P18 yt cover

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

കാനഡയില്‍ ഒരു ഖാലിസ്ഥാന്‍വാദി നേതാവുകൂടി കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതാണെന്നാണ് വിവരം. കാനഡയിലുള്ള ഖാലിസ്ഥാന്‍ ഭീകരരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പട്ടികയില്‍ ഇയാളുടെ പേരുണ്ടായിരുന്നു. ജൂണ്‍ മാസത്തിലുണ്ടായ ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇന്ത്യക്കാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമായിരിക്കേയാണ് രണ്ടാമത്തെ കൊലപാതകം.

കനേഡിയന്‍ പൗരന്മാര്‍ക്കു വിസ നല്‍കുന്നത് ഇന്ത്യ നിറുത്തിവച്ചു. ഇന്ത്യന്‍ വിസ നല്‍കുന്നത് നിറുത്തിയെന്ന അറിയിപ്പ് പിന്‍വലിച്ച ഇന്ത്യ വീണ്ടും പ്രസിദ്ധീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കാനഡയിലേക്കു പോകാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്കും കാനഡയിലുള്ള ഇന്ത്യക്കാര്‍ക്കും ഭീഷണിയായി.

ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് സുഖ് ദൂല്‍ സിംഗിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയ് സംഘം. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. മയക്കുമരുന്നു കേസില്‍ അഹമ്മദാബാദിലെ ജയിലില്‍ കഴിയുകയാണ് സംഘത്തലവന്‍ ലോറന്‍സ് ബിഷ്ണോയ്. കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല വധകേസിലും ബിഷ്ണോയ് പ്രധാന പ്രതിയാണ്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ പോലീസിന്റെ വിരട്ടലിനു വഴങ്ങേണ്ടെന്നും അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും എന്‍ഫോഴ്സ്മെന്റിനു കേന്ദ്ര നിര്‍ദ്ദേശം. മര്‍ദ്ദിച്ചെന്ന സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ പരാതിയും അന്വേഷിക്കാന്‍ പൊലീസ് എത്തിയതും എന്‍ഫോഴ്സ്മെന്റിനെ സമ്മര്‍ദത്തിലാക്കാനാണെന്നാണ് വിലയിരുത്തല്‍. മര്‍ദിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ 24 സിസിടിവി ക്യാമറകളിലും വ്യക്തമാണ്. ഈ മാസം 12 ന് ചോദ്യം ചെയ്തു വിട്ടയച്ചയാള്‍ ഒരാഴ്ച കഴിഞ്ഞ് 19 നു പരാതി നല്‍കിയത് ദുരൂഹമാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നിയോജകമണ്ഡലം തലത്തില്‍ നടത്തുന്ന പരിപാടിയും കേരളീയം പരിപാടിയും യുഡിഎഫ് ബഹിഷ്‌കരിച്ചേക്കും. രാഷ്ട്രീയ മുതലെടുപ്പിനായി എല്‍ഡിഎഫ് നടത്തുന്ന പരിപാടിയാണെന്നാണ് യുഡിഎഫ് നേതാക്കള്‍ക്കുള്ളത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് ജനസദസ് നടത്തുന്നത്. നവംബര്‍ ആദ്യവാരത്തിലാണു കേരളീയം പരിപാടി.

കടം വാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകള്‍ തീര്‍ക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ആരോപിച്ച് രാജ്ഭവനു മുന്നില്‍ ആരംഭിച്ച ഇടതുമുന്നണി സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വികസനം മുടക്കാന്‍ ബിജെപിക്കൊപ്പം യുഡിഎഫും മല്‍സരിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.

‘വി ഫോര്‍ കൊച്ചി’ നേതാവ് നിപുണ്‍ ചെറിയാന്‍ കോടതിയലക്ഷ്യ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷിനെതിരായ പരാമര്‍ശത്തിനായിരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജഡ്ജിയെ വിമര്‍ശിച്ചത് സദുദ്ദേശത്തോടെയാണെന്ന വാദത്തോടെയാണ് നിപുണ്‍ ചെറിയാന്റെ ഹര്‍ജി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

നികുതി പിരിവ് കാര്യക്ഷമമല്ലെന്ന സിഎജി വിമര്‍ശനത്തെ ആധാരമാക്കി നികുതി വകുപ്പിനെക്കുറിച്ചുള്ള നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷം. നികുതി പിരിവ് സംവിധാനത്തിലെ ഗുരുതര ക്രമക്കേടുകള്‍ മറച്ച് വയ്ക്കാനും നികുതി വകുപ്പിലെ അഴിമതി ലോകം അറിയാതിരിക്കാനുമുള്ള ആസൂത്രിത നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.

പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമത ഉറപ്പ് പരിശോധിക്കാന്‍ വിജിലന്‍സ് നടത്തിയ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഓപ്പറേഷന്‍ പ്രൊട്ടക്റ്റര്‍ എന്ന പേരില്‍ 50 ബ്ലോക്ക് പഞ്ചായത്തുകളിലെയും,10 മുന്‍സിപ്പാലിറ്റികളിലെയും, അഞ്ചു കോര്‍പ്പറേഷനുകളിലെയും പട്ടികജാതി വികസന ഓഫീസര്‍മാരുടെയും അനുബന്ധ സെക്ഷനുകളിലുമായിരുന്നു പരിശോധന.

നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയില്‍ പൊലീസ് എസ്ഐ കടയില്‍ കയറി ഉടമയെയും കുടുംബത്തെയും മര്‍ദ്ദിച്ചു. കടയുടമ കുഞ്ഞുമോന്റെ പരാതിയില്‍ സിആര്‍വി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനില്‍കുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി വ്യക്തമായി.

പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ജാതി വിവേചനം ഉണ്ടായ സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ മൗനം പാലിച്ചതു ഗുതരമായ തെറ്റാണെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കുറ്റക്കാരനായ പൂജാരിക്കെതിരേ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിനകത്തേക്ക് നിരോധിത വസ്തുക്കളായ ബീഡിക്കെട്ടുകളും ഹാന്‍സ് പാക്കറ്റുകളും എറിഞ്ഞ് കൊടുക്കാന്‍ ശ്രമിച്ച നാലുപേരെ ജയില്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. തൃശ്ശൂര്‍ ചാമക്കാല സ്വദേശികളായ നിഖില്‍, മേലറ്റത്ത് സക്കീര്‍, പോണത്ത് ബിബിന്‍, കൊച്ചിക്കാട്ട് ഷലീഷ് എന്നിവരാണ് പിടിയിലായത്. ഇതേ ജയിലില്‍നിന്ന് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയവരാണിവര്‍.

വയനാട്ടില്‍ അമ്മയെയും അഞ്ചു മക്കളെയും കാണാതായി. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് 18 മുതല്‍ കാണാതായത്. ചേളാരിയിലെ സ്വന്തം വീട്ടിലേക്കു പോയ ഇവര്‍ അവിടെ എത്തിയില്ല. ഫോണിന്റെ അവസാന സിഗ്‌നല്‍ ഫറൂക്ക് പ്രദേശത്തുനിന്നായിരുന്നു. പോലീസ് വിമിജയുടെ ഭര്‍ത്താവ് ജെഷിയുമൊത്ത് ഫറൂക്കില്‍ അന്വേഷണം നടത്തുന്നുണ്ട്.

കടന്നല്‍ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുണ്ട് സ്വദേശി സുരേന്ദ്രനാണ് (41) മരിച്ചത്.

കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ മൃതദേഹം കഷ്ണങ്ങളായി കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. മൃതദേഹം അഴുകിയതിനാല്‍ ചുരിദാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കണ്ണവത്തെ യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ധരിച്ച ചുരിദാര്‍ ഇതല്ലെന്ന് യുവതിയുടെ അമ്മ മൊഴി നല്‍കി.

ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും ജയിലിടുന്നത് തെറ്റാണെന്ന് സുപ്രീം കോടതി. 29 വര്‍ഷം ജയിലില്‍ കഴിഞ്ഞ അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായില്ല. നിര്‍ബന്ധമായും ഹാജരാകണമന്നു കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും സമ്മാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

നിപ വൈറസുണ്ടോയെന്നു പരിശോധനയക്ക് അയച്ച 24 സാമ്പിളുകള്‍കൂടി നെഗറ്റീവായി. സമ്പര്‍ക്ക പട്ടികയില്‍ 980 പേരാണുള്ളത്. നിപ ബാധിച്ചു ചികില്‍സയിലുള്ള ഒമ്പതു വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

ബഹിരാകാശ രംഗത്തു വന്‍ മുന്നേറ്റമുണ്ടാക്കുന്നുണ്ടെങ്കിലും വകുപ്പിന്റെ ബജറ്റ്തുക കേന്ദ്ര സര്‍ക്കാര്‍ ഞെട്ടിക്കുന്ന വിധത്തില്‍ വെട്ടിക്കുറച്ചെന്നു ശശി തരൂര്‍ ലോക്സഭയില്‍. തിരിച്ചടികളില്‍നിന്നും പാഠമുള്‍ക്കൊണ്ടാണ് ഐഎസ്ആര്‍ഒ വളര്‍ന്നത്. ചന്ദ്രയാന്‍ ദൗത്യത്തിലെ പല ശാസ്ത്രജ്ഞന്‍മാരും കേരളത്തിലെ ടികെഎം, സിഇടി കോളേജുകളില്‍ പഠിച്ചവരാണ്. ശശി തരൂര്‍ പറഞ്ഞു.

ലോക്സഭ പാസാക്കിയ വനിതാ സംവരണ ബില്‍ ഇന്നു രാജ്യസഭയില്‍. രാജ്യസഭയിലും ബില്‍ ഇന്നു പാസാക്കും.

ജി 20 ഉച്ചകോടിക്കു പിറകേ, മുപ്പത് രാജ്യങ്ങളുടെ കരസേന അദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന ഇന്‍ഡോ പസഫിക് ആര്‍മി ചീഫ് കോണ്‍ഫറന്‍സിന് ഇന്ത്യ വേദിയാകുന്നു. ഈ മാസം 26 ന് ആരംഭിക്കുന്ന പരിപാടിയില്‍ കാനഡയും പങ്കാളിയാകും. ഇന്‍ഡോ പസഫിക് മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ചയാകുമെന്ന് കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ എം.വി സുരേന്ദ്രകുമാര്‍ പറഞ്ഞു

വനിത സംവരണ ബില്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും അവഗണിക്കുന്നതുകൊണ്ടാണ് എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് അസദുദ്ദീന്‍ ഒവൈസി. 454 പേരുടെ പിന്തുണയോടെയാണ് വനിത സംവരണ ബില്‍ ലോക് സഭയില്‍ പാസായത്. എഐഎംഐഎമ്മിന്റെ രണ്ട് എംപിമാര്‍ മാത്രമാണു ബില്ലിനെ എതിര്‍ത്തത്.

മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ ബാലപീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മാസമാണ് മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ പ്രദേശത്തെ സ്‌കൂളില്‍ വിവാദ സംഭവം നടന്നത്.

വനിതാ സബ് ഇന്‍സ്‌പെക്ടറോട് മോശമായി പെരുമാറിയതിന് രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് സംഭാല്‍ ജില്ലയിലെ ചന്ദൗസി മേഖലയിലാണു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ ഇന്‍സ്പെക്ടറെ കാറില്‍ പിന്തുടര്‍ന്ന് മോശമായി പെരുമാറിയ കോണ്‍സ്റ്റബിള്‍മാരായ പവന്‍ ചൗധരിയും രവീന്ദ്രനുമാണ് അറസ്റ്റിലായത്.

കാനഡ ഭീകരവാദികളെ സംരക്ഷിക്കുകയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കും. ഇതിന് അമേരിക്കയുടെ പിന്തുണയും തേടിയിട്ടുണ്ട്. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാന്‍ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്.

ഇന്ത്യ സ്ഥിരമായി തങ്ങളുടെ രാജ്യത്ത് ചെയ്യുന്നതാണ് കാനഡയില്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം.

ബഹിരാകാശത്തെ ഛിന്നഗ്രഹത്തില്‍നിന്നു ശേഖരിച്ച 250 ഗ്രാം ഭാരമുള്ള കല്ലുകളും പൊടിയും അടങ്ങുന്ന വസ്തുക്കള്‍ ഞായറാഴ്ച ഭൂമിയിലെത്തും. ബഹിരാകാശ പേടകം ശേഖരിച്ച വസ്തുക്കള്‍ മാതൃ പേടകമായ ഓസിരിസ് റെക്സില്‍ നിന്ന് ഉട്ടാ മരുഭൂമിയില്‍ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ഈ വസ്തുക്കള്‍ ലഭിക്കുന്നത്. നാസയും ഗവേഷകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ഏകദേശം ബാരലിന് 10 ഡോളറായിരുന്ന പ്രീമിയം തുക ഇപ്പോള്‍ 3.5 ഡോളറായാണ് കുറച്ചത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ കൂടുതലായി വാങ്ങാന്‍ തുടങ്ങിയതോടെയാണ് സൗദിയുടെ ഈ നീക്കം. റഷ്യ പ്രീമിയം വെട്ടികുറച്ചപ്പോള്‍ യു.എ.ഇ ഈ പ്രീമിയം തുക പുര്‍ണ്ണമായും ഒഴിവാക്കി. ഒപെക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യഥാര്‍ത്ഥ വില്‍പ്പന വിലയേക്കാള്‍ കൂടുതലായി ഈടാക്കുന്ന അധിക തുകയാണ് വെട്ടിക്കുറച്ചത്. മുമ്പ് പ്രീമിയം ഇല്ലാതാക്കാന്‍ ഇന്ത്യ ആവര്‍ത്തിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും പകരം ഒരു ‘ഏഷ്യന്‍ ഡിസ്‌കൗണ്ട്’ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യയും ചൈനയുമെല്ലാം റഷ്യയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് എണ്ണ വാങ്ങാന്‍ തുടങ്ങിയതോടെയാണ് സൗദി ഏഷ്യന്‍ പ്രീമിയം വെട്ടിക്കുറച്ചത്. ഇന്ത്യയിലേക്ക് 2023-24 ന്റെ ആദ്യ പാദത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 12.36 ബില്യണ്‍ ഡോളറായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 171% ഉയര്‍ന്നപ്പോള്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി 24% കുറഞ്ഞ് 5.49 ബില്യണ്‍ ഡോളറായി. കൂടാതെ യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതി 63% ഇടിഞ്ഞ് 1.71 ബില്യണ്‍ ഡോളറിലെത്തി. 2023 സെപ്റ്റംബറിലെ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ എണ്ണ വിപണി റിപ്പോര്‍ട്ട് കാണിക്കുന്നത് റഷ്യയുടെ പ്രതിദിന ഉല്‍പ്പാദനം ജൂലൈയിലേത് പോലെ ഓഗസ്റ്റിലും പ്രതിദിനം 9.48 ബാരല്‍ ആയിരുന്നുവെന്നും സൗദി അറേബ്യയുടേത് ജൂലൈയിലെ പ്രതിദിനം 9.08 ബാരലില്‍ നിന്ന് ഓഗസ്റ്റില്‍ പ്രതിദിനം 8.98 ബാരലായി കുറഞ്ഞുവെന്നുമാണ്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ പണമിടപാട് സാധ്യമാക്കാന്‍, പേയ്‌മെന്റ് സര്‍വീസ് വിപുലീകരിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. എല്ലാ തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ഓപ്ഷനുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ബിസിനസ് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന വിധമാണ് വാട്‌സ്ആപ്പ് സംവിധാനം വിപുലീകരിച്ചിരിക്കുന്നത്. ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ ഷോപ്പിങ്ങിനായി എളുപ്പത്തില്‍ ബിസിനസ് ഇടപാട് നടത്താന്‍ കഴിയും. നിലവില്‍ വാട്‌സ്ആപ്പ് പേ വഴി ഇടപാട് നടത്താന്‍ കഴിയും. എന്നാല്‍ റെഗുലേറ്റര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്ത് വാട്‌സ്ആപ്പിന് 50 കോടി ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ 10 കോടി ഉപയോക്താക്കള്‍ക്ക് മാത്രമേ വാട്‌സ്ആപ്പ് പേ വഴി പണമിടപാട് നടത്താന്‍ കഴിയുകയുള്ളൂ. വാട്സ്ആപ്പില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഗൂഗിള്‍ പേ, പേടിഎം പോലുള്ള മറ്റു യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാട് നടത്താനും നിലവില്‍ സാധിക്കും. പക്ഷേ വാട്‌സ്ആപ്പിന് പുറത്തേയ്ക്ക് റീഡയറക്ട് ചെയ്ത് മാത്രമേ പണമിടപാട് നടത്താന്‍ കഴിയൂ. എന്നാല്‍ പണമിടപാട് സംവിധാനം വിപുലീകരിച്ചതോടെ, വാട്‌സ്ആപ്പില്‍ നിന്ന് കൊണ്ട് തന്നെ മറ്റു യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് മെറ്റ അറിയിച്ചു. വാട്‌സ്ആപ്പില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ എന്നതാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു നിബന്ധന.

എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും ഇനി തിയേറ്ററുകളിലേക്ക്. മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്. തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കണ്ണൂര്‍ സ്‌ക്വാഡ് ട്രെയ്‌ലര്‍ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമും എഡിറ്റര്‍ പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍സ്.

’96’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷന്‍ നായികയാകുന്ന ‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’ സിനിമയുടെ ട്രെയിലര്‍ എത്തി. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ഷെര്‍ഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 6 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. എസ് ഒര്‍ജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യാരബോലുവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ നിര്‍മിച്ചിരിക്കുന്നത്. നവീനും സുധിനുമാണ് കോ പ്രൊഡ്യൂസേഴ്സ്. എഡിറ്റര്‍ സംഗീത് പ്രതാപ്, ഛായാഗ്രാഹണം ലൂക്ക് ജോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിജയ് ജി.എസ്., ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പ്രവീണ്‍ പ്രഭാറാം, സംഗീതം ഗോവിന്ദ് വസന്ത, ഗാനരചന അന്‍വര്‍ അലി, അസോഷ്യേറ്റ് ഡയറക്ടര്‍ സിജോ ആന്‍ഡ്രൂസ്.

ഉത്സവ സീസണിന് മുന്നോടിയായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ജനപ്രിയ എസ്യുവികള്‍ക്ക് വില വര്‍ദ്ധനവ് നടപ്പാക്കി. 81,000 രൂപ വരെ വര്‍ദ്ധനയോടെ മഹീന്ദ്ര സ്‌കോര്‍പിയോ എന്നിലാണ് ഏറ്റവും കൂടുതല്‍ വില വര്‍ദ്ധന. മഹീന്ദ്ര സ്‌കോര്‍പിയോ എന്നിന്റെ പെട്രോള്‍ വകഭേദങ്ങളുടെ വില ഇപ്പോള്‍ 13.26 ലക്ഷം മുതല്‍ 21.78 ലക്ഷം രൂപ വരെയാണ്. ഇസെഡ്4 ഇ പെട്രോള്‍ വേരിയന്റിന് 66,000 രൂപയുടെ പരമാവധി വില വര്‍ധിക്കുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ ഡീസല്‍ എന്‍ട്രി ലെവല്‍ ഇസെഡ്2 വേരിയന്റിന് 13.76 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് വേരിയന്റിന് 24.54 ലക്ഷം രൂപയുമാണ് വില. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് എസ്, എസ്9, എസ്11 എന്നിവയെ സംബന്ധിച്ചിടത്തോളം, അവ ഇപ്പോള്‍ യഥാക്രമം 13.25 ലക്ഷം, 13.50 ലക്ഷം, 17.06 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്, എസ്, എസ് 11 വേരിയന്റുകള്‍ക്ക് 25,000 രൂപയും എസ്9 വേരിയന്റിന് ഒരു രൂപയും കൂടി. 24,000 രൂപയുടെ വിലവര്‍ദ്ധന. മഹീന്ദ്ര എക്സ്യുവി700 പെട്രോള്‍ വേരിയന്റുകളുടെ വില ഇപ്പോള്‍ 14.03 ലക്ഷം മുതല്‍ 24.72 ലക്ഷം രൂപ വരെയാണ്. ഡീസല്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 14.47 ലക്ഷം മുതല്‍ 26.57 ലക്ഷം രൂപ വരെയാണ് വില. മഹീന്ദ്ര ഥാര്‍ ലൈനപ്പില്‍ നാല് പെട്രോള്‍ വേരിയന്റുകള്‍ ഉള്‍പ്പെടുന്നു. ഇവയ്ക്ക് ഇപ്പോള്‍ 13.77 ലക്ഷം, 14.04 ലക്ഷം, 14.73 ലക്ഷം, രൂപ എന്നിങ്ങനെയാണ് വില. ഥാര്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 10.98 ലക്ഷം രൂപയും 12.48 ലക്ഷം രൂപയുമാണ് വില. എഡബ്ല്യുഡി ഡീസല്‍ വേരിയന്റുകള്‍ 14.65 ലക്ഷം മുതല്‍ 16.94 ലക്ഷം രൂപ വരെ വില പരിധിയില്‍ ലഭ്യമാണ്.

