ്). ഗുജറാത്തിലെ സബർമതി ജയിലിലുള്ള ബിഷ്ണോയിക്ക് പാർട്ടി ദേശീയ അധ്യക്ഷൻ സുനിൽ ശുക്ല കത്തയച്ചു. ബിഷ്ണോയിയെ ഭഗത് സിംഗിനെപ്പോലെ ആണ് കാണുന്നതെന്നും കത്തിൽ പറയുന്നു.

 

 

 

റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയതായി യാത്രക്കാരന്റെ ആരോപണം. റെയ്തയിൽ ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി സ്വദേശി ആരോപണം ഉന്നയിച്ചത്. എന്നാൽ രസീതോ ബുക്കിങ് വിവരങ്ങളോ നൽകണമെന്നും. ഏത് സ്റ്റേഷനിൽ നിന്നാണ് സംഭവിച്ചതെന്ന വിവരവും പെട്ടെന്ന് നടപടിയെടുക്കാൻ പരാതിക്കാരന്റെ ഫോൺ നമ്പർ കൂടി നൽകണമെന്നും ഐആർസിടിസി അധികൃതർ ആവശ്യപ്പെട്ടു.

 

 

മംഗളുരുവിൽ റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തി വച്ച നിലയിൽ കണ്ടെത്തിയത് തീവണ്ടി അട്ടിമറി ശ്രമമെന്ന് സംശയം. ശനിയാഴ്ചയാണ് മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ മേൽപാലത്തിന് മുകളിൽ ട്രാക്കിൽ കല്ല് കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ളതടക്കം രണ്ട് തീവണ്ടികൾ ഈ വഴി കടന്ന് പോയപ്പോൾ വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതോടെയാണ് പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിച്ചത്.

 

 

 

 

ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ഏഴ് ഇസ്രയേലി പൗരന്മാരെ ഇസ്രയേൽ അധികൃതർ അറസ്റ്റ് ചെയ്തു. കഴി‌ഞ്ഞ രണ്ട് വർഷമായി ഇറാന് വേണ്ടി നൂറു കണക്കിന് രഹസ്യ വിവരങ്ങൾ ഇവർ ചോർത്തി നൽകിയെന്നാണ് ഇസ്രയേലി പ്രോസിക്യൂഷൻ ആരോപിക്കുന്നത്. കഴിഞ്ഞ മാസം തന്നെ ഇവരെ പിടികൂടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കുറ്റം ചുമത്തിയത്.

 

 

 

ബെയ്‌റൂത്തിലെ ആശുപത്രിക്ക് താഴെ ഹിസ്ബുള്ളയുടെ രഹസ്യ സാമ്പത്തിക കേന്ദ്രമുണ്ടെന്ന അവകാശവാദവുമായി ഇസ്രയേല്‍. പണമായും സ്വര്‍ണമായും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്പത്താണ് ബങ്കറിലുള്ളതെന്നും ഇത് ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇസ്രയേലിന്റെ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തൽ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *