mid day hd 26

 

വര്‍ക്കലയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിവാഹ ദിവസം പുലര്‍ച്ചെ വധുവിന്റെ അച്ഛനെ അയല്‍വാസികള്‍ വെട്ടിക്കൊന്നു. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കേ, ഇന്നലെ അര്‍ധരാത്രിയോടെ വീട്ടിളെ ആഘേഷ പരിപാടികള്‍ അവസാനിച്ച് എല്ലാവരും പിരിഞ്ഞതിനു പിറകേയാണ് ആക്രമണമുണ്ടായത്. വധു ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച മറ്റു സ്ത്രീകളെയും ആക്രമിച്ചു. തടയുന്നതിനിടെയാണ് രാജുവിന് അടിയേറ്റത്. ഗള്‍ഫില്‍നിന്നു മടങ്ങിവന്നശേഷം നാട്ടില്‍ ഓട്ടോ ഓടിക്കുകയായിരുന്നു രാജു. അയല്‍വാസികളായ ജിഷ്ണു, ജിജിന്‍, ശ്യം, മനു എന്നീ നാലു പേരെയാണ് കസ്റ്റഡിയിലെടുത്തു.

ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി. നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസര്‍വകലാശാലകള്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധിയാണ്. റേഷന്‍ കടകള്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഇന്ന് തുറന്നിട്ടുണ്ട്. നാളെ അവധിയാണ്. മാവേലി സ്റ്റോറുകള്‍ക്ക് ഇന്നും നാളെയും അവധി.

കൈതോലപ്പായയില്‍ രണ്ടേകാല്‍ കോടി രൂപ കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെ ആധാരമാക്കി കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ എംപി നല്‍കിയ പരാതി എഡിജിപി അന്വേഷിക്കും. ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി. ശക്തിധരനാണ് ആരോപണം ഉന്നയിച്ചത്.

ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തുന്നതിനു പകരം കേസ് തേച്ചുമാച്ചു കളയാന്‍ എഡിജിപിയെ ഏല്‍പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രതിയായതിനാലാണ് കേസ് ഒതുക്കുന്നത്. കെ സുധാകരനെതിരെ 15 വര്‍ഷം മുമ്പുള്ള ആരോപണത്തില്‍ കേസെടുത്തെങ്കില്‍ ഈ ആരോപണത്തിലും കേസെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചത് എസ്എഫ്‌ഐയിലെ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാനാണെന്ന് മൊഴി. അബിന്‍ ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയിലാണ്. കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടര്‍ന്നാണ്കൊച്ചി ശാഖയിലെത്തിയത്. ഓറിയോണിനെതിരെ കൊച്ചിയില്‍ 14 കേസുകളുണ്ട്. വിസ തട്ടിപ്പില്‍ അറസ്റ്റിലായതോടെ ഉടമ സജു ശശിധരന്‍ സ്ഥാപനം 2022 ല്‍ പൂട്ടിപ്പോയിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കു പ്രിയ വര്‍ഗീസിനെ നിയമിക്കാമെന്ന് സ്റ്റാന്‍ഡിംഗ് കൗണ്‍സലിന്റെ നിയമോപദേശം. ഹൈക്കോടതി ഉത്തരവോടെ ഗവര്‍ണറുടെ സ്റ്റേയ്ക്ക് ഇനി നിലനില്‍പ്പില്ലെന്നാണു നിയമോപദേശം.

കാട്ടാക്കടയില്‍ പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചു വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. പൊലീസുകാരാനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുണ്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ വിനീത് സസ്‌പെന്‍ഷനിലായിരുന്നു. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച മറ്റൊരു പൊലീസുകാരന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂരില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ശക്തമായ മഴയും കടല്‍ ക്ഷോഭവും കണക്കിലെടുത്താണ് നടപടി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മടം എന്നീ ബീച്ചുകളിലേക്കാണ് പ്രവേശനം നിരോധിച്ചത്.

ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ പിടിയില്‍. വെള്ളത്തൂവല്‍, മുതിരപ്പുഴ സ്വദേശികളാണ് പിടിയിലായത്. കുഞ്ചിത്തണ്ണി സ്വദേശി പൂതക്കുഴി ജെഫിന്‍ സോബിയുടെ മൂന്നു ലക്ഷം രൂപ വിലവരുന്ന ബൈക്കു മോഷ്ടിച്ച് ഇവര്‍ രൂപമാറ്റം വരുത്തിയിരുന്നു.

ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് പിടിയില്‍. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരത് (35)നെയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വെച്ച് വനംവകുപ്പ് പിടികൂടിയത്.

തൃശൂര്‍ കോടശേരി പഞ്ചായത്തിലെ ചട്ടിക്കുളത്തെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്‌കരിച്ചു. ബാലന്‍പീടികയ്ക്കു സമീപമുള്ള പന്നിഫാമിലെ പന്നികളെയാണ് കൊന്നു സംസ്‌കരിച്ചത്. 370 പന്നികളാണുണ്ടായിരുന്നു.

ആലുവ കുന്നത്തേരിയിലെ വീട്ടില്‍നിന്ന് 192 അനധികൃത പാചക വാതക സിലിണ്ടറുകള്‍ പിടികൂടി. വീട്ടുടമ ചൂര്‍ണ്ണിക്കര കുന്നത്തേരി വെള്ളാഞ്ഞി വീട്ടില്‍ ഷമീര്‍ (44) ഇയാളുടെ സഹായി ബീഹാര്‍ മിസാപ്പൂര്‍ സ്വദേശി രാമാനന്ദ് (48) എന്നിവരെ ആലുവ പൊലീസ് അറസ്റ്റു ചെയ്തു.

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ച വയോധിക ട്രാക്കില്‍ വീണു മരിച്ചു. പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരി (65) ആണു മരിച്ചത്.

നിലമ്പൂരില്‍ 11 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ. മമ്പാട് പുള്ളിപ്പാടം കാരച്ചാല്‍ സ്വദേശി കാട്ടിപൊയില്‍ കെ സുധീഷ് മോന്‍ (31) നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

ബിജെപിയുടെ വിമര്‍ശനങ്ങള്‍ കൂസാതെ നാളെ മണിപ്പൂരിലേക്കു പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിമര്‍ശിക്കുന്നവര്‍ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എഐസിസി.

ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വിശദമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ദേശീയതലത്തിലുള്ള പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഏകസിവില്‍ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. നിയമ കമ്മീഷനു മുന്നില്‍ ശക്തമായ എതിര്‍പ്പ് അറിയിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. കുടക്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിലായിരുന്നു റെയ്ഡ്. കുടക് സ്വദേശികള്‍ ആയ അബ്ദുള്‍ നാസിര്‍, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരുടെയും, ദക്ഷിണ കന്നഡ സ്വദേശി നൗഷാദിന്റെയും വീടുകളില്‍നിന്നു ഏതാനും ഇലക്ട്രോണിക് തെളിവുകള്‍ കണ്ടെടുത്തു. കൊലപാതകികളെ ഒളിപ്പിച്ചെന്ന് സംശയിക്കുന്ന ഇവര്‍ മൂന്നു പേരും ഒളിവിലാണ്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *