P21 yt cover

ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് കൃഷിയിടത്തില്‍ പണിയെടുത്തു കൊണ്ടിരിക്കുന്നതിനിടെ ഇന്ദിര കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു എന്നാണ് സൂചന. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം. വനം മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തില്‍ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് തുടക്കമായി. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ ഇന്ന് പരീക്ഷ എഴുതിയതെന്നാണ് കണക്ക്. ഈ മാസം 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ ആദ്യവാരം മൂല്യനിര്‍ണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിച്ചേക്കും.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിത്തുടങ്ങി. ആദ്യ ശമ്പള ദിവസങ്ങളില്‍ കിട്ടേണ്ടവരുടെ അക്കൗണ്ടിലാണ് പണം കിട്ടിതുടങ്ങിയത്. എന്നാല്‍ ദിവസം 50,000 രൂപയേ പിന്‍വലിക്കാനാകൂവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും , മിക്കവാറും പേര്‍ക്ക് പെന്‍ഷന്‍ കിട്ടിയിട്ടുണ്ടെന്നും രണ്ടു മൂന്നു ദിവസം കൊണ്ട് ശമ്പളം കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്ന എംപിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ പ്രത്യേക പരിരക്ഷ ലഭിക്കില്ല. ഇവര്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും പാര്‍ലമെന്റ് – നിയമസഭ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ ജനപ്രതിനിധികളെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയ 1998 ലെ വിധിയോട് ഭരണഘടനാ ബെഞ്ച് വിയോജിക്കുകയും, ഈ വിധി റദ്ദാക്കപ്പെടുകയും ചെയ്തു.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസിലുള്‍പ്പെട്ട പ്രതികളെ എല്ലാം ഒളിവില്‍ പാര്‍പ്പിച്ചത് സിപിഎം ആണെന്നും കേരളാ പൊലീസില്‍ വിശ്വാസമില്ലെന്നും, നിസാര വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ സംഘത്തെ പൊലീസ് സംരക്ഷിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ്. പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്. തെറ്റ് പറ്റിപ്പോയി എന്ന എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണെന്നും പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

സിദ്ധാര്‍ത്ഥന്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം തന്നെയാണെന്ന് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍. സിദ്ധാര്‍ത്ഥന്റെ കുടുംബവും ജനങ്ങളും സജീവമായി ഇടപെട്ടത് മൂലമാണ് പൊലീസ് ഇതുവരെയെങ്കിലും എത്തിയതിന് കാരണമായതെന്നും പൊലീസിന് മേല്‍ അത്രയധികം രാഷ്ട്രീയ സമ്മര്‍ദ്ദം ഉള്ളതിനാല്‍ വിഷയം തണുത്തു കഴിഞ്ഞാല്‍ പൊലീസ് ഇതില്‍ ഏതെങ്കിലും തരത്തില്‍ കള്ളക്കളി കളിക്കുമോ എന്നതാണ് ന്യായമായ സംശയമെന്നും കേന്ദ്ര ഏജന്‍സിയായ സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലും ഹോസ്റ്റലിലും എസ്എഫ്ഐയുടെ അക്രമം പതിവായിരുന്നു എന്നും ഇത് തടയാന്‍ സിസിടിവി സ്ഥാപിച്ചിരുന്നു എന്നും മുന്‍ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. എന്നാല്‍ എസ്എഫ്ഐക്കാര്‍ സിസിടിവി ക്യാമറ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകനെ ഭീഷണിപ്പെടുത്തി എസ്.എഫ്.ഐ. അംഗത്വം എടുപ്പിച്ചുവെന്നും ഹോസ്റ്റല്‍ മുറിയില്‍ മകന്റെ ചോര കൊണ്ട് ‘എസ്.എഫ്.ഐ. സിന്ദാബാദ്’ എന്ന് എഴുതിപ്പിച്ചുവെന്നും കുഞ്ഞാമു പറഞ്ഞു. മകന്റെ പഠനം മുടങ്ങുമെന്ന് കരുതിയാണ് അന്ന് പ്രതികരിക്കാതിരുന്നത് എന്നും പൂക്കോട് വെറ്ററിനറി കോളേജില്‍ എസ്.എഫ്.ഐക്ക് ‘കോടതിമുറി’ ഉണ്ടെന്നും കുഞ്ഞാമു വെളിപ്പെടുത്തി.

പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളെ വീട്ടില്‍ വിടുന്നില്ലെന്ന് പരാതി. കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്ന 400-ഓളം വിദ്യാര്‍ഥിനികള്‍ക്ക് വീട്ടില്‍ പോകാന്‍ അനുമതി നല്‍കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്. പുറത്തിറങ്ങിയാല്‍ പ്രശ്‌നമുണ്ടാകുമെന്നും അതിനാല്‍ പുറത്തേക്ക് പോകേണ്ടെന്നുമാണ് അധികൃതര്‍ വിദ്യാര്‍ഥിനികളോട് പറയുന്നത്.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ പരസ്യമായി പ്രതികരിച്ച പി സി ജോര്‍ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂവെന്നും, പാര്‍ട്ടി എല്ലാം മനസിലാക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല. മികച്ച സ്ഥാനാര്‍ത്ഥിയാണ്, അദ്ദേഹം വിജയിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പിസി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയേക്കും. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സാഹചര്യം ബി ജെ പി കേന്ദ്ര നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതോടൊപ്പം പിസി ജോര്‍ജ്ജിന്റെ പിന്തുണ തേടിയ ശേഷം മാത്രം മണ്ഡലപര്യടനം തുടങ്ങാനാണ് അനില്‍ ആന്റണി തീരുമാനിച്ചിരിക്കുന്നത്.

പത്തനംതിട്ട മണ്ഡലത്തില്‍ അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം നിരാശപ്പെടുത്തിയെന്നും, വലിയ വിജയ സാധ്യതയുള്ള മണ്ഡലം ആയിരുന്നു പത്തനംതിട്ടയെന്നും എന്ത് അടിസ്ഥാനത്തില്‍ ആണ് ഇങ്ങനെയൊരു സ്ഥാനാര്‍ഥി വന്നതെന്ന് അറിയില്ലെന്നും ബിജെപി ചിറ്റാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ് പ്രതാപന്‍ വിമര്‍ശിച്ചു. പി.സി ജോര്‍ജ് പറഞ്ഞത് പോലെ സ്ഥാനാര്‍ഥിയെ ആളുകള്‍ക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിസി ജോര്‍ജ് പ്രസ്താവനകള്‍ തുടര്‍ന്നാല്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്ക് വോട്ട് കൂടുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പിസി ജോര്‍ജ്ജിനെതിരെ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. പിസി ജോര്‍ജ്ജ് സംസാരിക്കുന്നത് എങ്ങിനെയെന്ന് എല്ലാവര്‍ക്കും അറിയാം. പിസി ജോര്‍ജ്ജിനെ നിയന്ത്രിക്കേണ്ടതുണ്ട്. പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെടുന്നില്ല, പക്ഷെ പിസി ജോര്‍ജ്ജ് തന്നെ ബിജെപി നേതൃത്വത്തിന്റെ നടപടി വാങ്ങിവെച്ചോളുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ന് വൈകീട്ട് തൃശൂരിലെത്തുന്ന സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് ആനയിക്കും. തുടര്‍ന്ന് റോഡ് ഷോ നടക്കും. സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷന് മുന്നില്‍ സമാപിക്കുന്ന തരത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

പട്ടാമ്പി പള്ളിയിലെ നേര്‍ച്ചകഴിഞ്ഞ് ലോറിയില്‍ കൊണ്ടു വരികയായിരുന്ന അക്കരമേല്‍ ശേഖരന്‍ എന്ന നാട്ടാന പുലര്‍ച്ചെ 4 മണിക്ക് നഗരത്തിലിറങ്ങി. വടക്കേമുറിയില്‍ ലോറി നിര്‍ത്തിയപ്പോഴാണ് ആന പുറത്ത് ചാടിയത്. അവിടെ നിന്നും വിരണ്ടോടിയ ആനയ്ക്ക് മുന്നില്‍ പെട്ട കോയമ്പത്തൂര്‍ സ്വദേശിക്ക് പരിക്കേറ്റു. ആനയുടെ പരാക്രമത്തില്‍ രണ്ട് പശുക്കളും ഒരാടും ചത്തു. കേരള ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ കുന്നംകുളം മേഖല എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്.

ഇന്‍തിഫാദക്ക് വിലക്ക്. കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശം. പോസ്റ്റര്‍, സോഷ്യല്‍ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുത്. ഇന്‍തിഫാദ എന്ന പേര് സമുദായ ഐക്യം തകര്‍ക്കുമെന്ന് കാണിച്ച് പരാതി ഉയര്‍ന്നിരുന്നു. എസ്എഫ്ഐ നയിക്കുന്ന കേരള സര്‍വകലാശാല യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കാസര്‍കോട് കുറ്റിക്കോല്‍ നൂഞ്ഞങ്ങാനത്ത് ജ്യേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു. ജ്യേഷ്ഠന്‍ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകം. നാടന്‍ തോക്ക് ഉപയോഗിച്ച് അശോകനെ ജേഷ്ഠന്‍ ബാലകൃഷ്ണന്‍ വെടിവെയ്ക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്റെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ ബൈക്കപകടത്തില്‍ മരിച്ചു. ഞായറാഴ്ച്ച രാത്രി 11മണിയോടെ പള്ളിപ്പാട് വലിയവീട്ടില്‍ ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു അപകടം. ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം.

അഭിപ്രായ സ്വാതന്ത്ര്യത്തിനും, മത സ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കുന്ന അവകാശം ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയ നിധി സ്റ്റാലിന്‍ ലംഘിച്ചെന്ന് സുപ്രീംകോടതി. സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദ പ്രസ്തവനയിലാണ് ഉദയനിധി സ്റ്റാലിനെതിരെ സുപ്രീംകോടതി. രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.

തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും വികസനത്തിലും ക്ഷേമ പദ്ധതികളിലും ഊന്നി സംസാരിക്കണമെന്നും മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. പ്രചാരണ സമയത്ത് നേതാക്കള്‍ ആരെയൊക്കെ കാണുന്നു എന്നതിലും ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ദില്ലിയിലെ 18 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജനയിലൂടെ പ്രതിമാസം 1000 രൂപ നല്‍കുമെന്ന്് ദില്ലി സര്‍ക്കാരിന്റെ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായ ആതിഷി ഈ പദ്ധതി പ്രഖ്യാപിച്ചത് തന്റെ കന്നി ബജറ്റ് പ്രസംഗത്തിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വല്യേട്ടന്‍ എന്ന് വിശേഷിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രധാനമന്ത്രിയെന്നാല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വല്യേട്ടനാണ്. പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ സംസ്ഥാനങ്ങളില്‍ വികസനം അസാധ്യമാണെന്നും, ഗുജറാത്തിനെപ്പോലെ വികസനം തെലങ്കാനയിലും സാധ്യമാകാന്‍ പ്രധാനമന്ത്രിയുടെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു.

സാഹില്‍ വര്‍മ എന്ന നേവി ഉദ്യോഗസ്ഥനെ കപ്പലില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം പിന്നിട്ടു. സാഹില്‍ എവിടെയെന്നതിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ലെന്നും, തന്റെ മകനെ കണ്ടെത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരോട് കുടുംബം അഭ്യര്‍ത്ഥിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ബിജെപിയില്‍ അതൃപ്തി തുടരുന്നതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തന്റെ ചില ചിന്തകള്‍ ഇഷ്ടമായിക്കാണില്ലെന്നും, സീറ്റ് ചോദിച്ച് ബിജെപി നേതാക്കളുടെ അടുത്തോ പ്രധാനമന്ത്രിയുടെ അടുത്തോ പോകില്ലെന്നും പ്രഗ്യ സിങ് ഠാക്കൂര്‍. മധ്യപ്രദേശിലെ 29 മണ്ഡലങ്ങളിലേക്ക് 24 ഇടത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം പ്രഗ്യ സിങ്ങിനെ ഒഴിവാക്കുകയായിരുന്നു.

മംഗളൂരുവില്‍ പരീക്ഷക്ക് പോയ കടബ ഗവണ്‍മെന്റ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശിയായ അഭിനെ കടബ പോലീസ് പിടികൂടി. പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് അഭിന്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയത്. എന്നാല്‍ സ്‌കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു.

ഇന്ത്യയുടെ 2024ലെ വളര്‍ച്ചാപ്രതീക്ഷ 6.1 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി ഉയര്‍ത്തി ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ജി20 സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു. 2025ല്‍ ജി.ഡി.പി വളര്‍ച്ച 6.4 ശതമാനമാകുമെന്നാണ് മൂഡീസ് കണക്കാക്കുന്നത്. മികച്ച വളര്‍ച്ചയില്‍ 2023 കലണ്ടര്‍ വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വാര്‍ഷികാടിസ്ഥാനത്തില്‍ 8.4 ശതമാനം വര്‍ധിച്ചു. 2023 കലണ്ടര്‍ വര്‍ഷത്തെ വളര്‍ച്ച 7.7 ശതമാനമായി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.6 ശതമാനം വളരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷകള്‍.2023-24 സമ്പദ്വ്യവസ്ഥയുടെ സെപ്റ്റംബര്‍, ഡിസംബര്‍ ത്രൈമാസത്തിലെ ശക്തമായ പ്രകടനം മാര്‍ച്ച് പാദത്തില്‍ ഇതുവരെ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. ശക്തമായ ചരക്ക് സേവന നികുതി പിരിവ്, വര്‍ധിക്കുന്ന വാഹന വില്‍പ്പന, ഉപഭോക്തൃ ശുഭാപ്തിവിശ്വാസം, വായ്പാ വളര്‍ച്ച എന്നിവ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകുന്നത് കൊണ്ടാണിത്.2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റില്‍ 11.1 ലക്ഷം കോടി രൂപയുടെ (ജി.ഡി.പിയുടെ 3.4 ശതമാനം) മൂലധന ചെലവാണ് ലക്ഷ്യമിടുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ എസ്റ്റിമേറ്റിനേക്കാള്‍ 16.9 ശതമാനം കൂടുതലാണിത്.

ജനുവരിയില്‍ 67 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി വാട്‌സ്ആപ്പ്. 2021 ഐടി ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ജനുവരി ഒന്നുമുതല്‍ 31 വരെയുള്ള കണക്കാണിത്. ഉപയോക്താക്കള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് സുരക്ഷയെ കരുതി 13.50 ലക്ഷം അക്കൗണ്ടുകള്‍ മുന്‍കൂട്ടി തന്നെ വാട്‌സ്ആപ്പ് സ്വമേധയാ നിരോധിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് വാട്‌സ്ആപ്പിന് 50 കോടി ഉപയോക്താക്കള്‍ ആണ് ഉള്ളത്. ജനുവരിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് 15000 പരാതികള്‍ ലഭിച്ചതായും വാട്‌സ്ആപ്പിന്റെ ജനുവരി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബറില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് 69 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്. ‘ദുരുപയോഗം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഉപയോഗിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കല്‍ സേവനത്തില്‍ ഞങ്ങള്‍ മുന്‍പന്തിയിലാണ്. സുരക്ഷാ ഫീച്ചറുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പുറമേ, ഓണ്‍ലൈന്‍ സുരക്ഷയും സാങ്കേതിക വികസനവും ഉറപ്പാക്കുന്നതിന് എന്‍ജിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, അനലിസ്റ്റുകള്‍, ഗവേഷകര്‍, നിയമ നിര്‍വ്വഹണത്തിലെ വിദഗ്ധര്‍ എന്നിവരുടെ ഒരു ടീമിനെ നിയമിച്ചിട്ടുണ്ട്’ -വാട്‌സ്ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ കേരളത്തിന് പുറത്തും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ 10 കോടി നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍. തമിഴ്നാട്ടില്‍ ആദ്യമായാണ് ഒരു നോണ്‍- ഡബ്ബ്ഡ് സിനിമയ്ക്ക് ഇത്രയുമധികം മികച്ച പ്രേക്ഷക പ്രതികരണങ്ങളും കളക്ഷനും ലഭിക്കുന്നത്. കൂടാതെ ബുക്ക് മൈ ഷോയിലും ചിത്രം തരംഗമായിരിക്കുകയാണ്. മണിക്കൂറില്‍ 18000 ടിക്കറ്റുകള്‍ വരെ വിറ്റുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം ഇതുവരെ വേള്‍ഡ് വൈഡ് കളക്ഷനായി 75 കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2006-ല്‍ എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്തു നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാള്‍ ഗുണ കേവ്സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തില്‍ ഇതുവരെയിറങ്ങിയ സര്‍വൈവല്‍- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.

സംവിധായകന്‍ വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ചിത്രത്തില്‍ 14 പാട്ടുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ മധു പകരൂവെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടത് ഹിറ്റായിരുന്നു. സംഗീതം നിര്‍വഹിക്കുന്നത് അമൃത് രാമനാഥാണ്. ഏപ്രിലില്‍ റിലീസ് ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ മൂന്നോ നാലോ ലുക്കുകളില്‍ പ്രണവ് മോഹന്‍ലാലും താനും ഉണ്ടാകുമെന്ന് നേരത്തെ ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. കൗമാരക്കാരുടെ ലുക്കില്‍ മീശയും താടിയുമില്ലാതെ ചിത്രത്തില്‍ ഞങ്ങള്‍ ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ സൂചിപ്പിക്കുന്നു. ഇംഗ്ലീഷില്‍ എഴുതിയാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെ സംഭാഷണം പ്രണവ് മോഹന്‍ലാല്‍ പഠിച്ചതെന്നും ധ്യാന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത് ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ചിത്രത്തിന്റ നിര്‍മാണം വൈശാഖ് സുബ്രഹ്‌മണ്യമാണ്. വൈശാഖ് സുബ്രഹ്‌മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം നിര്‍വഹിക്കുക. ചിത്രത്തിന്റെ വിതരണവും മേരിലാന്റ് സിനിമസായിരിക്കും. തിരക്കഥയും വിനീത് ശ്രീനിവാസനാണ് എഴുതുന്നത്. പ്രണവ് മോഹന്‍ലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുന്നു. ചിത്രത്തില്‍ വിനീത് ശ്രീനിവാസനുമുണ്ട്.

