mid day hd 13

നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി അറിയിച്ചു. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന സാഹചര്യത്തിൽ കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ലഭിച്ചേക്കും. എന്നാൽ മന്ത്രിസ്ഥാനം വേണമെന്ന എൽജെഡിയുടെയും എൻസിപി അംഗം തോമസ് കെ തോമസിന്റെയും ആവശ്യം തള്ളിക്കളയും. മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ലെന്ന നിലപാടിലാണ് എൽഡിഎഫ്. ഇക്കാര്യം മുന്നണി യോഗത്തിൽ വിശദീകരിക്കും.

 

കൃഷ്ണൻകുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ജെഡിഎസിലെ നീക്കവും ഫലം കാണില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മാറ്റം വേണ്ടെന്ന നിലപാടിനാണ് ജെഡിഎസിൽ മുൻതൂക്കം. മന്ത്രിയാകണമെന്ന തോമസ് കെ തോമസിന്റെ ആഗ്രഹത്തിന് എൻസിപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ല. എകെ ശശീന്ദ്രൻ തുടരട്ടെയെന്നാണ് എൻസിപിയുടെ നിലപാട്.

 

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി. നേരത്തെയുണ്ടായിരുന്ന ഹോം സ്റ്റേ ലൈസൻസാണ് പുതുക്കിയത്. ഈ വർഷം ഡിസംബർ 31 വരെയാണ് ലൈസൻസ് പുതുക്കി നൽകിയത്.

 

കനേഡിയൻ വ്യാപാര വകുപ്പ് മന്ത്രിയുടെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു. സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിർത്തിയതിന് പിന്നാലെയാണ് നടപടി. വ്യാപാര ചർച്ചകള്‍ക്കായി ഒക്ടോബറിലാണ് കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ് ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മോശമായതോടെ യാത്ര മാറ്റിവെക്കുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

 

സോളാർ ലൈംഗിക ആരോപണത്തിൽ കത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ യുഡിഎഫിലോ കോണ്‍ഗ്രസിലാ ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന പൊലീസിന്‍റെ അന്വേഷണം വേണ്ടെന്നാണ് എം.എം ഹസൻ പറഞ്ഞത്. പിണറായിക്ക് എതിരെ ആരോപണമുള്ളതിനാൽ സിബിഐ അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

 

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ ഡിഎംകെ വനിത കൗണ്‍സിലറുടെ വീടുൾപ്പെടെ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. സംഘം വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

 

ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ഇന്ന് വൈകിട്ട് നാല് മണിക്ക് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും. യോഗത്തിൽ ജില്ല പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. നേരത്തെ ഇടുക്കി അണക്കെട്ടിൽ സുരക്ഷ വീഴ്ച ഉണ്ടായതിനെ തുടർന്നാണ് യോഗം ചേരുന്നത്.

 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തെറ്റ് ഏറ്റുപറഞ്ഞ് ഇഡി അന്വേഷണവുമായി സിപിഎം സഹകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ചോദ്യം ചെയ്യാൻ എസി മൊയ്തീനെ വിളിച്ചപ്പോൾ സിപിഎം പറഞ്ഞത് കേന്ദ്രം വേട്ടയാടുന്നു എന്നാണ്,തട്ടിപ്പിൽ സിപിഎം നേതൃത്വത്തിന്‍റെ പങ്കാളിത്തം വ്യക്തമാണ്.കേന്ദ്രം വേട്ടയാടുന്നു എന്ന പതിവ് ക്യാപ്സ്യൂളുമായി എം.വി ഗോവിന്ദൻ വരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാർട്ടി നേതൃത്വത്തിൽ നിന്നുള്ള നിരന്തര അവഗണന കാരണമാണെന്നും പ്രവർത്തകസമിതയിൽ ക്ഷണിതാവാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചാലും താൻ മന്ത്രിയാകില്ല. രമേശ് ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേർനാഗ് വനമേഖലയിൽ തെരച്ചിൽ നടത്തുന്നത്. മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു കേണൽ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.

