കടലില്‍ ലാവ | സ്വീറ്റ് ബോക്‌സ്
വടക്കന്‍ പസഫിക് കടലിലെ ചെറുദ്വീപ് സമൂഹമാണ് ഹവായി. എട്ടു ദ്വീപുകളാണു ഹവായിലുള്ളത്. സജീവ അഗ്നിപര്‍വ്വത മേഖലയാണിത്. ഹവായിലെ ബിഗ് ഐലന്‍ഡിലെ അഗ്നിപര്‍വതത്തില്‍നിന്നു തിളച്ചുമറിയുന്ന ലാവ കടലിലേക്കു പതിക്കുന്ന അത്യപൂര്‍വമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ ലാവാ പ്രവാഹത്തെ ‘ഫയര്‍ഹോസ്’ എന്നാണു പറയുക. തിളച്ചുമറിയുന്ന ലാവ കടല്‍ വെള്ളത്തില്‍ പതിക്കുമ്പോള്‍ തിരമാലയടിച്ചുലയുന്ന കടല്‍വെള്ളവും തിളച്ചു മറിയുന്നതു കാണാം. കടല്‍ വെള്ളത്തില്‍നിന്നും ലാവയില്‍നിന്നെന്ന പോലെ പുകയും ഉയരുന്നു. 2,000 ഡിഗ്രി താപനിലയിലാണ് ലാവ ഒഴുകുന്നത്. ‘ലാവ കടലുമായി സന്ധിക്കുന്നു’ എന്ന കുറിപ്പോടെ ‘സയന്‍സ് ഗേള്‍’ എക്സ് പ്ളാറ്റ്ഫോമിലൂടെയാണു വീഡിയോ പങ്കുവച്ചത്. ഇന്ററസ്റ്റിംഗ് ചാനല്‍ എന്ന എക്സ് അക്കൗണ്ടുടമ പങ്കുവച്ച വീഡിയോ സയന്‍സ് ഗേള്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു. ലക്ഷക്കണക്കിനു പേരാണ് ഈ വീഡിയോ ആസ്വദിച്ചത്.