ഹിന്‍ഡന്‍ബര്‍ഗ് സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളില്‍ നിലതെറ്റി അദാനി ഗ്രൂപ് ഓഹരികള്‍ തകര്‍ന്നടിഞ്ഞിട്ടും അദാനി എന്റര്‍പ്രൈസസില്‍ കൂടുതല്‍ പണമിറക്കി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍.ഐ.സി). 20,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ് തുടക്കമിട്ട തുടര്‍ ഓഹരി വില്‍പനയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ 300 കോടിയാണ് മുടക്കിയത്. എഫ്.പി.ഒയില്‍ ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചതില്‍ 9,15,748 ഓഹരികള്‍കൂടി വാങ്ങാന്‍ 300 കോടി രൂപ ചെലവിട്ടതായി അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ് പറയുന്നു. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഓഹരികളുടെ അഞ്ച് ശതമാനമാണ് എല്‍.ഐ.സി സ്വന്തമാക്കിയത്. നേരത്തെ 4.23 ശതമാനം ഓഹരിയാണ് എല്‍.ഐ.സിക്കുണ്ടായിരുന്നത്. 33 സ്ഥാപന നിക്ഷേപകര്‍ 5,985 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. സ്റ്റോക്ക് എക്സ്ചേഞ്ച് വിവരങ്ങള്‍ പ്രകാരം അദാനി ഓഹരികളില്‍ 28,400 കോടി രൂപയുടെ നിക്ഷേപമാണ് എല്‍.ഐ.സിക്കുള്ളത്. ഓഹരിവില തകരും മുമ്പ് ഈ ഓഹരികളുടെ മൂല്യം 72,200 കോടി രൂപയായിരുന്നു. പിന്നീട് 55,700 കോടി രൂപയായി കുറഞ്ഞെങ്കിലും നിക്ഷേപത്തേക്കാള്‍ 27,300 കോടി രൂപയുടെ അറ്റാദായ നേട്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അദാനി പോര്‍ട്ടിലും പ്രത്യേക സാമ്പത്തിക മേഖലയിലും ഒമ്പത് ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 3.7 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 1.3 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡില്‍ ആറു ശതമാനവും ഓഹരികളാണ് എല്‍.ഐ.സിയുടെ കൈവശമുള്ളത്.