mid day hd 2
ബഫർ സോൺ സാറ്റലൈറ്റ് സര്‍വ്വേ റിപ്പോര്‍ട്ടിനെതിരെ പാർലമെന്‍റ്  വളപ്പിൽ   യുഡിഎഫ് എംപിമാരുടെ പ്രതിഷേധ സമരം.  നേരത്തെ ബഫർ സോണിൽ ഉൾപ്പെടാത്ത സ്ഥലങ്ങൾ സാറ്റ്‌ലൈറ്റ് സർവേയിൽ ബഫർ സോൺ ആയെന്ന് എംപിമാർ ആരോപിച്ചു. ഫിസിക്കൽ സർവേ നടത്തണമെന്ന്  ആവശ്യപ്പെട്ടാണു പ്രതിഷേധം.
ബഫര്‍സോണ്‍ പ്രതിഷേധത്തെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍. മന്ത്രിമാരായ ആന്‍റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ മാർ ക്ലിമ്മിസിനെ കണ്ടു.  ബഫര്‍സോണില്‍ ഒരു ആശങ്കയും ഇല്ലെന്നു മന്ത്രി  റോഷി അഗസ്റ്റിന്‍ പറഞ്ഞത്. ഫീല്‍ഡ് സര്‍വേ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കര്‍ദിനാളിനെ കണ്ടത് ക്രിസ്മസ് ആശംസ അറിയിക്കാനെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനു  ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷണം ലഭിച്ചവര്‍ പോയി വിരുന്ന് ആസ്വദിക്കട്ടെ. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ  എതിര്‍ക്കുന്നതു വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു. ഉച്ചയ്ക്കു രണ്ടരയ്ക്കു മസ്കറ്റ് ഹോട്ടലിലാണ് വിരുന്ന്.
പരീക്ഷ ജയിക്കാത്ത ഏഴു പേർക്കു ബിരുദദാന  ചടങ്ങിൽ ബിരുദം  നൽകിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ  നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങിനെക്കുറിച്ച് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട്  അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.
പോക്സോ കേസ് അതിജീവിതയുടെ മൊഴി തിരുത്താന്‍ പ്രേരിപ്പിച്ചതിന് അഭിഭാഷകൻ സക്കറിയ, ഗ്രാമ പഞ്ചായത്ത് അംഗം നെയ്യത്തൂർ കുഞ്ഞിപ്പ എന്നിവർക്കെതിരെ കേസ്. മൊഴി തിരുത്താന്‍ സമ്മര്‍ദമെന്ന് അതിജീവിതയുടെ പരാതിയിൽ കാടാമ്പുഴ പൊലീസാണു കേസെടുത്തത്.
ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ദിവ്യനായർക്കു  പുറമേ വേറെയും ഇടനിലക്കാർ. അമരവിള എൽപി സ്കൂളിലെ അറബിക് അധ്യാപകൻ ഷംനാദും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തു.
ബഫർസോണിൽ സർക്കാർ കർഷകരെ വഞ്ചിച്ചെന്ന്  കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ദൂരപരിധി ഒരു കിലോമീറ്ററാക്കിയത് സംസ്ഥാന സർക്കാരാണ്.  ലക്ഷക്കണക്കിനു കർഷകർ  വഴിയാധാരമാകും.  അബദ്ധ പഞ്ചാംഗമായ ഉപഗ്രഹ സർവേ റിപ്പോർട്ട്‌ തള്ളണം. ചെന്നിത്തല ആവശ്യപ്പെട്ടു.
കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ തിരുവനന്തപുരത്ത്  അന്തരിച്ചു. 73 വയസായിരുന്നു.  മുന്‍ കെപിസിസി പ്രസിഡന്‍റ് വരദരാജന്‍ നായരുടെ മകനാണ്. കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. ദീർഘനാൾ പത്രപ്രവർത്തകനായിരുന്നു.
