web cover 38

പത്തനംതിട്ടയില്‍ ഇരട്ട നരബലി. കാലടിയില്‍ താമസിച്ചിരുന്ന തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി റോസ്ലിന്‍ (49), കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മ (52) എന്നിവരെയാണ് നരബലിയായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ തിരുവല്ല ഇലന്തൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരേയും ഇവര്‍ക്കുവേണ്ടി സ്ത്രീകളെ എത്തിച്ച മുഹമ്മദ് ഷാഫിയേയും അറസ്റ്റു ചെയ്തു. റോസിലിയേയും പത്മയേയും കാണാനില്ലെന്ന അവരുടെ വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തവേയാണ് നരബലി വിവരം പോലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളും ലോട്ടറി തൊഴിലാളികളായിരുന്നു. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം രൂപ പ്രതിഫലം തരാമെന്നു വാഗ്ദാനം ചെയ്താണ് ഇവരെ മുഹമ്മദ് ഷാഫി കൂട്ടിക്കൊണ്ടുവന്നത്. തിരുവല്ലയിലെ വീട്ടില്‍ കട്ടിലില്‍ കിടത്തി. കൈകാലുകള്‍ ബന്ധിച്ചു. വൈദ്യന്‍ ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ചു. പിന്നെ കഴുത്തറുത്തു. മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടി.

നരബലി നല്‍കിയ കേസിലെ പ്രതി ഭഗവല്‍സിംഗ് പരമ്പരാഗത തിരുമ്മല്‍ ചികിത്സകനും സജീവ സിപിഎം പ്രവര്‍ത്തകനും ഹൈകു കവിയുമാണ്. കാടുപിടിച്ച് കിടക്കുന്ന വീടിനോടു ചേര്‍ന്ന് കാവുണ്ട്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പണിത് നല്‍കിയ കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.

ഇലന്തൂരിലെ ഇരട്ടക്കൊലപാതക കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു സ്ത്രീകളെ കഴുത്തറുത്തു കൊന്നു കുഴിച്ചുമൂടിയത് പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും ചെറുക്കണം. കടവന്ത്ര പോലീസില്‍ സെപ്റ്റംബര്‍ 26 നു രജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചതെന്നും മുഖ്യമന്ത്രി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരേ പീഡനക്കേസെടുത്തേക്കും. പല സ്ഥലത്തേക്കും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരം സ്‌കൂളിലെ അധ്യാപിക വഞ്ചിയൂര്‍ കോടതിയില്‍ മൊഴി നല്‍കിയത്. കോവളത്തുവച്ചും കാറില്‍വച്ചും കൈയ്യേറ്റം ചെയ്തെന്നും മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസില്‍ ഇന്നു മൊഴി നല്‍കുമെന്നും ഇവര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് അഞ്ചേകാല്‍ ലക്ഷം ഫയലുകള്‍. ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്രയജ്ഞ പരിപാടി ഫലം കണ്ടില്ല. കഴിഞ്ഞ മാസം മുപ്പതിനകം ഫയല്‍ തീര്‍പ്പാക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഓഗസ്റ്റ് 15 വരെ സെക്രട്ടേറിയറ്റിലും വിവിധ ഡയറക്ടേറ്റുകളിലും എട്ടര ലക്ഷം ഫയലുകളാണു കെട്ടിക്കിടന്നിരുന്നത്. മൂന്നേകാല്‍ ലക്ഷം ഫയലുകളില്‍ തീര്‍പ്പാക്കി. അഞ്ചേകാല്‍ ലക്ഷം ഫയലുകള്‍ തീര്‍പ്പാക്കാന്‍ തീവ്ര യജ്ഞ പരിപാടിയുടെ സമയ പരിധി ഒരുമാസം കൂടി നീട്ടാനാണ് നീക്കം.

വൈസ് ചാന്‍സലറെ നിയമിക്കാനുള്ള പാനലിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കാന്‍ ഗവര്‍ണറുടെ അന്ത്യശാസനത്തെത്തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത കേരള സര്‍വകലാശാല സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞു. വിസിയും ഗവര്‍ണറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. 19 പേരാണ് ക്വാറം തികയാന്‍ വേണ്ടിയിരുന്നത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. തന്റെ പിന്‍ഗാമിയായി ചന്ദ്രചൂഡിനെ നിര്‍ദേശിച്ചു കൊണ്ടുള്ള ശുപാര്‍ശ ചീഫ് ജസ്റ്റിസ് യു.യു. ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിനു കൈമാറി. നവംബര്‍ ഒമ്പതിന് ജസ്റ്റിസ് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

