ആറു വയസുള്ള കുട്ടികളെ മാത്രമേ ഒന്നാം ക്ലാസിലേക്കു പ്രവേശിപ്പിക്കാവൂവെന്ന കേന്ദ്ര നിയമം കേരളം മാത്രമാണു നടപ്പാക്കാത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരിനു കേരളം പ്രതികരിച്ചിട്ടില്ല. 22 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയെന്നു കേന്ദ്രം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അറിഞ്ഞിട്ടില്ലെന്നും കൂടിയാലോചനയ്ക്കു ശേഷമേ നടപ്പാക്കൂവെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞെതെന്നും ഔദ്യോഗികമായി അറിയിച്ചില്ലെന്നും ശിവന്‍കുട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിനു കൂടുതല്‍ കാലത്തെ പഴക്കമുണ്ടോയെന്നു പരിശോധിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം. ഏജന്റുമാര്‍ ഇടനിലക്കാരായാണു തട്ടിപ്പ്. രണ്ടു വര്‍ഷം മുമ്പുവരെയുള്ള ഫയലുകള്‍ പരിശോധിച്ചു. കൂടുതല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഫയലുകള്‍കൂടി പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റുകളില്‍ പരിശോധന ഇന്നും തുടരുകയാണ്. ഓരോ വ്യക്തിയും നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ പരിശോധിക്കും. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടിയെടുത്തതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്നു വിമര്‍ശിച്ചതിനു പോലീസ് കേസെടുത്ത കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം ഇറക്കിവിട്ടു. പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കറായ യാത്രക്കാരും വിമാനത്തില്‍നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റണ്‍വേ ഉപരോധിച്ച് പ്രതിഷേധിച്ചു. വന്‍ പോലീസ് സംഘം എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നാളെ ഛത്തീസ്ഗഡിലെ റായ്പൂരില്‍ ആരംഭിക്കും പ്രവര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടിക സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. പട്ടികയില്‍ ശശി തരൂരും ഇടംപിടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരും ഉള്ളത്.
ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി തയാറാക്കിയ ചോദ്യശേഖരം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ ലഭിക്കും. സാമ്പിള്‍ ചോദ്യങ്ങള്‍ ലഭ്യമാകുന്ന വെബ് സൈറ്റ് (www.questionpool.scert.kerala.gov.in) മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരുടെ സുരക്ഷക്കു ഡിവൈഎഫ്‌ഐ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. കൊല്ലത്ത് മന്ത്രി പി രാജീവിന്റെ പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് കൊട്ടേഷന്‍ സംഘാംഗങ്ങളാണെന്നാണ് ആരോപണം. അക്രമി വടിവാളുമായി നില്‍ക്കുന്ന ദൃശ്യങ്ങളും യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു. കൊല്ലത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചിരുന്നു.
സംസ്ഥാന യുവജന കമ്മീഷന്‍ ജീവനക്കാര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ 26 ലക്ഷം രൂപകൂടി വേണമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടു. 18 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. തികയാതെ വന്നതിനാല്‍ ഡിസംബറില്‍ ഒമ്പതു ലക്ഷം രൂപകൂടി അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം രൂപകൂടി അനുവദിച്ചത്.
ചെന്നിത്തല ചെറുകോലില്‍ കാണാതായ മകളെ അന്വേഷിച്ച് എത്തിയ പിതാവിനേയും സഹോദരനേയും സഹോദരി ഭര്‍ത്താവിനെയും മര്‍ദിച്ച കേസില്‍ കാരാഴ്മ ഒരിപ്രം സംഗീത് ഭവനില്‍ സംഗീതിനെ (22) അറസ്റ്റു ചെയ്തു. ഇയാള്‍ ളിവിലായിരുന്നു.
ബ്രിട്ടനിലെ ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ചു മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ – ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്.
ചിറയിന്‍കീഴില്‍ മദ്യപിക്കാന്‍ പണം കൊടുക്കാത്തതിന് അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. പടനിലം സ്വദേശി ഗോപകുമാറിനെയാണു ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയടക്കുകയും വേണം.