എറണാകുളം അങ്കമാലി അതിരൂപത ബസലിക്കയിൽ കുർബാനക്കെത്തിയ ഫാ.ആന്റണി പൂതവേലിനെ വിമത വിഭാഗം തടഞ്ഞു. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ നോമിനിയാണ് ഫാ.ആന്റണി പുതുവേലിൽ. കുർബാന തർക്കം നിലനിൽക്കുന്ന എറണാകുളം അങ്കാമാലി അതിരൂപതയിൽ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന്‍റെ മുറി അടച്ചുപൂട്ടി വിമത വൈദികർ അയോഗ്യത നോട്ടീസ് പതിച്ചു.
ബഫർ സോൺ സമരത്തിൽ  സിപിഎം പ്രാദേശിക നേതാക്കളും. ഇന്നലെ കൂരാച്ചുണ്ടിൽ നടന്ന ജന ജാഗ്രത യാത്രയിലാണ് കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും അടക്കം പങ്കെടുത്തത്. താമരശേരി രൂപതയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിന് രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നാണ് നേതാക്കളുടെ വിശദീകരണം.
ഫറോക് പഴയ പാലത്തിൽ മദ്യം കയറ്റി വന്ന ലോറി ഇടിച്ച് അപകടം. മദ്യകുപ്പികൾ റോഡിൽ വീണു. ലോറി നിർത്താതെ പോയി. മദ്യ കുപ്പികൾ നാട്ടുകാർ കൊണ്ടുപോയി. അവശേഷിച്ച മദ്യ കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ട്രെയിനിടിച്ച വയോധികയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പൊലീസുകാരന്‍. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വൈശാഖ് ആണ് പരിക്കേറ്റ വയോധിക  കാരോട് ചൂരക്കുഴി വീട്ടിൽ കുഞ്ഞി (80) യെ രക്ഷിക്കാൻ  മൂന്നൂറു മീറ്ററോളം തോളിൽ എടുത്ത് റോഡിൽ എത്തിച്ച് പൊലീസ് ജീപ്പില്‍ ആശുപത്രിയിൽ എത്തിച്ചത്.
രാജ്യത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത് 1103 കേസുകളാണ്. ലോക്ഡൗണിനു ശേഷമുള്ള  ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു. കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്‍തത് 12 കൊവിഡ് മരണമാണ്.
വൻ തുക നികുതിയടക്കാൻ താജ്‌മഹലിന്  ഉത്തർപ്രദേശിലെ ആഗ്ര മുനിസിപ്പൽ കോർപറേഷൻ്റെ നോട്ടീസ്.  വെള്ളക്കരമായി 1.9 കോടി രൂപയും കെട്ടിട നികുതിയായി 1.5 ലക്ഷം രൂപയും അയ്ക്കണമെന്നാണു   നോട്ടീസ്. താജ്മഹലിൽ സംരക്ഷിക്കുന്ന ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നോട്ടീസ് ലഭിച്ചത്.  പൈതൃക സ്മാരകങ്ങൾക്കു നികുതി ബാധകമല്ലെന്ന് പുരാവസ്തു വകുപ്പ് പ്രതികരിച്ചു.
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു.
ചാൾസ് രാജാവിന്‍റെ ചിത്രമുള്ള നോട്ടുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കി. 5, 10, 20, 50 ബ്രിട്ടീഷ് പൗണ്ട് നോട്ടുകളാണ്  ഡിസൈനുകളില്‍ മാറ്റമില്ലാതെ ചാള്‍സ് രാജാവിന്‍റെ ചിത്രം സഹിതം പുറത്തിറക്കിയത്. 2024 പകുതിയോടെ ഈ നോട്ടുകള്‍ വിനിമയത്തിലാകും.
കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താന്‍ നിര്‍ദേശിച്ചു. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ ശ്രമം എന്നീ മൂന്നു കുറ്റങ്ങൾ ചുമത്താനാണ്  നിര്‍ദേശം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *