കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയുമായ എല്‍.ഐ.സി ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായി ഓഹരിക്ക് 6 രൂപ വീതം പ്രഖ്യാപിച്ചു. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായ കേന്ദ്രസര്‍ക്കാരിന് ഇതുപ്രകാരം 3,662 കോടി രൂപ ലഭിക്കും. എല്‍.ഐ.സിയില്‍ കേന്ദ്രസര്‍ക്കാരിനുള്ളത് 96.50 ശതമാനം ഓഹരി പങ്കാളിത്തമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 13,782 കോടി രൂപയുടെ ലാഭമാണ് എല്‍.ഐ.സി നേടിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 13,191 കോടി രൂപയേക്കാള്‍ 4.5 ശതമാനം മാത്രം അധികം. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ മുഖ്യ വരുമാനസ്രോതസ്സുകളിലൊന്നായ ആദ്യവര്‍ഷ പ്രീമിയത്തില്‍ 58.87 ശതമാനം വിപണിവിഹിതവുമായി എല്‍.ഐ.സി തന്നെയാണ് ഒന്നാംസ്ഥാനത്ത്. വ്യക്തിഗത പ്രീമിയം ബിസിനസില്‍ 38.44 ശതമാനവും ഗ്രൂപ്പ് പ്രീമിയം ബിസിനസില്‍ 72.30 ശതമാനവും വിപണിവിഹിതം എല്‍.ഐ.സിക്കുണ്ട്. എല്‍.ഐ.സിയുടെ മൊത്തം പ്രീമിയം വരുമാനം കഴിഞ്ഞവര്‍ഷം 4.74 ലക്ഷം കോടി രൂപയില്‍ നിന്ന് നേരിയ വളര്‍ച്ചയുമായി 4.75 ലക്ഷം കോടി രൂപയായി. മൊത്തം വ്യക്തിഗത പ്രീമിയം വരുമാനം 2.92 ലക്ഷം കോടി രൂപയായിരുന്നത് 3.03 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടു. ഗ്രൂപ്പ് ബിസിനസ് ടോട്ടല്‍ പ്രീമിയം പക്ഷേ 1.81 ലക്ഷം കോടി രൂപയില്‍ നിന്ന് 1.71 ലക്ഷം കോടി രൂപയിലേക്ക് കുറഞ്ഞു. എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മാര്‍ച്ച് 31ലെ കണക്കുപ്രകാരം 51.21 ലക്ഷം കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷത്തെ 43.97 ലക്ഷം കോടി രൂപയേക്കാള്‍ 16.48 ശതമാനം വളര്‍ച്ച. വ്യക്തിഗത വിഭാഗത്തില്‍ 2.03 കോടി പോളിസികള്‍ കഴിഞ്ഞവര്‍ഷം കമ്പനി വിതരണം ചെയ്തു. 2022-23ല്‍ ഇത് 2.04 കോടിയായിരുന്നു. പുതിയ ബിസിനസ് മൂല്യം 9,156 കോടി രൂപയില്‍ നിന്ന് 9,583 കോടി രൂപയായി മെച്ചപ്പെട്ടു; വര്‍ധന 4.66 ശതമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2023-24) മൊത്തം കണക്കെടുത്താല്‍ എല്‍.ഐ.സിയുടെ ലാഭം 36,397 കോടി രൂപയില്‍ നിന്ന് 40,676 കോടി രൂപയായി മെച്ചപ്പെട്ടിട്ടുണ്ട്.
ജനുവരി-മാര്‍ച്ചില്‍ എല്‍.ഐ.സി നേടിയത് 13,782 കോടി ലാഭം
