P22 yt cover

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിത സംവരണ ബില്‍. ഇന്നു ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ നാളെ പാസാക്കും. വ്യാഴാഴ്ച രാജ്യസഭയില്‍ ചര്‍ച്ച നടക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എംപിമാര്‍ നടന്നാണ് എത്തിയത്. പുതിയ മന്ദിരത്തില്‍ എത്തിയ എംപിമാര്‍ക്ക് ഭരണഘടനയുടെ കോപ്പിയും സ്മരണികയായ നാണയവും സമ്മാനിച്ചു.

വികാര നിര്‍ഭര നിമിഷമെന്ന് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന പ്രത്യേക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നല്‍കിയ ഇവിടെ നാലായിരം നിയമങ്ങള്‍ നിര്‍മ്മിച്ചു. തീവ്രവാദത്തെ ചെറുക്കാന്‍ ജമ്മു കാഷ്മീര്‍ പുനഃസംഘടന കൊണ്ടുവന്നത് എതിര്‍ശബ്ദങ്ങളെ അവഗണിച്ചാണ്. ഇനി വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാം. മോദി പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാജ്യസഭയിലെയും ലോക്സഭയിലെയും സ്പീക്കര്‍മാരുടെയും നേതൃത്വത്തിലാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്. പഴയ പാര്‍ലമെന്റ് മന്ദിരം സംവിധാന്‍ സദന്‍ എന്നറിയപ്പെടും.

കാനഡയിലെ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ ജൂണ്‍ മാസത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് പുറത്താക്കിയത്. തിരിച്ചടിച്ചുകൊണ്ട് മുതിര്‍ന്ന കാനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. അഞ്ചു ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡ് അവസാനിച്ചത് ഇന്നു പുലര്‍ച്ചെ രണ്ടിന്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളുള്ള അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 24 മണിക്കൂറിന് ശേഷവും റെയ്ഡ് തുടര്‍ന്നു. തൃശൂര്‍ സഹകരണ ബാങ്കിലെ പരിശോധന 17 മണിക്കൂറിലധികം സമയമെടുത്തു. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എം.കെ കണ്ണനെ വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീന്‍ ഇന്ന് എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായില്ല. നാളെയും ഹാജരാവില്ല. ഇക്കാര്യം ഇഡിയെ എസി മൊയ്തീന്‍ അറിയിച്ചു. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസില്‍ പങ്കെടുക്കണമെന്നാണ് കാരണമായി ഇഡിയെ അറിയിച്ചത്.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലൂടെ സിപിഎം നേതാക്കള്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഹകരണത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളില്‍ പങ്കുണ്ട്. പാര്‍ട്ടി അന്വേഷിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നല്‍കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികള്‍ ശക്തിപ്പെടുത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.

നിയമസഭയില്‍ ചില എംഎല്‍എമാര്‍ മോശമായി സംസാരിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച പിരശീലന പരിപാടിയിലായിരുന്നു വിമര്‍ശനം. ചിലരുടെ പ്രവര്‍ത്തനങ്ങള്‍ സഭ നടപടികള്‍ക്കു നിരക്കുന്നതാണോയെന്ന് ചിന്തിക്കണം. ചില ഘട്ടങ്ങളില്‍ മോശം പദപ്രയോഗം ഉണ്ടാകുന്നു. അസത്യവും അസംബന്ധങ്ങളും വിളിച്ചു പറയുന്നു. മനസാക്ഷിക്കു നിരക്കുന്നതാവണം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്സ്മെന്റ് വന്നത് പരിഭ്രാന്തി പരത്തിക്കൊണ്ടാണെന്ന് അയ്യന്തോള്‍ ബാങ്ക് പ്രസിഡന്റ് എന്‍ രവീന്ദ്രനാഥന്‍. അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായും പരിശോധിച്ചുവെന്നും എന്‍ രവീന്ദ്രനാഥന്‍ പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയ എസ്ടി ജ്വല്ലറി ഉടമയും സിപിഐ നേതാവ് സുനില്‍ കുമാറും തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. എസ്ടി ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് സിപിഐ, ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു. ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് അനില്‍ അക്കരയുടെ ചോദ്യം.

തൊടുപുഴ കുമാരമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി ഇടപാടുകാര്‍. സഹകരണ ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപെട്ട് യുഡിഎഫ് സമരം തുടങ്ങി. സാമ്പത്തിക പ്രതിസന്ധി താത്കാലികമെന്നാണ് ബാങ്കിന്റെ വിശദീകരണം.

