കാനഡയില്‍ ഒരു ഖാലിസ്ഥാന്‍വാദി നേതാവുകൂടി കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതാണെന്നാണ് വിവരം. കാനഡയിലുള്ള ഖാലിസ്ഥാന്‍ ഭീകരരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പട്ടികയില്‍ ഇയാളുടെ പേരുണ്ടായിരുന്നു. ജൂണ്‍ മാസത്തില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇന്ത്യക്കാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്ന ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമായിരിക്കേയാണ് രണ്ടാമത്തെ കൊലപാതകം.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ പോലീസിന്റെ വിരട്ടലിനു വഴങ്ങേണ്ടെന്നും അന്വേഷണവുമായി മുന്നോട്ട് പോകാനും എന്‍ഫോഴ്‌സ്‌മെന്റിനു കേന്ദ്ര നിര്‍ദ്ദേശം. മര്‍ദ്ദിച്ചെന്ന സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ പരാതിയും അന്വേഷിക്കാന്‍ പൊലീസ് എത്തിയതും എന്‍ഫോഴ്‌സ്‌മെന്റിനെ സമ്മര്‍ദത്തിലാക്കാനാണെന്നാണ് വിലയിരുത്തല്‍. മര്‍ദിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ 24 സിസിടിവി ക്യാമറകളിലും ദൃശ്യമാണ്. ഈ മാസം 12 ന് ചോദ്യം ചെയ്തു വിട്ടയച്ചയാള്‍ ഒരാഴ്ചയ്ക്ക് ശേഷം 19 നു പരാതി നല്‍കിയത് ദുരൂഹമാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നിയോജകമണ്ഡലം തലത്തില്‍ നടത്തുന്ന പരിപാടിയും കേരളീയം പരിപാടിയും യുഡിഎഫ് ബഹിഷ്‌കരിച്ചേക്കും. രാഷ്ട്രീയ മുതലെടുപ്പിനായി എല്‍ഡിഎഫ് നടത്തുന്ന പരിപാടിയാണെന്നാണ് യുഡിഎഫ് നേതാക്കള്‍ക്കുള്ളത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് നിയോജകമണ്ഡലംതല ജനസദസ് നടത്തുന്നത്. നവംബര്‍ ആദ്യവാരത്തിലാണു കേരളീയം പരിപാടി.
‘വി ഫോര്‍ കൊച്ചി’ നേതാവ് നിപുണ്‍ ചെറിയാന്‍ കോടതിയലക്ഷ്യ കേസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷിനെതിരായ പരാമര്‍ശത്തിനായിരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജഡ്ജിയെ വിമര്‍ശിച്ചത് സദുദ്ദേശത്തോടെയാണെന്ന വാദത്തോടെയാണ് നിപുണ്‍ ചെറിയാന്റെ ഹര്‍ജി.
നികുതി പിരിവ് കാര്യക്ഷമമല്ലെന്ന സിഎജി വിമര്‍ശനത്തെ ആധാരമാക്കി നികുതി വകുപ്പിനെക്കുറിച്ചുള്ള നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷം. നികുതി പിരിവ് സംവിധാനത്തിലെ ഗുരുതര ക്രമക്കേടുകള്‍ മറച്ച് വയ്ക്കാനും നികുതി വകുപ്പിലെ അഴിമതി ലോകം അറിയാതിരിക്കാനുമുള്ള ആസൂത്രിത നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.
പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമത ഉറപ്പ് പരിശോധിക്കാന്‍ വിജിലന്‍സ് നടത്തിയ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഓപ്പറേഷന്‍ പ്രൊട്ടക്റ്റര്‍ എന്ന പേരില്‍ 50 ബ്ലോക്ക് പഞ്ചായത്തുകളിലെയും,10 മുന്‍സിപ്പാലിറ്റികളിലെയും, അഞ്ചു കോര്‍പ്പറേഷനുകളിലെയും പട്ടികജാതി വികസന ഓഫീസര്‍മാരുടെയും അനുബന്ധ സെക്ഷനുകളിലുമായിരുന്നു പരിശോധന.
നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയില്‍ പൊലീസ് എസ്‌ഐ കടയില്‍ കയറി ഉടമയെയും കുടുംബത്തെയും മര്‍ദ്ദിച്ചു. കടയുടമ കുഞ്ഞുമോന്റെ പരാതിയില്‍ സിആര്‍വി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനില്‍കുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി വ്യക്തമായി.
ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും ജയിലിടുന്നത് തെറ്റാണെന്ന് സുപ്രീം കോടതി. 29 വര്‍ഷം ജയിലില്‍ കഴിഞ്ഞ അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായില്ല. നിര്‍ബന്ധമായും ഹാജരാകണമന്നു കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും സമ്മാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
നിപ വൈറസുണ്ടോയെന്നു പരിശോധനയക്ക് അയച്ച 24 സാമ്പിളുകള്‍കൂടി നെഗറ്റീവായി. സമ്പര്‍ക്ക പട്ടികയില്‍ 980 പേരാണുള്ളത്. നിപ ബാധിച്ചു ചികില്‍സയിലുള്ള ഒമ്പതു വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
ഇന്ത്യ-കാനഡ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. കനേഡിയന്‍ പൗരന്മാര്‍ക്കു വിസ നല്‍കുന്നത് ഇന്ത്യ നിറുത്തിവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കാനഡയിലേക്കു പോകാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്കും കാനഡയിലുള്ള ഇന്ത്യക്കാര്‍ക്കും ഭീഷണിയായി.
കാനഡ ഭീകരവാദികളെ സംരക്ഷിക്കുകയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കും. ഇതിന് അമേരിക്കയുടെ പിന്തുണയും തേടിയിട്ടുണ്ട്. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാന്‍ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്.
ലോക്‌സഭ പാസാക്കിയ വനിതാ സംവരണ ബില്‍ ഇന്നു രാജ്യസഭയില്‍. രാജ്യസഭയിലും ബില്‍ ഇന്നു പാസാക്കും.
ജി 20 ഉച്ചകോടിക്കു പിറകേ, മുപ്പത് രാജ്യങ്ങളുടെ കരസേന അദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന ഇന്തോ പസഫിക് ആര്‍മി ചീഫ് കോണ്‍ഫറന്‍സിന് ഇന്ത്യ വേദിയാകുന്നു. ഈ മാസം 26 ന് ആരംഭിക്കുന്ന പരിപാടിയില്‍ കാനഡയും പങ്കാളിയാകും. ഇന്‍ഡോ പസഫിക് മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ചയാകുമെന്ന് കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ എം.വി സുരേന്ദ്രകുമാര്‍ പറഞ്ഞു
വനിത സംവരണ ബില്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും അവഗണിക്കുന്നതുകൊണ്ടാണ് എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് അസദുദ്ദീന്‍ ഉവൈസി. 454 പേരുടെ പിന്തുണയോടെയാണ് വനിത സംവരണ ബില്‍ ലോക് സഭയില്‍ പാസായത്. എഐഎംഐഎമ്മിന്റെ രണ്ട് എംപിമാര്‍ മാത്രമാണു ബില്ലിനെ എതിര്‍ത്തത്.
മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ ബാലപീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ ക്‌സെടുത്തത്. കഴിഞ്ഞ മാസമാണ് മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ പ്രദേശത്തെ സ്‌കൂളില്‍ വിവാദ സംഭവം നടന്നത്.
വനിതാ സബ് ഇന്‍സ്പെക്ടറോട് മോശമായി പെരുമാറിയതിന് രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് സംഭാല്‍ ജില്ലയിലെ ചന്ദൗസി മേഖലയിലാണു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ ഇന്‍സ്‌പെക്ടറെ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ കാറില്‍ പിന്തുടര്‍ന്ന് മോശമായി പെരുമാറിയ കോണ്‍സ്റ്റബിള്‍മാരായ പവന്‍ ചൗധരിയും രവീന്ദ്രനുമാണ് അറസ്റ്റിലായത്.
