web cover 28

മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കാമോയെന്നു പരിശോധിക്കാന്‍ കേന്ദ്രം കമ്മീഷനെ നിയോഗിച്ചു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് നിയോഗിച്ചത്. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളിലെ ദളിതര്‍ക്ക് പട്ടിക ജാതി സംവരണ ആനുകൂല്യം നല്കണമെന്ന ആവശ്യം പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രവീന്ദ്രകുമാര്‍ ജയിന്‍, യുജിസി അംഗം ഡോ. സുഷ്മ എന്നിവര്‍ അംഗങ്ങളാണ്.

പുറങ്കടല്‍ വഴിയുള്ള ലഹരിക്കടത്തിനു പിറകില്‍ പാകിസ്ഥാനിലെ ഹാജി അലി നെറ്റ് വര്‍ക്ക് എന്ന മാഫിയ സംഘം. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ലഹരിവസ്തുക്കള്‍ ഉള്‍ക്കടലില്‍ മറ്റൊരു സംഘത്തിനു കൈമാറവേയാണ് പിടിയിലായത്. പിടിക്കപ്പെട്ട ഇറാനിയന്‍, പാക് പൗരന്മാരെ ചോദ്യം ചെയ്തപ്പോഴാണ് പാക് മാഫിയാ ബന്ധവും അഫ്ഗാന്‍ ബന്ധവും വെളിപ്പെട്ടത്. 1,200 കോടി രൂപ വിലമതിക്കുന്ന 210 കിലോ ഹെറോയിനാണ് ഉരുവില്‍നിന്ന് പിടിച്ചെടുത്തത്.

രാത്രി സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ നിരോധിക്കുന്നതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ഗതാഗത കമ്മീഷണറുടെ വിശദീകരണം തേടി. നാലാഴ്ചക്കകം വിശദീകരണം വേണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. പാലക്കാട് വടക്കഞ്ചേരിയില്‍ ഒമ്പതു പേര്‍ മരിച്ച വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജയിലില്‍ കഴിയുന്ന ബെലറൂസ് മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളും പങ്കിട്ടു. ബെലറൂസിലെ മനുഷ്യവകാശ പ്രവര്‍ത്തകന്‍ അലെയ്സ് ബിയാലിയറ്റ്സ്‌കിയും റഷ്യ, യുക്രൈന്‍ മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്‌കാരം നേടിയത്. റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് എന്ന സംഘടനക്കുമാണ് പുരസ്‌കാരം. ബെലാറൂസില്‍ മനുഷ്യാവകാശ കൂട്ടായ്മ രൂപീകരിച്ച് ഏകാധിപതി അലക്‌സാണ്ടര്‍ ലുകാഷെങ്കോയ്ക്കെതിരെ സമര പരമ്പരകള്‍ നയിച്ചതിനാണ് അലേയ്സ് ബിയാലിയറ്റ്സ്‌കിയെ ജയിലിലടച്ചത്.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കു ഭൂമി ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി സര്‍ക്കാര്‍ നീട്ടി. 11 ജില്ലകളിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളില്‍ 18 ഉദ്യോഗസ്ഥരുടേയും സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥരുടേയും കാലാവധിയാണു നീട്ടി ഉത്തരവിറക്കിയത്.

കണ്ണൂര്‍ സര്‍വ്വകലാശാല അക്കാഡമിക് സ്റ്റഡീസ് ബോര്‍ഡംഗങ്ങളെ നിയമിക്കാനുള്ള പട്ടിക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. അയോഗ്യരായവരെ മാറ്റണമെന്ന നിര്‍ദേശത്തോടെയാണ് ഗവര്‍ണര്‍ പട്ടിക മടക്കിയത്. 72 പഠന ബോര്‍ഡുകളിലേക്ക് എണ്ണൂറിലേറെ അംഗങ്ങളെ നിയമിക്കാനുള്ള പട്ടികയാണിത്. ഇവരില്‍ 68 പേര്‍ക്ക് യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചെന്നും പരാതിയുണ്ട്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

വടക്കഞ്ചേരി അപകടത്തില്‍പെട്ട ടൂറിസ്റ്റു ബസിന്റെ ഉടമ കോട്ടയം പാമ്പാടി സ്വദേശി എസ്. അരുണ്‍ (30) അറസ്റ്റിലായി. ബസ് അമിത വേഗതയിലാണെന്ന് 19 തവണ സന്ദേശം അയച്ചിട്ടും അവഗണിച്ചെന്നും ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും ആരോപിച്ചാണ് അറസ്റ്റ്.

സംസ്ഥാനത്ത് ഇന്നലെ 134 ബസുകള്‍ക്കെതിരേ നടപടിയെടുത്തു. മോട്ടോര്‍ വാഹനവകുപ്പു നടത്തിയ പരിശോധനകളിലായി 2.16 ലക്ഷം രൂപ പിഴ ഈടാക്കി.

നിയമ ലംഘനമുള്ള ബസുകള്‍ പിടികൂടാന്‍ ഇന്നു മുതല്‍ ഫോക്കസ് 3 സ്പെഷ്യല്‍ ഡ്രൈവ്. ഈ മാസം 16 വരെ മോട്ടോര്‍ വാഹന വകുപ്പാണ് പരിശോധന നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിനു പിറകേ നിയമനടപടികളും പരിശോധനകളും കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ലൈന്‍ ട്രാഫിക് സംവിധാനം നടപ്പാക്കണമെന്ന് ഹൈക്കോടതി. റോഡിലെ നിയമ ലംഘനങ്ങളില്‍ കടുത്ത നടപടിവേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വടക്കഞ്ചേരി അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി കോടതിയില്‍ ഹാജരായ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു.

വടക്കഞ്ചേരിയില്‍ ഉണ്ടായ ബസപകടത്തില്‍ മരണമടഞ്ഞ മൂന്നു കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആക്ട് അനുസരിച്ച് യാത്രക്കാര്‍ക്ക് നല്‍കുന്ന അപകട ഇന്‍ഷുറന്‍സ് പ്രകാരമാണ് തുക നല്‍കുന്നത്.

കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് നോര്‍വേ മലയാളികള്‍. നോര്‍വ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തവേയാണ് നിക്ഷേപത്തിനു തയാറാണെന്ന് ചിലര്‍ പറഞ്ഞത്. എല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എലിപ്പനി രോഗനിര്‍ണയം വേഗത്തിലാക്കാന്‍ സംസ്ഥാനത്ത് ഒമ്പതു സര്‍ക്കാര്‍ ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി ബാധിച്ചവര്‍ക്ക് വളരെ വേഗം രോഗനിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ഈ പരിശോധന നടത്തുന്നത്.

സ്വിഫ്റ്റ് ബസുകള്‍ക്ക് 110 കിലോമീറ്റര്‍ വേഗതയില്‍ പറക്കാമെന്ന കെഎസ്ആര്‍ടിസിയുടെ സര്‍ക്കുലര്‍ വിവാദമായി. ഉത്തരവ് റദ്ദാക്കേണ്ടിവരുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ക്ക് കേരളത്തിന് പുറത്തുമാത്രമാണ് ഈ വേഗ പരിധി സാധ്യമാകൂ.

പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിന് കണ്ണൂര്‍ കോര്‍പറേഷന്‍ സിപിഎമ്മിന് പിഴ ചുമത്തി . ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിന് 47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് അതു തിരുത്തി. ഡെപ്പോസിറ്റായി വാങ്ങിയ 25,000 രൂപ തിരിച്ചുനല്‍കേണ്ടതില്ലെന്നാണു കൗണ്‍സിലിന്റെ തീരുമാനം.

കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി ഗിരിജക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. കോടിയേരിയുടെ മരണ വാര്‍ത്തയ്ക്കു താഴെ വിദ്വേഷ കമന്റിട്ടെന്ന് ആരോപിച്ചാണ് ഗിരിജയ്ക്കെതിരേ കലാപാഹ്വാനത്തിനു കേസെടുത്തത്. പ്രതികാര നടപടിയാണെന്ന് ബിജെപി ആരോപിച്ചു. ഗിരിജയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തൊക്കിലങ്ങാടി സ്‌കൂളിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി,.

റാന്നി ഗ്രാമ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെയുള്ള എല്‍ഡിഎഫ് ഭരണം അവസാനിച്ചു. യുഡിഎഫ് അവിശ്വാസ നോട്ടീസ് നല്‍കിയതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി രാജിവച്ചു. കേരള കോണ്‍ഗ്രസ് എം അംഗമാണ് ശോഭ ചാര്‍ളി. ശോഭയെ എല്‍ഡിഎഫില്‍നിന്ന് പുറത്താക്കിയെന്ന് അറിയിപ്പുണ്ടായെങ്കിലും എല്‍ഡിഎഫ് പിന്തുണ പിന്‍വലിച്ചിരുന്നില്ല.

വാഴക്കുളത്ത് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. സുധീഷ് (22), മൂവാറ്റുപുഴ അമല്‍ ഷാജി (24), മഞ്ഞളൂര്‍ സന്‍സില്‍ (22), എനാനല്ലൂര്‍ ചീരക്കുഴി പ്രവീണ്‍ (27), കരിങ്കുന്നം ആല്‍വിന്‍ (24) എന്നിവരെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം നയനാ ബാറിനു സമീപം വാഴക്കുളം സ്വദേശികളായ അഖില്‍, പ്രസാദ്, സിജു എന്നിവരെയാണ് പ്രതികള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയംഗവും എംഎല്‍എ യുമായ ടി.ഐ മധുസൂദനനും പയ്യന്നൂര്‍ ഏരിയ കമ്മറ്റി ഓഫീസിനും നേരെ ഭീഷണി. എംഎല്‍എയുടെ മൊബൈല്‍ ഫോണിലേക്കും ഏരിയാ കമ്മറ്റി ഓഫീസിലെ ലാന്‍ഡ് ലൈനിലേക്കും വിളിച്ചായിരുന്നു ഭീഷണി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ ചെറുതാഴം സ്വദേശി വിജേഷിനെതിരേ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ തലശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സിഗ്മ എന്ന ബസിനെതിരെയാണ് നടപടി. തലശേരി ആര്‍ടിഒ പതിനായിരം രൂപ പിഴയും ചുമത്തി.

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് ജോസിന്റെ വീട്ടിലെ കിണറ്റില്‍ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

കോഴിക്കോട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രവര്‍ത്തകയുമായ ആവള കുട്ടോത്ത് ഇയ്യത്തറേമ്മല്‍ ഇ.ടി രാധ അന്തരിച്ചു. 55 വയസായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൊല്ലം പരവൂരില്‍ കാറിടിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്നയാളെ അറസ്റ്റ് ചെയ്തു. കൂനംകുളം സ്വദേശി ആഷിഖ് ആണ് പിടിയിലായത്. അപകടമുണ്ടാക്കിയ കാറും കണ്ടെടുത്തു.

ബാലുശ്ശേരിയിലെ കെ.എം സച്ചിന്‍ദേവ് എംഎല്‍എയുടെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ പിതാവിനും മകള്‍ക്കും പരിക്കേറ്റു. താനൂര്‍ മൂസാന്റെ പുരക്കല്‍ ആബിത്ത് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം തമലത്തെ ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടി. പ്രാവച്ചമ്പലം സ്വദേശി അന്‍വറുദ്ദീനെ അറസ്റ്റു ചെയ്തു.

പിക്അപ് വാനില്‍ സവാളയോടൊപ്പം കടത്തിയ 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. വാന്‍ ഡ്രൈവര്‍ ആലപ്പുഴ ആലിശ്ശേരി വെളിമ്പറമ്പ് മുനീര്‍ (28), അമ്പലപ്പുഴ തെക്ക് കാവുങ്കല്‍ പുരയിടത്തില്‍ സജീര്‍ (23) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്.

കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ചാമുണ്ടി വളപ്പില്‍ ഇബ്രാഹിം ആണ് അറസ്റ്റിലായത്. വീട്ടില്‍നിന്ന് 300 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പൊലീസ് കണ്ടെടുത്തു.

നാലാം വ്യവസായ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തന്‍ ആശയങ്ങളും പുതിയ സാങ്കേതികവിദ്യകളും ചേര്‍ന്നതാകും നാലാം വ്യവസായ വിപ്ലവം. ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യ മാറും. ഗുജറാത്തില്‍ ‘ഇന്‍ഡസ്ട്രി 4.0’ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

ഡിജിറ്റല്‍ രൂപ പുറത്തിറക്കാന്‍ സജ്ജമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങള്‍ക്കു മാത്രം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ രൂപ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ രൂപ പുറത്തിറക്കുക.

അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ആരെ നിയമിക്കണമെന്നു നിര്‍ദേശിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റീസ് യു.യു ലളിതിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനാണ് അടുത്ത ഊഴം. യു.യു ലളിത് വിരമിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കേയാണ് നിയമന്ത്രാലയം കത്ത് നല്‍കിയത്.

പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കിനെ സ്വകാര്യവല്‍ക്കരിക്കുന്നു. ഐഡിബിഐ ബാങ്കില്‍ കേന്ദ്രസര്‍ക്കാരിനും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കും നിലവിലുള്ള 60.74 ശതമാനം ഓഹരികളും വില്‍ക്കും. ഓഹരി വിറ്റ് സ്വകാര്യവത്കരിക്കാന്‍ കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ തീരുമാനിച്ചതാണ്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെയും സഹോദരനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. യങ് ഇന്ത്യ ലിമിറ്റഡുമായി ഡി കെ ശിവകുമാര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യം. ഭാരത് ജോഡോ യാത്ര കര്‍ണാടകത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇഡി ഇരുവരെയും വിളിച്ചുവരുത്തി അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തത്.

നരേന്ദ്രമോദി പ്രധാനമന്ത്രിയല്ല, പ്രചാരണ മന്ത്രിയാണെന്ന് തെലങ്കാനയിലെ മന്ത്രി കെ.ടി. രാമറാവു. ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനുമാണ് കെ ടി രാമറാവു. നമ്മള്‍ അദ്ദേഹത്തിന്റെ മന്‍ കീ ബാത്ത് കേള്‍ക്കണം, പക്ഷേ ജന്‍ കീ ബാത്ത് (ജനങ്ങളുടെ ശബ്ദം) കേള്‍ക്കാന്‍ അദ്ദേഹം തയ്യാറല്ല രാമറാവു പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യയുടെ കൈ പിടിച്ച് രാഹുല്‍ഗാന്ധി ഓടുന്ന ദൃശ്യങ്ങള്‍ വൈറലായി. യാത്രക്കൊപ്പം നടക്കുകയായിരുന്ന സിദ്ധരാമയ്യയുടെ കൈ പിടിച്ച് രാഹുല്‍ ഓടിയതോടെ മറ്റു നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമെത്താന്‍ പിറകേ ഓടിയതും ദൃശ്യങ്ങളില്‍ കാണാം.

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞടുപ്പിനു മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഗുജറാത്ത് പിസിസി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും വമ്പന്‍ വരവേല്‍പു ലഭിച്ചു. പിസിസി അധ്യക്ഷന്‍മാരടക്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെതിരെ ശശി തരൂര്‍ വിഭാഗം ഹൈക്കമാന്‍ഡിന് രേഖാമൂലം പരാതി നല്‍കി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശി തരൂരിന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വമ്പന്‍ സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ ഉള്‍പ്പെടെ നൂറക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് തരൂരിനെ സ്വീകരിക്കാന്‍ എത്തിയത്. നേതാക്കള്‍ ആരും എത്തിയില്ല.

സെന്‍സര്‍ ബോര്‍ഡ് പിരിച്ചുവിട്ട് സനാതന സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നിയന്ത്രണത്തിലുള്ള സന്യാസി സംഘടനയായ അഖില ഭാരതീയ സന്ത് സമിതി. കാശി ജ്ഞാന്‍വാപി, മഥുര ശ്രീകൃഷ്ണ ജന്മഭൂമി എന്നിവ തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ടു.

ശിവസേനാ ചിഹ്നമായ അമ്പും വില്ലും തങ്ങളുടേതാണെന്ന് ഉദ്ധവ് താക്കറേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനാ വിഭാഗം യഥാര്‍ത്ഥ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയവരാണെന്നും അവര്‍ക്ക് പാര്‍ട്ടി ചിഹ്നത്തിന് അര്‍ഹതയില്ലെന്നും താക്കറെ വിഭാഗം.

രാജസ്ഥാനില്‍ 6,500 കോടി രൂപയുടെ വ്യവസായ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി. നിക്ഷേപക ഉച്ചകോടിയില്‍ കോണ്‍ഗ്രസ് നേതാവ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് വ്യവസായ നിക്ഷേപത്തിന് രാജസ്ഥാനിലേക്കു ക്ഷണിച്ചപ്പോഴാണ് അദാനി ഈ വാഗ്ദാനം നല്‍കിയത്.

ഒമ്പതു മാസത്തിനിടെ പാകിസ്ഥാനില്‍ ആറ് ഇന്ത്യന്‍ തടവുകാര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. അഞ്ചു പേര്‍ മത്സ്യത്തൊഴിലാളികളാണ്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരാണ് മരിച്ചത്. രാജ്യത്തുള്ള ഇന്ത്യന്‍ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയാണെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.

ചെങ്കടലില്‍ തീപിടിച്ച കപ്പലില്‍നിന്ന് 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാ സേന രക്ഷിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ദിശയില്‍ 123 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലിനു തീപിടിച്ചത്.

ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തിലൂടെ മഞ്ഞപ്പട അരങ്ങേറ്റം ഗംഭീരമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 82 ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന്‍ താരം ഇവാന്‍ കലിയുസ്‌നിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. 87 ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ അലക്സ് ലിമയ ഒരു ഗോള്‍ മടക്കി. രണ്ടു മിനിറ്റിനകം ഇവാന്‍ കലിയുസ്‌നി ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ നേടി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ഏഷ്യയിലെ രണ്ടാമത്തെ ധനികനുമായ മുകേഷ് അംബാനി സിംഗപ്പൂരില്‍ ഫാമിലി ഓഫീസ് തുടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഫീസിനായി മാനേജറേയും നിയമിച്ചിട്ടുണ്ട്. മാനേജര്‍ മറ്റ് ജീവനക്കാരെ തെരഞ്ഞെടുത്ത് വൈകാതെ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് വാര്‍ത്തകള്‍. നിരവധി ധനകരാണ് സിംഗപ്പൂരില്‍ ഫാമിലി ഓഫീസ് തുടങ്ങിയിരിക്കുന്നത്. ഹെഡ്ജ് ഫണ്ടിന്റെ ശതകോടീശ്വരന്‍ റേയ് ഡാലിയോ, ഗൂഗ്ള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ എന്നിവര്‍ക്കെല്ലാം സിംഗപ്പൂരില്‍ ഫാമിലി ഓഫീസുകളുണ്ട്. കുറഞ്ഞ നികുതിയും ഉയര്‍ന്ന സുരക്ഷയുമാണ് സിംഗപ്പൂരിനെ കമ്പനികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.ഇന്ത്യക്ക് പുറത്തും സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുകേഷ് അംബാനി സിംഗപ്പൂരില്‍ ഫാമിലി ഓഫീസ് തുറക്കുന്നതെന്നാണ് സൂചന. ആരാംകോയുടെ ചെയര്‍മാന്‍ ആയതിന് പിന്നാലെ കമ്പനി അന്താരാഷ്ട്ര രംഗത്തേക്ക് ചുവടുവെക്കുകയാണെന്ന് അംബാനി പറഞ്ഞിരുന്നു.

