നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി. നാളെയാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം. തൃശൂർ പൂരത്തിൻ്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടത്. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തി. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിലാണ് ശ്രീമൂലസ്ഥാനത്ത് എത്തിയത്. പ്രദക്ഷിണ വഴിയിലൂടെ വടക്കും നാഥനെ വലം വെച്ച് 12 മണിയോടെ തെക്കേ ഗോപുരം തുറന്ന് പുറത്തിറങ്ങുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസർകോട്ട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയ സംഭവം പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം നൽകിയത്.
സ്വന്തം പാർട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്‍റേയോ പതാക ഉയർത്തിപ്പിടിച്ച് നിവർന്നു നിന്ന് വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോൺഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്, മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജാണ് പ്രതി. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്ന പരാമർശത്തിൻമേൽ പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്.
ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് 4 കേസുകൾ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെതിരെ വടകരയിലും മട്ടന്നൂരിലുമാണ് കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര പൊലീസ് സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെയും കേസെടുത്തിട്ടുണ്ട്. നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും കേസെടുത്തിരുന്നു. കേസില്‍ ഇതുവരെ പ്രതി ചേർക്കപ്പെട്ടവരല്ലാം മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് പെയ്ഡ് സര്‍വേകളാണോയെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഫലം പുറത്തുവിടുന്നത്. പ്രത്യേക രീതിയിലാണ് സര്‍വേ വരുന്നതെന്നും ഇതിനെ പെയ്ഡ് ന്യൂസെന്ന് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് നൽകിയ ഹർജിയാണ് തള്ളിയത്. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. അൻവറിന്റെ ആരോപണത്തിൽ കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിക്ക് തിടുക്കമാണെന്നും, മണിപ്പൂരില്‍ നടന്ന കാര്യങ്ങളാണ് താന്‍ ഉന്നയിച്ചതെന്നും ഷമ മുഹമ്മദ് വ്യക്തമാക്കി.
സുഗന്ധഗിരി മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒ ഷജ്ന കരീമിനെ വനംവകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഡി.എഫ്.ഒയ്ക്ക് പുറമെ റേഞ്ച് ഓഫിസര്‍ എം.സജീവന്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബീരാന്‍കുട്ടി എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ സസ്പെന്‍ഷനിലായ വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒന്‍പതായി.
വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ നൂറിലേറെ മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. മണ്ണിട്ടു മൂടിയതും കത്തിച്ചതുമായ കൂടുതൽ മരക്കുറ്റികൾ ഓരോ ദിവസവും കണ്ടെത്തുകയായിരുന്നു.
അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. അദ്ദേഹത്തോട് ബഹുമാനം ഉണ്ടെന്നും. പ്രതിരോധ മന്ത്രിയായിരുന്ന ആന്‍റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. മാൻ ഓഫ് പ്രിൻസിപ്പിൾസ് ആണ് ആന്‍റണി. പാർട്ടിയുടെ സമ്മർദം കാരണമാകാം മകൻ തോൽക്കുമെന്ന് ആന്‍റണി പറഞ്ഞത്. എന്നാൽഅങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേട്ടമുണ്ടാക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തില്‍ മോദി തരംഗമുണ്ടെന്നും അയോധ്യയും വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 2019 ആവര്‍ത്തിക്കാന്‍ യുഡിഎഫിന് കഴിയില്ല. സീറ്റ് കുറയും. എല്‍ഡിഎഫിന് സീറ്റ് കൂടുമെന്നും ഒരിക്കലും പെന്‍ഷന്‍ കൊടുക്കാത്ത കോണ്‍ഗ്രസാണ് കുറ്റം പറയുന്നതെന്നും പിണറായി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ലയിൽ ചാലിയാര്‍ മൂലേപ്പാടത്ത് കൃഷിയിടത്തിൽ പുല്ല് തിന്നുകയായിരുന്ന എരുമയ്ക്ക് കുറുക്കന്മാരുടെ കൂട്ട ആക്രമണത്തിൽ വാൽ നഷ്ടമായി. എട്ടോളം കുറുക്കന്മാര്‍ ഉണ്ടായിരുന്നതായാണ് എരുമയുടെ ഉടമ പറയുന്നത്. എരുമയുടെ കരച്ചിൽ കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി ലൈറ്റിട്ട് നോക്കിയപ്പോൾ എല്ലാ കുറുക്കന്മാരും ഓടി രക്ഷപ്പെട്ടുവെന്നാണ് ഉടമ പറയുന്നത്.
അടൂരിൽ തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റയാൾ മരിച്ചു. അടൂർ വെള്ളക്കുളങ്ങര പറവൂർ കലായിൽ പി എം. സൈമൺ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് സൈമണെ തെരുവുനായ കടിച്ചത്. റാബിസ് വാക്സിൻ എടുത്തിരുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ വാഹന അപകടത്തിൽ മരിച്ചു. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. സഹായാത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഒരാഴ്ചയായി ഈ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തുന്ന സംവിധാനം കാര്യക്ഷമമായാണ് പുരോഗമിക്കുന്നതെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. വീട്ടിലിരുന്ന് വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത ബോക്‌സുകളില്‍ ശേഖരിക്കാനുള്ള നിര്‍ദേശം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് സംസ്ഥാനത്ത് ഹോം വോട്ട് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ ക്ഷേത്രത്തിലെ രാമവിഗ്രഹത്തിൽ സൂര്യ രശ്മി പതിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച് ബിജെപി. ബിജെപിക്ക് വോട്ട് നൽകിയാലുണ്ടാകുന്ന മാറ്റമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ്. ബിജെപിയുടെ പോസ്റ്റിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പടെ രംഗത്തെത്തി.
ന്യൂനപക്ഷ വോട്ടുകൾ നേരത്തേ തന്നെ ജെഡിഎസ്സിൽ നിന്ന് കൊഴിഞ്ഞു പോയിരുന്നുവെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. അത് ബിജെപി സഖ്യം കൊണ്ടുണ്ടായതല്ലെന്നും, ആ വോട്ട് പോയതിൽ ഖേദമില്ലെന്നും എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.
2024 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ വിധിയെഴുത്ത് നാളെ. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലെയും പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണം. തമിഴ്നാട്ടിൽ 39 സീറ്റുകളിലായി ആകെ 950 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
കോയമ്പത്തൂരിൽ ബിജെപി പ്രവർത്തകൻ പുലുവാപ്പെട്ടി സ്വദേശി ജ്യോതിമണിയുടെ കാറിൽ നിന്നും 81,000 രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. ചായക്കടയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുന്ന കാറിൽ വച്ച് വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനായി വോട്ടർമാർക്ക് ഒരു പൈസ പോലും കൊടുക്കില്ലെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് ബിജെപി പ്രവർത്തകനെ പണം വിതരണം ചെയ്യുന്നതിനിടെ പിടികൂടിയത്.
ബിജെപിയുടെ തുക്ഡെ തുക്ഡെ ഗ്യാങ് പരാമർശത്തിനോട് താനെന്തിന് പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവും ജെഎൻയുവിലെ മുൻ വിദ്യാർത്ഥി നേതാവുമായ കനയ്യ കുമാർ. താനെന്തിന് അതിനെ എതിർക്കണം, അത്തരം നുണകളെ എതിർക്കേണ്ടതില്ലെന്നും കനയ്യകുമാർ പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള കോൺഗ്രസിൻ്റെ പോരാട്ടം ഞങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും മത്സരം വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ദില്ലിയിൽ മാത്രമല്ല, രാജ്യത്തുടനീളം നമ്മൾ കാണുന്നത് ഈ സർക്കാരിൽ ജനങ്ങൾ അതൃപ്തരാണ് എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.8 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടി. 6600 കോടി രൂപയുടെ ബിറ്റ്കോയിന്‍ തട്ടിപ്പിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നും ഇ.ഡി. വ്യക്തമാക്കി.
വ്യാപകമായ പ്രതിഷേധങ്ങൾക്കിടെ വിദേശ ഏജന്റ് ബില്ലിന് ആദ്യാനുമതി നൽകി ജോർജിയൻ പാർലമെന്റ്. 25നെതിരെ 78 വോട്ടുകൾക്കാണ് വിവാദ ബില്ലിന് അനുമതി ലഭിച്ചത്. 20 ശതമാനത്തിൽ കൂടുതൽ ഫണ്ട് വിദേശത്തുനിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബിൽ. ജോർജിയയുടെ പശ്ചിമ മേഖലയിൽ ബില്ലിനെതിരെ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് പാർലമെന്റ് ബില്ലിന് അനുമതി നൽകിയത്.
ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ്ങിൽ അഗ്നിപർവത സ്ഫോടനം. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. റുവാങ് പർവതത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ നഗരത്തിലെ സാം റതുലാംഗി വിമാനത്താവളം അടച്ചു. 24 മണിക്കൂർ ആണ് വിമാനത്താവളം അടച്ചിടുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തിനിടെ അഞ്ച് തവണയാണ് അഗ്നിപർവ്വത സ്ഫോടനമുണ്ടായത്.