നിപ രോഗ ബാധിതരുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടികയിലെ 49 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. അവസാന രോഗിയുമായി സമ്പര്‍ക്കത്തിലായ ലക്ഷണങ്ങളുള്ള രണ്ട് ആരോഗ്യപ്രവര്‍ത്തകരെ ഐസൊലേഷനിലേക്ക് മാറ്റി. നിപരോഗ ബാധിതരായവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ക്ഷേത്രപരിപാടിയില്‍ ജാതി വിവേചനം നേരിട്ടെന്നു മന്ത്രി കെ രാധാകൃഷ്ണന്‍ വിമര്‍ശിച്ച മേല്‍ശാന്തിയുടെ പരിചയക്കുറവുമൂലം വിളക്കു നിലത്തുവച്ചതാകാമെന്ന് കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രത്തിലെ തന്ത്രി പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട്. മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ക്ഷേത്രം തന്ത്രി പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെതിരെ പയ്യന്നൂര്‍ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിലുണ്ടായ ജാതിവിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐ. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇളക്കിമറിച്ച കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ ഇന്നും നീചമായ ജാതി ചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് നവോത്ഥാന ചരിത്രത്തെ പോലും വെല്ലുവിളിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനത്തിന്റെ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. മന്ത്രി കാര്യം രഹസ്യമായി വയ്ക്കാതെ കൈയോടെ നടപടി എടുക്കേണ്ടതായിരുന്നെന്നും വി.ഡി സതീശന്‍ പറഞ്ഞു.

നാലു ദിവസംകൂടി മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം. പടിഞ്ഞാറ് വടക്ക് – പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ ഒഡിഷ – തെക്കന്‍ ജാര്‍ഖണ്ഡിന്റെ മുകളിലൂടെ നീങ്ങാനാണ് സാധ്യത. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60 കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്കു താമസിക്കുന്ന ഫ്‌ളാറ്റിലെത്തി പീഡിപ്പിച്ചെന്നാണു കേസ്.

കൊല്ലത്ത് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടിയും, കഞ്ചാവും സഹിതം ഒരാളെ അറസ്റ്റ് ചെയ്തു. മുണ്ടക്കല്‍ സ്വദേശി റോബിനെ (33 ) യാണ് 250 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിനും കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിനും എക്സൈസ് പിടികൂടിയത്.

കോഴിക്കോട് ജില്ലയില്‍ രണ്ടിടത്തായി രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ കാണാതായ കാരാടി സ്വദേശി സത്യപ്രകാശിനെയും രണ്ട് ദിവസം മുന്‍പ് കാണാതായ പൂക്കാട് സ്വദേശി സുരേഷ് കുമാറിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരിയിലെ ലോഡ്ജ് മുറിയിലാണ് കാരാടി സ്വദേശി സത്യപ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എല്‍ 1 ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം വിട്ട് മുന്നോട്ട്. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു മാറുന്നതിനു തൊട്ടു മുമ്പു നടന്ന ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എംപി നര്‍ഹരി അമിന്‍ ആണ് കുഴഞ്ഞ് വീണത്.

എല്‍ഐസി ഏജന്റുമാര്‍ക്കും ജീവനക്കാര്‍ക്കുമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഗ്രാറ്റുവിറ്റി മൂന്നു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമാക്കി വര്‍ദ്ധിപ്പിക്കും. ഏജന്റുമാരുടെ ടേം ഇന്‍ഷുറന്‍സ് കവറേജ് 25,000 രൂപ മുതല്‍ 1,50,000 രൂപ വരെയാക്കി വര്‍ദ്ധിപ്പിക്കും.

പട്രോളിംഗിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് പൊലീസുകാരന്‍ മരിച്ചു. കിഴക്കന്‍ ഡല്‍ഹിയില്‍ ദേശീയപാത 9 ലാണ് സംഭവമുണ്ടായത്. ഗംഗാശരണ്‍ (54) എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഡ്രൈവര്‍ ഗോപാല്‍ ചികിത്സയിലാണ്. ഇവരെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.

പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നീക്കത്തില്‍ കൊല്ലപ്പെട്ട ഭീകരവാദിയായ ഭിന്ദ്രന്‍വാലയ്ക്ക് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥും സഞ്ജയ് ഗാന്ധിയും അടക്കമുള്ളവര്‍ സാമ്പത്തിക സഹായം നല്‍കിയെന്ന് മുന്‍ റോ ഉദ്യോഗസ്ഥന്‍. ജിബിഎസ് സിദ്ദു എന്ന ഉദ്യോഗസ്ഥനാണ് ആരോപണം ഉന്നയിച്ചത്.

എഐഎഡിഎംകെ – ബിജെപി തര്‍ക്കം പരിഹരിക്കാന്‍ സമവായനീക്കവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി. സഖ്യം തീരുമാനിക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വവും എഐഎഡിഎംകെ ഉന്നത നേതാക്കളുമാണെന്ന് നാരായണന്‍ തിരുപ്പതി പറഞ്ഞു.

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ 16 വയസുള്ള മകള്‍ മീര മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് വിവരം. ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടെത്തിയത്.

ബോളിവുഡ് നടി സരീന്‍ ഖാനെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം അറസ്റ്റു വാറണ്ട്. കൊല്‍ക്കത്ത പൊലീസിന്റെ കുറ്റപത്ര പ്രകാരം സരീന്‍ ഖാനെതിരെ ക്രിമിനല്‍ വിശ്വാസ വഞ്ചന അടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

പത്തൊമ്പതാം ഏഷ്യന്‍ ഗെയിംസില്‍ ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് അരങ്ങുണരും. കോവിഡ് കാരണം ഒരുവര്‍ഷം നീട്ടിവെച്ച ഏഷ്യന്‍ ഗെയിംസിന് ഔദ്യോഗികമായി തിരശ്ശീല ഉയരുന്നത് ശനിയാഴ്ചയാണ്. ഇത്തവണത്തെ ഏഷ്യയിലെ കായിക മാമാങ്കം അരങ്ങേറുന്നത് ചൈനയിലെ ഹാങ്ചൗവിലാണ്. പുരുഷന്മാരുടെ ഫുട്ബോളില്‍ ഇന്ത്യ ഇന്ന് ചൈനയുമായി ഏറ്റുമുട്ടും.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിനും സെപ്തംബര്‍ 16 നും ഇടയില്‍ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി സമാഹരണം 8.65 ലക്ഷം കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 23.5 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ഈ നികുതി പിരിവില്‍ 4.47 ലക്ഷം കോടി രൂപയുടെ വ്യക്തിഗത ആദായനികുതിയും 4.16 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയും ഉള്‍പ്പെടുന്നതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 1.22 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ടുകള്‍ സര്‍ക്കാര്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. റീഫണ്ടുകള്‍ ക്രമീകരിക്കുന്നതിന് മുമ്പ് ശേഖരിച്ച മൊത്ത നികുതി 9.87 ലക്ഷം കോടി രൂപയായിരുന്നു, ഇതില്‍ 18.3 ശതമാനം വര്‍ദ്ധനവുണ്ടായി. കോര്‍പ്പറേറ്റ് നികുതി, എക്സൈസ് തീരുവ പിരിവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികം വര്‍ധനവുണ്ടായി. ഏപ്രില്‍-ജൂലായ് കാലയളവില്‍, മൊത്ത നികുതി വരുമാനം 8.94 ലക്ഷം കോടി രൂപയായിരുന്നു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനം കൂടുതലാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ സമാഹരിച്ച 30.54 ലക്ഷം കോടി രൂപയില്‍ നിന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 33.61 ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ആഗസ്റ്റ്-മാര്‍ച്ച് കാലയളവില്‍ മൊത്തം നികുതി പിരിവ് 12.9 ശതമാനം ഉയരേണ്ടതുണ്ട്. ഒരു വ്യക്തിയോ സ്ഥാപനമോ നേരിട്ട് വാര്‍ഷികാടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പ്രത്യക്ഷ നികുതി.

ആപ്പിള്‍ ലോഗോ 24കെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഐഫോണ്‍ 15 പ്രോ വേണോ? വെറും എട്ടു ലക്ഷം ചെലവാക്കിയാല്‍ മതി!. ഐഫോണുകളുടെ ആഡംബര എഡിഷനുകള്‍ സൃഷ്ടിച്ചു നല്‍കുന്ന കമ്പനിയായ കാവിയാര്‍ കമ്പനിയാണ് ഈ നീക്കത്തിനു പിന്നില്‍. ആപ്പിളിന്റെ ഐഫോണ്‍ മറ്റു പലരുടെ കൈയ്യിലും കണ്ടേക്കും. എന്നാല്‍ ഈ കാവിയാറിന്റെ ആഡംബര ഫോണാണ് വാങ്ങുന്നതെങ്കില്‍ നിങ്ങള്‍ കൂടാതെ വെറും 98 പേരുടെ കൈവശം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും അവര്‍ പറയുന്നു. ഐഫോണ്‍ 15 പ്രോയുടെയും, 15 പ്രോ മാക്‌സിന്റെയും അഞ്ച് കളര്‍ വേരിയന്റുകളാണ് കാവിയാര്‍ പുറത്തിറക്കിയിരിക്കുന്നത്. അള്‍ട്രാ ഗോള്‍ഡ്, ടൈറ്റന്‍ ബ്ലാക്, അള്‍ട്രാ ബ്ലാക്, സ്റ്റാറി നൈറ്റ്, ഡാര്‍ക് റെഡ്. ശ്രേണിയുടെ തുടക്ക വില 7,410 ഡോളറാണ്. അതായത് ഏകദേശം 6,15,500 രൂപ. ഐഫോണ്‍ 15 പ്രോ അള്‍ട്രാ ഗോള്‍ഡിന് ഏകദേശം 7,38,673 രൂപയാണ് വില വരിക. ഇതിനു പിന്നിലുളള ആപ്പിള്‍ ലോഗോ 24കെ സ്വര്‍ണ്ണത്തിലാണ് തീര്‍ത്തിരിക്കുന്നത്. പ്രോ മാക്‌സ് ഗോള്‍ഡിനാണെങ്കില്‍ 8,03,483 രൂപ നല്‍കേണ്ടി വരും. ഇവയുടെ പ്രതലത്തില്‍ സ്വന്തം പേരോ മറ്റു കാര്യങ്ങള്‍ എന്തെങ്കിലുമോ കോറിവയ്ക്കണമെങ്കില്‍ അതും ചെയ്യാം. മെറ്റീരിയലിലും ചെറിയ മാറ്റങ്ങള്‍ വരുത്തി തരും. സ്റ്റാറി നൈറ്റ്, ഡാര്‍ക് റെഡ് എഡിഷനുകള്‍ക്കാണ് ഏറ്റവും വിലക്കുറവ് ഏകദേശം 6,09,883 രൂപ മുതല്‍ വില തുടങ്ങുന്നു. ടൈറ്റന്‍ ബ്ലാക്കിന്ഏകദേശം 6,15,699 രൂപ. ഐഫോണ്‍ പ്രോ മാക്‌സിന്റെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും കൂടിയ (1ടിബി) വേരിയന്റിന് 2 ലക്ഷം രൂപയ്ക്കടുത്താണ് വില.

ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട്. ജെ. ഓപ്പണ്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ഓപ്പണ്‍ഹൈമര്‍’ 912 ദശലക്ഷം ഡോളര്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടി എല്ലാ ബയോപിക്ക് സിനിമകളെയും പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ബ്രയാന്‍ സിങ്ങറിന്റെ ബയോഗ്രാഫിക്കല്‍ മ്യൂസിക്കല്‍ ഡ്രാമ സിനിമയായ ‘ബൊഹീമിയന്‍ റാപ്സൊഡി’യെയാണ് ഓപ്പണ്‍ഹൈമര്‍ പിന്നിലാക്കിയത്. 910 ദശലക്ഷം ഡോളറാണ് ബൊഹീമിയന്‍ റാപ്സൊഡി നേടിയിരുന്നത്. റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവിതവും അദ്ദേഹത്തിന്റെ ‘മാന്‍ഹട്ടന്‍ പ്രോജക്റ്റു’മാണ് സിനിമയുടെ മുഖ്യ പ്രമേയം. കൂടാതെ ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സൂപ്പര്‍ ഹീറോ ഇതര ചിത്രം എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. 826 ദശലക്ഷം ഡോളര്‍ നേടിയ ‘ഇന്‍സെപഷനെ’യാണ് ചിത്രം മറികടന്നത്. റെക്കോര്‍ഡുകളെ കൂടാതെ വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു ഓപ്പണ്‍ഹൈമര്‍. ചിത്രത്തില്‍ ഓപ്പണ്‍ഹൈമറായി വേഷമിട്ട കിലിയന്‍ മര്‍ഫി ലൈംഗികബന്ധത്തിനിടെ ഭഗവത് ഗീത വായിക്കുന്ന രംഗം ഇന്ത്യയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്കും, വിവാദങ്ങള്‍ക്കും തുടക്കമിട്ടിരുന്നു. കൂടാതെ ‘സേവ് ഇന്ത്യ സേവ് കള്‍ച്ചര്‍ ഫൌണ്ടേഷന്‍’ ചിത്രത്തിനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഇറങ്ങിയ തീയേറ്ററുകളിലെല്ലാം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് താരങ്ങള്‍ക്ക് വസ്ത്രം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ക്കൊന്നും തന്നെ സിനിമയുടെ മുന്നേറ്റത്തെ തടയിടാനാവില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് സിനിമ സൃഷ്ടിച്ച പുതിയ റെക്കോര്‍ഡ്.

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ശ്രീ അംജിത് എസ്‌കെ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘തേരി മേരി’ യുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തില്‍ കലൂര്‍ ഐഎംഎ ഹൗസില്‍ വെച്ചായിരുന്നു റിലീസ്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റില്‍ അന്നൗണ്‍സ്‌മെന്റും നടന്നു. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ഹണി റോസ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നവാഗതനായ ശ്രീരാജ് എം രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ പി സുകുമാരന്‍ ഐ എസ് സി ആണ്. നവാഗതയായ ആരതി മിഥുന്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് കൈലാസ് മേനോനാണ്.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആഡംബര വാഹനങ്ങളിലൊന്ന് സ്വന്തമാക്കി നടി തപ്‌സി പന്നു. ഏതാണ്ട് മൂന്നു കോടി രൂപ വില വരുന്ന മെഴ്‌സിഡീസ് മെയ്ബ ജിഎല്‍എസ് 600 ആഡംബര എസ്യുവിയാണ് തപ്‌സി സ്വന്തം ഗാരിജിലെത്തിച്ചിരിക്കുന്നത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ഏറ്റവും വില കൂടിയ എസ്യുവികളിലൊന്നാണ് ജിഎല്‍എസ്. മുംബൈയിലെ മെഴ്‌സിഡീസ് ബെന്‍സ് ലാന്‍ഡ്മാര്‍ക് കാര്‍സില്‍ നിന്നായിരുന്നു താരം സ്വപ്ന വാഹനം സ്വന്തമാക്കിയത്. മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍ഇ നേരത്തെ തന്നെ തപ്‌സിയുടെ പക്കലുണ്ട്. നേരത്തെ രാകുല്‍ പ്രീത്, ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, കൃതി സിനോണ്‍, നിധിന്‍ റെഡ്ഡി, റാം ചരണ്‍, ദീപിക പദ്കോണ്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് മെയ്ബ ജിഎല്‍എസ് 600ന്റെ ഉടമകളാണ്. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 പെട്രോള്‍ എന്‍ജിനാണ് ജിഎല്‍എസ് 600 എസ്യുവിയിലുള്ളത്. 9 ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഈ ഹൈബ്രിഡ് വാഹനത്തിന് 550 എച്ച്പി കരുത്തും പരമാവധി 730 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കും. ഇക്യു ബൂസ്റ്റ് സാങ്കേതികവിദ്യയുടെ സഹായത്തില്‍ കൂടുതലായി 21 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഈ വാഹനത്തിന് പുറത്തെടുക്കാനാവും.

കൊളംബോ, 1990. യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനും രഹസ്യമായി സ്വവര്‍ഗ്ഗപ്രണയിയുമായ മാലി അല്‍മെയ്ദ ആകാശങ്ങളിലെ വിസ ഓഫീസ് എന്നുതോന്നിച്ച ഒരിടത്ത് മരണത്തിലേക്ക് ഉണരുകയാണ്. അവന്റെ വെട്ടിമുറിച്ച മൃതദേഹം ബെയ്‌റ തടാകത്തില്‍ മുങ്ങിത്താഴുകയാണ്. ആഭ്യന്തരകലാപങ്ങളുടെ കൊലവെറികള്‍കൊണ്ട് ശ്വാസംമുട്ടുന്ന ശ്രീലങ്കയുടെ പശ്ചാത്തലത്തില്‍ രചിച്ച ചുട്ടുപൊള്ളുന്ന ആക്ഷേപഹാസ്യകൃതി. ശ്രീലങ്കന്‍ സാഹിത്യകാരന്മാരുടെ മുന്‍നിരയിലേക്ക് എത്തിച്ച ചൈനമന്‍ എന്ന സമ്മാനാര്‍ഹമായ കൃതി പുറത്തിറങ്ങി പത്തു വര്‍ഷം കഴിയുമ്പോള്‍ കരുണതിലക മടങ്ങിവന്നിരിക്കുന്നത് തുളച്ചുകയറുന്ന നര്‍മ്മവും അലോസരപ്പെടുത്തുന്ന സത്യങ്ങളും നിറഞ്ഞ ആവേശോജ്ജ്വലമായ ഇതിഹാസവുമായാണ്. ‘മാലി അല്‍മെയ്ദയുടെ ഏഴ് നിലാവുകള്‍’.

