ചരിത്രം കുറിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’. ഏഴാം ദിവസം ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുണ്‍ ചിത്രം ‘ലോക’. നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യന്‍ സിനിമ ബോക്‌സ്ഓഫീസില്‍ കോടികള്‍ കൊയ്യുന്നതും അപൂര്‍വ കാഴ്ചയാണ്. ഏകദേശം 30 കോടി ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്. വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പര്‍ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നസ്ലിന്‍, സാന്‍ഡി, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്.