സ്‌കൂട്ടറും ഒട്ടോറിക്ഷയും കൂടിച്ചേര്‍ന്ന പുതിയ തരം വാഹനത്തിന് കേന്ദ്രം അനുമതി നല്‍കാന്‍ ഒരുങ്ങുന്നു. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വരുത്തുന്ന ഭേദഗതിയുടെ കരടുരൂപം ഗതാഗത മന്ത്രാലയം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. ‘എല്‍25’ എന്ന പുതിയ വിഭാഗത്തിലായിരിക്കും ഇത്തരം വാഹനങ്ങളെ പരിഗണിക്കുക. ഒരേ വാഹനം സ്‌കൂട്ടറായും ഓട്ടോയായും ഉപയോഗിക്കാവുന്ന (കണ്‍വേര്‍ട്ടിബിള്‍) നൂതന ആശയം ഹീറോ മോട്ടോകോര്‍പിന്റെ കീഴിലുള്ള ‘സര്‍ജ്’ എന്ന സ്റ്റാര്‍ട്ടപ് അടുത്തയിടയ്ക്ക് അവതരിപ്പിച്ചിരുന്നു. കരടുഭേദഗതിയില്‍ 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാം. സ്വിച്ച് ഞെക്കിയാല്‍ ഓട്ടോയില്‍ നിന്നൊരു സ്‌കൂട്ടര്‍ ഇറങ്ങിവരും. ഓട്ടോയുടെ ബാക്കി ഭാഗം ചാര്‍ജിങ്ങിന് കുത്തിയിട്ടിട്ട് സ്‌കൂട്ടര്‍ ഓടിച്ചുപോകാം. തിരികെ വന്ന് സ്‌കൂട്ടര്‍ തിരികെ കയറ്റിവച്ച് സ്വിച്ച് ഞെക്കിയാല്‍ വീണ്ടും ഓട്ടോയായി. ഒരു രൂപത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ 3 മിനിറ്റ് മതി. സ്‌കൂട്ടറിനും, ഓട്ടോയ്ക്കും ഒരു റജിസ്ട്രേഷന്‍ നമ്പറായിരിക്കും ഉണ്ടാവുക. സ്‌കൂട്ടറിന് 60 കിലോമീറ്ററാണ് പരമാവധി വേഗം. ഓട്ടോയായിട്ടാണ് ഓടുന്നതെങ്കില്‍ 45 കിലോമീറ്റര്‍.

മിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന അറിവിന്റെ മുത്തുകളത്രയും പെറുക്കിയെടുത്ത് വരുംതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയാണ് ഗ്രന്ഥകാരന്‍. ഗില്‍ഗാമെഷിന്റെ, ഈഡിപ്പസിന്റെ, മിറായുടെ, പ്രിമത്തിയൂസിന്റെ, സൃഷ്ടിയുടെ, ആരിയണിന്റെ, ഒര്‍ഫ്യൂസിന്റെ കഥകളിലൂടെ അവയിലെ നന്മതിന്മകളെ അനാവരണം ചെയ്യുന്ന കൃതി. ‘മിത്തുകളിലെ മുത്തുകള്‍’. പ്രൊഫ. ചാക്കോ കാക്കശ്ശേരി. ലിറ്റില്‍ ഗ്രീന്‍. വില 162 രൂപ.

അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള 32 ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പഠനറിപ്പോര്‍ട്ട് പുറത്ത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാന്‍സര്‍, മാനസിക പ്രശ്‌നങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി അകാലമരണത്തിന് വരെ ഈ ഭക്ഷണങ്ങള്‍ കാരണമാകാനിടയുണ്ടെന്നാണ് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. യുപിഎഫ് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന പഠനങ്ങള്‍ നേരത്തെ വന്നിരുന്നെങ്കിലും ഇതാദ്യമായാണ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍ ഉണ്ടാകുന്നത്. ഓസ്ട്രേലിയ, യുഎസ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ 50 ശതമാനവും, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതകള്‍ 12 ശതമാനവും, ഉത്ക്കണ്ഠയടക്കമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ 48 മുതല്‍ 50 ശതമാനവും വര്‍ധിക്കുമെന്നും പഠനത്തില്‍ പറയുന്നു. വിഷാദരോഗത്തിനുള്ള സാധ്യത 22 ശതമാനമാണ് ഈ ഭക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നത്. അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് സ്തനാര്‍ബുദം ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ, വന്‍കുടല്‍ കാന്‍സര്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങിയ രോഗങ്ങളളുണ്ടാകുന്ന സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആസ്ത്മ, ദഹനപരമായ പ്രശ്നങ്ങള്‍, അധികഭാരം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളും ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉണ്ടാകാനിടയുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.90, പൗണ്ട് – 105.09, യൂറോ – 89.96, സ്വിസ് ഫ്രാങ്ക് – 94.10, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.09, ബഹറിന്‍ ദിനാര്‍ – 220.01, കുവൈത്ത് ദിനാര്‍ -269.52, ഒമാനി റിയാല്‍ – 215.35, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.15

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *