mid day hd 4

 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കു ചൈനയില്‍ നിന്ന് ക്രെയിനുകളുമായി എത്തുന്ന ഷെന്‍ഹുവാ-15 എന്ന ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കാനുള്ള മൂന്നാമത്തെ ടഗ്ഗും എത്തി. അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍ 37 എന്ന ടഗ്ഗാണ് മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് അടുപ്പിച്ചത്. ചരക്കു കപ്പലുകളെ ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ ഇനി ഒരു ടഗ്ഗുകൂടി വിഴിഞ്ഞത്ത് എത്തിക്കും.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് മേഖലാതല അവലോകനയോഗം. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളുടെ അവലോകന യോഗമാണ് ചെറുവണ്ണൂര്‍ മറീന കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ കണ്ണന്റെ സ്വത്തുവിവരങ്ങളുടെ രേഖകള്‍ കണ്ണന്റെ പ്രതിനിധികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചു. സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു.

കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.ആര്‍ രാജനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. അറസ്റ്റിലായ സിപിഎം നേതാവ് അരവിന്ദാക്ഷന് ഈ ബാങ്കില്‍ രണ്ട് അക്കൗണ്ടുകളുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടു സംബന്ധിച്ച് ആശയക്കുഴപ്പവുമുണ്ട്. ഇതു പരിശോധിക്കാനാണ് ബാങ്ക് സെക്രട്ടറിയെ വിളിപ്പിച്ചിരിക്കുന്നത്.

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കാസര്‍കോട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

പരാതികളില്‍ കേസെടുക്കാന്‍ വൈകുന്നെന്ന് ആരോപിച്ച് പാലരിവട്ടം പൊലീസ് എസ്.എച്ച്.ഒ ജോസഫ് സാജനെ സസ്‌പെന്‍ഡു ചെയ്തു. യൂസ്ഡ് കാര്‍ തട്ടിപ്പു പരാതിയില്‍ കേസ് എടുക്കുന്നതിലെ വീഴ്ച വരുത്തിയെന്ന് ജോസഫ് സാജനെതിരെ പരാതി ഉയര്‍ന്നിരുന്നു.

മേലുദ്യോഗസ്ഥന്‍ മെമ്മോ തന്ന വിവരം പുറത്തു പറഞ്ഞതിന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. പത്തനംതിട്ട ഡിവൈഎസ്പി ആദ്യം കൊടുത്ത മെമ്മോ പ്രചരിപ്പിച്ചതിനാണ് വീണ്ടും മെമ്മോ നല്‍കിയത്. ഗ്രോ വാസുവിന് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് രണ്ടാഴ്ച മുന്‍പ് മെമ്മോ നല്‍കിയത്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഗൂഢാലോചന ഉണ്ടെങ്കില്‍ മൂന്നു മാസത്തിനകം കണ്ടെത്തണമെന്നും കോടതി ഉത്തരവിട്ടു. ബാലഭാസ്‌കറിന്റെ അച്ഛന്റെ ഹര്‍ജിയിലാണ് നടപടി.

യുവജോത്സ്യനെ ഹോട്ടല്‍ മുറിയിലേക്കു വിളിച്ചുവരുത്തി മയക്കിക്കിടത്തി പന്ത്രണ്ടര പവന്‍ സ്വര്‍ണവും പണവും ഫോണും കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയയാണ് എളമക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 26 ന് ഇടപ്പള്ളിയിലെ ലോഡ്ജിലായിരുന്നു കവര്‍ച്ച. ഫേസ്ബുക്ക് വഴിയാണ് അന്‍സി കൊല്ലം സ്വദേശിയായ ജോത്സ്യനെ പരിചയപ്പെട്ട് തട്ടിപ്പിനിരയാക്കിയത്.

ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളില്‍ പണംവച്ചു ചീട്ടുകളിക്കുന്ന 13 പേര്‍ പൊലീസിന്റെ പിടിയില്‍. 1,36,000 രൂപയും പിടിച്ചെടുത്തു. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തുനിന്നാണ് സംഘം പിടിയിലായത്.

മുതലപ്പൊഴിയിലെ അപകടത്തില്‍ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്.

സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 136 ആയി. 40 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 102 പേരെ കാണാതായതെന്നും 26 പേര്‍ക്ക് പരിക്കേറ്റെന്നും സിക്കിം സര്‍ക്കാര്‍ അറിയിച്ചു.

തെലുഗു സൂപ്പര്‍താരവും ജനസേനാ പാര്‍ട്ടി പ്രസിഡന്റുമായ പവന്‍ കല്യാണ്‍ എന്‍ഡിഎ മുന്നണി വിട്ടു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ടിഡിപി – ജനസേനാ സഖ്യം അടുത്ത ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

ന്യൂസ് ക്ലിക്ക് ചൈനീസ് ബന്ധമുള്ള മൂന്നു സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചെന്ന് ഡല്‍ഹി പൊലീസ്. എഫ്.ഐ.ആറിലാണ് ഈ ആരോപണം. രണ്ടു സ്ഥാപനങ്ങള്‍ അമേരിക്കന്‍ വ്യവസായി നിവില്‍ റോയി സിംഘമിന്റെയും മൂന്നാമത്തേത് ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. 2018 മുതല്‍ ഫണ്ട് കൈപ്പറ്റിയെന്നും പറയുന്നു. ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കില്‍ ഓഹരിയുണ്ടെന്നും ഗൗതം നവ് ലാഖ ഉള്‍പ്പെട്ട കേസുകള്‍ക്കായി ഈ പണം ചിലവാക്കിയെന്നും നക്‌സലുകള്‍ക്കു പണം നല്‍കിയെന്നുമാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.

ഡല്‍ഹി മദ്യനയക്കേസിലെ എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ സംശയങ്ങളുന്നയിച്ച് സുപ്രീംകോടതി. പാര്‍ട്ടിക്കു വേണ്ടിയാണ് പണമെങ്കില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

ഡിഎംകെ എംപി എസ്. ജഗത് രക്ഷകന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലും പരിശോധനയുണ്ട്. മുന്‍ കേന്ദ്ര സഹമന്ത്രിയും ആരക്കോണം എം പിയുമാണ് ജഗത് രക്ഷകന്‍.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രതിന്‍ ഘോഷിന്റെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. 12 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ്.

സുപ്രീം കോടതിയില്‍നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുമെന്ന് അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപില്‍ ജനാധിപത്യ സംവിധാനം പൂര്‍ണമായും ഇല്ല. ഒരു വര്‍ഷമായി പഞ്ചായത്ത് സംവിധാനമേ ഇല്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയും ദ്വീപില്‍ ഇല്ല. അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നായയായ കമാന്‍ഡറിനെ വൈറ്റ് ഹൗസില്‍നിന്ന് നീക്കിു. രണ്ട് വയസുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലെ നായ സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം 11 പേരെ കടിച്ചിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *