ഭക്ഷണം തണുക്കുമ്പോള്‍ ചൂടാക്കുന്നതിന് പിന്നിലൊരു ശാസ്ത്രമുണ്ടെന്നാണ് സാന്‍ ഡിജിയോ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍ പുതിയ പഠനത്തിലൂടെ വ്യക്തമാക്കുന്നത്. ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ അല്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ ചൂടോടെ കഴിക്കുന്നത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുണ്ട്. ഇത് ഉത്കണ്ഠ, ഇന്‍സോമിയ പോലുള്ള ലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും ചേരുവയെക്കാള്‍ ഭക്ഷണത്തിന്റെ ചൂട് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നുണ്ടെന്നും ബ്രിട്ടിഷ് ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള 400 പേരാണ് പഠനത്തിന്റെ ഭാഗമായത്. തണുത്ത ഭക്ഷണം കഴിച്ചവരില്‍ ഉയര്‍ന്ന അളവില്‍ ഉത്കണ്ഠ പ്രശ്നങ്ങളും ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നുവെന്നും ഗവേഷകര്‍ വിശദീകരിച്ചു. മാത്രമല്ല, ശൈത്യകാലത്ത് ചൂടോടെ ഭക്ഷണം കഴിക്കുന്നത് വിഷാദ ലക്ഷണങ്ങളും ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളും കുറച്ചതായി കണ്ടെത്തി. രക്തയോട്ടം മോശമായവരില്‍ തണുത്ത ഭക്ഷണപാനീയങ്ങളോടുള്ള സംവേദനക്ഷമത കൂടുതലാണെന്നും പഠനം പറയുന്നു. തണുത്ത ഭക്ഷണങ്ങള്‍ക്ക് അധിക ദഹന ഊര്‍ജ്ജം ആവശ്യമാണ്, ഇത് ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാക്കുന്നു.