മുഖ്യമന്ത്രിയും കുടുംബവും ജനങ്ങളുടെ ചെലവില്‍ ഉല്ലാസ യാത്ര നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന് പാഴ്ച്ചെലവുണ്ടാക്കുന്നതാണ് ഈ യാത്ര. നോര്‍ക്ക റൂട്ട്സ് ഏതോ ട്രാവല്‍ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടതിനെ യുകെയുമായി കേരളം കരാര്‍ ഒപ്പിട്ടെന്നും മൂവായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് പ്രചരിപ്പിച്ചത്. യുകെയുമായി കരാര്‍ ഒപ്പിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ആരെ പറ്റിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പേരക്കുട്ടി അടക്കം കടുംബസമേതവും മന്ത്രിമാരും പരിവാരങ്ങളുമായി യൂറോപ്യന്‍ പര്യടനം നടത്തുന്നതിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരേ പരിഹാസവുമായി സിപിഎം നേതാവ് എ.കെ. ബാലന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയെന്നും ഇതില്‍ 12 തവണയും ഭാര്യയെ കൂടെ കൊണ്ടുപോയെന്നുമാണു ബാലന്റെ ആരോപണം. അത് ഏതു മന്ത്രിയാണെന്നു ബാലന്‍ വെളിപെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവും അന്നത്തെ പ്രവാസികാര്യ ചുമതലയുള്ള മന്ത്രിയുമായിരുന്ന കെസി ജോസഫ്.

ഇരട്ട നരബലി ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.

നരബലി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊലയാളികളില്‍ ഒരാള്‍ സിപിഎമ്മുകാരനായതിനാല്‍ കേസന്വേഷണം അട്ടിമറിക്കരുതെന്ന് സതീശന്‍ ആവശ്യപ്പെട്ടു. നരബലി കേസിലെ പ്രധാന പ്രതി ഭാഗവന്ത് സിംഗ് സിപിഎമ്മുകാരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തു ഹോട്ടലിന്റെ പാര്‍ക്കിംഗിനായി പൊതുമരാമത്ത് വകുപ്പിന്റെ എംജി റോഡ് അയ്യായിരം രൂപ വാടകയ്ക്കു നല്‍കിയ തിരുവനന്തപുരം കോര്‍പറേഷന്റെ കരാര്‍ റദ്ദാക്കി. വിവാദമായതോടെയാണ് കോര്‍പറേഷന്‍ കരാര്‍ റദ്ദാക്കിയത്.

തിരുവില്വാമലയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഒരലാശേരി ചോലക്കോട്ടില്‍ രാധാകൃഷ്ണന്‍ (47), ഭാര്യ ശാന്തി (43), മക്കളായ കാര്‍ത്തിക് (14), രാഹുല്‍ (7) എന്നിവര്‍ക്കാണ് പൊളളലേറ്റത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് സംശയം. ഹോട്ടല്‍ നടത്തിപ്പുകാരനാണ് രാധാകൃഷ്ണന്‍.

കോഴിക്കോട് അരീക്കാട് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. കോഴികളെ കൊണ്ടുവന്ന ലോറിക്കു പിറകില്‍ ബസിടിച്ചതിനെത്തുടര്‍ന്ന് ലോഡ് ഇറക്കുകയായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി ഷഫീക്ക് റോഡിലേക്കു തെറിച്ചുവീണാണ് മരിച്ചത്.

കൊഴിഞ്ഞാമ്പാറയില്‍ 725 ലിറ്റര്‍ സ്പിരിറ്റുമായി സിപിഎം നേതാവ് പിടിയിലായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി സി കണ്ണന്‍, പ്രഭാകരന്‍ എന്നിവരാണു പിടിയിലായത്. പ്രഭാകരന്റെ തെങ്ങിന്‍തോപ്പിലാണ് സ്പിരിറ്റ് കന്നാസുകളിലാക്കി കുഴിച്ചിട്ടിരുന്നത്. സ്പിരിറ്റ് സിപിഎം ബ്രാഞ്ച് സെക്രട്ടറി കണ്ണന്റേതാണെന്ന് എക്സൈസ് സംഘം.

മണ്ണാര്‍ക്കാട് സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് എത്തിച്ച 30 ചാക്ക് അരി മറിച്ചു വിറ്റു. തിരുവിഴാംകുന്ന് സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിയാണ് മണ്ണാര്‍ക്കാട് ചുങ്കത്തെ പി.കെ.സ്റ്റോഴ്സിന്റെ ഗോഡൗണില്‍നിന്നു പൊലീസ് പിടികൂടിയത്.

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ അമേരിക്കയിലേക്കു തിരിച്ചു. ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണ്യ നിധിയുടെയും വാര്‍ഷിക യോഗങ്ങളിലും ജി 20 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തിലും പങ്കെടുക്കും. ആറു ദിവസത്തെ യുഎസ് സന്ദര്‍ശനത്തില്‍ മന്ത്രി യു എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെയുമായും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായും കൂടിക്കാഴ്ച നടത്തും.

ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് അറുപതിനായിരം രൂപ പിഴയ്ക്കു ശിക്ഷിക്കപ്പെട്ട ദളിത് കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലെ ദളിത് കുടുംബത്തിനാണ് പിഴ ചുമത്തിയത്. ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തിയ ചിത്രം വൈറലായി. കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെയും അനീതിയെയും രാഹുല്‍ ഗാന്ധി അപലപിച്ചു.

എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന അമിതാഭ് ബച്ചന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ”അമിതാഭ് ബച്ചന് സന്തോഷകരമായ 80-ാം ജന്മദിനാശംസകള്‍. പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര വ്യക്തിത്വമാണ് അദ്ദേഹം. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ.” എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

ക്രിമയന്‍ പാലം തകര്‍ത്തതിനു തിരിച്ചടിയായി റഷ്യ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ വര്‍ഷിച്ചത് 84 ക്രൂയിസ് മിസൈലുകള്‍. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.

ലോക ഫുട്ബോള്‍ ചരിത്രത്തിലാദ്യമായി 700 ക്ലബ് ഗോളുകള്‍ എന്ന അപൂര്‍വനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്ബോളില്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് എവര്‍ട്ടനെ തോല്‍പിച്ച മത്സരത്തിലെ ഗോളോടെയാണ് ക്രിസ്റ്റ്യാനോ ചരിത്രനേട്ടം സ്വന്തമാക്കിയത്. 938 ക്ലബ് മത്സരങ്ങളില്‍നിന്നാണ് ക്രിസ്റ്റ്യാനോ 700 ഗോള്‍ തികച്ചത്. 825 മത്സരങ്ങളില്‍നിന്ന് 691 ഗോളുകളുമായി ലയണല്‍ മെസ്സിയാണു രണ്ടാം സ്ഥാനത്ത്.

ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. യു. എസ്. ഡോളറിനെതിരെ 82.34 എന്ന റെക്കാഡ് മൂല്യത്തിലേക്കാണ് രൂപ വീണത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ചരിത്രത്തിലെ എക്കാലത്തെയും കുറഞ്ഞ നിരക്കായ 82.68 ആയിരുന്നു മൂല്യം. വ്യാപാരം അവസാനത്തോടടുത്തപ്പോഴാണ് നില അല്‍പ്പമെങ്കിലും മെച്ചപ്പെട്ടത്. വെള്ളിയാഴ്ച്ച 13 പൈസ താഴ്ന്ന് 82.30 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം 82.90 വരെ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കില്‍. ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയക്കുകയാണ് പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 22 രൂപ 40 പൈസയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ മൂല്യം. ഒരു സൗദി റിയാലിന് 21 രൂപ 91 പൈസ ലഭിക്കും. 265 രൂപയ്ക്ക് മുകളിലാണ് ഒരു കുവൈത്ത് ദിനാറിന് ലഭിക്കുക.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്, 200 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 560 രൂപയാണ് ഇടിഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 60 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3880 രൂപയാണ്.

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് ‘അമ്മു’. തെലുങ്കിലാണ് ‘അമ്മു’ എന്ന ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചാരുകേശ് ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അമ്മു’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഒടിടിയില്‍ ഡയറക്ട് റിലീസായിട്ടാണ് ചിത്രം എത്തുക. തെലുങ്കിനു പുറമേ തമിഴ്,മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും എത്തുന്ന ചിത്രം ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രീമിയര്‍ ചെയ്യുക. ഐശ്വര്യ ലക്ഷ്മിയുടെ കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിക്കുന്നത്.

അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ഉഞ്ജായി’. അനുപം ഖേറും ബൊമന്‍ ഇറാനിയും ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പമുണ്ട്. ‘ഉഞ്ജായി’ എന്ന ചിത്രത്തിലെ അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ ഫസ്റ്റ് ലുക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുക. സൂരജ് ബര്‍ജത്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ആഗോള വിപണിയില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഹണ്ടര്‍ 350 അവതരിപ്പിച്ചു. ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന ഇന്റര്‍മോട്ട് ഷോ 2022 ല്‍ ആണ് ബൈക്കിന്റെ അവതരണം. 4,490 യൂറോ, അതായത് ഏകദേശം 3.62 ലക്ഷം രൂപയാണ് ഇതിന്റെ വില. ഇപ്പോള്‍, അന്താരാഷ്ട്രതലത്തില്‍ വില്‍ക്കുന്ന മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലിന് സമാനമാണ്. ക്ലാസിക്, മെറ്റിയര്‍ എന്നിങ്ങനെയുള്ള ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, മറ്റ് രണ്ട് മോഡലുകളുടെ അതേ ഫ്രെയിമില്‍ സ്ഥാപിച്ചിരിക്കുന്ന അതേ 349 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹണ്ടര്‍ 350 ഉപയോഗിക്കുന്നത്.

