night news hd

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ജമ്മുകശ്മീരില്‍ ഇന്ത്യ സഖ്യത്തിന് സാധ്യതയെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ മികച്ച മാര്‍ജിനില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നു. നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ ചില സര്‍വേകള്‍ തൂക്കുസഭക്കുള്ള സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു.

പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു.

നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ ഡി.എം.കെയിലേക്കെന്ന് സൂചന. അന്‍വര്‍ ചെന്നൈയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അന്‍വറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

സി.പി.എമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. പിണറായി വിജയന് 75 വയസ് കഴിഞ്ഞുവെന്നും ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍, പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു. 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസായത് കൊണ്ട് സ്ഥാനത്തിരിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയാണോ എന്നും ജി സുധാകരന്‍ ചോദിച്ചു.

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ഒരു ദിവസം പരമാവധി 80,000 പേര്‍ക്കാണ് ദര്‍ശന സൗകര്യം ലഭിക്കുക.

തൃശൂര്‍ പൂരം കലക്കലില്‍ തൃതല അന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങി. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപിയാണ് അന്വേഷിക്കുക. പുരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇന്റലിജന്‍സ് എഡിജിപിയും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യം തീരുമാനിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി.

പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ
പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നില്‍ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എം.ആര്‍.അജിത്കുമാര്‍ എഡിജിപി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം; എന്നാല്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആ വാക്കുകളെ മാനിക്കാന്‍ സിപിഐക്ക് രാഷ്ട്രീയ കടമയുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൃത്യമായി നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരായ മഞ്ചേശ്വരം കോഴക്കേസിലെ വിടുതല്‍ ഹര്‍ജി സിപിഎം – ബിജെപി ബാന്ധവത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം. കേസില്‍ സര്‍ക്കാര്‍ ആവശ്യമായ വാദമുഖങ്ങള്‍ ഉന്നയിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ചു.

മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ സി.പി.എം തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാന്‍ ശ്രമിച്ചുവെന്നും പക്ഷേ സത്യം ജയിച്ചുവെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തനിക്കെതിരേ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പുനര്‍ജനി തട്ടിപ്പ് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നല്‍കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ എസിയാണ് നോട്ടീസ് നല്‍കിയത്.

റേഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച, കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി ഒക്ടോബര്‍ 23 ന് നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി ഉത്തരവിട്ടു. 2023 മാര്‍ച്ച് 5ന് രാഹുല്‍ ലണ്ടനില്‍ വച്ച് നടത്തിയ പരാമര്‍ശത്തിന് എതിരെ സവര്‍ക്കറിന്റെ കൊച്ചുമകന്‍ സത്യകി സവര്‍ക്കറാണ് കോടതിയെ സമീപിച്ചത്.

പശ്ചിമ ബംഗാളില്‍ നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ട്യൂഷന്‍ ക്ലാസില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗംഗാനദിയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധവുമായെത്തിയ ആള്‍ക്കൂട്ടം അക്രമാസക്തരായി ഒരു പൊലീസ് ക്യാമ്പ് ആക്രമിക്കുകയും തീയിടുകയും ചെയ്തതായാണ് വിവരം. സത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും ബിജെപി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം പണിത മഹാരാഷ്ട്രയിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണനയും അപമാനവും നേരിടുന്നതായി ചൂണ്ടികാട്ടിയാണ് പുണെ അന്ധ് മേഖലയിലെ മയൂര്‍ മുണ്ഡെ പാര്‍ട്ടി വിട്ടത്.

സൈന്യത്തെ സഹായിച്ചുവെന്നാരോപിച്ച് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ബര്‍സലോഗോ പട്ടണത്തില്‍ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരവാദികള്‍ 600ഓളം പേരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്. കിടങ്ങുകളില്‍ നിരത്തി നിര്‍ത്തിയായിരുന്നു വെടിവെപ്പെന്നും കഴിഞ്ഞ ഓഗസ്റ്റ് 24 ന് ബര്‍സലോഗോ നിവാസികള്‍ സംരക്ഷണ കിടങ്ങുകള്‍ കുഴിക്കുന്നതിനിടെയായിരുന്നു ആക്രമണമെന്നും കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രായേല്‍ ആദ്യം തകര്‍ക്കേണ്ടത് ഇറാന്റെ ആണവ കേന്ദ്രങ്ങളെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ കേന്ദ്രം ആക്രമിക്കുന്നതിനെതിരെ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന വന്നതിന് പിന്നാലെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്ത ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാര്‍ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍ സഫൈദ്ദീനും ഉള്‍പ്പെട്ടതായാണ് വിവരം.

വയനാടിനു പുതുജീവന്‍ പകരാന്‍ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവം ഒരു സമാശ്വോത്സവമായിട്ടാവും നടത്തുക. കാരവന്‍ മാഗസിന്റെ മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് വയനാട് സാഹിത്യോല്‍സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ. ജോസഫ് കെ. ജോബ്, പ്രമുഖ പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ്, എഴുത്തുകാരന്‍ വി.എച്ച്. നിഷാദ് എന്നിവര്‍ ക്യുറേറ്റര്‍മാരാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *