ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം എസ്.ബി.ഐയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ സ്വന്തമാക്കി. നിലവില്‍ 5.70 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ വിപണിമൂല്യം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ വിപണിമൂല്യം 5.60 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം ഏകദേശം രണ്ടുലക്ഷം കോടി രൂപയുടെ വര്‍ധന എല്‍.ഐ.സി ഓഹരികളിലുണ്ടായിട്ടുണ്ട്. ഇന്നലെ എല്‍.ഐ.സിയുടെ ഓഹരിവില 5.30 ശതമാനം മുന്നേറി ഒരുവേള 900 രൂപ ഭേദിച്ചിരുന്നു. 2022 മേയ് 17നായിരുന്നു എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്‍പന. 949 രൂപയായിരുന്നു ഇഷ്യൂ വിലയെങ്കിലും ലിസ്റ്റിംഗ് നടന്നത് 875 രൂപയിലായിരുന്നു. തുടര്‍ന്ന്, ഇന്നലെയാണ് ആദ്യമായി ഓഹരിവില ലിസ്റ്റിംഗ് വിലയേക്കാള്‍ ഉയരത്തിലെത്തിയത്. നിലവില്‍ 1.21 ശതമാനം ഉയര്‍ന്ന് 903.35 രൂപയിലാണ് എല്‍.ഐ.സി ഓഹരികള്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 ശതമാനവും 6 മാസത്തിനിടെ 45 ശതമാനവും വളര്‍ച്ച എല്‍.ഐ.സി ഓഹരികള്‍ കൈവരിച്ചിട്ടുണ്ട്. ലിസ്റ്റിംഗിന് ശേഷം ഒരുവേള 530 രൂപവരെ കൂപ്പകുത്തിയ ഓഹരിവിലയാണ് ഇപ്പോള്‍ തിരിച്ചുകയറ്റത്തിന്റെ പാതയിലൂടെ കടന്നുപോകുന്നത്.’ജീവന്‍ ഉത്സവ്’ ഉള്‍പ്പെടെ അടുത്തിടെ പുറത്തിറക്കിയ പുത്തന്‍ ഇന്‍ഷ്വറന്‍സ് സ്‌കീമുകളുടെ സ്വീകാര്യതയുടെ പിന്‍ബലത്തില്‍ കൂടിയാണ് എല്‍.ഐ.സി ഓഹരികളുടെ കുതിപ്പ്.