P13 yt cover

https://dailynewslive.in/ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് കപ്പലെത്തിയത്. നാളെയാണ് ട്രയല്‍ റണ്‍ നടക്കുക. 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്.

https://dailynewslive.in/ വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ച യു ഡി എഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ എല്‍ഡിഎഫും സിപിഎമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ്. അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കീം എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. 52,500 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടി. എന്‍ജിനീയറിങ്ങില്‍ ആദ്യ മൂന്ന് റാങ്കില്‍ തിളങ്ങിയത് ആണ്‍കുട്ടികളാണ്. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍ ജോണിയും നേടി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ മന്ത്രിമാരായ എംബിരാജേഷും ആര്‍.ബിന്ദുവും, പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി നിയമസഭയില്‍ വാക്പോര്. പ്രതിപക്ഷ നേതാവ് പലപ്പോഴും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സഭയില്‍ പറയുന്നതെന്ന് എം.ബി.രാജേഷ് കുറ്റപ്പെടുത്തി. അത് തിരുത്താന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം വഴങ്ങാറില്ലെന്നും, പരിഹാസവും പുച്ഛവുമാണ് വാക്കുകളില്ലെന്നും, അത് തിരുത്തണമെന്നും എം ബി രാജേഷ് പറഞ്ഞു. അതേസമയം തനിക്കെതിരെ പ്രതിപക്ഷ നേതാവ് വിരല്‍ചൂണ്ടി ധിക്കാരത്തോടെ പ്രസംഗിച്ചതില്‍ പ്രതിഷേധിക്കുന്നുവെന്ന് മന്ത്രി ആര്‍.ബിന്ദുവും പറഞ്ഞു. എന്നാല്‍ രണ്ടു മന്ത്രിമാര്‍ക്കെതിരെയും എന്തെങ്കിലും മോശമായി പറഞ്ഞതായി ചൂണ്ടിക്കാണിച്ചാല്‍ തിരുത്താമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. കൂടാതെ തന്റെ പ്രസംഗം തടസപ്പെടുത്തലാണ് രണ്ടുമൂന്നു മന്ത്രിമാരുടെ സ്ഥിരം പരിപാടിയെന്നും, ധിക്കാരവും ധാര്‍ഷ്ട്യവും പുച്ഛവും ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും , തിരുത്താന്‍ ആണല്ലോ നിങ്ങള്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ആ ചാപ്പ തന്റെ മേല്‍ കുത്തേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യകരമായ ചര്‍ച്ചയും സമീപനവുമാണ് പ്രതീക്ഷിക്കുന്നതെന്നും ,പക്ഷെ അതുണ്ടാകാറില്ലെന്ന് സ്പീക്കറും കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മാത്രം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്. നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയില്‍ 120 ഉം ,കാസര്‍കോട് പതിനെട്ടും താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസര്‍ഗോഡ് 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചും അനുവദിച്ചു.

https://dailynewslive.in/ നോര്‍ക്കയുടെ മൈഗ്രേഷന്‍ സര്‍വ്വേയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യണമെന്നും മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചു. എന്നാല്‍ സ്റ്റുഡന്‍സ് മൈഗ്രേഷന്‍ ഒരു ആഗോള പ്രതിഭാസമാണെന്ന് മന്ത്രി ആര്‍ ബിന്ദു മറുപടി നല്‍കി. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിദ്യാര്‍ത്ഥി കുടിയേറ്റം കേരളത്തിലാണെന്നും, വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകര്‍ഷിക്കുന്ന ഘടകമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. രാജ്യാന്തര തലത്തില്‍ കേരളത്തിലെ സര്‍വ്വകലാശാലകളുടെ കീര്‍ത്തി വര്‍ദ്ധിക്കുകയാണെന്നും എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ വിദേശത്താണ് പഠിച്ചതെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

https://dailynewslive.in/ ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സൂചന. പണം ചെലവഴിക്കലിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്തും. ശമ്പളത്തിനു പിന്നാലെ പ്രാധാന്യം ക്ഷേമപെന്‍ഷന് നല്‍കും. അടുത്ത മുന്‍ഗണന സിവില്‍ സപ്ലൈസ് ഉള്‍പ്പെടെ ജനത്തെ നേരിട്ടു ബാധിക്കുന്ന മേഖലകള്‍ക്ക് നല്‍കും. ക്ഷേമപെന്‍ഷന്‍ കുടിശിക തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കൊടുത്തുതീര്‍ക്കാനാണ് ശ്രമം. സംസ്ഥാനത്തിന്റെ തനത് വരുമാനം കൂടുന്നത് പ്ലാന്‍ ബിക്ക് ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ പി എസ് സി കോഴ ആരോപണത്തില്‍ സിപിഎം നേതാവ് പ്രമോദ് കോട്ടൂളി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കി. തന്റെ ഭാഗത്ത് പിഴവില്ലെന്ന് നേതൃത്വത്തെ അറിയിച്ച പ്രമോദ് വനിതാ ഡോക്ടറുടെ പക്കല്‍ നിന്ന് 22 ലക്ഷം രൂപ വാങ്ങിയെടുക്കുകയും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്ത സംഘത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉന്നയിച്ചതായാണ് സൂചന. ശനിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

https://dailynewslive.in/ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിമയലംഘനം നടത്തി ഓടിച്ച വാഹനം ഇന്നലെ രാത്രി പനമരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആകാശ് തില്ലങ്കേരിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഷൈജലാണ് വാഹനം സ്റ്റേഷനില്‍ എത്തിച്ചത്. എന്നാല്‍ രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കുകയായിരുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്.

https://dailynewslive.in/ ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ് ലൈസന്‍സില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സൂചന. സ്വദേശമായ കണ്ണൂര്‍ ജില്ലയില്‍നിന്ന് സ്വന്തംപേരിലും വിലാസത്തിലും ആകാശ് തില്ലങ്കേരി ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. നിയമലംഘനത്തിന്റെ പേരില്‍ ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ വയനാട് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ., കണ്ണൂര്‍ ആര്‍.ടി.ഒ.യോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ ജില്ലയില്‍നിന്ന് തില്ലങ്കേരി ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്.

https://dailynewslive.in/ ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിന്റെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നൈറ്റ് പട്രോളിങ്ങുള്‍പ്പെടെയുള്ള നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

https://dailynewslive.in/ കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ സര്‍വകലാശാല പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌ക്കറിന്റെ വിശദീകരണം തേടി. ഉടനടി വിശദീകരണം നല്‍കിയെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. സസ്പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. അതോടൊപ്പം കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

https://dailynewslive.in/ സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്സൈസ് സ്ഥിരീകരിച്ചു. യുവമോര്‍ച്ച ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി യദുകൃഷ്ണനെതിരെ കള്ളക്കേസ് എടുത്തെന്നായിരുന്നു സിപിഎം ആരോപണം. അതേസമയം, തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് യദു കൃഷ്ണന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ഉള്‍പ്പടെ പരാതിയും നല്‍കി. എന്നാല്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പത്തനംതിട്ട എക്സൈസ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

https://dailynewslive.in/ ആലപ്പുഴ മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തിന് വിവാദ യൂട്യൂബര്‍ സഞ്ജു ടെക്കി മുഖ്യാതിഥി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്നാണ് നോട്ടീസിലുള്ളത്. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.

https://dailynewslive.in/ നടന്‍ സുരേഷ് ഗോപിയ്ക്ക് എതിരെ താന്‍ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടന്‍ സലീം കുമാര്‍. തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാര്‍ പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതിന് എതിരെ സലീം കുമാര്‍ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്.

https://dailynewslive.in/ കാസര്‍കോട് ചിത്താരി ജമാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ്. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മര്‍ദിച്ച കാര്യം പുറത്തു പറഞ്ഞാല്‍ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കി.

https://dailynewslive.in/ മലപ്പുറം തിരൂര്‍ കടുങ്ങാത്തുകുണ്ടില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ കണാതായതായി റിപ്പോര്‍ട്ട്. ഇന്റേണല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടത്തിയത്. എട്ട് സപ്പൈക്കോ ജീവനക്കാര്‍ക്കെതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. ഡിപ്പോ മാനേജറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

https://dailynewslive.in/ കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സും വാഹന രജിസ്ട്രേഷനും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. ഇടപ്പള്ളി കളമശേരി റോഡില്‍ പുകക്കുഴലില്‍ നിന്ന് തീ ഉയരുന്ന ബൈക്കില്‍ യുവാവ് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്.

https://dailynewslive.in/ ലിവിംഗ് ടുഗതര്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി. ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ വിവാഹമല്ലെന്നും പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്നും പറഞ്ഞ ഹൈക്കോടതി നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവെന്ന് പറയാനാകൂവെന്ന് വ്യക്തമാക്കി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

https://dailynewslive.in/ മലപ്പുറം വേങ്ങരയില്‍ സംശയ രോഗം മൂലവും കൂടുതല്‍ സ്ത്രീധനം ചോദിച്ചും ഭര്‍ത്താവ് മര്‍ദ്ദിച്ചതായി നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ചയില്‍ തന്നെ ഭര്‍ത്താവായ ഫായിസ് ക്രൂരമായി മര്‍ദിച്ചെന്നും തലയിണ മുഖത്തമര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും പുറത്തു പറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞതായി നവവധു വ്യക്തമാക്കി. ഫായിസ് മര്‍ദിക്കുമ്പോള്‍ വീട്ടുകാര്‍ നോക്കി നിന്നെന്നും അവര്‍ പറഞ്ഞു. നിലവില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

https://dailynewslive.in/ ഇടപ്പള്ളി വൈറ്റില റൂട്ടില്‍ ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. ലോറിയിലുണ്ടായിരുന്ന തടികള്‍ റോഡിലേക്ക് മറിഞ്ഞതോടെ സ്ഥലത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ഇടപ്പള്ളി വൈറ്റില റൂട്ടില്‍ ചക്കര പറമ്പിലാണ് ലോറി അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപെട്ടു.

https://dailynewslive.in/ മലപ്പുറം വഴിക്കടവില്‍ ഒരാള്‍ക്ക് എച്ച്വണ്‍എന്‍വണ്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിദഗ്ദ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ, അഭിനനന്ദ എന്നിവരാണ് മരിച്ചത്. കുനിയില്‍ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

https://dailynewslive.in/ പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ അമ്പാറ അമ്പലം ജംഗ്ഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി എബിന്‍ ജോസഫാണ് മരിച്ചത്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബൈക്ക് എതിര്‍ദിശയില്‍ എത്തിയ കാറില്‍ ഇടിക്കുകയായിരുന്നു.

https://dailynewslive.in/ നീറ്റ് ചോദ്യപേപ്പര്‍ ജാര്‍ഖണ്ഡിലെ സ്‌കൂളിലേക്ക് കൊണ്ടു പോകും വഴിയാണ് ചോര്‍ത്തിയതെന്ന് സിബിഐ കണ്ടെത്തല്‍. ചോര്‍ത്തിയ പരീക്ഷാ പേപ്പറുകള്‍ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു. പരീക്ഷാ പേപ്പര്‍ ചോര്‍ന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം സമയത്ത് എന്‍ടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എന്‍ടിഎയും തെളിവുകള്‍ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

https://dailynewslive.in/ യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ. കണ്ടെത്തല്‍. ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യക്കടലാസ് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചതാണെന്നും സി.ബി.ഐ. കണ്ടെത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പരീക്ഷ നടന്ന് പിറ്റേന്ന് കേന്ദ്രസര്‍ക്കാര്‍ പരീക്ഷ റദ്ദാക്കിയിരുന്നു.

https://dailynewslive.in/ മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. സിവില്‍ സര്‍വീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കര്‍ നിയമന മുന്‍ഗണക്കായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാകാന്‍ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ ഹാജരായിട്ടില്ല.

https://dailynewslive.in/ ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി. ഭീകരവാദ സംഘടനയുമായുള്ള പങ്കും യസീദി സ്ത്രീകളെ തടങ്കലില്‍ വച്ചതിനുമാണ് ഇറാഖി കോടതി വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പടിഞ്ഞാറന്‍ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത്.

https://dailynewslive.in/ ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് 30 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് . പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. സുല്‍ത്താന്‍ പൂരില്‍ ഏഴു പേര്‍ക്കും, പൂര്‍വാഞ്ചലില്‍ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി ടീമിന് പേരിട്ട് നടന്‍ പൃഥ്വിരാജ്. ഫോഴ്സാ കൊച്ചി എഫ്‌സി എന്നാണ് ടീമിന്റെ പേര്. പോര്‍ച്ചുഗീസ് ഭാഷയില്‍ മുന്നോട്ട് എന്നാണ് ഫോഴ്സാ എന്ന വാക്കിന്റെ അര്‍ത്ഥം. കാല്‍പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാന്‍ ഞങ്ങള്‍ കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാന്‍, ഒരു പുത്തന്‍ ചരിത്രം തുടങ്ങാന്‍ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി സമൂഹമാധ്യമങ്ങളിലൂടെ ക്ലബ്ബിന്റെ പേര് പ്രഖ്യാപിച്ചത്.

https://dailynewslive.in/ കോപ്പ അമേരിക്കയുടെ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി കൊളംബിയ. ഇന്ന് നടന്ന സെമി ഫൈനലില്‍ യുറഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് കൊളംബിയ കലാശക്കളിക്ക് യോഗ്യത നേടിയത്. ഇതോടെ ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളി.

https://dailynewslive.in/ കോപ്പ അമേരിക്ക സെമി ഫൈനലില്‍ തോല്‍വിക്കു പിന്നാലെ കൊളംബിയന്‍ ആരാധകരെ മര്‍ദിച്ച് യുറഗ്വായ് താരങ്ങള്‍. യുറഗ്വായുടെ ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ നൂനസ് ഉള്‍പ്പെടെയുള്ളവരാണ് കാണികള്‍ക്കുനേരെ തിരിഞ്ഞത്. നൂനസ് മറ്റു താരങ്ങള്‍ക്കൊപ്പം സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിലേക്ക് കയറിച്ചെന്ന് കൊളംബിയന്‍ ആരാധകരെ ഇടിക്കുകയായിരുന്നു.

https://dailynewslive.in/ തേയില വിപണിയെ പ്രതിസന്ധിയിലാക്കി കാലാവസ്ഥ വ്യതിയാനം. തേയില പ്രധാനമായും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനമായ അസമില്‍ ഉഷ്ണക്കാറ്റും വെള്ളപ്പൊക്കവും മൂലം പ്രകൃതി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഉല്‍പ്പാദനം കുറഞ്ഞു. കാലാവസ്ഥ പ്രതികൂലമായതോടെ വിളനാശം സംഭവിക്കുകയും ഇക്കൊല്ലത്തെ ഉല്‍പ്പാദനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. തേയില വില കിലോയ്ക്ക് 20 ശതമാനം ഉയര്‍ന്ന് 217.53 രൂപയിലാണ് കൊല്‍ക്കത്തയില്‍ ജൂണ്‍ ആവസാന ആഴ്ചയില്‍ ലേലം നടന്നത്. മേയ് മാസത്തില്‍ മൊത്തം ഉത്പാദനം 30 ശതമാനത്തിലധികം കുറഞ്ഞ് 9.2 കോടി കി.ഗ്രാമില്‍ എത്തി. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ തേയില ഉല്‍പ്പാദനമാണ് മെയ് മാസത്തില്‍ നടന്നത്. ഇരുപത് ഇനം കീടനാശിനികള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതും ഇത്തവണ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 139.4 കോടി കിലോ തേയിലയുടെ ഉല്‍പ്പാദനമാണ് രാജ്യത്ത് നടന്നത്. എന്നാല്‍ 2024 ല്‍ ഉല്‍പ്പാദനത്തില്‍ 10 കോടി കിലോഗ്രാമിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നത് ഇന്ത്യന്‍ തേയില വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തെ തേയില ഉല്‍പാദനത്തിന്റെ പകുതിയിലധികം നടക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ ജൂലൈയില്‍ 2 ദശലക്ഷത്തിലധികം ആളുകളെയാണ് കനത്ത വെള്ളപ്പൊക്കം ബാധിച്ചത്. ഇന്ത്യയിലെ മൊത്തം തേയില ഉല്‍പ്പാദനത്തിന്റെ പകുതിയിലധികവും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് നടക്കുന്നത്. ഈജിപ്തിലേക്കും യുണൈറ്റഡ് കിംഗ്ഡത്തിലേക്കും സി.ടി.സി (ക്രഷ്-ടിയര്‍-കേള്‍) ഗ്രേഡ് തേയിലയാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇറാഖ്, ഇറാന്‍, റഷ്യ എന്നിവിടങ്ങളിലേക്ക് യാഥാസ്ഥിതിക ഇനം തേയിലയാണ് കയറ്റുമതി ചെയ്യപ്പെടുന്നത്.

https://dailynewslive.in/ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റെഡ്മിയുടെ ടാബ്ലറ്റായ ‘റെഡ്മി പാഡ് പ്രോ’ ഈ മാസം അവസാനം ഇന്ത്യന്‍ വിപണിയിലെത്തും. റെഡ്മി 13 5ജി പുറത്തിറക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. റെഡ്മി പാഡ് പ്രോ മെയ് മാസം ചൈനയില്‍ അവതരിച്ചിരുന്നു. ചൈനയിലെ സമാന ഫീച്ചറുകളുള്ള ടാബ്ലറ്റാണോ ഇന്ത്യന്‍ വിപണിയിലേക്ക് വരിക എന്ന് വ്യക്തമല്ല. ഹൈപ്പര്‍ഒഎസില്‍ വരുന്ന ഏറ്റവും പുതിയ ടാബ്ലറ്റാണ് റെഡ്മി പാഡ് പ്രോ. ചൈനയിലെ റെഡ്മി പാഡ് പ്രോയ്ക്ക് 2560ഃ1600 റെസലൂഷനിലുള്ള 12.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലെയാണുള്ളത്. 249 പിപിഐയാണ് പിക്‌സല്‍ ഡെന്‍സിറ്റി. ഗോറില്ല ഗ്ലാസ് 3 സംരക്ഷണത്തില്‍ വരുന്ന റെഡ്മി പാഡ് പ്രോയ്ക്ക് സ്നാപ്ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 2 പ്രൊസസറാണുള്ളത്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമായിരുന്നു ചൈനയിലിറങ്ങിയ അടിസ്ഥാന മോഡലിന്റെ കപ്പാസിറ്റി. 1.5 ടിബി വരെ സ്റ്റോറേജുള്ള ടാബും ലഭ്യമായിരുന്നു. ഷവോമിയുടെ തന്നെ ഹൈപ്പര്‍ഒഎസില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു റെഡ്മി പാഡ് പ്രോ. എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും മുന്‍ക്യാമറയുമാണ് റെഡ്മി പാഡ് പ്രോയ്ക്കുള്ളത്. പ്രധാന ക്യാമറയില്‍ 30 ഫ്രെയിം പെര്‍ സെക്കന്‍ഡില്‍ 1080 ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാം. 10000 എംഎഎച്ചിന്റെ ബാറ്ററിയാണ് ചൈനീസ് മോഡലിനുണ്ടായിരുന്നത്. 33 വാട്‌സിന്റെ ടൈപ്പ് സി ചാര്‍ജറാണ് ടാബിനുണ്ടായിരുന്നത്. വൈഫൈ 6, ബ്ലൂടൂത്ത് 5.2 , വൈഫൈ ഡയറക്ട്, യുഎസ്ബി 2.0 എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍.

https://dailynewslive.in/ ‘അനീതി കണ്ടാല്‍ ഞാന്‍ എത്തിയിരിക്കും, ഇന്ത്യന് ഒരിക്കലും മരണമില്ല,’- 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ഇന്ത്യന്‍’ സിനിമയുടെ ക്ലൈമാക്സ് സീനില്‍ സേനാപതി പറഞ്ഞ വാക്കുകള്‍! ആ വാക്കുകള്‍ നിറവേറ്റാന്‍ വീണ്ടും ഇന്ത്യന്‍ എത്തുകയാണ്. ജൂലൈ 12ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ‘ഇന്ത്യന്‍ 2’ മിഴിതുറക്കും.

ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ തന്നെ സംവിധാനം ചെയ്തിരിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം 200 കോടിയോളം രൂപ മുതല്‍മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ നിര്‍മാണ ചിലവ്. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമല്‍ ഹാസന്‍ വിസ്മയിപ്പിക്കുമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്നര്‍. സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് നാളെ ആരംഭിക്കും.

https://dailynewslive.in/ പ്രശസ്ത തിരക്കഥാകൃത്ത് എസ്. എന്‍ സ്വാമി സംവിധായകനാവുന്ന ആദ്യ ചിത്രം ‘സീക്രട്ട്’ തിയേറ്ററുകളിലേക്ക്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ജൂലൈ 26-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മോട്ടിവേഷണല്‍ ത്രില്ലര്‍ എന്ന ലേബലിലാണ് ചിത്രമെത്തുന്നത്. എസ്. എന്‍ സ്വാമി തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ്‍ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡി.ഒ.പി -ജാക്സണ്‍ ജോണ്‍സണ്‍, എഡിറ്റിങ് -ബസോദ് ടി ബാബുരാജ്, ആര്‍ട്ട് ഡയറക്ടര്‍: സിറില്‍ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാകേഷ്. ടി.ബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കോസ്റ്റ്യൂം: സ്റ്റെഫി സേവിയര്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശിവറാം, സൗണ്ട് ഡിസൈന്‍: വിക്കി, കിഷന്‍. അസ്സോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ചന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍: ഫീനിക്സ് പ്രഭു, ഫൈനല്‍ മിക്സ് : അജിത് എ ജോര്‍ജ്, വിഎഫ്എക്സ്: ഡിജിബ്രിക്ക്സ്, ഡി.ഐ: മോക്ഷ, സ്റ്റില്‍സ്: നവീന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഓ: പ്രതീഷ് ശേഖര്‍.

https://dailynewslive.in/ ബ്രസയുടെ സ്‌പെഷല്‍ എഡിഷന്‍ മോഡല്‍ അര്‍ബനോ പുറത്തിറക്കി മാരുതി സുസുക്കി. 8.49 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന അര്‍ബനോ എഡിഷനില്‍ കുറഞ്ഞ വിലയില്‍ പലതരം ആസെസറികളും മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ട്രിലെവല്‍ എല്‍എക്‌സ്‌ഐ മിഡ്‌ലെവല്‍ വിഎക്‌സ്‌ഐ മോഡലുകളില്‍ മാത്രമാണ് ബ്രസ അര്‍ബനോ എഡിഷന്‍ ലഭ്യമാവുക. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ മോഡലുകളുടെ ആസസറികള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് അര്‍ബനോ എഡിഷന്റെ വരവ്. പിന്നില്‍ പാര്‍ക്കിങ് ക്യാമറ, ടച്ച് സ്‌ക്രീന്‍, സ്പീക്കറുകള്‍, ഫ്രണ്ട് ഫോഗ് ലാംപ് കിറ്റ്, ഫോഗ് ലാംപ് ഗാര്‍ണിഷ്, ഫ്രണ്ട് ആന്റ് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഫ്രണ്ട് ഗ്രില്‍ ക്രോം ഗാര്‍ണിഷ്, ബോഡി സൈഡ് മോള്‍ഡിങ്, വീല്‍ ആര്‍ക്ക് കിറ്റ് എന്നിവയാണ് ബ്രസ എല്‍എക്‌സ്‌ഐ അര്‍ബനോ എഡിഷനില്‍ ഉണ്ടാവുക. ഈ ആസസറികള്‍ പ്രത്യേകമായി വാങ്ങിയാല്‍ 52,370 രൂപയും ഒരുമിച്ച് കിറ്റായി വാങ്ങിയാല്‍ 42,000 രൂപയും വരുന്നത് അര്‍ബനോ എഡിഷന്‍ പാക്കേജില്‍ 15,000 രൂപക്കാണ് നല്‍കുന്നത്. പിന്‍ ക്യാമറ, ഫോഗ് ലാംപ്, സ്‌പെഷല്‍ ഡാഷ്‌ബോര്‍ഡ് ട്രിം, ബോഡി സൈഡ് മോള്‍ഡിങ്, വീല്‍ ആര്‍ക് കിറ്റ്, മൈറ്റല്‍ സില്‍ ഗാര്‍ഡ്‌സ്, രജിസ്‌ട്രേഷന്‍ പ്ലേറ്റ് ഫ്രെയിം, 3ഡി ഫ്‌ളോര്‍ മാറ്റ് എന്നിവയാണ് അര്‍ബനോ എഡിഷന്‍ വിഎക്‌സ്‌ഐ മോഡലിലെത്തുന്നത്. ഇവയെല്ലാം ഓരോന്നായി വാങ്ങുമ്പോള്‍ 26,149 രൂപ വരുമെങ്കില്‍ കിറ്റായി വാങ്ങുമ്പോള്‍ 18,500 രൂപ വരും. അതേസമയം അര്‍ബനോ എഡിഷന്‍ 3,500 രൂപക്കാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ അര്‍ബനോ എഡിഷന്‍ എത്തുന്നുണ്ട്. മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്. നിലവില്‍ 8.34 ലക്ഷം മുതല്‍ 14.14 ലക്ഷം രൂപ വരെയാണ് മാരുതി ബ്രസയുടെ വില. ഈ മാസം 25,000 രൂപ വരെ പ്രത്യേക ഇളവുകളുണ്ട്.

https://dailynewslive.in/ അതിനപ്പുറം വായിക്കാനാവാതെ, അക്ഷരങ്ങളെ കണ്ണീരു മറച്ചു. ഖസാക്കിന്റെ താളില്‍ എന്റെ കണ്ണീരു വീണു. മുമ്പില്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു. നനഞ്ഞ മണ്ണിന്റെ സുഷിരങ്ങളില്‍നിന്ന് മഴപ്പാറ്റകള്‍ പൊടിഞ്ഞുവന്നു. അവയെ കൊത്തിത്തിന്നാനായി കാക്കകളും ചെറുപക്ഷികളും മഴ പെയ്യുന്ന ആ അന്തരീക്ഷത്തില്‍ ചിറകു തുഴഞ്ഞു… ഇത് ഖസാക്കിന്റെ കഥയല്ല, അബ്ബാസിന്റെയുമല്ല. ഖസാക്ക് ബാധിച്ച ഒരു മുഴുവായനക്കാരന്റെ ജീവിതം. ‘ഖസാക്ക് എന്നെ വായിച്ച കഥ’. മുഹമ്മദ് അബ്ബാസ്. മാതൃഭൂമി. വില 178 രൂപ.

https://dailynewslive.in/ കോഴിക്കോടിന് പിന്നാലെ തൃശൂരിലും അമീബിക് മക്‌സിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു. ജാഗ്രതയോടെ വേണം മുന്നോട്ടു പോകാനെന്ന ഓര്‍മപ്പെടുത്തലാണ് ആരോഗ്യ വകുപ്പും നല്‍കുന്നത്. അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ഗുരതരാവസ്ഥയിലാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്യുന്നു. ജപ്പാന്‍ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്‌ക ജ്വരമാകുന്നവയാണ്. വളരെ അപൂര്‍വമായി മാത്രമേ അമീബ മനുഷ്യരില്‍ രോഗം പിടികൂടുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പല തരം അമീബകള്‍ രോഗകാരികള്‍ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യശരീരത്തില്‍ കടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം തെറിക്കുകയോ ഒക്കെ ചെയ്താല്‍ ഇങ്ങനെ സംഭവിക്കാം. ഇതാണ് തലച്ചോറിലെത്തി രോഗകാരിയാകുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ച വരെ സമയം എടുക്കുമെന്നതും വെല്ലുവിളിയാണ്. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. രണ്ടു ഘട്ടങ്ങളായാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ആദ്യ ഘട്ടത്തില്‍ പനി, തലവേദന, ഛര്‍ദി മുതലായവയാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ എന്നിവയുണ്ടാവുന്നത്. നിപ്പ, വെസ്റ്റ്‌നൈല്‍ തുടങ്ങിയവ പിസിആര്‍ ടെസ്റ്റും മറ്റും ചെയ്തതിന് ശേഷമാകും രോഗനിര്‍ണയം നടത്താനാവുക. എന്നാല്‍ മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അമീബയുടെ സാന്നിധ്യം സംശയമുണ്ടെങ്കില്‍ തന്നെ നട്ടെല്ലില്‍ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക. കുട്ടികളെ ഇത്തരം വെള്ളത്തില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. മൂക്കിലേക്ക് ഇത്തരം ജലം എത്താതെ ശ്രദ്ധിക്കുക. ചെറിയ കുളങ്ങള്‍, കിണറുകല്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.48, പൗണ്ട് – 106.82, യൂറോ – 90.29, സ്വിസ് ഫ്രാങ്ക് – 93.06, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.25, ബഹറിന്‍ ദിനാര്‍ – 221.47, കുവൈത്ത് ദിനാര്‍ -272.74, ഒമാനി റിയാല്‍ – 216.86, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 61.20.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *