പോലീസ് കൊട്ടിഘോഷിച്ച കൂടത്തായി കൊലപാതക പരമ്പര കേസ് പൊളിയുന്നു. നാലു മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ലെന്ന് ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ് , മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതല്‍ 2014 വരെ ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്.
അമിത നികുതികളിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നാളെ ബിജെപി പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ കോലം കത്തിക്കും. ഒമ്പതിനു ജില്ലാ കളക്ടറേറ്റുകളിലേക്കു മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടു ഗുണ്ടാവേട്ട. 69 പേരെ അറസ്റ്റു ചെയ്തു. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളും അറസ്റ്റിലായി. സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോട്ടും ഗുണ്ടാ വേട്ട നടന്നത്.
സംസ്ഥാനത്തെ 76 പോലീസ് സ്‌റ്റേഷനുകളില്‍ എസ്എച്ച്ഒമാരാകാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്ല. എസ്‌ഐമാര്‍ക്കാണു ചുമതല. 220 എസ്‌ഐ മാരാണു സിഐമാരായി സ്ഥാനക്കയറ്റം ലഭിക്കാന്‍ ഊഴംകാത്തു നില്‍ക്കുന്നത്. നാലു വര്‍ഷമായി പ്രമോഷന്‍ നീട്ടിക്കൊണ്ടുപോകുകയാണ്.
സിപിഐ ഉടക്കിട്ടതുമൂലം കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്ര മുഖ്യമന്ത്രി തടഞ്ഞിരിക്കേ, തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി യാത്രാ സംഘത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും. യാത്രയ്ക്കു തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരില്‍ പലരും വിമാന ടിക്കറ്റ് വാങ്ങിക്കഴിഞ്ഞു. യാത്ര പൂര്‍ണമായും റദ്ദാക്കിയാല്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇനിയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ കാട്ടാനകളെ വെടിവച്ചു കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്നവര്‍ ഉണ്ട്. അവരെക്കൊണ്ടുവന്ന് ആനകളെ വെടിവയ്ക്കുമെന്ന് സിപി മാത്യു പൂപ്പാറയില്‍ പറഞ്ഞു.
മൂന്നാറില്‍ വീണ്ടും ബാല വിവാഹം. പതിനേഴുകാരിയെ വിവാഹം ചെയ്ത 26 കാരനെതിരേ പോക്‌സോ ചുമത്തി കേസെടുത്തു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു. പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണ്.
കായംകുളത്ത് ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഘത്തിലെ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പുളിക്കല്‍ പഞ്ചായത്ത് കല്ലുംപറമ്പില്‍ വീട്ടില്‍ അഖില്‍ ജോര്‍ജ്ജ് (30) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. കേസിലെ ഒമ്പതാം പ്രതിയായ സനീറിനൊപ്പം ബാംഗ്ലൂരില്‍ നിന്നും 30 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ വാങ്ങി പലര്‍ക്കായി വിതരണം ചെയ്തവരില്‍ ഒരാളാണ് അഖില്‍ ജോര്‍ജ്ജ്.
ശബരിമലയില്‍ നടവരവ് എണ്ണാന്‍ 520 ജീവനക്കാര്‍. 20 കോടിയോളം രൂപയുടെ നാണയമാണ് എണ്ണിനുള്ളതെന്നാണ് നിഗമനം. മകരവിളക്ക് സീസണിലെ ഇതുവരെയുള്ള വരുമാനം 351 കോടി രൂപയാണ്.
പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ സഹകരണ ബാങ്കില്‍ മുന്‍ പ്രസിഡന്റും സെക്രട്ടറിയും വന്‍ ക്രമക്കേടു നടത്തിയെന്ന് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ജോയിന്റ് അക്കൗണ്ടിലൂടെ പണം വകമാറ്റി. അനുമതി ഇല്ലാതെ പല ആവശ്യങ്ങള്‍ക്കും പണം ചെലവഴിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വായ്പ അനുവദിക്കാന്‍ കമ്മീഷന്‍ കൈപറ്റിയെന്നും കണ്ടെത്തി.
കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നിര്‍ദേശമനുസരിച്ചാണ് താന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് സസ്‌പെന്‍ഷനിലായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍ കുമാര്‍. സര്‍ട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരനാണ് തനിക്കു തന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ മോഹന്‍ അനില്‍ കുമാറിന്റെ തട്ടിപ്പു പിടികൂടിയത് താനാണെന്നു സൂപ്രണ്ട് ഗണേഷ് മോഹന്‍. തന്റെ കാലില്‍വീണ് അനില്‍ കുമാര്‍ മാപ്പപേക്ഷിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
വിസാ കാലാവധിക്കു ശേഷവും കേരളത്തില്‍ തുടര്‍ന്ന ശ്രീലങ്കന്‍ യുവതിയെ ദേവികുളം പോലീസ് അറസ്റ്റു ചെയ്തു. മൂന്നാറില്‍ താമസിച്ചിരുന്ന ദീപിക പെരേര വാഹല തന്‍സീര്‍ ആണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മൂന്നാര്‍ സ്വദേശിയായ വിവേക് ഇവരെ വിവാഹം കഴിച്ചിരുന്നു. മൂന്നാറിലും തമിഴ് നാട്ടിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
തിരുവനന്തപുരം എം.സി റോഡില്‍ കിളിമാനൂര്‍ ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. കാര്‍ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി അനൂപ്.എം. നായര്‍ (32) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുന്നംഗ കുടുംബത്തിലെ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരുക്കേറ്റു.
കോഴിക്കോട് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തില്‍ കൈയൊടിഞ്ഞ വിദ്യാര്‍ത്ഥിനി ദിയ അഷ്‌റഫ് എന്ന 19 കാരിക്കു സഹായം നല്‍കാതെ അവഗണിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേരളോത്സവത്തിനിടയിലെ പഞ്ചഗുസ്തി മത്സരത്തിനിടയില്‍ കൈക്ക് ഗുരുതര പരിക്കേറ്റ കാരന്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിലാണ് നടപടി.
ഗായിക വാണി ജയറാമിന്റെ മരണത്തിനു കാരണം തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ വീണ് മേശയില്‍ തലയിടിച്ചാണു മുറിവുണ്ടായത്. മരണത്തില്‍ മറ്റു സംശയങ്ങില്ലെന്നും പൊലീസ്.
തമിഴ്‌നാട്ടിലെ വണ്ണിയമ്പാടിയില്‍ സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പാട്ടൂര്‍ ജില്ലയിലെ തൈപ്പൂയത്തിന് അയ്യപ്പന്‍ എന്നയാളാണ് നാട്ടുകാര്‍ക്ക് സൗജന്യ സാരിയും മുണ്ടും വിതരണം ചെയ്ത്. പ്രതീക്ഷിച്ചതിലേറെയും ആളുകള്‍ എത്തിയതോടെയാണ് വന്‍തിരക്കുണ്ടായത്.
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലി മര്‍ദിച്ചു തല പൊളിച്ചെന്ന് ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ്. ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ കുക്കിംഗ് പാനിന്റെ പിടി എറിഞ്ഞു തലയ്ക്കു പരിക്കേറ്റെന്നു പരാതിയില്‍ പറയുന്നു. വിനോദ് കാംബ്ലിക്കെതിരെ ബാന്ദ്ര പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. 79 വയസായിരുന്നു. ദുബായിലെ ആശുപത്രിയലായിരുന്നു അന്ത്യം. ഏറെ കാലമായി മുഷറഫ് ചികിത്സയിലായിരുന്നു.