മഹാപല്ലവ സാമ്രാജ്യത്തിനു കീഴില്‍ കപ്പംകെട്ടി കഴിഞ്ഞിരുന്ന ചെറുരാജവംശമായ ചോളവംശത്തിന് ലോകം വെട്ടിപ്പിടിക്കാന്‍ ഊര്‍ജമായ ഒരു സ്വപ്നത്തിന്റെ കഥ. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ആദ്യ എപ്പിക് നോവല്‍. പ്രണയം, പ്രതികാരം, തമിഴകചരിത്രം, സൗഹൃദം, ചതി, പല്ലവചോള പോരാട്ടങ്ങള്‍ എന്നുവേണ്ട മാനുഷികവികാരങ്ങളുടെ തീവ്രാനുഭവമായി മാറുന്ന, ഐതിഹാസികനോവലിന്റെ ചാരുത ചോരാത്ത മലയാള പരിഭാഷ. ‘പാര്‍ഥിപന്‍ കനവ് ‘. കല്‍ക്കി കൃഷ്ണമൂര്‍ത്തി. മനോരമ ബുക്സ്. വില 370 രൂപ.

മുതിര്‍ന്നവര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനായി മരുന്നുകള്‍ കഴിക്കുന്നത് അവരില്‍ മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രക്തസമ്മര്‍ദമുണ്ടായിട്ടും ചികിത്സിക്കാത്ത പ്രായമായവര്‍ക്ക് ആരോഗ്യവാന്മാരായ മുതിര്‍ന്നവരെ അപേക്ഷിച്ച് മറവിരോഗമുണ്ടാകാനുള്ള സാധ്യത 42 ശതമാനം അധികമാണെന്ന് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. മരുന്ന് കഴിച്ച് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നവരെ അപേക്ഷിച്ച് ഇവരിലെ മറവിരോഗ സാധ്യത 26 ശതമാനം അധികമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ല്‍സിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. 60നും 110നും ഇടയില്‍ പ്രായമുള്ള 34,000 പേരെ ഉള്‍പ്പെടുത്തിയ 17 മുന്‍ പഠനങ്ങളുടെ ഡേറ്റ പഠനത്തിനായി ഉപയോഗപ്പെടുത്തി. അമേരിക്ക ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരുടെ ശരാശരി പ്രായം 72 വയസ്സായിരുന്നു. ഇവരില്‍ 60 ശതമാനം പേരും സ്ത്രീകളുമായിരുന്നു. നാലു വര്‍ഷക്കാലത്തേക്ക് തുടര്‍ച്ചയായി ഇവരെ പഠനവിധേയമാക്കി. ജീവിതത്തിന്റെ മധ്യകാലഘട്ടത്തില്‍ രക്തസമ്മര്‍ദ്ധമുണ്ടാകുന്നത് അല്‍സ്ഹൈമേഴ്‌സ് ഉള്‍പ്പെടെയുള്ള മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പല മുന്‍ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഏത് പ്രായത്തിലും രക്തസമ്മര്‍ദം ചികിത്സിക്കുന്നതും നിയന്ത്രണത്തില്‍ നിര്‍ത്തുന്നതും പല ആരോഗ്യ ഗുണങ്ങളും നല്‍കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നത് ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത കുറയ്ക്കാനും സഹായകമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.14, പൗണ്ട് – 102.40, യൂറോ – 88.62, സ്വിസ് ഫ്രാങ്ക് – 91.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.31, ബഹറിന്‍ ദിനാര്‍ – 220.58, കുവൈത്ത് ദിനാര്‍ -269.10, ഒമാനി റിയാല്‍ – 215.99, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 61.61.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *