mid day hd 26

 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ബിജെപി പിന്തുണയോടെ എന്‍ഡിഎ സഖ്യത്തോടെ മുഖ്യമന്ത്രിയായി ഇന്നു വൈകുന്നേരംതന്നെ സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ രാജ്ഭവനില്‍ പുരോഗമിക്കുന്നു. സുശീല്‍ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരായേക്കും. സ്പീക്കര്‍ പദവി ബിജെപിക്കു നല്‍കും. അടുത്ത തെരഞ്ഞെടുപ്പുവരെ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായി തുടരാനാണ് ജെഡിയു ബിജെപി ധാരണ. 2025 മുതല്‍ നിതീഷിന് എന്‍ഡിഎ കണ്‍വീനര്‍ പദവി നല്‍കും.

ഗവര്‍ണര്‍ക്കു സിആര്‍പിഎഫ് സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും സംസ്ഥാന പോലീസിന്റെ സുരക്ഷ തുടരും. സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയെന്ന അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. രാജ്ഭവനു മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചത്. സിആര്‍പിഎഫ് സേനാംഗങ്ങളുടെ എണ്ണം, ഡ്യൂട്ടി എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കണം. കേരള പൊലീസ് സുരക്ഷ അവലോകന യോഗം ചേര്‍ന്ന ശേഷമേ സംസ്ഥാന പോലീസിന്റെ സുരക്ഷാ സേവനകാര്യത്തില്‍ തീരുമാനമാകൂ.

ഇനിയൊരു സംരംഭവും തുടങ്ങാനില്ലെന്നും വിവാദങ്ങള്‍ നിരാശനാക്കിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വൈദേകം റിസോര്‍ട്ട് ഉള്‍പ്പെടെ നാടിനായി കൊണ്ടുവന്ന പദ്ധതികള്‍ക്ക് പിന്തുണ കിട്ടിയില്ലെന്നാണ് ജയരാജന്റെ പരിഭവം. മുന്നണി കണ്‍വീനര്‍ പദവിയില്‍ വേണ്ടത്ര സജീവമാകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന്റെ സ്വയം വിമര്‍ശനമുണ്ട്.

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി. ഫാറോക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുല്‍ ജലീല്‍ ആണ് 10,000 രൂപ കൈക്കൂലി ആയി വാങ്ങുന്നതിനിടെയാണ് വീട്ടില്‍വച്ച് പിടിയിലായത്. വീടിന്റെ അടുക്കളയില്‍ ചാക്കില്‍നിന്നാണ് വിജിലന്‍സ് കൈക്കൂലി പണം പിടിച്ചെടുത്തത്.

മുംബൈ പൊലിസ് ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി രണ്ടരക്കോടി തട്ടിയെ കേസിലെ പ്രതിക്ക് സ്വര്‍ണ-വജ്ര വ്യാപാരത്തിലുള്ളത് 60 കോടിയുടെ നിക്ഷേപം. പൊലിസ്- കസ്റ്റംസ് ചമഞ്ഞ് വീഡിയോ കോള്‍ വഴി തട്ടിപ്പു നടത്തിയ സംഘത്തിലെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശുദ്ധ നുണയാണു പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറുടെ കാറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നു നുണ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ തെളിവാണ്. ഗവര്‍ണര്‍ വിഡ്ഡി വേഷം കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ്. ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പദ്മ പുരസ്‌കാരത്തില്‍നിന്ന് അര്‍ഹരെ തഴഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മമ്മൂട്ടിക്കും ശ്രീകുമാരന്‍ തമ്പിക്കും പദ്മ പുരസ്‌കാരം ഇല്ലാത്തത് എന്തു കൊണ്ടെന്നും വി.ഡി. സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പുരസ്‌കാരത്തിന് മാനദണ്ഡം എന്താണ്. 1998 ല്‍ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാല്‍നൂറ്റാണ്ടിനുശേഷവും അവിടെ തന്നെയാണ്. സതീശന്‍ പറഞ്ഞു.

കണ്ണൂരിലെ തളിപ്പറമ്പ്- ആലക്കോട് റോഡില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യയാണു മരിച്ചത്. തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിനു മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്.

സുല്‍ത്താന്‍ബത്തേരി ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍ (52), പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്.

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. ഏഴു ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചിരുന്നു.

ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍. കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 10 പേര്‍ മാത്രമാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിടാന്‍ നാലു ദിവസമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു.

വാരാണസിയിലെ ജ്ഞാന്‍വ്യാപി പള്ളി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്കു വിട്ടുകൊടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വാരണാസിയിലെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചെന്നും വിഎച്ച്പി പറഞ്ഞു.

തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും സിമന്റുമായി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാര്‍ത്തിക്, വേല്‍, സുബ്രഹ്‌മണ്യന്‍, മനോജ്, മനോഹരന്‍, മുതിരാജ് എന്നിവരാണ് മരിച്ചത്.

ഡല്‍ഹിയില്‍ കല്‍ക്കാജി മന്ദിറില്‍ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ആഘോഷ പരിപാടിയ്ക്കിടെ താത്കലികമായി നിര്‍മിച്ച വേദിയില്‍ കൂടുതല്‍ പേര്‍ കയറിയതാണ് അപകട കാരണം.

ഭര്‍ത്താവിന് ജോലിയില്ലെങ്കിലും ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി. കൂലിപ്പണി ചെയ്താല്‍ പോലും പ്രതിദിനം 400 രൂപ ലഭിക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം നേടിയ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 2,000 രൂപ നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ യുവാവ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിയാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *