ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചാനലിലും പോള്‍ ഫീച്ചര്‍ എത്തിയിരിക്കുകയാണ്. നിലവില്‍, ഐഒഎസ് പ്ലാറ്റ്ഫോമിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പോള്‍ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ചാനല്‍ ഉടമകള്‍ക്ക് ഭൂരിപക്ഷാഭിപ്രായം അറിയാന്‍ സാധിക്കും. മാസങ്ങള്‍ക്കു മുന്‍പ് തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോള്‍ ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു. ചാനലില്‍ ചാറ്റ് അറ്റാച്മെന്റ് മെനുവിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പോള്‍ സൃഷ്ടിക്കുന്നതില്‍ ചാനല്‍ ഉടമകള്‍ക്ക് പൂര്‍ണമായി നിയന്ത്രണം നല്കുന്ന തരത്തിലാണ് ഫീച്ചറിന്റെ പ്രവര്‍ത്തനം. ഒന്നിലധികം ഉത്തരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കി, ഒരെണ്ണം മാത്രം തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചാനല്‍ ഫോളോ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ കൂടുതല്‍ ഉപകാരപ്രദമാകും. സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നതിനാല് പോളില്‍ വോട്ട് ചെയ്യുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയില്ല. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.
വാട്സ്ആപ്പ് ചാനലിലും പോള്‍ ഫീച്ചര്‍ എത്തി!