തിരുവനന്തപുരം ഇരണിയലില്‍ തമിഴ്‌നാട് മദ്യവില്‍പനശാലയില്‍നിന്ന് 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവര്‍ന്ന സഹോദരങ്ങള്‍ പിടിയില്‍. കന്യാകുമാരി കയത്താര്‍ അമ്മന്‍ കോവില്‍ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകന്‍ മംഗളരാജും (38), അനുജന്‍ കണ്ണനും (32) ആണ് പിടിയിലായത്.
മുന്തിയ ഇനം നായ്ക്കളെ വീട്ടില്‍ കാവല്‍പട്ടികളാക്കി വളര്‍ത്തി ലഹരി കച്ചവടം നടത്തിയ രണ്ടു പേര്‍ പിടിയില്‍. 29 ഗ്രാം എംഡിഎംഎ, 72 ഗ്രാം കഞ്ചാവ്, സ്റ്റാമ്പുകള്‍, 900 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായി തിരുവല്ലം മേനിലം മേലേ പാറക്കുന്ന് വീട്ടില്‍ അനൂപ്(27), ശ്രീകണ്ഠേശ്വരം കൈതമുക്ക് അത്താണിലൈനില്‍ ആനയറ കടകംപളളിറോഡില്‍ ശ്യാമളാലയം വീട്ടില്‍ വിഷ്ണു(29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പൊലീസ് ജീപ്പ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി നശിച്ചു. കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് കത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്‍ ബിജുവിന് പരിക്കേറ്റു.
തിരുവനന്തപുരം മുരുക്കുംപുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുണ്‍കുമാറാണ് മരിച്ചത്. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.
വിളവെടുപ്പു നടത്തി പാടശേഖരത്തില്‍ പടുതയിട്ട് മൂടിയിട്ടിരുന്ന നെല്ലില്‍ കക്കൂസ് മാലിന്യം തള്ളി. നീണ്ടൂര്‍ മുടക്കാലി പാലത്തിനു സമീപം വെള്ളിക്കണ്ണി പാടശേഖരത്തിലാണ് ഇങ്ങനെ നെല്ല് നശിപ്പിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ഇടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ പനീര്‍സെല്‍വം പക്ഷം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ചെന്നൈയില്‍ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വനിതാ പൊലീസ് ഓഫീസര്‍ കാലില്‍ വെടിവച്ച് പിടികൂടി. സ്ഥിരം കുറ്റവാളിയായ ബന്ദു സൂര്യയാണ് അയനാവരം സ്റ്റേഷന്‍ പരിധിയില്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ ആക്രമണത്തില്‍ രണ്ട പൊലീസുകാര്‍ക്കു പരിക്കേറ്റു.
ബിജെപി തന്നെ മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. തനിക്ക് അവസരങ്ങള്‍ തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരി തിന്നുന്ന കാട്ടാന കര്‍ണാടകത്തിലും. ഹാസന്‍ ജില്ലയിലെ അനുഗട്ട ഗ്രാമത്തിലെ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന അരി ചാക്കുകളില്‍നിന്നാണ് ആന അരി തിന്നത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആന അരി അപഹരിച്ചതു കണ്ടെത്തിയത്.
റഷ്യ-യുക്രൈന്‍ യുദ്ധത്തിന് നാളെ ഒന്നാം വാര്‍ഷികം. രണ്ടു ലക്ഷം റഷ്യന്‍ സൈനികരും പതിനായിരത്തോളം യുക്രെയിന്‍കാരും കൊല്ലപ്പെട്ടെന്നാണ് ഏകദേശ കണക്ക്. യുക്രെയിനില്‍നിന്ന് പതിനായിരക്കണക്കിനു കുടുംബങ്ങള്‍ പലായനം ചെയ്തു. ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചത് യുക്രെയിനില്‍ റഷ്യ നടത്തിയ അധിനിവേശമാണ്.