yt cover 26

 

ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ന്നെന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ അപകടത്തിലാവുമ്പോള്‍ പ്രതിരോധിക്കേണ്ട കടമ ഭരണഘടനാ കോടതികള്‍ക്കുണ്ടെന്നും കേവലം കുരയ്ക്കുകയോ മുന്നറിയിപ്പുകള്‍ നല്‍കുകയോ ചെയ്തിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍ കോടതികള്‍ കാവല്‍നായ്ക്കളെപ്പോലെ കടിക്കാനും തയ്യാറാകണമെന്നും സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാറിനെ അഭിഭാഷകര്‍ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത ചടങ്ങില്‍ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ആണ് കേരളത്തിലെ 88 കോടതികളില്‍ നിന്നുള്ള അഭിഭാഷക പ്രതിനിധികള്‍ പങ്കെടുത്ത അഡ്വക്കേറ്റ് അസംബ്ലിയില്‍ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്തത്. ഹൈക്കോടതി പരിസരത്ത് പരിപാടി നടത്തുന്നത് ഹൈക്കോടതി വിലക്കിയതിനാല്‍ ചേംബര്‍ കോംപ്ലക്‌സിന്റെ പോര്‍ട്ടിക്കോയില്‍ വെച്ചാണ് പരിപാടി നടത്തിയത്.

സംസ്ഥാനത്ത് ഷിഗെല്ല വീണ്ടും പടരുന്നു. ആരോഗ്യ ഡയറക്ടറേറ്റിന്റെ കണക്കുപ്രകാരം ഈ വര്‍ഷം സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എട്ടുപേര്‍ മരിച്ചു. 2025-ല്‍ ആകെ 132 പേര്‍ക്കായിരുന്നു രോഗം. കഴിഞ്ഞ വര്‍ഷം ആകെയുണ്ടായിരുന്നതിന്റെ നാലിരട്ടിയോളം പേര്‍ക്ക് ഇക്കൊല്ലം ഇതുവരെ രോഗം ബാധിച്ചു.

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചെന്നും ഒക്ടോബറില്‍ നിയന്ത്രണം ഉണ്ടായിട്ടില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ ഇടതുസര്‍ക്കാര്‍ റദ്ദാക്കിയെന്നത് ശുദ്ധനുണയെന്നും കരാര്‍ അംഗീകരിക്കാതിരുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. റെഗുലേറ്ററി കമ്മിറ്റിയില്‍ നിയോഗിച്ച പാര്‍ട്ടിക്കാരാണ് കരാര്‍ റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ തിരിച്ചടിച്ചു.

കേരളത്തില്‍ വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍.എല്‍.ബി പ്രവേശന പരീക്ഷകള്‍ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മലയാളം ഐക്യ വേദി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കല്‍ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിയമസഭയില്‍. ജനസംഖ്യയും രോഗികളുടെ അനുപാതവും നിരത്തി തിരൂര്‍ ആസ്ഥാനമായി പുതിയ മെഡിക്കല്‍ കോളേജ് വേണം എന്ന കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളുടെ ജീവനെടുത്ത അപകടവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടായി എന്ന് സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അതേ സമയം സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലന്‍സ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടര്‍ ഉത്തരവിട്ടു. ഡിഐജി തോംസണ്‍ ജോസിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.

എഐവൈഎഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കുമെതിരെ വിമര്‍ശനം. ചിലയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാരേക്കാള്‍ ശത്രുതയോടെ എഐവൈഎഫ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ നേരിടുന്നുവെന്ന് വിമര്‍ശനം.

നെടുമ്പാശ്ശേരി അപകടത്തില്‍ ഇടപെട്ടു എന്ന ഡിവൈഎഫ്‌ഐയുടെ ആരോപണം പൂര്‍ണമായി നുണയാണെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മദ്യം നല്‍കിയ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രതി സുഹൈല്‍ സജീവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ഇഹാ ഡിസൈന്‍സ് എന്ന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്. പൊലീസിനെതിരെ സിപിഎമ്മും രംഗത്തെത്തി.

എറണാകുളം കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതി പുത്തന്‍കുരിശ് സ്വദേശി എബിന്‍ പോളിന്റെ ഫോണില്‍ ദുരൂഹ ചാറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവത്തില്‍ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയത്തില്‍ പൊലീസും കേന്ദ്ര ഏജന്‍സികളും.

കെഎസ്ആര്‍ടിസിയുടെ പൊതുബസ് ഫ്‌ലീറ്റിലേക്ക് പുതിയ ബസ് വാങ്ങുന്നതിനായി എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ അനുവദിച്ച് ജി സുധാകരന്‍. ഓരോ വര്‍ഷവും ഓരോ ബസ് വീതം അനുവദിച്ച് ആകെ അഞ്ച് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ലഭ്യമാക്കാനാണ് തീരുമാനം.

ദേശീയപാത 66 നാട്ടിക ടോള്‍ പ്ലാസയിലെ സമരത്തിനുമുമ്പ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് റോഡ് അടച്ചതിനെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍പിരിവിന് ഇടക്കാല സ്റ്റേ ഇല്ല. ടോള്‍ പിരിവിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചു. ടോള്‍ പിരിക്കണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി(NHAI) ഹൈക്കോടതിയെ അറിയിച്ചത്. ഹര്‍ജി ഇനി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

ചിറയിന്‍കീഴില്‍നിന്നും കൊല്ലത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഡിസിസി ജനറല്‍ സെക്രട്ടറി നിര്‍വഹിച്ച സംഭവം വിവാദത്തില്‍. ഉദ്ഘാടകയായി സ്ഥലം എംഎല്‍എ രമ്യ ഹരിദാസിനെ നിശ്ചയിച്ചിരുന്നുവെങ്കിലും എംഎല്‍എ എത്താത്തതിനെ തുടര്‍ന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. എസ്. കൃഷ്ണകുമാറാണ് ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ചികിത്സാ രേഖകള്‍ പൊലീസ് സീല്‍ ചെയ്തു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണിയാണ് മരിച്ചത്.

റീജിയണല്‍ കാന്‍സര്‍ സെന്ററിലെ മുന്‍ കാന്‍സര്‍ സര്‍ജനായ ഡോ. ചന്ദ്രമോഹനെ, ഇന്ത്യയിലെ കാന്‍സര്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ പ്രമുഖ പ്രൊഫഷണല്‍ സംഘടനകളിലൊന്നായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഓങ്കോളജിയുടെ (IASO) പ്രസിഡന്റായി തിരഞ്ഞെടുത്തു.

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പര്‍ അപകടത്തില്‍ ശക്തമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് എറണാകുളം എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ ബിജു ഐസക്. പ്രതിയായ സുഹൈല്‍ സജീവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങി.

ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയില്‍ ഹോം അപ്ലയന്‍സസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താര്‍ (45) ആണ് മരിച്ചത്.

പാലക്കാട് മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ട കൊലപാതകം. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊന്നത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിലാണെന്ന് പൊലീസ്, സംഭവത്തില്‍ പ്രധാന പ്രതി മൂലക്കടവ് സ്വദേശി കതിരേശന്‍ അടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂരിലെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതിന് പിന്നാലെ 18 കാരന്‍ ആത്മഹത്യ ചെയ്‌തെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ വഴിത്തിരിവ്. അത് കള്ളക്കേസ് അല്ലെന്ന് ചൂണ്ടിക്കാട്ടി തെളിവുകള്‍ പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം. അസ്ലം 20 പവനും 50,000 രൂപയും തട്ടിയെടുത്തതിന്റെ തെളിവുകള്‍ ഉണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കി

തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ അയിലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി പാര്‍വതിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊന്മുടിക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2006നും 2011നും ഇടയില്‍ പൊന്മുടി ഖനിവകുപ്പ് മന്ത്രി ആയിരിക്കെ ഖജനാവിന് 28 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക നടപടി.

തമിഴ്നാട്ടിലേക്ക് കൃഷ്ണനദിയില്‍ നിന്ന് വെള്ളം നല്‍കാന്‍ ധാരണയായതായി സൂചന. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും വിജയവാഡയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്.

ഉത്തര്‍ പ്രദേശിലെ കാന്‍പുരില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് യാദവിന്റെ ഫാം ഹൗസില്‍ കവര്‍ച്ച. അര്‍ധരാത്രിയില്‍ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം രമേശ് യാദവിന്റെ കൈകാലുകള്‍ ബന്ധിച്ച ശേഷം 50 ലക്ഷം രൂപയോളം വില വരുന്ന സാധനസാമഗ്രികള്‍ കവര്‍ന്നു വെന്നാണ് വിവരം

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. എസ്‌ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയെന്ന് വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മിന്നല്‍ സമരങ്ങള്‍ക്ക് തയ്യാറായിരിക്കാന്‍ എംപിമാരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് ഇന്ത്യാസഖ്യ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യ സഖ്യ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി തന്നെ തള്ളിമാറ്റിയിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ കയറാന്‍ രാഹുല്‍ തന്നോട് നിര്‍ദേശിക്കുകയായിരുന്നുവെന്നും തിരക്ക് കാരണം തന്നോട് കരുതല്‍ കാണിക്കുകയാണ് ചെയ്തതെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.

ജന്തര്‍ മന്തറില്‍ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിന്‍ക്യ ഷിന്‍ഡെ എന്നിവരെ അഞ്ചുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തിഹാര്‍ ജയിലിലേക്കാണ് ഇവരെ അയച്ചത്. ജന്തര്‍മന്തറിലേക്ക് അതിക്രമിച്ചുകയറിയതിനും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

ജന്തര്‍മന്തറില്‍ ദേശീയപതാക ഉയര്‍ത്തി പ്രതിഷേധിച്ച സി.ജെ.പി. നേതാക്കളെ ജയിലിലടച്ച നടപടി ഭീരുത്വമാണെന്നും സമാധാനപരമായി ദേശീയപതാക വീശി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ജന്തര്‍മന്തര്‍ ഭാരതത്തിലെ ജനങ്ങള്‍ക്കുള്ളതാണെന്നും അത് ഞങ്ങള്‍ തിരിച്ചുപിടിക്കുകതന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സൗദി അറേബ്യക്ക് നേരെ അതിശക്തമായ ആക്രമണം തുടര്‍ന്ന് ഹൂത്തികള്‍. ധഹ്‌റാന്‍ ആസ്ഥാനത്തുള്ള സൗദി അരാംകോയുടെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന് നേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം നടന്നു. റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ക്രൂയിസ് മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സേന തകര്‍ത്തു.

റിയാദ് നഗരത്തിന് നേരെ വന്ന രണ്ട് ക്രൂയിസ് മിസൈലുകള്‍ ആകാശത്തുവെച്ച് തടഞ്ഞു നശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ വീണ് രണ്ട് സ്ത്രീകളും ഒരു പുരുഷനും കുട്ടിയുമടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് ഔദ്യോഗിക വക്താവ് അറിയിച്ചു.

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് താത്കാലികമായി നിര്‍ത്തിവെച്ചു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഹൈദരാബാദില്‍ ഇന്ന് നട്ക്കുന്ന നാലാം ടി-20യില്‍ ജയിച്ചാല്‍ അഞ്ചുമത്സര പരമ്പര ഇന്ത്യ കൈപ്പിടിയിലൊതുക്കും. ഒന്നാമത്തെയും മൂന്നാമത്തെയും കളികള്‍ ജയിച്ച ആതിഥേയര്‍ 2-1 എന്നനിലയില്‍ മുന്നിലാണ്. വൈകീട്ട് ഏഴുമുതലാണ് മത്സരം.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് പവന് 1,09,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 760 രൂപയാണ് കുറഞ്ഞത്. 1,08,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ 2250 രൂപയിലധികമാണ് സ്വര്‍ണവിലയില്‍ പവന് ഉണ്ടായ ഇടിവ്. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 106 ഡോളറിന് മുകളിലാണ്. പണപ്പെരുപ്പ നിരക്ക് കൂടുകയാണെങ്കില്‍ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതമാകും. ഇത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും 19കാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക്‌സ്യൂട്ട് പാന്റ്‌സും ഒരു വ്യാജ സ്വര്‍ണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആന്‍ഡ്രോയിഡ് റോബോട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റസ്റ്ററന്റില്‍ വച്ച് പെണ്‍കുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട് പിന്‍ഭാഗത്ത് അനുചിതമായി സ്പര്‍ശിച്ചെന്നാണു പരാതി. ഏകദേശം 1.2 മീറ്റര്‍ ഉയരമുള്ള ചൈനീസ് നിര്‍മിത യൂണിട്രീ ആര്‍1 എയര്‍ റോബോട്ടാണു സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇതിനെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ പ്രവര്‍ത്തിപ്പിക്കാനോ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നേരിട്ട് നിയന്ത്രിക്കാനോ കഴിയും. റോബോട്ടുകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് സംഭവം വ്യക്തമാക്കുന്നത്.

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലര്‍ 2’ നാളെ (ഒക്ടോബര്‍ 15) മുതല്‍ തിയറ്ററുകളില്‍ എത്തും. കേരളത്തിലെ ആദ്യ ഷോ നാളെ പുലര്‍ച്ചെ 6 മണിക്ക് ആരംഭിക്കും. കേരളത്തിലെ എണ്ണൂറോളം സ്‌ക്രീനുകളില്‍ റെക്കോഡ് റിലീസായാണ് ജയിലര്‍ 2 എത്തുക. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും കര്‍ണാടകത്തിലും പ്രദര്‍ശനത്തിനെത്തിക്കുന്നത്. ആദ്യ ഭാഗത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായുള്ള രജനീകാന്തിന്റെ രണ്ടാം വരവാണ് ഈ ചിത്രം. സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മിഥുന്‍ ചക്രവര്‍ത്തി, യോഗി ബാബു, ഹക്കീം ഷാജഹാന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. രചന, സംവിധാനം: നെല്‍സണ്‍ ദിലീപ്കുമാര്‍, നിര്‍മ്മാതാവ്: കലാനിധി മാരന്‍, ബാനര്‍: സണ്‍ പിക്ചേഴ്സ്, ഛായാഗ്രഹണം : വിജയ് കാര്‍ത്തിക് കണ്ണന്‍, എഡിറ്റര്‍ : ആര്‍ നിര്‍മ്മല്‍, സംഗീതം: അനിരുദ്ധ് രവിചന്ദര്‍.

എ.ജെ വര്‍ഗീസ് സംവിധാനം ചെയ്ത ‘അടിനാശം വെള്ളപ്പൊക്കം’ സിനിമയുടെ ഒടിടി ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍. ഒക്ടോബര്‍ 16 മുതല്‍ സൈന പ്ലേയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഒരു ഫണ്‍ എന്റര്‍ടെയ്നറാണ്. അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം എ ജെ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്‍, മഞ്ജു പിള്ള, തമിഴ് നടന്‍ ജോണ്‍ വിജയ്, യൂട്യൂബര്‍ ജോണ്‍ വെട്ടിയാര്‍ എന്നിവരും വിനീത് മോഹന്‍, സജിത് അമ്പാട്ട്, അരുണ്‍ പ്രിന്‍സ്, എലിസബത്ത് ടോമി, രാജ് കിരണ്‍ തോമസ്, വിജയകൃഷ്ണന്‍ എം ബി എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

പ്രീമിയം ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വിഎല്‍എഫിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ വിഎല്‍എഫ് സ്ട്രാഡ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ബേസ് മോഡലായ സിറ്റി വേരിയന്റിന് 1,19,999 രൂപയാണ് വില. കൂടുതല്‍ ഫീച്ചറുകളുള്ള മാക്‌സ് വേരിയന്റിന് 1,55,500 രൂപ. 2.16 കിലോവാട്ട്അവര്‍ എല്‍എഫ്പി സിംഗിള്‍ റിമൂവബിള്‍ ബാറ്ററിയാണ് സിറ്റിയില്‍ ഉള്ളത്. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. മാക്‌സ് വേരിയന്റില്‍ രണ്ട് 2.16 കിലോവാട്ട്അവര്‍ ബാറ്ററികളും. ഇവ രണ്ടും ചേര്‍ന്നുള്ള ശേഷി 4.32 കിലോവാട്ട്അവര്‍ വരും. ഇതിന്റെ റേഞ്ച് 250 കിലോമീറ്റര്‍. രണ്ടും 4.8 കിലോവാട്ട് പീക്ക് പവറാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. രണ്ടു മോഡലുകള്‍ക്കും ഇക്കോ(മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗം), സിറ്റി (65 കിലോമീറ്റര്‍), സ്‌പോര്‍ട് (85 കിലോമീറ്റര്‍) എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളും റിവേഴ്‌സ് ഫങ്ഷണാലിറ്റിയുമുണ്ട്.

ഇന്ത്യന്‍ ചരിത്രത്തിന്റെ വിവിധ കൈവഴികളെയും അതിലേക്ക് സംഭാവന നല്‍കിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച നിരവധി പുസ്തകങ്ങളുടെ ആവശ്യം നമുക്കുണ്ട്. നിലവില്‍ ആധിപത്യം നേടുന്ന മത ജാതി സ്വത്വപരമായ ആഖ്യാനങ്ങളില്‍ നിന്ന് ഭിന്നമായി ഇന്ത്യന്‍ ജനതയെ സമഗ്രമായി കണ്ടുകൊണ്ട് അവരുടെ ഐക്യത്തെയും ഭിന്നതകളെയും നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങളാണ് നമുക്കാവശ്യം. അവ ലളിതവും വായനയ്ക്ക് സഹായകരവും ആകേണ്ടതുണ്ട്. ഈ ദിശയിലേക്കുള്ള ഒരു നല്ല സംഭാവനയാണ് ഈ പുസ്തകം. ‘ഇന്ത്യ: ഇരുളും വെളിച്ചവും’. എ.കെ. പീതാംബരന്‍. മൈത്രി ബുക്സ്. വില 427 രൂപ.

ആകെ ഭാരത്തിന്റെ തൊണ്ണൂറു ശതമാനവും വെള്ളം നിറഞ്ഞ ഒരു പച്ചക്കറിയാണ് ചുരയ്ക്ക. നാരുകളുടെയും പോഷകങ്ങളുടെയും കലവറയാണെന്ന് മാത്രമല്ല, എത്ര കഴിച്ചാലും കാലറി അധികമാവുകയുമില്ല. ഒരു കപ്പ് ചുരയ്ക്കയില്‍ വെറും 17 കാലറിയും 0.1 ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളു. അതുകൊണ്ടുതന്നെ ഭാരം നിയന്ത്രിക്കാന്‍ നോക്കുന്നവരുടേയും, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്കുമെല്ലാം പേടികൂടാതെ കഴിക്കാവുന്ന പച്ചക്കറിയാണ് ഇത്. വളരെ കുറഞ്ഞ അളവില്‍ മാത്രം സോഡിയം ഉള്ള ഈ പച്ചക്കറി ഉയര്‍ന്ന ബിപി ഉള്ളവര്‍ക്ക് വളരെ അനുയോജ്യമാണ്. ഇത് രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുകയും, ഹൃദയത്തിലേക്കും അവിടെ നിന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ശരിയായ രക്തപ്രവാഹം ഉറപ്പാക്കുകയും ചെയ്യുന്നു. കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും സി, ബി തുടങ്ങിയ പ്രധാന വൈറ്റമിനുകളും ചുരയ്ക്കയില്‍ ഉണ്ട്. ഉദരസംബന്ധമായ രോഗങ്ങള്‍ നിയന്ത്രിക്കാനും ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാനും വളരെ ഫലപ്രദമാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 94.94, പൗണ്ട് – 125.91, യൂറോ – 106.46, സ്വിസ് ഫ്രാങ്ക് – 114.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 66.57, ബഹറിന്‍ ദിനാര്‍ – 252.12, കുവൈത്ത് ദിനാര്‍ -304.65, ഒമാനി റിയാല്‍ – 246.92, സൗദി റിയാല്‍ – 25.28, യു.എ.ഇ ദിര്‍ഹം – 25.89, ഖത്തര്‍ റിയാല്‍ – 26.09, കനേഡിയന്‍ ഡോളര്‍ – 66.88.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *