◾അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഭാഗികമായി റദ്ദാക്കി. വെടിക്കെട്ടു സമയക്രമം ക്ഷേത്രങ്ങളുടെ സാഹചര്യം പരിഗണിച്ച് സര്‍ക്കാരിനു തീരുമാനിക്കാമെന്ന് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി വിധിക്കു വിധേയമായിട്ടാകണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങള്‍ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം റദ്ദാക്കി. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്.
◾കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ്. ദക്ഷിണ റെയില്‍വേക്കാണ് ഈ നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന് ദക്ഷിണ റെയില്‍വെ ഭൂമിയുടെ വിശദാംശങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
◾
*പുളിമൂട്ടില്‍ സില്‍ക്സിലെ ഇഷ്ടം പോലെ ഓഫര്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം*
തൃശൂര്‍ തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ വാര്‍ഷിക ഡിസ്കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാല്‍ 10,15, 20 ശതമാനം വരെ എക്സ്ട്രാ ഓഫര്‍ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്സ് വെയറിന് 60 ശതമാനവും വരെ കിഴിവുകള്‍ നേരത്തെ തന്നെ നല്‍കുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്സ്ട്രാ ഓഫര്‍ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങള്‍ നല്‍കാതെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സുപ്രീം കോടതിയിലുള്ള കേസിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
◾കഴിഞ്ഞ മാസം സംസ്ഥാനത്ത് എഐ ക്യാമറയില്‍ ട്രാഫിക്ക് നിയമലംഘനത്തിനു കുടുങ്ങിയത് 13 എംഎല്‍മാരുടെയും എംപിമാരുടെയും വാഹനങ്ങള്‍. മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വെളിപെടുത്തിയത്. എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 1,263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,669 പേരാണ് മരിച്ചത്.
◾കെഎസ് യു വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസാണെന്ന് പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തക നെസിയ. ‘വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസ് മര്‍ദിച്ചതു ചോദ്യം ചെയ്തപ്പോഴാണ് തന്നെ മര്‍ദ്ദിച്ചതെന്നു നെസിയ പറഞ്ഞു. പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് മുഖത്തും, മൂക്കിനും മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍ മണിക്കൂറുകള്‍ കാത്തിരുന്നശേഷമാണ് ചികിത്സ കിട്ടിയതെന്നും നെസിയ പരാതിപ്പെട്ടു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്നു കെഎസ് യു പഠിപ്പുമുടക്കി.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ക്രൈംബാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേശ്വരം മുന്‍ എംഎല്‍എ എംസി കമറുദ്ദീന് അടക്കം 29 പ്രതികളാണുള്ളത്. 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് കാസര്‍കോട്, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 17 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
◾മുസ്ലിം ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും പാണക്കാട് സൗഹൃദ സന്ദര്‍ശനത്തിനു വന്നതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. കോണ്‍ഗ്രസിനകത്ത് പ്രശ്നമുണ്ടായാലും ലീഗിനകത്ത് പ്രശ്നമുണ്ടായാലും അതവര് തീര്‍ക്കുമെന്നും സതീശന് പറഞ്ഞു. പാണക്കാട്ടെത്തിയ സതീശന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരന് വൈകുന്നേരം നാലിനു പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
◾തിരുവനന്തപുരത്ത് ഒരാഴ്ച ആഘോഷമാക്കിയ കേരളീയത്തിന് ഇന്നു സമാപനം. സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ശങ്കര്‍മഹാദേവനും കാര്‍ത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശയുമുണ്ടാകും.
◾കളമശ്ശേരി സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് ഡിഎന്‍എ പരിശോധന ഫലം. മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നതിനാലാണു ഡിഎന്‍എ പരിശോധന നടത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം സംസ്കരിക്കും.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾തൃശൂര്‍ നഗരത്തില്‍ ദിവാന്‍ജിമൂല പാസ്പോര്‍ട്ട് ഓഫിസിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയിലുണ്ട്.
◾കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കടകള്‍ അടച്ച് വ്യാപാരികളുടെ ഹര്‍ത്താല്‍. മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിട്ട് സമരം നടത്തിയത്.
◾ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വീടുവിട്ടിറങ്ങി അച്ചന്‍കോവിലാറ്റില്‍ ചാടിയ ഭര്‍ത്താവ് പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തില്‍ അരുണ്‍ബാബു(31)വിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ ലിജി (അമ്മു- 25) വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു.
◾മൂവാറ്റുപുഴ ഇരട്ട കൊലക്കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അടൂപറമ്പിലെ തടിമില്ലില്‍ ജോലി ചെയ്തിരുന്ന ആസാം സ്വദേശികളായ മോഹന്തോ, ദീപങ്കര്‍ ശര്‍മ എന്നിവരെയാണു കൊലപ്പെടുത്തിയത്.
◾ഇടുക്കി കരുണാപുരത്ത് കാട്ടുപന്നിയെ പിടികൂടാന്‍ സ്ഥാപിച്ച വൈദ്യുത കെണിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. കരുണാപുരം തണ്ണിപ്പാറ സ്വദേശി ഓവേലില്‍ ഷാജിയെന്ന് വിളിക്കുന്ന വര്‍ഗീസ് ജോസഫാണ് മരിച്ചത്.
◾പാലക്കാട് നല്ലേപ്പിള്ളിയില്‍ യുവതിയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. 32 വയസുള്ള ഊര്‍മിളയെ കൊലപ്പെടുത്തിയതിനു ഭര്‍ത്താവ് സജേഷിനെ പോലീസ് തെരയുന്നു. വഴക്കിനെത്തുടര്‍ന്ന് ഇരുവരും മാറി താമസിക്കുകയായിരുന്നു. ഊര്‍മിള ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ വഴിയില്‍ വച്ച് ആക്രമിക്കുകയായിരുന്നു.
◾ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7000 രൂപ ബോണസ് പ്രഖ്യാപിച്ചു. ദീപാവലി പ്രമാണിച്ച് ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി ജീവനക്കാര്‍ക്കാണ് ബോണസ്. 56 കോടി രൂപ എണ്‍പതിനായിരത്തിലധികം ജീവനക്കാര്‍ക്ക് ലഭിക്കും.
◾ഡല്‍ഹിയിലെ വായു മലിനീകരണം കൊലപാതകത്തിന് തുല്യമാണെന്ന വിമര്‍ശനവുമായി സുപ്രീം കോടതി. വിഷയത്തില്‍ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് പരിഹാരം വേണമെന്ന് കോടതി ഉത്തരവിട്ടു. കാര്‍ഷികാവശിഷ്ടങ്ങള്‍ തീയിടുന്നത് തടയണമെന്നും കോടതി പറഞ്ഞു.
◾ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇരുപത് മണ്ഡലങ്ങളിലേക്കാണ് ഇന്നു വിധി എഴുതുന്നത്. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
◾കര്‍ണാടകയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഡി ബി ചന്ദ്ര ഗൗഡ (87) അന്തരിച്ചു. ഇന്ദിരാഗാന്ധിക്ക് മത്സരിക്കാന്‍ ചിക്കമംഗളുരു സീറ്റ് ഒഴിഞ്ഞു കൊടുത്ത നേതാവാണ് ചന്ദ്ര ഗൗഡ. പല തവണ ലോക്സഭയിലും രാജ്യസഭയിലും എംപി ആയിരുന്നു. എസ് എം കൃഷ്ണ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്നു.
◾മൊബൈല്‍ ആപ്പിലൂടെ പണം വാങ്ങി ലൈവ് സെക്സ് ഷോ നടത്തിയ പോണ് താരങ്ങളെ മുംബൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന രണ്ടു നടികളും ഒരു നടനുമാണ് പിടിയിലായത്.