 

സോളാർ കേസിന് പിന്നിൽ കോൺഗ്രസിലെ തർക്കമാണെന്ന് ഇപി ജയരാജൻ. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസാണെന്നും, പുതുപ്പള്ളിയിലേത് സഹതാപ തരംഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിനെ പിന്തുണക്കുന്നതിനോടൊപ്പം,സ്വത്ത് തർക്കം കുടുംബ പ്രശ്നം മാത്രമാണെന്നും അതിൽ രാഷ്ട്രീയ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള കന്നി ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്‍റെ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ മേധാവി എ.രാജരാജൻ .ഗഗൻയാൻ പദ്ധതിയുടെ നാല് അബോർട്ട് ദൗത്യങ്ങളിൽ ആദ്യത്തേതായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

 

സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ ഷക്കീര്‍ സുബാന്‍. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീര്‍ സുബാന്‍ പറഞ്ഞു. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

ജില്ലയിൽ നിപ ഭീഷണി നിലനിൽക്കുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് സെലക്ഷൻ ട്രയൽ. ബാലുശ്ശേരി കിനാലൂര്‍ ഉഷസ്‌ക്കൂളില്‍

ജില്ലാ അത്‌ലറ്റിക് അസോസിയേഷനാണ് സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെ കുട്ടികളും രക്ഷിതാക്കളും അടക്കം മൂന്നൂറോളം പേർ സ്ഥലത്തുണ്ട്. ബാലുശേരി പോലീസും സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.

 

കാവേരി നദീജലം പങ്കിടുന്നതില്‍ കര്‍ണാടകയിലെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് കാവേരി രക്ഷണ യാത്രയുമായി ബിജെപി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെ അധികാരത്തിലുള്ളതിനാല്‍ തമിഴ്നാടിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാവേരി നദീ ജലം വിട്ടുകൊടുക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ ആരോപിച്ചു.

 

ട്രാൻ‌സ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടി‌എസ്‌എ) ഏജന്‍റുമാർ യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണം മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. മിയാമി ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ സുരക്ഷാ ടെർമിനലിൽ നിന്നുള്ള വീഡിയോ പുറത്ത് വിട്ടത് ഫ്ലോറിഡ സ്റ്റേറ്റ് അറ്റോർണി ഓഫീസാണ്. സ്കാനറിലൂടെ ലഗേജ് കടത്തിവിടുന്നതിന് മുമ്പ് ഒന്നിലധികം ബാഗുകൾ തുറക്കാനും കൈയില്‍ തടയുന്ന സാധനങ്ങള്‍ പോക്കറ്റിലേക്ക് മാറ്റാനും ഇവർ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്.

 

മുബൈയിലെ കുര്‍ല മേഖലയില്‍ അപാര്‍ട്ട്മെന്‍റ് കോംപ്ലക്സില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍തീപിടിത്തത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ബഹുനിലകെട്ടിടത്തിന്‍റെ വിവിധ നിലകളിലായി ഫയര്‍ഫോഴ്സ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 60ഓളം പേരെ രക്ഷപ്പെടുത്തി. ഇതില്‍ 39 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

 

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയോടും ശ്രീലങ്കയോടും തോറ്റ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും ഇന്നലത്തെ മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ ആറ് റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായത്. റിസര്‍വ് ദിനത്തില്‍ പൂര്‍ത്തിയായ ഇന്ത്യയുമായുള്ള മത്സരത്തിലെ 228 റണ്‍സിന്‍റെ കനത്ത തോല്‍വിയില്‍ നെറ്റ് റണ്‍ റേറ്റ് കൂപ്പുകുത്തിയതാണ് പാക്കിസ്ഥാനെ സൂപ്പര്‍ ഫോറിലെ അവസാന സ്ഥാനക്കാരാക്കിയത്.ഏഷ്യാ കപ്പില്‍ കിരീടം നേടാന്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്ന ടീമായിരുന്നു പാക്കിസ്ഥാന്‍.

 

ഏഷ്യാ കപ്പ് ഫൈനലില്‍ നാളെ ശ്രീലങ്കയെ നേരിടാനിറങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിന്‍റെ പരിക്ക്. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ അക്സര്‍ പട്ടേല്‍ നാളെ ശ്രീലങ്കക്കെതിരായ ഫൈനലില്‍ കളിക്കില്ല. അക്സറിന് പകരം ഓള്‍ റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറെ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിനുള്ള ടീമിലുള്‍പ്പെടുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *