രാജ്യത്തു ഭിന്നത സൃഷ്ടിക്കാനാണ് ഏകീകൃത സവില്‍ കോഡുമായി ബിജെപി രംഗത്തുവരുന്നതെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തി നിയമങ്ങളില്‍ പരിഷ്‌കരണം വേണം. പക്ഷേ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചാകണം പരിഷ്‌കരണം. ഏകീകൃത സവില്‍ കോഡിനെ പരസ്യമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടു സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണു യെച്ചൂരി.
മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരനാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും എച്ച്ആര്‍ഡിഎസിന്റെ കത്ത്. എസ്എന്‍സി ലാവ്ലിന്‍ കേസ് ഇനിയും നീട്ടിവെക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി മുസ്ലീം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ഹിന്ദുക്കള്‍ക്കു ജീവിക്കാന്‍ പറ്റാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.
സില്‍വര്‍ ലൈനു ബദലായി മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയില്‍ സി.പി.എം നിലപാട് വ്യകതമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നാണ് ശ്രീധരന്റെ നിലപാട്. കെ റെയിലിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ദീര്‍ഘകാല അവധിയെടുക്കുന്നു. ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയാണു അവധിയെടുക്കുന്നത്. അതിനു മുമ്പേ, ഇന്നു വൈകുന്നേരം ആറു മണിയോടെ കെ എസ് ആര്‍ ടി സി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും വരവു ചെലവുകളെക്കുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തും.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ശമ്പളം നല്‍കിയത്. 30 കോടി സര്‍ക്കാര്‍ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്. രണ്ടാം ഗഡു നല്‍കേണ്ട തീയതി ഇന്നാണെങ്കിലും ഇനിയും വൈകും.
കെഎസ്ഇബി മരങ്ങാട്ടുപിള്ളി സെക്ഷനിലെ വര്‍ക്കര്‍ ബിജുമോന്‍ ഉറക്കഗുളിക കഴിച്ചതിന് പാലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബുജാനെ സസ്‌പെന്‍ഡ് ചെയ്തു. ഉറക്ക ഗുളിക കഴിക്കാന്‍ കാരണം ബാബുജാനാണെന്നാണ് ആരോപിച്ചിരുന്നത്. ബാബുജാനെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു ദിവസമായി വിവിധ തൊഴിലാളി സംഘടനകള്‍ സമരത്തിലായിരുന്നു.
തൃശൂര്‍ വാഴക്കോട്ട് കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലില്‍ മോഹന്റേതാണ് മൊഴി. രണ്ടു പേരുടെ വിവരങ്ങളും അഖില്‍ വെളിപ്പെടുത്തി. പ്രതികള്‍ക്കായി വനംവകുപ്പ് തെരച്ചില്‍ തുടരുകയാണ്.
പാലക്കാട് ധോണി മേഖലയില്‍നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി സെവന്‍ കാട്ടാനയുടെ വലതുകണ്ണിന് കാഴ്ച ശേഷിയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. പിടികൂടുമ്പോള്‍ തന്നെ ആനയ്ക്ക് വലതു കണ്ണിന് കാഴ്ചശക്തി ഇല്ല. പെല്ലറ്റ് തറച്ചതിനാലോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
വ്യാജ സ്വര്‍ണ നാണയങ്ങള്‍ നല്‍കി കബളിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശികളായ ആറു പേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂര്‍ സ്വദേശി കുമാര്‍ മഞ്ജുനാഥ് (47), മാതാപുരം വീരേഷു (40), ചന്ദ്രപ്പ (45), ഷിമോഗയിലെ മോഹന്‍ (35), നടരാജ് (27), തിമ്മേഷ് (34) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നതിനിടെ ബിയര്‍ കുപ്പി പൊട്ടിച്ചു കഴുത്തില്‍വച്ചു ഭീഷണിപ്പെടുത്തി പതിനാറുകാരി കാമുകിയുമായി രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയും പെണ്‍കുട്ടിയും പിടിയിലായി. ആമ്പല്ലൂരില്‍ ഹോംഗാര്‍ഡാണു ഇവരെ തിരിച്ചറിഞ്ഞ് പോലീസില്‍ വിവരം അറിയിച്ചു പിടികൂടിയത്.
കോഴിക്കോട് കായണ്ണയില്‍ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് എസ്‌ഐ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. പേരാമ്പ്ര എസ്ഐ ജിതിന്‍ വാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, അനുരൂപ്, ദില്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ മുസ്ലിം ലീഗിന്റെ എഎ ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസം പാസായി. ഇടതുമുന്നണി അവതരിപ്പിച്ച അവിശ്വാസ പ്രമേയം മൂന്ന് ലീഗ് അംഗങ്ങളുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് പാസായത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് വിട്ടുനിന്നു.
ആലുവയില്‍ 17 വയസുകാരന്‍ നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹന ഉടമയായ സഹോദരന് കോടതി 34,000 രൂപ പിഴ ചുമത്തി. പ്രായപൂര്‍ത്തിയാവാത്തയാള്‍ക്കു വാഹനം ഓടിക്കാന്‍ നല്‍കിയതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, ഗ്ലാസും ഇന്റിക്കേറ്ററും ഇല്ലാത്തതിന് 500 രൂപ വീതവും സുരക്ഷാ ഉപകരണങ്ങള്‍ ഇളക്കി മാറ്റിയതിന് 1000 രൂപയുമാണ് പിഴ. കോടതി പിരിയുംവരെ വെറും തടവിനും ശിക്ഷിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടി രണ്ടു സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ വാഹനമുടമയായ അമ്മയ്ക്ക് 25000 രൂപയാണ് പിഴ ശിക്ഷ. തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവു ശിക്ഷ അനുഭവിക്കണം.
ലഹരി വസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്ന് ആരോപിച്ച് പയ്യന്നൂരില്‍ യുവാവിന്റെ കട നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ പലചരക്കു കടയാണു തകര്‍ത്തത്.
ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുന്ന ജോലികള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഉച്ചയോടെയാണ്. ബെംഗളൂരുവിലെ ഇസ്രൊ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് വഴിയാണ് ഇനി പേടകവുമായുള്ള ആശയവിനിമയം നടത്തുക. നാലു ഭ്രമണപഥ മാറ്റങ്ങളാണ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍ എത്തി. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വ്യാപാരക്കരാര്‍ ശക്തിപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും.
ആഫ്രിക്കയില്‍ നിന്ന് കൂനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ച ചീറ്റപ്പുലികളില്‍ ഒരെണ്ണം കൂടി ചത്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെയും നാല് മാസത്തിനിടെ എട്ടാമത്തെയും ചീറ്റയാണ് ചത്തത്.
ഇന്ത്യന്‍ നാവികസേന ഫ്രാന്‍സില്‍നിന്ന് 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായെന്ന് ഡാസോ ഏവിയേഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനുശേഷം പുറത്തിറക്കിയ ഇന്ത്യ ഫ്രാന്‍സ് സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ലായിരുന്നു.
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ വന്‍ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുള്‍പ്പടെ 10 പേര്‍ മരിച്ചതായി വിവരം. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. അല്‍ ഹസ്സയിലെ ഹുഫൂഫില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്.