ബ്രഹ്‌മപുരം പ്രശ്‌നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരെ പൊലീസ് മര്‍ദിച്ചതിനെതിരേ നിയമസഭയില്‍ പ്രതിഷേധം. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്ത്രപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. നിയമസഭയില്‍ പ്രതിപക്ഷം ബഹളംവച്ചു. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നുമാണു സ്പീക്കര്‍ നിലപാടെടുത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെപോലും പൊലീസ് മര്‍ദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ഡയസില്‍ പ്ലക്കാര്‍ഡുകളും ബാനറും സ്ഥാപിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു. ‘ജനം ഇതെല്ലാം കാണുന്നുണ്ട്, ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കു’മെന്ന സ്പീക്കര്‍ ഷംസീറിന്റെ ഭീഷണി വിവാദമായി.

മൂവായിരം പേരുടെ മരണത്തിനിടയാക്കിയ 1984 ലെ ഭോപ്പാല്‍ വാതിക ദുരന്തത്തിനു യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് കൂടുതല്‍ നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. 1989 ല്‍ 715 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി വിധിച്ചിരുന്നു. 7,844 കോടി രൂപ അധിക നഷ്ടപരിഹാരം വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 20 വര്‍ഷത്തിനുശേഷം 2010 ലാണ് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. അധിക നഷ്ടപരിഹാരം സര്‍ക്കാര്‍തന്നെ നല്‍കണമെന്നു കോടതി ഉത്തരവിട്ടു.

പട്ടയഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ് പിന്‍വലിച്ചത്. നിലവിലെ ചട്ടത്തില്‍ ഭേദഗതി വരുത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ലെന്ന് സുപ്രീം കോടതി. നിലവില്‍ കാര്‍ഷിക ഗാര്‍ഹിക ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാവൂവെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഹര്‍ജി പിന്‍വലിച്ചത്.

കോഴിക്കോട് ഐഐഎം നടത്തുന്ന ഹ്രസ്വകാല കോഴ്‌സിന് അഫ്ഗാനിസ്ഥാനിലെ താലിബാനികള്‍ ചേര്‍ന്നു. ഇന്ത്യന്‍ ചിന്തകളില്‍ അവഗാഹം തേടുന്നതിനു നാലു ദിവസത്തെ ഹ്രസ്വകാല കോഴ്‌സിനാണ് താലിബാനികള്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കുന്നത്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ചാണ് താലിബാനികള്‍ കോഴ്‌സില്‍ ചേര്‍ന്നത്.
ഓണ്‍ലൈന്‍ കോഴ്സ് ഇന്ന് ആരംഭിച്ചു. മറ്റു പല രാജ്യങ്ങളിലുള്ളവരും കോഴ്‌സിനുണ്ട്.

ബ്രഹ്‌മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണമെന്നും ഹൈബി ഈഡന്‍ എംപി നോട്ടീസില്‍ ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കണ്ണൂര്‍ സ്വദേശി വിജേഷ് പിള്ളയ്‌ക്കെതിരെ കര്‍ണാടക പൊലീസിന്റെ എഫ്‌ഐആര്‍. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയുമായി കണ്ടുമുട്ടിയ ഹോട്ടലില്‍ സ്വപ്‌നയെ എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആറിലെ ആരോപണം.

സോണ്‍ടാ ഇന്‍ഫ്രാടെക്കിനു കരാര്‍ തുടരാന്‍ കണ്ണൂര്‍ കോര്‍പ്പറേഷനോടു സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോര്‍പ്പറേഷന് അയച്ച കത്താണു പുറത്തായത്. കമ്പനിയെ കരാറില്‍ നിന്നും ഒഴിവാക്കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അച്ചടക്ക നടപടികള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അനുനയിപ്പിക്കാന്‍ എഐസിസി. കെ സുധാകരനെയും എംപിമാരെയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ചര്‍ച്ചക്കു വിളിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണ് നടപടി. പരസ്യവിമര്‍ശനം നടത്തിയതിന് എം.കെ. രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നല്‍കിയതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന സ്വീകരണത്തിന് പ്രവര്‍ത്തകരെ എത്തിക്കാന്‍ ഉപയോഗിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ബസിന് മൂവായിരം രൂപ പിഴയും അധികനികുതിയായി 11,700 രൂപയുമാണ് ഈടാക്കിയത്.

കേരള കലാമണ്ഡലത്തില്‍ അധ്യാപകര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്കു രണ്ടു മാസമായി ശമ്പളമില്ല. ഗ്രാന്‍ഡ് കിട്ടാത്തതാണ് കാരണം. പ്രതിവര്‍ഷം പതിമൂന്നര കോടി രൂപയോളമാണു കലാമണ്ഡലത്തിന്റെ ദൈനംദിന കാര്യങ്ങള്‍ക്കു വേണ്ട തുക. പക്ഷേ, ഗ്രാന്‍ഡായി കിട്ടുന്നത് ഏഴര കോടി രൂപ മാത്രമാണ്. കലാണ്ഡലത്തില്‍ 132 സ്ഥിരം ജീവനക്കാരടക്കം ഇരുന്നൂറിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്.

കേടുവന്ന അരി മാറ്റിയതിനാണു താലൂക്ക് സപ്‌ളൈസ് ഓഫീസര്‍ തന്റെ റേഷന്‍ കട അടച്ചുപൂട്ടിച്ചതെന്ന് കൊല്ലം കുന്നത്തൂരിലെ റേഷന്‍കട ഉടമയും സിപിഐ സംഘടന നേതാവുമായ പ്രിയന്‍കുമാര്‍. റേഷന്‍കടയില്‍ 21 കിന്റല്‍ അരിയുടെ ക്രമക്കേടാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന് സ്വര്‍ണം കണ്ടെത്തി. ദുബായില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍നിന്നാണ് 2.70 കിലോ സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. വിമാന കമ്പനി ജീവനക്കാര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം.

വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വാഹനങ്ങള്‍ കത്തിച്ചെന്ന് ആരോപിച്ച് കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (49) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട് മാവുങ്കാല്‍ രാംനഗര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു.

കോഴിക്കോട് മാവൂര്‍ കല്‍പ്പള്ളിയില്‍ സ്‌കൂട്ടറില്‍ ഇടിച്ച് ബസ് മറിഞ്ഞു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ സ്വദേശി അര്‍ജ്ജുന്‍ സുധീര്‍ മരിച്ചു. രാവിലെ പത്തരയോടെയായിരുന്നു അപകടം. അര്‍ജ്ജുന്‍ സുധീര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. ബസ് യാത്രക്കാരായ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ ടോള്‍ പിരിവു തുടങ്ങി. ഒന്നാം ഘട്ടമായ ബെംഗളൂരു-നിദാഘട്ട പ്രദേശത്ത് കാറിന് ഒറ്റ ട്രിപ്പിന് 135 രൂപ യാണു ടോള്‍. അന്നു തന്നെ മടങ്ങുകയാണെങ്കില്‍ 205 രൂപ. നിദഘട്ട മുതല്‍ മൈസൂരു വരെയുള്ള രണ്ടാമത്തെ ടോള്‍ പണി പൂര്‍ത്തിയാകുമ്പോള്‍ വേറെ ചുമത്തും. ടോള്‍ പിരിവിനെതിരേ പ്രതിഷേധ സമരങ്ങളും ആരംഭിച്ചു. സ്ഥലം ഏറ്റെടുത്തതിന്റെ പണം നല്‍കാതേയും സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാക്കാതേയും റോഡ് ഉദ്ഘാടനം ചെയ്തതില്‍ നാട്ടുകാരുടെ പ്രതിഷേധ സമരം തുടരുകയാണ്.

ഡ്രമ്മിനുള്ളില്‍ യുവതിയുടെ മൃതദേഹം. ബംഗളൂരുവിലെ വിശ്വേശ്വരയ്യ റെയില്‍വേസ്റ്റേഷനിലെ പ്രധാന കവാടത്തോടനുബന്ധിച്ചാണ് ഡ്രം കണ്ടെത്തിയത്. മൂന്നു പേര്‍ ചേര്‍ന്ന് മൃതദേഹം സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. നാലു മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ കൊലപാതകമാണിത്. കൊല്ലപ്പെട്ട യുവതികളെല്ലാം 32 നും 35 നുമിടയില്‍ പ്രായമുള്ളവരാണ്.

ഓസ്‌കര്‍ നേടിയ ആര്‍ആര്‍ആര്‍ സിനിമയും ഗാനവും ഒരുക്കിയത് മോദിയാണെന്ന് അവകാശപ്പെടരുതെന്ന പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യന്‍ സിനിമ ലോകത്തിനു നിറുകയില്‍ എത്തിയത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദല്ല, രാമജന്മഭൂമിയാണു നമുക്കുവേണ്ടതെന്ന വിദ്വേഷം പ്രസംഗവുമായി ആസാം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശര്‍മ്മ. രാഹുലിന്റെ ലണ്ടനിലെ പ്രസംഗം ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തി. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കനകഗിരിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഹിമന്ദ ശര്‍മ.

ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച സുഹൃത്തിന്റെ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച മൂന്നു യുവാക്കള്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ വിവേക് വിഹാര്‍ പ്രദേശത്താണ് സംഭവം. നാലുപേരും സഞ്ചരിച്ച ഓട്ടോ മറിഞ്ഞതിനിടെയാണ് ഒരാള്‍ മരിച്ചത്. അശുപത്രിയില്‍ എത്തിക്കാതെ അടിപ്പാതയില്‍ ഉപേക്ഷിച്ച് കൂട്ടുകാര്‍ മുങ്ങുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.

ട്രെയിനിലെ ബര്‍ത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് മദ്യലഹരിയിലായിരുന്ന ടിടി മൂത്രമൊഴിച്ചെന്നു പരാതി. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന അകാല്‍ താഖ്ത് എക്‌സ്പ്രസിലെ ടിടി മുന്ന കുമാറിനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി.

ഇന്ത്യ ചൈന ബന്ധം സങ്കീര്‍ണമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2020 മുതലുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകള്‍ അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കി. സ്ഥിതി ശാന്തമാക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 350 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌റി കെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ ഇന്ന് അറസ്റ്റിലായേക്കും. ഇസ്ലാമാബാദ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളില്‍ പൊലീസ് ഇമ്രാനെ അറസ്റ്റു ചെയ്യും. പ്രസംഗത്തിനിടെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇമ്രാനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് ആണ് പുറപ്പെടുവിച്ചത്. അറസ്റ്റു ചെയ്യാന്‍ പോലീസ് എത്തിയ രണ്ടു തവണയും പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തി ഇമ്രാന്‍ പ്രതിരോധിച്ചിരുന്നു.

യുക്രൈനെതിരേ അണ്വായുധം പ്രയോഗിക്കുമെന്നുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, യാഥാര്‍ത്ഥ്യമാണെന്ന് റഷ്യയിലെ പ്രതിപക്ഷ നേതാവ് ഗ്രിഗറി യവിലന്‍സ്‌കി. പ്രസിഡന്റ് പുടിനെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന നേതാവാണ് ഗ്രിഗറി.

ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കാതെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറങ്ങിപ്പോയി. സിലിക്കന്‍വാലി ബാങ്കിന്റെ തകര്‍ച്ചയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ബൈഡന്‍ ഇറങ്ങിപ്പോയത്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *