എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ജനങ്ങള്‍ അംഗീകരിച്ചേ പറ്റൂവെന്നും മന്ത്രി പറഞ്ഞു. റഗുലേറ്ററി കമ്മീഷനാണു നിരക്കു നിശ്ചയിക്കുന്നത്. മന്ത്രി കെ കൃഷ്ണന് കുട്ടി പറഞ്ഞു.
കെടിഡിഎഫ്സിയില്‍ നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ക്കു ഗ്യാരണ്ടി നല്‍കാത്ത സര്‍ക്കാര്‍ കേരളാ ബാങ്കില്‍നിന്നുള്ള വായ്പയ്ക്കു ഗ്യാരണ്ടി പുതുക്കി. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ പുതിയ സിഎംഡിയായി നിയമിച്ചതിനു പിറകേയാണ് ഉത്തരവിറങ്ങിയത്. പാലക്കാട്, എറണാകുളം ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നായി കെടിഡിഎഫ്സി 2018 ല്‍ വായ്പയെടുത്ത 350 കോടി രൂപയ്ക്കാണു ഗ്യാരണ്ടി പുതുക്കി നല്‍കിയത്.
കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്ട്ടിന്െ വിദേശ ബന്ധങ്ങള്‍ പൊലീസ് അന്വേഷിക്കുന്നു. 15 വര്‍ഷം ദുബായില്‍ ജോലി ചെയ്ത മാര്‍ട്ടിന്റെ അവിടത്തെ ഇടപാടുകള്‍, ബന്ധങ്ങള്‍, മറ്റേതെങ്കിലും രാജ്യങ്ങളില്‍ പോയിട്ടുണ്ടോ, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പ്രതിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.
മാസപ്പടി അടക്കമുള്ള അഴിമതി മറച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ദുരുപയോഗിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ജിഎസ്ടി വകുപ്പ് അടക്കമുള്ളവയെ ഉപയോഗിച്ച് ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിവരങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്നില്ല. അദ്ദേഹം പറഞ്ഞു.
സിപിഎം 11 നു കോഴിക്കോട്ടു നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നാളെ തീരുമാനമെടുക്കും. ഏക സിവില്‍ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്നമാണ് പലസ്തീന് വിഷയമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ പലസ്തീന് റാലിയില്‍ പങ്കെടുക്കരുതെന്നു കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കുള്ളവര്‍ ലീഗ് നേതാക്കളെ വിളിച്ച് ആവശ്യപ്പെട്ടു.
ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം തെറ്റെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. സിപിഎം ക്ഷണിച്ചാല്‍ പലസ്തീന് ഐക്യദാര്‍ഡ്യ റാലിയില്‍ പങ്കെടുക്കുമെന്ന തന്റെ പ്രസ്താവന വിവാദമാക്കേണ്ട തില്ല. വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞതെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നിലമ്പൂര്‍ പൊലീസെടുത്ത കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നല്കിയ പരാമര്‍ശം കേസിന്റെ വിചാരണയെ ബാധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മന്റിന്റെ കുറ്റപത്രത്തില്‍ പ്രതികളായ സി കെ ചന്ദ്രനെയും അരവിന്ദാക്ഷനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോയെന്നു സിപിഎമ്മിനോട് അനില്‍ അക്കര. ഇഡി മര്‍ദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതു കള്ളപ്പരാതിയെന്നു ബോധ്യമായതുകൊണ്ടാണോയെന്നും അനില്‍ അക്കര ചോദിച്ചു.
മലപ്പുറം മാറഞ്ചേരിയില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. മുഹമ്മദ് ആദില്‍ (15), മുഹമ്മദ് നസല്‍ (15), ജഗനാഥന് (15) എന്നിവരെയാണ് കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു.
വാഹന പരിശോധനയുടെ പേരില്‍ പാലാ പോലീസ് സ്റ്റേഷനില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ചു നട്ടെല്ലു തകര്‍ത്തെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസണ്‍ എന്നിവര്‍ക്കെതിരെയാണ് പാലാ പൊലീസ് കേസെടുത്തത്. പെരുമ്പാവൂര്‍ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയിലാണ് കേസ്.