ഷെഹാന്‍ കരുണതിലക. വിവര്‍ത്തനം – പ്രസന്ന കെ വര്‍മ്മ. ഡിസി ബുക്സ്. വില 522 രൂപ.

ആപ്പിളിനെ സംബന്ധിച്ച് അതിന്റെ തൊലിക്ക് വരെ ആരോഗ്യ ഗുണങ്ങളുണ്ട്. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ. ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്‌സ് എന്ന വസ്തുവിന് കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മധുരമുള്ള ആപ്പിളിന്റെ മധ്യത്തില്‍ കയ്പുള്ള കറുത്ത വിത്തുകള്‍ ഉണ്ട്. പലരും ആപ്പിള്‍ ആസ്വദിച്ച് കഴിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ വിത്തുകളും കഴിക്കാറുണ്ട്. എന്നാല്‍, ആപ്പിളിന്റെ വിത്തില്‍ അമിഗ്ദലിന്‍ എന്ന വസ്തു അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യ ദഹന വ്യവസ്ഥയിലെ എന്‍സൈമുമായി ചേരുമ്പോള്‍ സയനൈഡ് പുറപ്പെടുവിക്കുന്നു. ആപ്പിള്‍ വിത്തുകള്‍ കഴിച്ചാല്‍ കുറച്ചു കയ്പ്പ് രസം തോന്നും എന്നല്ലാതെ വേറെ പ്രശനമൊന്നുമില്ല. എന്നാല്‍, കൂടുതല്‍ ആപ്പിള്‍ വിത്തുകള്‍ ദഹിക്കാതെ വരുമ്പോള്‍ അപകടം ഉണ്ടാകുന്നു. ചെറിയ ആപ്പിള്‍ വിത്തുകളില്‍ കാണുന്ന അമിഗ്ദലിന്‍ മറ്റൊരു സയനൈഡ് ആണ്. ഇതും പഴവര്‍ഗ്ഗങ്ങളില്‍ കാണുന്നു. പ്രത്യേകിച്ച് റോസ് കുടുംബത്തില്‍ വരുന്ന ആപ്രിക്കോട്ട്, ബദാം, ആപ്പിള്‍, പീച്, ചെറി തുടങ്ങിയവയില്‍. ഈ ചെറിയ വിത്തിനു പുറകില്‍ അമിഗ്ദലിന്‍ രൂപപ്പെടുന്നു. ഇത്തരം പഴങ്ങളില്‍ കൊടും വിഷമായ സയനൈഡ് അടങ്ങിയിരിക്കുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് അതിശയം തോന്നാം. എന്നാല്‍, അമിഗ്ദലിന്‍ ഒരു പ്രത്യേക രൂപത്തില്‍ ആയിരിക്കും. അതായത് വിത്ത് പഴയതാകും വരെ അത് അപകടകാരിയല്ല. നിങ്ങള്‍ ചവച്ചരച്ചു കഴിച്ച് അത് ദഹിക്കുമ്പോള്‍, അല്ലെങ്കില്‍ നശിക്കുമ്പോള്‍ അമിഗ്ദലിന്‍ ഹൈഡ്രജന്‍ സയനൈഡ് ആയി മാറുന്നു. അതിനാല്‍, ഉയര്‍ന്ന അളവില്‍ ഇത് കഴിക്കുന്നത് വളരെ അപകടമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.30, പൗണ്ട് – 103.15, യൂറോ – 89.05, സ്വിസ് ഫ്രാങ്ക് – 93.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.75, ബഹറിന്‍ ദിനാര്‍ – 220.99, കുവൈത്ത് ദിനാര്‍ -269.77, ഒമാനി റിയാല്‍ – 216.40, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 61.96.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *