ബ്രഹ്‌മപുരം തീപിടുത്തത്തിനു കൊച്ചി കോര്‍പറേഷന്‍ നൂറു കോടി രൂപ പിഴ അടയ്ക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവ്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്കും ഈ തുക ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്നു ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലപ്രദമായ മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വര്‍ണത്തിനു റിക്കാര്‍ഡ് വിലവര്‍ധന. ഇന്ന് ഒറ്റയടിക്ക് 1,200 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്റെ വില 44,240 രൂപയായി. ഗ്രാമിന് 150 രൂപ വര്‍ധിച്ച് 5,530 രൂപ.
നിയമസഭാ സംഘര്‍ഷത്തില്‍ നുണപ്രചാരണം നടത്തിയതിനു സിപിഎമ്മിന്റെ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കെ കെ രമ എംഎല്‍എ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. കൈ പൊട്ടിയില്ലെന്നു വ്യാജ പ്രചാരണം നടത്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് പരാതി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര ഇന്നു തിരുവനന്തപുരത്തു സമാപിക്കും. വൈകുന്നേരം അഞ്ചിനു പുത്തരിക്കണ്ടം മൈതാനിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കും. ഇന്ന് ഉച്ചമുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം.
കൊച്ചി കോര്‍പ്പറേഷന് ഹരിത ട്രിബ്യൂണല്‍ ചുമത്തിയ 100 കോടി പിഴ ശിക്ഷയില്‍ ഇളവുതേടി നിയനടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. 100 കോടി രൂപ പിഴ അടയ്ക്കാനുള്ള ശേഷിയില്ല. മേയര്‍ പറഞ്ഞു.
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായുളള ഉദ്യോഗസ്ഥ സമ്മേളനം കോട്ടയം കുമരകത്ത് അടുത്ത മാസം ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. കുമരകം കവണാറ്റിന്‍കരയില്‍ പക്ഷിസങ്കേതത്തോട് ചേര്‍ന്ന കെടിഡിസിയുടെ വാട്ടര്‍സ്‌കേപ്പ് റിസോട്ടിലാണ് സമ്മേളന വേദി. മുളയും കയറും അടക്കം പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് പതിനായിരം ചതുരശ്ര അടി വിസതീര്‍ണമുള്ള വേദിയുടെ നിര്‍മാണം.
തിരുവനന്തപുരം ലോ കോളേജിലെ എസ്എഫ്‌ഐ സമര രീതിയോടു യോജിപ്പില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനാധിപത്യപരമായി സമരം ചെയ്യണം. വിശദാംശങ്ങള്‍ അന്വേഷിച്ചശേഷം കൂടുതല്‍ പ്രതികരിക്കാനാവൂവെന്നും ഗോവിന്ദന്‍.
മുസ്ലീം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. അച്ചടക്ക സമിതി ശുപാര്‍ശ പ്രകാരമാണ് ഹംസയെ പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. നേരത്തെ പ്രവര്‍ത്തകസമിതിയില്‍ പികെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിനു ഹംസയെ പദവിയില്‍നിന്നു നീക്കിയിരുന്നു.
സമവായത്തിനു വഴങ്ങാത്ത പ്രതിപക്ഷ നേതാവിനു ഹുങ്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷം സ്പീക്കര്‍ക്കുമേല്‍ കുതിര കയറുകയാണ്. നിയമസഭയിലെ ബഹളത്തില്‍ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണെന്നും റിയാസ് പറഞ്ഞു.
വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ പങ്കെടുക്കണമെന്ന് സാംസ്‌കാരിക മന്ത്രി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിരുന്നെന്ന് മന്ത്രി വിഎന്‍ വാസവന്‍. ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുക്കാന്‍ എന്‍എസ്എസിന് സ്വാതന്ത്ര്യമുണ്ടെന്നും വാസവന്‍.
കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണം തുടരാന്‍ വിജിലന്‍സ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കും. വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു.
രാജധാനി എക്‌സ്പ്രസില്‍ മദ്യം നല്‍കി തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിനു പത്തനംതിട്ട സ്വദേശിയായ സൈനികന്‍ അറസ്റ്റില്‍. മണിപ്പാല്‍ സര്‍വകാലാശ്രയിലെ മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതീഷ് കുമാറിനെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് അടച്ചുപൂട്ടാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ജീവനക്കാര്‍. പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയശേഷം സ്ഥാപനം പൂട്ടുന്നത് വിശ്വാസ വഞ്ചനയാണെന്നും ജീവനക്കാര്‍ ആരോപിച്ചു. അഞ്ചു മാസമായി ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.
ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരന്‍. കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും പങ്കെടുത്തു.
അങ്കമാലിക്കു സമീപം കോതകുളങ്ങരയില്‍ നിയന്ത്രണംവിട്ട ട്രെയിലര്‍ ലോറി മീഡിയനില്‍ ഇടിച്ചു മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. എറണാകുളം ഭാഗത്തേക്കുള്ള ലൈനില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
തിരുവനന്തപുരം കാരേറ്റിനു സമീപം പേടികുളത്ത് ഗൃഹനാഥന്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. റിട്ടയഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജേന്ദ്രനാണ് ഭാര്യ ശശികല കൊലപ്പെടുത്തതിയ ശേഷം ജീവനൊടുക്കിയത്.
കോഴിക്കോട് പന്തീരാങ്കാവില്‍ അറപ്പുഴ പാലത്തില്‍ കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പെരുമുഖം സ്വദേശി ധനീഷാണ് (58) മരിച്ചത്.
പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജു (22) ആണ് മരിച്ചത്.
രാജസ്ഥാനില്‍ പുതിയ 19 ജില്ലകള്‍. നിയമസഭയില്‍ ധനവിനിയോഗ ബില്ലുകളുടെ ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപനം നടത്തിയത്. 15 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത്. നേരത്തെ 33 ജില്ലകളായിരുന്നു. ഇനി 52 ജില്ലകളാകും.
മഹാരാഷ്ട്രയില്‍ സിപിഎമ്മിന്റെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന ലോങ്ങ് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവച്ചു. മാര്‍ച്ചില്‍ പങ്കെടുത്ത കര്‍ഷകന്‍ പുന്തലിക് ജാദവ് എന്ന മരിച്ചു. താനേ ജില്ലയിലെ ഷഹാപൂര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് ലോംഗ് മാര്‍ച്ച് താനെയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സമാജ് വാദി പര്‍ട്ടി നേതാവ് അഖിലേഷ് യാദവും കൊല്‍ക്കത്തയില്‍ ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യമാകാനാണു ധാരണ. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെയും കൂടെ നിര്‍ത്താനും പരിപാടിയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജൂണ്‍ മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അത്താഴ വിരുന്നൊരുക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ വക്താവ് പ്രതികരിച്ചില്ല. സെപ്റ്റംബറില്‍ ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നതിനു മുമ്പായി അത്താഴത്തോടെയുള്ള കൂടിക്കാഴ്ച നടക്കുമെന്നു വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങളാണു സൂചന നല്‍കിയത്.
ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയത ബംഗളൂര- മൈസൂരു എക്‌സ്പ്രസ് വേയില്‍ പ്രളയം. മഴ പെയ്തതോടെ വെള്ളം ഒഴിഞ്ഞുപോകാതെ മുങ്ങുകയായിരുന്നു. വെള്ളക്കെട്ടുമൂലം വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
മദ്യക്കുപ്പിയില്‍ പശുസെസ്. ഹിമാചല്‍ പ്രദേശില്‍ ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കില്‍ പശു സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്.
ജി 20 ഉച്ചകോടിക്കായി റോഡരികില്‍ പൂച്ചട്ടികള്‍ ബിഎംഡബ്ലു ആഡംബര കാറിലെത്തി മോഷ്ടിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഛത്രപതി സ്‌ക്വയര്‍ മുതല്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികളാണ് യുവാക്കള്‍ മോഷ്ടിച്ചത്.
യുദ്ധ കുറ്റത്തിനു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുദ്ധകുറ്റത്തിനൊപ്പം യുക്രൈനില്‍നിന്ന് അനധികൃതമായി കുട്ടികളെ കടത്തിയതാണ് പുടിനെതിരെ ചുമത്തിയ പ്രധാന കുറ്റം.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം. പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.