ഇന്ത്യയുടെ കാപ്പി കയറ്റുമതി 2021-22 വിളവെടുപ്പ് വര്‍ഷത്തില്‍ (ഒക്ടോബര്‍-സെപ്തംബര്‍) കാഴ്ചവച്ചത് റെക്കാഡ് മുന്നേറ്റം. മുന്‍വര്‍ഷത്തെ 3.48 ലക്ഷം ടണ്ണില്‍ നിന്ന് 4.25 ലക്ഷം ടണ്ണിലേക്കാണ് കയറ്റുമതി കുതിച്ചത്; വര്‍ദ്ധന 22 ശതമാനം. ഡോളറില്‍ കണക്കാക്കിയാല്‍ കയറ്റുമതി വരുമാനം 84.2 കോടി ഡോളറില്‍ നിന്ന് 36 ശതമാനം വര്‍ദ്ധിച്ച് 114.6 കോടി ഡോളറിലെത്തി. രൂപയില്‍ വളര്‍ച്ച 42 ശതമാനമാണ്. 6,171 കോടി രൂപയില്‍ നിന്ന് 8,800 കോടി രൂപയിലേക്ക് വരുമാനം ഉയര്‍ന്നു. യൂറോപ്പില്‍ നിന്ന് പ്രത്യേകിച്ച് ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് റെക്കാഡ് കയറ്റുമതിക്ക് വഴിവച്ചത്. മികച്ച ഡിമാന്‍ഡിന്റെ പശ്ചാത്തലത്തില്‍ കാപ്പി കയറ്റുമതി വില ടണ്ണിന് മുന്‍വര്‍ഷത്തെ 1.77 ലക്ഷം രൂപയില്‍ നിന്ന് 16 ശതമാനം വര്‍ദ്ധിച്ച് ഈവര്‍ഷം 2.06 ലക്ഷം രൂപയായി.

നിവിന്‍ പോളി നായകനായി എത്തുന്ന പടവെട്ടിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സംഘര്‍ഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകളോടെ എത്തിയ ട്രെയിലറില്‍ നിവിന്റെ മാസ് പ്രകടനമാണ് കാണാന്‍ സാധിക്കുന്നത്. പതിനായിരങ്ങളെ സാക്ഷിയാക്കി കൊച്ചി ഐ.എസ്.എല്‍ വേദിയില്‍ കേരള ബാസ്റ്റേഴ്‌സിനൊപ്പമാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചൂഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഈ വര്‍ഷം തെലുങ്ക് സിനിമയില്‍ നിന്നുള്ള ഹിറ്റുകളില്‍ ഒന്നാണ് സീതാ രാമം. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തില്‍ എത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം തെന്നിന്ത്യന്‍ പതിപ്പുകളില്‍ നിന്നുമാത്രം 75 കോടിയില്‍ ഏറെ നേടിയിരുന്നു. ചിത്രം അഞ്ച് വാരം കൊണ്ട് നേടിയ ആകെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ആദ്യവാരം 3.25 കോടിയുമായി ബോക്സ് ഓഫീസില്‍ യാത്രയാരംഭിച്ച സീതാ രാമം ഹിന്ദി പതിപ്പ് രണ്ടാം വാരം 1.43 കോടിയും മൂന്നാം വാരം 1.38 കോടിയും നേടി. നാലാം വാരം- 1.55 കോടി, അഞ്ചാം വാരം- 58 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. ഹിന്ദി പതിപ്പിന്റെ ആകെയുള്ള ബോക്സ് ഓഫീസ് നേട്ടം 8.19 കോടി. ഹിന്ദി പതിപ്പിന്റെ തിയറ്റര്‍ റിലീസിന് തൊട്ടുപിന്നാലെയായിരുന്നു സീതാ രാമം തെന്നിന്ത്യന്‍ പതിപ്പുകളുടെ ഒടിടി റിലീസ്. ഹിന്ദി പതിപ്പിന്റെ കളക്ഷനെ ഇത് സ്വാധീനിച്ചിട്ടുണ്ട്. എന്നിരിക്കിലും അഭിമാനാര്‍ഹമായ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബിഎസ്എയില്‍ നിന്നുള്ള പുതിയ റെട്രോ-സ്റ്റൈല്‍ മോട്ടോര്‍സൈക്കിളായ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650നെ 2023 മുതല്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറാണ്. അതിന്റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, 2023 മാര്‍ച്ചോടെ ബൈക്ക് ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയില്‍, ഈ ബിഎസ്എ ഈ റെട്രോ ബൈക്കിന്റെ വില 6500 പൗണ്ട് (ഏകദേശം 6.23 ലക്ഷം രൂപ) മുതലാണ്. ഇവിടെ മോഡലിന് 2.9 ലക്ഷം രൂപ മുതല്‍ വില പ്രതീക്ഷിക്കുന്നു. പ്രാദേശിക ഉല്‍പ്പാദനമാണ് ഈ വിലക്കുറവിന് പിന്നില്‍.