പട്ടാമ്പി കരിമ്പനക്കടവില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട അന്‍സാര്‍ നല്കിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കൊടലൂര്‍ സ്വദേശി മുസ്തഫയെ തൃത്താല പോലീസ് വടക്കാഞ്ചേരിയില്‍നിന്ന് പിടികൂടിയത്.
കഞ്ചിക്കോട് കാര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ സ്വദേശി വൈശാഖ് എന്ന കുട്ടാരു മായാവിയെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ ഇതുവരെ ഈ കേസില്‍ 13 പ്രതികള്‍ പിടിയിലായി.
ഇടുക്കി ഏലപ്പാറയില്‍ മതിയായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ചികിത്സാലയം ആരോഗ്യ വകുപ്പ് അടപ്പിച്ചു. ഡോക്ടര്‍ ചമഞ്ഞു ക്ലിനിക് നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി പ്രൊവേശ് ബുയ്യയയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാന പൊലീസില്‍ അഞ്ചു വര്‍ഷത്തിനിടെ 69 പേര് ആത്മഹത്യ ചെയ്തെന്ന് കേരള പൊലീസിന്റെതന്നെ റിപ്പോര്‍ട്ട്. ജോലി സമ്മര്‍ദ്ദവും കുടുംബ പ്രശ്നങ്ങളും ആത്മഹത്യക്കു കാരണമാകുന്നുണ്ടെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേരളീയം പരിപാടികള്‍ കാണാനെത്തുന്നവര്‍ക്കു സുരക്ഷയൊരുക്കാന്‍ തിരുവനന്തപുരത്തു പോലീസിന്റെ വന്‍ സന്നാഹം. 1,300 പൊലീസ് ഉദ്യോഗസ്ഥരെയും 300 എന്‍.സി.സി വോളണ്ടിയര്‍മാരെയും വിന്യസിപ്പിച്ചുള്ള സുരക്ഷാപദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. നാല് എസ്.പിമാരുടെ മേല്‍നോട്ടത്തിലാണു സുരക്ഷാ ക്രമീകരണം. 11 എ.സി.പി, 25 ഇന്‍സ്പെക്ടര്‍, 135 എസ്.ഐ, 905 സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, 242 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 300 എന്‍.സി.സി വോളന്റീയര്‍മാര്‍ എന്നിവരടങ്ങുന്നതാണു സുരക്ഷാ സംഘം.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും ഛത്തീസ് ഗഡിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. ജല്‍ജീവന്‍ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വാതുവയ്പ് കുംഭകോണ കേസിലാണ് റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് രണ്ടിടത്തും റെയ്ഡ് നടക്കുന്നത്.
തമിഴ്നാട്ടില്‍ ഡിഎംകെ മരാമത്തു വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വാസ്തനുമായ ഇ. വി. വേലുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് – മെഡിക്കല്‍ കോളേജുകളിലും പരിശോധന ഉണ്ട്. സിആര്‍പിഎഫ് സംഘത്തിന്റെ സുരക്ഷയോടെയാണു പരിശോധന.
നടിയും മോഡലുമായ ഉര്‍ഫി ജാവേദ് അറസ്റ്റിലായെന്നു വീഡിയോ പ്രചാരണം. പപ്പരാസിയായ വൈറല്‍ ബയാനിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. രാവിലെ ഒരു കോഫി ഷോപ്പില്‍ എത്തിയ ഉര്‍ഫിയെ ഒരു സംഘം പൊലീസ് വിളിച്ച് പുറത്തുവരുത്തി കസ്റ്റഡിയില്‍ എടുക്കുന്നതാണ് വീഡിയോയിലുള്ളത്.
ഗാസ നഗരം വളഞ്ഞെന്ന് ഇസ്രയേല്‍ സൈന്യം. ഹമാസ് കേന്ദ്രങ്ങളും താവളങ്ങളും തകര്‍ത്തെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 ആയി. മിക്ക സ്കൂള്‍ കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. ലബനോന്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കി.
നൈജീരിയയിലെ യോബില്‍ തീവ്രവാദി സംഘമായ ബോക്കോ ഹറാം 37 പേരെ കൂട്ടക്കൊലചെയ്തു. പണപ്പിരിവ് നല്‍കാത്തതിന് ബോക്കോ ഹറാം കൊലപ്പെടുത്തിയ 17 പേരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരെ ബോംബാക്രമണത്തിലൂടെയാണ് കൂട്ടക്കൊല ചെയ്തത്.