പുതുപ്പള്ളിയില്‍ ചാണ്ടിപ്പെരുന്നാള്‍. 37,213 വോട്ടിന്റെ ഭൂരിപക്ഷം. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരപിക്ഷം 9044 വോട്ടാക്കി കുറച്ച് വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ പറപ്പിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. 2011 ല്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടുകളുടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തെ മകന്‍ ചാണ്ടി മറികടന്നു.
താക്കോല്‍ വൈകിയതുമൂലം വോട്ടെണ്ണല്‍ 15 മിനിറ്റു വൈകി. പുതുപ്പള്ളിയില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്‌ട്രോംഗ് റൂമിന്റെ താക്കോലുകള്‍ മാറിയതാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണം. എട്ടിന് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ എട്ടേകാലോടെയാണ് ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണിയത്. പോസ്റ്റല്‍ വോട്ടുകളില്‍ പത്തില്‍ ഏഴെണ്ണം ചാണ്ടിക്കും മൂന്നെണ്ണം ജെയ്ക്ക് സി തോമസിനും ലഭിച്ചു.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ആഘോഷിച്ച് യുഡിഎഫ്. ചാണ്ടി ഉമ്മനെ കെട്ടിപിടിച്ചും ഉമ്മവെച്ചും റോഡ് ഷോ നടത്തിയും പൂത്തിരി കത്തിച്ചും വിജയം ആഘോഷിച്ചു. പുതുപ്പള്ളിയിലെ വീട്ടുമുറ്റത്ത് ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളെക്‌സുമായാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. സംസ്ഥാനത്തുടനീളം യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് വാങ്ങിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.
ഉമ്മന്‍ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ മഹാഭൂരിപക്ഷമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുളളത് വൈകാരിക ബന്ധമാണ്. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പൈശാചികമായാണ് ഇടതുപക്ഷം വേദനിപ്പിച്ചത്. എത്ര ഉറക്കമില്ലാത്ത രാത്രിയിലൂടെയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും കടന്നു പോയത്. ആന്റണി അനുസ്മരിച്ചു.
ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്തു ചെയ്‌തെന്നു ചോദ്യം ചെയ്തും തന്റെ ചെരിപ്പും ഉടുപ്പും ഉയര്‍ത്തിക്കാണിച്ചും പ്രചാരണം നടത്തിവര്‍ക്കുളള മറുപടിയാണ് ഈ വിജയം. അച്ചു ഉമ്മന്‍ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസനത്തേക്കാള്‍, സ്ഥാനാര്‍ഥികളുടെയും നേതാക്കളുടേയും ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ സൈബര്‍ അധിക്ഷേപങ്ങളാണു കൂടുതല്‍ ചര്‍ച്ചയായത്. ഉമ്മന്‍ ചാണ്ടിക്ക് ഉചിതമായ ചികില്‍സ നല്‍കിയില്ലെന്ന ആരോപണം അടക്കമുള്ളവ തള്ളിയാണു ജനം വിധിയെഴുതിയത്. അച്ചു ഉമ്മന്റെ ചെരിപ്പിന്റെയും ഉടുപ്പിന്റെയും വില ചര്‍ച്ചയാക്കിയപ്പോള്‍ പ്രചാരണത്തിനിറങ്ങിയ ജെയ്കിന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ ഗീതു തോമസിനെതിരേയും അധിക്ഷേപമുണ്ടായി. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ധരിച്ച ടീഷര്‍ട്ടിന്റെ വിലയും ചര്‍ച്ചയായി. അച്ചു ഉമ്മനും ഗീതുവും നല്‍കിയ പരാതികളില്‍ കേസെടുത്തിട്ടുണ്ട്.
കൂടുതല്‍ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാന്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കെ എസ് ഇ ബിക്കു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തു. കേരള ഹൈ ടെന്‍ഷന്‍ ആന്‍ഡ് എക്‌സ്ട്രാ ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയില്‍ ഇലക്ടിസിറ്റി കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസില്‍ ബിന്ദുലേഖക്കു കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി എംഎം ശശീന്ദ്രന്‍ അതിജീവിതയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ആലുവായില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയയാള്‍ മോഷണത്തിനാണ് വീട്ടിലേക്കു കയറിയതെന്ന് പോലീസ്. പ്രതി ക്രിസ്റ്റല്‍ രാജിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.
മലക്കപ്പാറ ഹില്‍ സ്റ്റേഷനില്‍ വിനോദ സഞ്ചാരത്തിനെത്തിയ മലപ്പുറം ജില്ലാ കളക്ടര്‍ പ്രേംദാസും ഉദ്യോഗസ്ഥ സംഘവും സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് രാത്രി ഒറ്റയാന്‍ റോഡില്‍ തടഞ്ഞിട്ടു. ഷോളയാര്‍ ആനക്കയത്താണ് ആന വഴി തടഞ്ഞത്. ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെത്തി ആനയെ നീക്കിയാണ് ബസുകള്‍ കടത്തിവിട്ടത്. ഫയല്‍ അദാലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് 72 സഹപ്രവര്‍ത്തകരെ രണ്ടു ബസുകളിലായി ഉല്ലാസ യാത്രയ്ക്കു കൊണ്ടുപോയതായിരുന്നു.
ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്‌ഫോടനവും മണ്ണിടിച്ചിലിനും കാരണം മനുഷ്യര്‍ മാംസം ഭക്ഷിക്കുന്നത് മൂലമാണെന്ന ണ്ടന്‍ വാദവുമായി മണ്ടി ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്‌റ. ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികളോടു സംസാരിക്കുന്ന ലക്ഷ്മിധറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഗ്രാമത്തില്‍ ഫാക്ടറി സ്ഥാപിച്ച് തൊഴില്‍ തരുമോയെന്ന് ചോദിച്ച യുവതിയെ ചന്ദ്രയാന്‍ 4 ല്‍ കയറ്റി ചന്ദ്രനിലേക്ക് അയക്കുമെന്നു ഭീഷണിപ്പെടുത്തി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അയല്‍ ഗ്രാമമായ ഭട്ടോല്‍ ജട്ടനില്‍ ഒരു ഫാക്ടറി സ്ഥാപിക്കാമോ എന്നായിരുന്നു യുവതി ചോദിച്ചത്. ചോദ്യവും ഉത്തരവുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു.
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, മന്ത്രി നിതിന്‍ ഗഡ്കരി. 285.3 കിലോമീറ്റര്‍ നീളമുള്ള ഗ്രീന്‍ഫീല്‍ഡ് നാലുവരി പാത 17,000 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിക്കുന്നത്. ചെന്നൈയില്‍ അശോക് ലെയ്ലാന്‍ഡിന്റെ 75-ാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി. രണ്ട് മെട്രോ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കുന്ന എക്‌സ്പ്രസ് വേ പദ്ധതിയാണിത്.
മോദി ഭരണത്തെ പ്രശംസിച്ച് ലോകബാങ്ക് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വമ്പന്‍ കുതിച്ചു ചാട്ടമാണ് നടത്തിയതെന്നും 50 വര്‍ഷം കൊണ്ട് നേടേണ്ട പുരോഗതി, മോദി ഭരണത്തിന് കീഴില്‍ ആറു വര്‍ഷംകൊണ്ട് നേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
