എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതിനും പ്ലസ് ടു പരീക്ഷ മാര്‍ച്ച് പത്തിനും ആരംഭിക്കും. രാവിലെ 9.30 നാണ് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പരീക്ഷാഫലം മെയ് 10 നകം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 30 ന് അവസാനിക്കും. മാതൃകാ പരിക്ഷകള്‍ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25 നും ആരംഭിക്കും.
തലശേരിയില്‍ ലഹരി ഇടപാടുസംഘം നടത്തിയ ഇരട്ട കൊലപാതകത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനെ തെരയുന്നു. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്നായിരുന്നു ഖാലിദിന്റെ മരണ മൊഴി. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഹയര്‍ സെക്കന്‍ഡറി അധ്യാപക പരിശീലനം ഡിസംബര്‍ മാസം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അധ്യാപക ശാക്തീകരണം, അധ്യാപകരുടെ ഗവേഷണ തല്‍പരത വര്‍ദ്ധിപ്പിക്കല്‍, അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം എന്നിവ ഉറപ്പു വരുത്താനാണ് പത്തു ദിവസം വീതമുള്ള പരിശീലന പദ്ധതി.
മദ്യത്തിനു വില കൂട്ടിയതിനു പിന്നില്‍ വന്‍അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിറ്റുവരവു നികുതി ഒഴിവാക്കിയതിന്റെ നേട്ടം വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്കാണ്. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും വിലകൂടിയ സംസ്ഥാനമായി കേരളം മാറും. മദ്യക്കമ്പനികള്‍ സിപിഎമ്മുമായി ഒത്തുകളിച്ച് നികുതി ഒഴിവാക്കി. തീരുമാനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്കു മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയില്‍ ശശി തരൂര്‍. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയര്‍ പാര്‍ട്ടി പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണെന്നും എല്ലാവരെയും ചതിച്ചുവെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.
കുഫോസ് ആക്ടിംഗ് വൈസ് ചാന്‍സലറായി ഗവര്‍ണര്‍ നിയമിച്ച ഡോ. എം. റോസലിന്‍ഡ് ജോര്‍ജ് ചുമതലയേറ്റു. റിജി ജോണിന്റെ നിയമനം കോടതി റദ്ദാക്കിയതിനാലാണ് ഗവര്‍ണര്‍ താത്കാലിക വിസിക്ക് ചുമതല നല്‍കിയത്. ഭരണ സ്തംഭനം ഒഴിവാക്കാനാണ് ചുമതലയേല്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ പ്രചാരണമുണ്ടാക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നേറണം. തരൂര്‍ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ബലൂണ്‍ പ്രയോഗം ശശി തരൂരിനെ ഉദ്ദേശില്ലച്ചല്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി കുപ്പായം തുന്നിക്കണമെങ്കില്‍ നാല് വര്‍ഷം കാത്തിരിക്കണമെന്നും കെ മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം. പൊലീസ് സ്ത്രീകളെയും കുട്ടികളെയും ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകള്‍ ഉപരോധിച്ചത്.
പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചു. കൊല്ലങ്കേട് ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരായ നിലന്‍ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാംകുറിശ്ശി.
പാലക്കാട് മങ്കര പോക്‌സോ അതിജീവിതയെ പ്രോസിക്യൂട്ടര്‍ ഭീഷണിപ്പെടുത്തിയെന്നും പ്രധാന സാക്ഷിയെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പരാതി. പാലക്കാട് പോക്‌സോ പ്രോസിക്യൂട്ടര്‍ സുബ്രഹ്‌മണ്യനെതിരെ നടപടി ആവശ്യപ്പെട്ട് വനിത ശിശുക്ഷേമ സമിതിയുടെ ലീഗല്‍ കൗണ്‍സലറും അതിജീവിതയും ജില്ല ജഡ്ജിക്കു പരാതി നല്‍കി. സാക്ഷിയായ ഹോസ്റ്റല്‍ വാര്‍ഡനെ ഒഴിവാക്കാനാണു ശ്രമിച്ചത്.
ചാലക്കുടി മലക്കപ്പാറയില്‍ കബാലി എന്ന കാട്ടാന ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ് കൊമ്പില്‍ കുത്തിയുയര്‍ത്തി. ചാലക്കുടിയില്‍നിന്ന് മലക്കപ്പാറക്കു പോയ ബസിനെയാണ് ആന ആക്രമിച്ചത്. അമ്പലപ്പാറ ഒന്നാം ഹെയര്‍പിന്‍ വളവിലായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. രണ്ടു മണിക്കൂറോളം ആന പരാക്രമവുമായി റോഡില്‍ തുടര്‍ന്നു. രാത്രി എട്ടിന് മലക്കപ്പാറ എത്തേണ്ട ബസ് 11 നാണ് എത്തിയത്.
കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറെ തെരുവില്‍ നേരിടുമെന്നു ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി. സര്‍വകലാശാലയിലെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ നാട്ടിലുണ്ടെന്ന് ഓര്‍ക്കണമെന്ന് ഡിവൈഎഫ്‌ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അനീസ് അഹമ്മദ് പ്രസംഗിച്ചു. രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരത്തിനിടെയാണ് പ്രസംഗം. മന്ത്രി കെ. രാജനെതിരെയും രൂക്ഷവിമര്‍ശനം നടത്തി.
തലശേരി ജനറല്‍ ആശുപതിയില്‍ ചികില്‍സ തേടിയ പതിനേഴുകാരന്‍ സുല്‍ത്താന്റെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. എല്ലു രോഗ വിദഗ്ധന്‍ ഡോ. വിജുമോനെതിരെയാണ് ചേികില്‍സ പിഴവിന് തലശേരി പൊലിസ് കേസെടുത്തത്.
മാല്‍ക്ക ഷാര്‍ജയുടെ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് ആല്‍ഫ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. നൂറുദീന്. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ശ്രംഘലയിലൂടെ കേരളത്തിലെ വിവിധ ജില്ലകളില്‍ രോഗീപരിചരണം നടത്തുന്ന ജീവകാരുണ്യ സേവനങ്ങളെ കണക്കിലെടുത്താണ് പുരസകാരം സമ്മാനിക്കുന്നത്. ഡിസംബര്‍ 11 നു ഷാര്‍ജയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ശൈശവ വിവാഹം. പതിനേഴു വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതിന് മാതാപിതാക്കള്‍, വരന്‍ എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. ഈ മാസം 18 നായിരുന്നു വിവാഹം.
എറണാകുളത്ത് നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍ നാളെ സമാപിക്കും. ഇന്ന് ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ജനറല്‍ /പീഡിയാട്രിക് / മെന്റല്‍ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്കുള്ള അഭിമുഖമാണ്. വെള്ളിയാഴ്ച ജനറല്‍ / മെന്റല്‍ ഹെല്‍ത്ത് നഴ്‌സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കാണ് അഭിമുഖം.
ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു പത്തു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കിളിമാനൂര്‍ സ്വദേശി ശരതി (30) നെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍
പ്രകോപനമില്ലാതെയാണ് ആസാം -മേഘാലയ അതിര്‍ത്തിയില്‍ പോലീസുകാരനടക്കം ആറു പേര്‍ കൊല്ലപ്പെട്ട വെടിവയ്‌പെന്നു സമ്മതിച്ച് ആസാം. കേന്ദ്രത്തിനു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേന്ദ്രം നിര്‍ദ്ദേശിക്കുന്ന അന്വേഷണം അംഗീകരിക്കുമെന്നും ആസാം അറിയിച്ചു. കേന്ദ്ര ആന്വേഷണം ആവശ്യപ്പെട്ട് മേഘാലയ മുഖ്യമന്ത്രി കൊര്‍ണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
നടന്‍ കമല്‍ ഹാസനു പനിയും ശ്വാസതടസവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലാണ് കമല്‍ ഹാസനെ പ്രവേശിപ്പിച്ചത്.