കവിത വായിച്ച് മനസ്സിലാവുന്നില്ല എന്നു പറയുന്നവര്‍ ധാരാളം. സാഹിത്യം, സിനിമ, നാടകം, ചിത്ര കല എന്നിവയ്ക്കൊക്കെയും ഈ മനസ്സിലാവായ്മ പ്രതികരണമായി കിട്ടാറുണ്ട്. എന്നാല്‍ ഒരു പാട്ടു കേട്ട് അല്ലെങ്കില്‍ കൊട്ടു കേട്ട്, നൃത്തം കണ്ട് മനസ്സിലായില്ല എന്നു പറയുന്നവര്‍ കുറവായിരിക്കും. നമുക്കു മനസ്സിലാവാത്ത ഭാഷയിലെ പാട്ടായാലും അതു കേട്ടു നമ്മള്‍ മനസ്സിലായില്ല എന്നു പറയാറില്ല. ഈ മനസ്സിലാവലിനെയും മനസ്സിലാവായ്മയെയും ഒന്നു പിന്തുടര്‍ന്നുനോക്കുന്നത് രസകരമാവും. ‘കവിനിഴല്‍മാല’. പി രാമന്‍. ഡിസി ബുക്സ്. വില 189 രൂപ.

പോഷകസമൃദ്ധമായ ആഹാരക്രമം ചിട്ടയായി പാലിക്കുന്നത് മുടിയിലും ചര്‍മ്മത്തിലും പ്രതിഫലിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മ പോലെ തന്നെ നമ്മള്‍ എന്ത് കഴിക്കുന്നു എന്നതാണ് മുടിയുടെയും ആരോഗ്യം നിര്‍ണയിക്കുന്ന ഘടകം. നമ്മുടെ ഓരോ മുടിയിഴയ്ക്കും കൃത്യമായ പോഷകങ്ങള്‍ സ്ഥിരമായി വിതരണം ചെയ്യേണ്ടത് അനിവാര്യമാണ്. മുടിക്ക് കരുത്തും തിളക്കവും നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശരിയായ അളവില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മുടിയെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കുന്ന ചില ഡയറ്റ് ടിപ്‌സ് അറിയാം. കാല്‍സ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ജ്യൂസുകള്‍ ഏറെ നല്ലതാണ്. ഇവ അടങ്ങിയിട്ടുള്ള ഗോതമ്പിന്റെ പുല്ല് കൊണ്ടുള്ള ജ്യൂസ്, തക്കാളിയും ചീരയും ചേര്‍ന്ന ജ്യൂസ് എന്നിവ പതിവാക്കുന്നത് മുടിയെ കരുത്തുറ്റതാക്കും. റാഗി, മണിച്ചോളം, ഗോതമ്പ് എന്നിവയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. നല്ല മുടിയിഴകള്‍ വേണമെങ്കില്‍ ചില ഇഷ്ടങ്ങളെയും മാറ്റിനിര്‍ത്തേണ്ടിവരും. അതില്‍ ഒന്നാണ് പഞ്ചസാര. റിഫൈന്‍ഡ് ഭക്ഷണപദാര്‍ത്ഥങ്ങളും പഞ്ചസാരയുമൊക്കെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം ബ്രഹ്‌മി, ബ്രംഗരാജ് തുടങ്ങിയ ഔഷധങ്ങള്‍ മുടിയുടെ കരുത്തിനും മുടികൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്. പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണം മുടിക്ക് നല്ലതാണ്. മുട്ട, പച്ചിലകറികള്‍, മീന്‍ എന്നിവ മുടിയെ കരുത്തോടെ കാക്കാന്‍ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *