ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ സഭ രണ്ടു മണിവരെ പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭയിലും നടപടികള്‍ നിര്‍ത്തിവച്ചു.
പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിന്റെ നിരാശയാണ് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിക്കൊണ്ട് പ്രകടിപ്പിക്കുന്നതെന്നു മോദി പറഞ്ഞു.
ലോക്‌സഭയില്‍ ടിഎന്‍ പ്രതാപന്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു കരിങ്കൊടി എറിഞ്ഞു. ഡയസിലേക്കു കയറിക്കൊണ്ടാണ് കരിങ്കൊടി എറിഞ്ഞത്. ഇദ്ദേഹത്തിനൊപ്പം ഹൈബി ഈഡന്‍, ജ്യോതി മണി, രമ്യ ഹരിദാസ് തുടങ്ങിയവരും പ്രതിഷേധിച്ചു.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും. കോണ്‍ഗ്രസ് 30 നു നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. എഐസിസി അധ്യക്ഷനായ ശേഷം ആദ്യമായാണ് കേരളത്തിലേക്കു വരുന്നത്. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ഏപ്രില്‍ ഒന്നിനാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പങ്കെടുക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കുള്ള പ്രവേശന ജാലകമായാണ് ഈ പരിപാടിയെ ഇരുകൂട്ടരും കാണുന്നത്.
ബ്രഹ്‌മപുരം തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനിലയുണ്ട്. ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്തുഞെരിച്ച് കൊല്ലുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അധികാര വികേന്ദ്രീകരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. സാമ്പത്തിക വര്‍ഷ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നഭേഷി കമ്മീഷണര്‍ പഞ്ചാപകേശനെ ചേമ്പറില്‍ കയറി കൈയേറ്റത്തിനു ശ്രമിച്ചതിന് ഡോക്ടര്‍മാര്‍ക്കെതിരരെ കേസ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികളായ ഡോ. ശ്രീലാല്‍, ഡോ, ബിജി വി എന്നിവര്‍ക്കെതിരെയാണു മ്യൂസിയം പൊലീസ് കേസെടുത്തത്. ഡോ. ബിജിയെ ഭിന്നശേഷി കമ്മീഷന്‍ ബോര്‍ഡില്‍നിന്ന് ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചാണ് അതിക്രം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ കുറ്റപ്പെടുത്തുന്നത്.
മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവച്ചെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് പ്രിവന്റിവ് ഓഫിസര്‍മാര്‍ക്കും സസ്‌പെന്‍ഷന്‍. രണ്ട് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരെയും ഒരു വനിത സിവില്‍ എക്‌സൈസ് ഓഫിസറെയും രണ്ടാഴ്ച എക്‌സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനയക്കും. ഇന്‍സ്‌പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസര്‍മാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്.
കോഴിക്കോട് കൂരാച്ചുണ്ടില്‍ പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്കു മടങ്ങി. ഇവരുടെ മാതാപിതാക്കള്‍ ഇന്നലെ ടിക്കറ്റ് എടുത്ത് നല്‍കിയിരുന്നു.
തിരുവനന്തപുരം നന്ദിയോട് ഇളവട്ടത്തിന് സമീപം ആലുംകുഴി റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്.
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്. കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും നാട്ടുകാരും. പതിനെട്ട് വര്‍ഷം കൊണ്ട് 180 കെട്ടിടങ്ങളാണ് ഈ ആന തകര്‍ത്തത്. കൃത്യമായ രേഖകളുള്ളതും നഷ്ട പരിഹാരത്തിന് വനംവകുപ്പില്‍ അപേക്ഷ ലഭിച്ചതുമായ കണക്ക് മാത്രമാണിതെന്നാണു റിപ്പോര്‍ട്ട്.
എറണാകുളം ഇടമലയാര്‍ യുപി സ്‌കൂളില്‍ കാട്ടാന ആക്രമണം. വാട്ടര്‍ ടാങ്കും ജനലുകളും തകര്‍ത്തു. ശുചിമുറികള്‍ക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. പച്ചക്കറിത്തോട്ടം നശിപ്പിച്ചു.
ബ്രീട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ തെളിവ് കാണിക്കണമെന്ന് വി ഡി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ഗാന്ധിയുടെ പ്രതികരണത്തെ വിമര്‍ശിച്ചു സംസാരിക്കുകയായിരുന്നു രഞ്ജിത്.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഖനി ഉടമ ജനാര്‍ദ്ദന റെഡ്ഢിയും. ബിജെപി വിട്ട അദ്ദേഹം സ്ഥാപിച്ച കല്യാണ രാജ പ്രഗതി പക്ഷ(കെആര്‍പിപി) എന്ന പുതിയ പാര്‍ട്ടി 20 സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്നു പ്രഖ്യാപിച്ചു. ഫുഗ്‌ബോളായിരിക്കും ചിഹ്നം.
ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു. അമൃത് പാല്‍ സിംഗ് വിഷയവും സിക്ക് പ്രതിഷേധ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതു തടയാനാണു നടപടിയെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കീറി നശിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് പട്ടേലിന് 99 രൂപ പിഴ ചുമത്തി ഗുജറാത്ത് കോടതി. 2017 മേയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് ശിക്ഷ. 99 രൂപ പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം തടവുശിക്ഷ അനുഭവിക്കണം.
രാഹുല്‍ അമ്മക്കൊപ്പമോ തനിക്കൊപ്പമോ താമസിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.
ലോക്‌സഭാംഗത്വം നഷ്ടപ്പെട്ട രാഹുല്‍ഗാന്ധി ഒരു മാസത്തിനകം വീടൊഴിയണമെന്ന ലോക്‌സഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭോജ്പുരി നടി ആകാന്‍ഷ ദുബൈയുടെ ദുരൂഹ മരണത്തില്‍ ഭോജ്പുരി ഗായകന്‍ സമര്‍സിങ്, സഹോദരന്‍ സഞ്ജയ് സിങ് എന്നിവര്‍ക്കെതിരെയാണ് കേസ്. ആകാന്‍ഷയുടെ അമ്മയുടെ പരാതിയിലാണ് യുപി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി ഒമ്പതുകാരന്‍ മരിച്ചു. വെസ്റ്റ് ഡല്‍ഹിയിലെ വികാസ്പുരിയില്‍ ലിഫ്റ്റിലേക്കു കയറുന്നതിനു മുമ്പ് വാതിലടഞ്ഞതിനാല്‍ കുട്ടി വാതിലിനും ചുമരിനും ഉള്ളില്‍ അകപ്പെട്ട് മരിക്കുകയായിരുന്നു.
ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് കാരണമായ നിയമ ഭേദഗതി നെതന്യാഹു സര്‍ക്കാര്‍ മരവിപ്പിച്ചു. ആഭ്യന്തര യുദ്ധം ചര്‍ച്ചകളിലൂടെ ഒഴിവാക്കാനുള്ള അവസരമുള്ളപ്പോള്‍ അത് വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായിരുന്ന ആലിബാബ സ്ഥാപകനും ശതകോടീശ്വരനുമായ ജാക്ക് മാ ചൈനയിലേക്ക് മടങ്ങി. ആലിബാബയുടെ പ്രവര്‍ത്തനങ്ങളെ ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ജാക് മാ അപ്രത്യക്ഷനായത്.