അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് കേരളത്തിന്റെ ടൂറിസത്തിന് കുതിപ്പേകും. നൂറു കോടി രൂപയോളം വരും അര്‍ജന്റീനയുടെ മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍. കേരള ടൂറിസത്തെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്നത് വഴി ഇതിന്റെ ഇരട്ടയിലധികം വരുമാനം കണ്ടെത്താമെന്നാണ് പ്രതീക്ഷ. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാകും മല്‍സരത്തിന് വേദിയാകുകയെന്നാണ് ലഭിക്കുന്ന വിവരം. 40,000ത്തിന് മുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുള്ളതാണ് കൊച്ചിയിലെ സ്റ്റേഡിയം. ഈ മല്‍സരം കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ആരാധകരെത്തും. കൊച്ചിയുടെ ബിസിനസ് കുതിപ്പിന് അര്‍ജന്റീനയുടെ വരവ് വഴിയൊരുക്കും. കൊച്ചിയിലെത്തുന്ന ആരാധകരുടെ 10 ശതമാനം എങ്കിലും സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ അതുവഴി ലഭിക്കുന്ന വരുമാനം തന്നെ കോടികളാകും. കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ചെറുകിട വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ നേട്ടമുണ്ടാകും. ഒന്നരമാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ് തീരുമാനം.