സമീര്‍ അബ്ദുള്‍ തിരക്കഥയെഴുതി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’നാളെ റിലീസ് ചെയ്യാനിരിക്കെ ഒരു ടീസര്‍ കൂടി പുറത്തുവിട്ടു. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ടീസറും. വെല്‍കം ബാക്ക് എന്ന മമ്മൂട്ടിയുടെ ഡയലോഗും ടീസറില്‍ കേള്‍ക്കാം. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മിഥുന് മുകുന്ദന് ആണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന് ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയെയും സഞ്ജു ശിവ്റാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ‘ലൂക്ക് ആന്റണി’ എന്ന ഏറെ നിഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു എന്നിവര്‍ക്കൊപ്പം സംവിധായകന് എം എ നിഷാദും പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭാരത സര്‍ക്കസി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടന് മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സോഹന്‍ സീനുലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെസ്റ്റ് വേ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിക്കുന്ന ഭാരത സര്‍ക്കസ് ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ത്രില്ലര്‍ ആയിട്ട് ആണ് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായത്തിന്റേത് ആണ്. സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍,സുനില്‍ സുഖദ, ജയകൃഷ്ണന് , പാഷാണം ഷാജി, ആരാധ്യ ആന്‍, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായര്‍,മീരാ നായര്‍, സരിത കുക്ക, അനു നായര്‍,ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 320 രൂപ വര്‍ദ്ധിച്ചിരുന്നു. നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 38,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 5 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 35 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3955 രൂപയാണ്.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടന (ഒപ്പെക്) ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെ രാജ്യാന്തര അസംസ്കൃത എണ്ണ വിലയില്‍ വര്‍ധന. 1.4 ശതമാനം മുതല്‍ 1.7 ശതമാനം വരെയാണ് വിവിധ ക്രൂഡുകള്‍ക്ക് അവധി വ്യാപാരത്തില്‍ വര്‍ധന രേഖപ്പടുത്തിയത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് നവംബര്‍ ഡെലിവറിയില്‍ 1.24 ഡോളര്‍ വര്‍ധിച്ചു. ബാരലിന് 87.76 ഡോളറാണ് ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ചിലെ വില. ബ്രെന്റ് ക്രൂഡ് ഡിസംബര്‍ ഡെലിവറി 1.57 ഡോളര്‍ ഉയര്‍ന്നു. ഉത്പാദനം പ്രതിദിനം രണ്ടു ദശലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കാനാണ് ഒപ്പെക് പ്ലസ് തീരുമാനിച്ചിട്ടുള്ളത്. സമീപ മാസങ്ങളില്‍ എണ്ണ വിലയില്‍ ഉണ്ടായ കുറവു കണക്കിലെടുത്താണ് തീരുമാനം.
ടാറ്റ മോട്ടോഴ്സ് 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. കമ്പനി കഴിഞ്ഞ മാസം മൊത്തം 47,864 പാസഞ്ചര്‍ വാഹനങ്ങള്‍ ചില്ലറ വില്‍പ്പന നടത്തിയെന്നും അതുവഴി 85 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി എന്നുമാണ് കണക്കുകള്‍. ടാറ്റ 3,655 ഇലക്ട്രിക് വാഹനങ്ങളും ( ടാറ്റ നെക്സോണ്‍ ഇവി , ടാറ്റ ടിഗോര്‍ ഇവി ) 43,999 ഐസിഇ ഇന്ധന വാഹനങ്ങളും വിറ്റു. കഴിഞ്ഞ മാസം മൊത്തം 47,654 വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രാന്‍ഡ് 85 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ മാസം രണ്ട് പുതിയ കാറുകള്‍ പുറത്തിറക്കി. ആദ്യത്തേത് പഞ്ച് മൈക്രോ-എസ്യുവിയുടെ കാമോ പതിപ്പാണ് , ഇത് 6.85 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ് (എക്സ്-ഷോറൂം). 8.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ (എക്സ്-ഷോറൂം) ഇന്ത്യന്‍ വാഹന നിര്‍മ്മാതാവ് ടാറ്റ ടിയാഗോ ഇവിയും രാജ്യത്ത് അവതരിപ്പിച്ചു.
ഓരോ നഗരത്തിനും ഒരു പൂര്വ്വകാലഗ്രാമചരിത്രമുണ്ടാകും. അവ അവശേഷിപ്പുകളായി അങ്ങിങ്ങ് തങ്ങിനില്ക്കുന്നുമുണ്ടാവും. മുംബൈ എന്ന മഹാനഗരത്തിന്റെ മുക്കിലും മൂലയിലും ഇത്തരം ഗ്രാമീണ പരിച്ഛേദങ്ങള്‍ തങ്ങിനില്‍പ്പുണ്ട്; സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണുന്നത്. ഒരു പത്രപ്രവര്‍ത്തകന്റെ, ഒരു എഴുത്തുകാരന്റെ, ഒരു ചരിത്രകാരന്റെ കണ്ണിലൂടെ നോക്കിയാല്‍ ആ ഉള്‍ക്കാഴ്ച ലഭിച്ചേക്കാം. ‘ആംചി മുംബൈ’ എന്ന മഹാനഗരജീവിതചിത്രങ്ങളിലൂടെ കെ.സി. ജോസ് എന്ന എഴുത്തുകാരന് പകര്ന്നെഴുതുന്നത് അതാണ്. എച്ച് & സി ബുക്സ്. വില 160 രൂപ.
വയറിന്റെ ആരോഗ്യം മോശമായാല്‍ അത് പല രീതിയില്‍ നമ്മെ ബാധിക്കും. നമ്മുടെ വയറ്റിനകത്ത് അസംഖ്യം സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെടുന്നുണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് എല്ലാം ഇതില്‍ വരും. ഇവയില്‍ നമുക്ക് ഗുണകരമാകുന്ന അണുക്കളും ദോഷമായി വരുന്നവയുമുണ്ട്. ജൈവികമായി ഇവയ്ക്കൊരു ‘ബാലന്‍സ്’ ഉണ്ടായിരിക്കും. ഇത് തെറ്റുമ്പോള്‍ കാര്യമായും ബാധിക്കപ്പെടുന്നത് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ ആണത്രേ. രോഗ പ്രതിരോധവ്യവസ്ഥയെ കുറിച്ച് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. നമ്മുടെ ശരീരത്തിലേക്ക് പുറത്തുനിന്നെത്തുന്ന രോഗാണുക്കളെ പോരാടി തോല്പിച്ച് ശരീരത്തെ സുരക്ഷിതമാക്കി നിര്‍ത്തലാണ് പ്രതിരോധ വ്യവസ്ഥയുടെ ധര്‍മ്മം. വൈറസ്- ബാക്ടീരിയ- ഫംഗസ് എന്ന് തുടങ്ങി വിവിധ വിഷാംശങ്ങള്‍ അടക്കം നമ്മുടെ ശരീരത്തെ പ്രശ്നത്തിലാക്കുന്ന പുറത്തുനിന്നുള്ള രോഗാണുക്കളെയും പദാര്‍ത്ഥങ്ങളെയും തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോശങ്ങളെല്ലാം ചേര്‍ന്നതാണ് പ്രതിരോധ വ്യവസ്ഥ. വയറ്റിലെ സൂക്ഷ്മാണുക്കളുടെ ‘ബാലന്‍സ്’ തെറ്റുമ്പോള്‍ ഇത് പ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും അതുവഴി വിവിധ അസുഖങ്ങള്‍ നമ്മെ വേട്ടയാടുകയും ചെയ്യുകയാണ്. അതുകൊണ്ടാണ് വയറിന്റെ ആരോഗ്യം നഷ്ടമായാല്‍ ആകെ ആരോഗ്യം നഷ്ടമായി എന്ന് പറയുന്നത്. ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യത്തെയും വയറ്റിനകത്തെ സൂക്ഷ്മാണുക്കളുടെ സമൂഹം സ്വാധീനിക്കുന്നുണ്ട്. ഇതുവഴി ഉത്കണ്ഠ, വിഷാദം, മൂഡ് ഡിസോര്‍ഡര്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകാം. നേരെ തിരിച്ച് പറഞ്ഞാല്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ മൂലം പ്രതിരോധ വ്യവസ്ഥയോ മാനസികാരോഗ്യമോ എല്ലാം ബാധിക്കപ്പെട്ടാല്‍ അത് നമ്മുടെ വയറിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ വയറിന്റെ ആരോഗ്യം നല്ലരീതിയില്‍ കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ഡയറ്റാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. കാര്യമായും പ്രോബയോട്ടിക്സ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. ഒപ്പം തന്നെ ഉറക്കം ശരിയായ രീതിയില്‍ തന്നെ ക്രമീകരിക്കുക. മാനസിക സമ്മര്‍ദ്ദങ്ങളും അകറ്റിനിര്‍ത്തുക. ഇവയെല്ലാം ശ്രദ്ധിക്കാനായാല്‍ വയറിന്റെ ആരോഗ്യം നല്ലതുപോലെ കൊണ്ടുപോകാന്‍ സാധിക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.74, പൗണ്ട് – 92.56, യൂറോ – 81.01, സ്വിസ് ഫ്രാങ്ക് – 83.45, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.17, ബഹറിന്‍ ദിനാര്‍ – 216.88, കുവൈത്ത് ദിനാര്‍ -264.22, ഒമാനി റിയാല്‍ – 212.35, സൗദി റിയാല്‍ – 21.75, യു.എ.ഇ ദിര്‍ഹം – 22.26, ഖത്തര്‍ റിയാല്‍ – 22.46, കനേഡിയന്‍ ഡോളര്‍ – 60.07.