മലവെള്ളത്തില്‍ മുങ്ങിച്ചാകാന്‍ വിധിക്കപ്പെട്ടവനു മുന്നിലുള്ള കച്ചിത്തുരുമ്പാണ് ‘ലൈഫ് ബോയ്’. ജീവിതത്തെ അതിന്റെ എല്ലാ പ്രതികൂലാവസ്ഥകളും ഉള്‍ക്കൊള്ളുമ്പോള്‍ത്തന്നെ, നേര്‍ത്ത നര്‍മ്മത്തില്‍ പൊതിഞ്ഞ് സസന്തോഷം ഉള്‍ക്കൊള്ളുകയും, അതേ ചിരിയോടെ നോക്കി കണ്ട് മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കുറിപ്പുകളാണിതിലുള്ളത്. പ്രശാന്ത് നായര്‍. ഡിസി ബുക്സ്. വില 247 രൂപ.

ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്രത്യേക ഭക്ഷണങ്ങളോട് അസാധാരണമായി പ്രതികരിക്കുന്നതാണ് ഭക്ഷണ അലര്‍ജി. ഒരു തവണ ഒരു ഭക്ഷണത്തിലെ ഏതെങ്കിലും ഘടകത്തോട് ശരീരം പ്രതിപ്രവര്‍ത്തിക്കുകയാണെങ്കില്‍ പിന്നീട് ആ ഭക്ഷണം ചെറിയ അളവില്‍ കഴിച്ചാല്‍പ്പോലും അലര്‍ജി റിയാക്ഷന്‍ ഉണ്ടാകും. അണുബാധയ്‌ക്കെതിരായ ശരീരത്തിന്റെ പ്രതിരോധം ഭക്ഷണത്തില്‍ കാണപ്പെടുന്ന പ്രോട്ടീനുകളെ ഒരു ഭീഷണിയായി തെറ്റായി കണക്കാക്കുമ്പോഴാണ് ഭക്ഷണ അലര്‍ജി ഉണ്ടാകുന്നത്. തല്‍ഫലമായി, നിരവധി രാസവസ്തുക്കള്‍ പുറത്തുവരുന്നു. ഈ രാസവസ്തുക്കളാണ് അലര്‍ജി പ്രതിപ്രവര്‍ത്തനത്തിന്റെ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. ഭക്ഷണ പദാര്‍ഥങ്ങളിലെ പ്രോട്ടീനാണ് അലര്‍ജി വരുത്തുന്ന പ്രധാന ഘടകം. ഇതിനു പുറമേ പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍, നിറം ലഭിക്കാനായി ചേര്‍ക്കുന്ന കളറിങ് ഏജന്റുകള്‍ തുടങ്ങിയവയും അലര്‍ജിക്കു കാരണമാകാം. ചിലര്‍ക്ക് പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാം. ഇതേ പച്ചക്കറിതന്നെ വേവിച്ചു കഴിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുകയുമില്ല. ശരീരം തടിച്ചു പൊന്തുക, ചുവന്ന പാടുകള്‍ വരുക, കണ്ണിനു ചുറ്റും നീരു വരുക, ഛര്‍ദ്ദി തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. വായിലോ തൊണ്ടയിലോ ചെവിയിലോ ഉള്ള ചൊറിച്ചില്‍, മുഖത്തിന്റെ വീക്കം, ഛര്‍ദ്ദി എന്നിവയുമുണ്ടാകാം. ബീഫ്, പോര്‍ക്ക് തോടുള്ള മത്സ്യങ്ങളായ കൊഞ്ച്, കണവ, ചെമ്മീന്‍, ഞണ്ട്, കക്ക, കല്ലുമ്മക്കായ തുടങ്ങിയവയ അലര്‍ജി ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.37, പൗണ്ട് – 90.99, യൂറോ – 80.04, സ്വിസ് ഫ്രാങ്ക് – 82.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 51.74, ബഹറിന്‍ ദിനാര്‍ – 218.37, കുവൈത്ത് ദിനാര്‍ -265.32, ഒമാനി റിയാല്‍ – 213.89, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.42, ഖത്തര്‍ റിയാല്‍ – 22.62, കനേഡിയന്‍ ഡോളര്‍ – 59.59.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *