സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി, മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ‘പാട്രിയറ്റ്’. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു.. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ മമ്മൂട്ടി പാട്രിയറ്റിന്റെ ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തിയത് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവരെയും ടീസറില്‍ കാണാനാകും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം.
