മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ എംഎൽഎ പിവി അൻവർ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി നേതൃതലത്തിൽ ആലോചന. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവത്തിലുള്ളതാണെന്നാണ് വിലയിരുത്തൽ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഈ പരാതികൾ സംബന്ധിച്ച് ചർച്ച നടക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എകെജി സെൻ്ററിന് മുന്നിലെ ഫ്ലാറ്റിലെത്തി നേരിട്ട് കണ്ട് പിവി അൻവർ പരാതി നൽകി. മുഖ്യമന്ത്രിക്ക് നൽകിയ അതേ പരാതി തന്നെയാണ് പാർട്ടി സെക്രട്ടറിക്കും നൽകിയത്. സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും, വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണെന്നും പി വി അൻവർ പറഞ്ഞു. തന്നെ എലിയായി വ്യാഖ്യാനിക്കുന്നവരുണ്ട്, എന്നാൽ എലി മോശക്കാരനല്ല വീട്ടിലൊരു എലിയുണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവുമെന്ന് എം എൽ എ ചോദിച്ചു. താൻ പരാതിയുമായി മുന്നോട്ട് പോകും. ഇതൊരു അന്തസ്സുള്ള പാർട്ടിയാണ്. അന്തസ്സുള്ള ഗവൺമെന്റും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണെന്നും അൻവർ പറഞ്ഞു. ആരോപണങ്ങളിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. എഡിജിപിയെ മാറ്റേണ്ടത് താനല്ലെന്നും അജിത്കുമാർ ചുമതലയിൽ തുടരുമ്പോൾ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യം തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിജിപിയ്ക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍എസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ആർഎസ്എസ് ബന്ധം ഉള്ളത് കൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. സ്വകാര്യ വാഹനത്തിൽ എഡിജിപി ആർഎസ്എസ് നേതാവിനെ ചെന്നുകണ്ടു, തിരുവനന്തപുരം ജില്ലയിലെ ആർഎസ്എസ് നേതാവ് ഇതിന് ഇടനിലക്കാരനായിയെന്നും വിഡി സതീശൻ പറഞ്ഞു.
തനിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളിൽ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്. തനിക്ക് ഭയമോ ആശങ്കയോ ഇല്ല. സർവാധികാരി മനോഭാവം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അൻവറിൻ്റെ പരാതിയിലെ പ്രധാന ആരോപണം.
എംഎല്‍എ പി വി അൻവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയും പാര്‍ട്ടിയും അൻവറും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കേണ്ടതല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു. അന്‍വറിന്‍റെ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ വിഷയം പരിശോധിക്കുന്നുണ്ട്. ആരോപണ വിധേയരായവരെ താക്കോല്‍ സ്ഥാനങ്ങളിരുത്തി നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് അൻവര്‍ പറയുന്നുണ്ടെങ്കില്‍ അന്‍വറിന് മറ്റെന്തെങ്കിലും കാര്യം സാധിക്കാനുണ്ടെന്ന് കരുതേണ്ടിവരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനെതിരേ ആരോപണവുമായി കൂടുതല്‍പേര്‍ രംഗത്ത്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുജിത് ദാസ്, പ്രതികളില്‍നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം.
സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം. ഇതിനായി വ്യാജ അക്കൗണ്ടുകൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണതയാണെന്നും ഡബ്ല്യുസിസി പറയുന്നു.
തൃശൂർ എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എല്‍.പി. സ്‌കൂളിലെ പുതിയ കെട്ടിടത്തില്‍നിന്ന് ഫാനുകളും ലൈറ്റുകളും ഊരി കൊണ്ടു പോകാന്‍ പൊതുമരാമത്തിന്റെ ശ്രമം. വിവരമറിഞ്ഞെത്തിയ പി.ടി.എ, എസ്.ആര്‍.ജി. കമ്മിറ്റിയംഗങ്ങളാണ് ശ്രമം തടഞ്ഞത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
ഉരുള്‍പൊട്ടൽ ദുരന്തത്തിൽ തകര്‍ന്ന മുണ്ടക്കൈ എല്‍പി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രണ്ട് അധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്. സ്കൂളിലെ വിദ്യാർത്ഥികൾ പുനപ്രവേശന ദിവസം വിദ്യാഭ്യാസ മന്ത്രിയോട് അധ്യാപകരെ തിരികെ സ്കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്കൂളിൽ നിന്ന് സ്ഥലം മാറിപ്പോയ ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും തിരികെ വേണമെന്നായിരുന്നു അവര്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.
നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നിര്‍മാതാവ് എകെ സുനിൽ പറഞ്ഞു. യുവതിയുടെ പരാതിയിൽ നിവിൻ പോളിക്ക് പുറമെ എകെ സുനിൽ അടക്കം ആറു പേരെയാണ് പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. താൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസ് കേസിനെ നിയമപരമായി നേരിടുമെന്നും മറ്റു ലക്ഷ്യങ്ങളോടെയാണ് പരാതിയെന്നും എകെ സുനില്‍ പറഞ്ഞു.
തനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങൾ കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. അതേസമയം, എസ്ഐടി യോഗം കൊച്ചിയിൽ തുടരുകയാണ്.
കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത് കണ്ടെത്തി. അഴീക്കോട് സ്വദേശി നിതിന്റെ വീട്ടുവരാന്തയിലാണ് റീത്ത് കണ്ടത്. നിതിനെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. തുടർന്ന് വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തുകയായിരുന്നു. ആരാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമല്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയതിനു പിന്നാലെ, വിവിധ ക്ലബുകളും സംഘടനകളും ഓണാഘോഷം ഒഴിവാക്കാനുള്ള ആലോചന തുടങ്ങിയതോടെ ആശങ്കയിൽ സ്റ്റേജ് കലാകാരന്മാർ. പ്രകൃതി ദുരന്തത്തിനിരയായ വയനാട്ടിലെ ജനതയെ ചേർത്തു നിർത്തുന്നതിനൊപ്പം കലാകാരന്മാരെയും പരിഗണിക്കണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്.
മലപ്പുറം പെരുമ്പടപ്പിൽ പുറങ്ങിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ഐസിയുവിൽ ചികിത്സയിലായിരുന്ന പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്.ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്.
വടകര മുക്കാളിയിൽ അപകടത്തിൽ പെട്ട് മരിച്ചവരിൽ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് വന്ന യുവാവും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമേരിക്കയിൽ നിന്നും പുലർച്ചെ എത്തിയതായിരുന്നു ഷിജിൽ. ഷിജിലിനെ കൂട്ടാനെത്തിയതാണ് അപകടത്തിൽ മരിച്ച ജൂബി.
അമേരിക്കയിലെ ടെക്‌സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടർന്ന് അവർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിക്കുകയും ശരീരം കത്തിക്കരിയുകയും ചെയ്തു. ആരൊക്കെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു കാശ്മീരിലേക്ക്. രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളിൽ പങ്കെടുക്കും. നരേന്ദ്ര മോദി അടുത്ത ആഴ്ച മൂന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ 1 തിയ്യതികളിലാണ് വോട്ടെടുപ്പ്.
ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഹുല്‍ ഗാന്ധിയെ കണ്ടു. ബജരംഗ് പുനിയയും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമെടുത്ത ചിത്രം കോണ്‍ഗ്രസാണ് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം രാഹുല്‍ വിനേഷിന് മുന്‍പില്‍ വച്ചതായാണ് വിവരം.
ശ്രദ്ധവെച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീഴില്ലായിരുന്നെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗ്ഡകരി. പ്രതിമ നിര്‍മിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുന്നെങ്കില്‍ പ്രതിമ തകരുന്നത് ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടലോര മേഖലകളില്‍ തുരുമ്പ് പിടിക്കാത്ത അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അവധിക്കാലത്ത് ശമ്പളം വാങ്ങുന്നത് മാനസിക പ്രയാസത്തോടെയാണ് സുപ്രീം ജഡ്ജി ബി വി നാഗരത്ന. കോടതിയുടെ വേനൽക്കാല അവധിക്കാലത്ത് ശമ്പളം സ്വീകരിക്കുന്നതിൽ അസ്വസ്ഥതയാണെന്നും അവർ പറഞ്ഞു. നേരത്തെ മധ്യപ്രദേശ് സർക്കാർ പിരിച്ചുവിട്ട നാല് ജഡ്ജിമാരെ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് തിരിച്ചെടുത്തിരുന്നു. ഇവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന കേസ് പരിഗണിക്കവെയാണ് പരാമർശം.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ മരണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാൽ 30 ഉദ്യോഗസ്ഥരെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ വധിക്കാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. ഇവരുടെ ശിക്ഷ നടപ്പാക്കിയെന്നും സൂചനയുണ്ട്. പ്രകൃതി ദുരന്തത്തിൽ ആയിരത്തോളം പേരാണ് ഉത്തരകൊറിയയിൽ മരിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യനിർവ്വഹണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കർണാടകയിൽ നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമിക്കെതിരെ ആരോപണവുമായി കോൺഗ്രസ്. ഭൂമി കൈയേറ്റ കേസിൽ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച 60 പേജുള്ള പരാതി ഗവർണർക്ക് നൽകി. 20 വർഷം മുമ്പ് നാരായണസ്വാമി കർണാടക ഹൗസിംഗ് ബോർഡിൻ്റെ ഡയറക്ടറായിരുന്ന സമയത്താണ് ക്രമക്കേട് നടത്തിയതെന്നാണ് ആരോപണം.
സ്‌പാം കോളുകള്‍ക്ക് തടയിടാന്‍ കര്‍ശന നടപടികളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സ്‌പാം ഫോണ്‍ കോളുകളും മെസേജുകളും വഴിയുള്ള തട്ടിപ്പ് സംഘങ്ങളെ പൂട്ടുന്നതിന്‍റെ ഭാഗമായി 2.75 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് രണ്ടാഴ്‌ച്ചയ്ക്കിടെ വിച്ഛേദിച്ചത് എന്ന് ട്രായ് അറിയിച്ചു.
തമിഴ്നാട്ടിലെ വിരുത് നഗറിലെ അരുപ്പുകോട്ടെയിൽ പ്രതിഷേധത്തിനിടെ അക്രമം. പൊലീസുകാരിയെ പട്ടാപ്പകൽ കയ്യേറ്റം ചെയ്ത് പ്രതിഷേധക്കാർ. ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പൂർവ്വ വൈരാഗ്യത്തിന്റെ പേരിൽ തിങ്കളാഴ്ച ഒരു യുവാവിനെ കൊല ചെയ്തിരുന്നു. കാളികുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. കാളികുമാറിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഗ്രാമവാസികളും ചേർന്ന് നടത്തിയ പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.
ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ തടവ് പുള്ളികൾ പുറത്ത് കടക്കാൻ ശ്രമിക്കവെ പുറത്ത് കടന്നവരിൽ 24 പേർ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചതായും റിപ്പോർട്ടുണ്ട്. മകാല ജയിലിൽ നിന്ന് രക്ഷപ്പെടാനായിരുന്നു തടവുകാർ ശ്രമിച്ചത്.
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ അജയ് രത്രയെ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന സലിൽ അങ്കോളയെ മാറ്റിയാണ് ബിസിസിഐ ഉപദേശക സമിതി അജയ് രത്രയെ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. നോര്‍ത്ത് സോണില്‍ നിന്നുള്ള പ്രതിനിധിയായാണ് അജയ് രത്രയെ ഉള്‍പ്പെടുത്തിയത്.
പാരിസ് പാരാലിംപിക്സിൽ മെഡൽ കൊയ്ത്തിൽ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ. പുരുഷ ജാവലിൻ ത്രോയിലും ഹൈ ജംപിലും ഇരട്ട മെഡലുകള്‍ നേടിയ ഇന്ത്യ 20 മെഡലുകളുമായി ടോക്കിയോ പാരാലിംപിക്സില്‍ നേടിയ 19 മെഡലുകളുടെ റെക്കോര്‍ഡ് മറികടന്നു. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകള്‍ നേടിയ ഇന്ത്യ പാരീസില്‍ മൂന്ന് സ്വർണമുൾപ്പടെ 20 മെഡലുമായി മെഡൽ പട്ടികയിൽ 17ാം സ്ഥാനത്തേക്ക് ഉയർന്നു.