◾ഇന്ത്യ തെരയുന്ന ഭീകരനെ പാക്ക് അധിനിവേശ കശ്മീരില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജമ്മു കാഷ്മീരിലെ സുന്ജ്വാന് കരസേനാ ക്യാംപില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാജ ഷാഹിദിന് (മിയാന്‍ മുജാഹിദ്) ആണ് കൊല്ലപ്പെട്ടത്.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ – അഫ്ഗാനിസ്ഥാന് മത്സരം. ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തിരഞ്ഞെടുത്തു.
◾ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആദ്യഘട്ടത്തില്‍ 12,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ജൂലൈയില്‍ ധാരാവിയില്‍ 23,000 കോടി രൂപ ചെലവിട്ട് നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നു. ചേരിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി റിയല്‍റ്റി സമര്‍പ്പിച്ച പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. തുടര്‍ന്ന് ധാരാവി നവീകരണത്തിനായി 80% അദാനി ഗ്രൂപ്പിന്റെയും ബാക്കി മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ സെപ്റ്റംബറില്‍ രൂപീകരിച്ചു.എസ്.പി.വി രൂപീകരിക്കുന്നതിനും മറ്റ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇതിനകം നിക്ഷേപിച്ച 1,014 കോടി രൂപയ്ക്ക്പുറമേയാണിത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ദാദര്‍-മാതുംഗയ്ക്ക് സമീപമുള്ള 90 ഏക്കര്‍ റെയില്‍വേ ഭൂമിയിലും ധാരാവിക്ക് ചുറ്റുമുള്ള 6.91 ഹെക്ടര്‍ സ്ഥലത്തും ട്രാന്‍സിറ്റ് ടെന്‍മെന്റുകളുടെ നിര്‍മ്മാണം നടത്തും. ചേരി നിവാസികളെ അവരുടെ വീടുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് മുമ്പ് ഈ ട്രാന്‍സിറ്റ് ടെന്‍മെന്റുകളിലേക്ക് മാറ്റും. കൂടാതെ താല്‍ക്കാലിക മാറ്റത്തിനുള്ള ക്രമീ കരണങ്ങള്‍ക്കായി അദാനി ഗ്രൂപ്പ് 10 വര്‍ഷത്തേക്ക് വഡാലയിലെ 47 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കും. ലോകത്തിലെ ഏറ്റവും വലിയ നഗര നവീകരണ പദ്ധതികളിലൊന്നാണ് ധാരാവി പുനര്‍വികസന പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 17 വര്‍ഷത്തിനുള്ളിലാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്.
◾വീഡിയോ കാണുമ്പോള്‍ വരുന്ന പരസ്യങ്ങള്‍ തടയാനായി പരസ്യ ബ്ലോക്കറുകര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. വെബ് ബ്രൗസറുകളില്‍ ‘ആഡ് ബ്ലോക്കര്‍ എക്സ്റ്റന്‍ഷനുകള്‍’ ഡൗണ്‍ലോഡ് ചെയ്താണ് യൂട്യൂബിലെ പരസ്യങ്ങളെ തുരത്തുന്നത്. യൂട്യൂബില്‍ മാത്രമല്ല, വെബ് സൈറ്റുകളിലെ ഗൂഗിള്‍ ആഡുകളും, പോപ്-അപ് പരസ്യങ്ങളുമൊക്കെ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിച്ച് തടയാന്‍ കഴിയും. പരസ്യങ്ങളില്ലാതെ, വീഡിയോകള്‍ കാണാന്‍ പണമടച്ച് പ്രീമിയം മെമ്പര്‍ഷിപ്പ് എടുക്കാനാണ് യൂട്യൂബ് ആവശ്യപ്പെടുന്നത്. ബ്രൗസറില്‍ നിന്ന് ആഡ് ബ്ലോക്കര്‍ നീക്കിയില്ലെങ്കില്‍ വീഡിയോ കാണാന്‍ കഴിയില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആഡ് ബ്ലോക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ബ്രൗസറില്‍ ഇനി മുതല്‍ യൂട്യൂബ് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍, യൂട്യൂബ് അവരുടെ ബ്ലോക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആഡ് ബ്ലോക്കറുകള്‍ക്ക് പകരം മറ്റു ചില ആഡ് ബ്ലോക്കറുകള്‍ ലക്ഷക്കണക്കിന് പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരില്‍ പലരും പരസ്യമില്ലാത്ത യൂട്യൂബ് അനുഭവത്തിനായി മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. മോസില്ല ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്തവരും ഏറെയാണ്. ഈ രണ്ട് ബ്രൗസറുകളിലും പരസ്യ ബ്ലോക്കറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വൈകാതെ, ക്രോമിന്റെ പാതയിലേക്ക് അവരും പോയേക്കുമെന്നാണ് സൂചന.
◾ടോണി സിജിമോന്, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയിന് ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന ‘കാത്ത് കാത്തൊരു കല്യാണം’ 24ന് റിലീസ് ചെയ്യും. കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് ‘കാത്ത് കാത്തൊരു കല്യാണം ‘ പറയുന്നത്. ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകരയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന് ടോണി സിജിമോന് നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘കാത്ത് കാത്തൊരു കല്യാണം’. ടെലിവിഷന്‍ ചാനല്‍ പരിപാടികളിലുടെയും, നിരവധി ആല്‍ബങ്ങളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ചിത്രത്തിലെ നായികയായ ക്രിസ്റ്റി ബിന്നെറ്റ്. പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ് പ്രഭാകര്‍, വിനോദ് കെടാമംഗലം, വിനോദ് കുറിയന്നൂര്‍, രതീഷ് കല്ലറ, അരുണ്‍ ബെല്ലന്റ്, കണ്ണന് സാഗര്‍, പുത്തില്ലം ഭാസി,ലോനപ്പന് കുട്ടനാട്, സോജപ്പന്‍ കാവാലം, മനോജ് കാര്‍ത്യ, പ്രകാശ് ചാക്കാല, സിനിമോള്‍ ജിനേഷ്, ജിന്‍സി ചിന്നപ്പന്, റോസ്, ആന്‍സി, ദിവ്യ ശ്രീധര്‍, നയന, അലീന സാജന്, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീന്‍ സന്തോഷ് അടവീശ്വര, റെജി കോട്ടയം, മുടക്കാരിന്, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
◾2023 ല്‍ ബോളിവുഡിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ‘ദ് ലേഡി കില്ലര്‍’ എന്ന ചിത്രം. അര്ജുന് കപൂര്‍, ഭൂമി പഡ്നേക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ആദ്യദിനം നേടിയത് വെറും 38000 രൂപയാണ്. 293 ടിക്കറ്റുകളാണ് എല്ലാ കേന്ദ്രങ്ങളില്‍നിന്നും കൂടി വിറ്റുപോയത്. 45 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുമായി നേരത്തേ ധാരണ വച്ചതിനാല്‍ വെറും അന്‍പത് കേന്ദ്രങ്ങളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഒടിടി റിലീസ് പദ്ധതിയിട്ടിരുന്നതിനാല്‍ വേണ്ടത്ര പ്രമോഷനും സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് തീയതിയുമൊക്കെ റിലീസിന് ഒരാഴ്ച മുന്‍പ് മാത്രമാണ് പുറത്തിറക്കിയത്. അതിനു ശേഷമായിരുന്നു ട്രെയ്ലര് റിലീസ്. ചിത്രീകരണം പൂര്‍ത്തിയാക്കാതെ എഡിറ്റിങ് ടേബിളില്‍ തട്ടിക്കൂട്ടി സിനിമ റിലീസിന് എത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അജയ് ബാല്‍ ആണ് ഈ സിനിമയുടെ സംവിധായകന്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സിനിമയുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചത്. 2022 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ചു. 80 ശതമാനം ചിത്രീകരിച്ചതിനു ശേഷം സാമ്പത്തിക പ്രതിസന്ധിയും അഭിനേതാക്കളുടെ ഡേറ്റ് പ്രശ്നവും കാരണം ചിത്രം നിന്നുപോയി. വീണ്ടും തുടങ്ങാന്‍ 5 കോടി രൂപയെങ്കിലും ആവശ്യമായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പത്തു ദിവസം കൂടി സമയം വേണ്ടിയിരുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ അതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉള്ള ഭാഗങ്ങള്‍ വച്ച് റിലീസ് ചെയ്യുകയായിരുന്നു.
◾ഏതു കാറിനെയും മിനിറ്റുകള്‍ക്കുള്ളില്‍ സ്മാര്‍ട് വാഹനമാക്കി മാറ്റാവുന്ന ഉപകരണവുമായി ജിയോ. ജിയോമോട്ടീവ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം വാഹനത്തിന്റെ ഒബിഡിയുമായി (ഓണ്‍ ബോര്‍ഡ് ഡയഗ്നോസ്റ്റിക്) ഘടിപ്പിച്ചാല്‍ കാര്‍ സ്മാര്‍ട്ടായി. വാഹന സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്താനുമായി രൂപകല്പന ചെയ്തിരിക്കുന്ന വിപുലമായ സവിശേഷതകളോടെയാണ് ഈ നൂതന ഉല്പന്നം വിപണിയില്‍ എത്തിയത്. ഭൂരിഭാഗം പുതുതലമുറ വാഹനങ്ങളിലും ഘടിപ്പിക്കാവുന്ന ജിയോമോട്ടീവ് സ്റ്റീയറിങ്ങിനു താഴെയുള്ള ഒബിഡി പോര്‍ട്ടില്‍ ഘടിപ്പിക്കാം. ഫോണ്‍ നെറ്റ്വര്‍ക്കുമായി നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്ന ജിയോമോട്ടീവില്‍ തല്‍സമയ 4ജി ജിയോ ട്രാക്കിങ് ഉണ്ട്. വാഹനം എവിടെയാണെന്നും എവിടേക്ക് നീങ്ങുന്നുവെന്നും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ തുടര്‍ച്ചയായി സ്മാര്‍ട്ഫോണിലേക്കും ബന്ധപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടുകളിലേക്കും ലഭിക്കും. ബാറ്ററിയുടെ അവസ്ഥ, എന്‍ജിന്റെ പ്രവര്‍ത്തനം തുടങ്ങി വാഹനത്തിന്റെ പ്രവര്‍ത്തനവും പെര്‍ഫോമന്‍സും നിരീക്ഷിച്ച് ആവശ്യമായ ഡേറ്റയും ഉപകരണം നല്‍കും. കൂടാതെ ഡ്രൈവിങ് പെര്‍ഫോമന്‍സ് അനാലിസിലൂടെ ഡ്രൈവിങ് ഹാബിറ്റും അറിയാന്‍ സാധിക്കും. മോഷണമോ അപകടമോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉടമയ്ക്ക് അലര്‍ട്ട് ലഭിക്കും. ആന്റി തെഫ്റ്റ് ആക്സിഡന്റ് സാഹചര്യങ്ങളില്‍ പ്രതികരിക്കാനുള്ള ക്രമീകരണവും ഉപകരണത്തിലുണ്ട്. മാത്രമല്ല, വാഹനത്തിലെ കണക്ടിവിറ്റിക്ക് കൂടുതല്‍ മികവ് ലഭിക്കാന്‍ ബില്‍റ്റ് ഇന്‍ വൈഫൈ സന്നാഹവും ഇതിലുണ്ട്.
◾ഒന്നാംകിട കവി, മലയാള നോവലില്‍ ദിശാവ്യതിയാനമുണ്ടാക്കിയ നോവലിസ്റ്റ്, സി.ജെയുടെ നേരും നെറിയുമുള്ള ധിക്കാരവും എം.പി. നാരായണപിള്ളയുടെ മറുമൊഴിയും സി.പി. രാമചന്ദ്രന്റെ പത്രപ്രവര്‍ത്തനബുദ്ധിയും ഒരാളില്‍ക്കാണണമെങ്കില്‍ ഇങ്ങു വരൂ എന്നു പറയുന്ന കോളമിസ്റ്റ്. ജാപ്പാണം പുകയിലയും തളിര്‍വെറ്റിലയും കളിയടക്കയും നര്‍മ്മവും ഇട്ടുവെച്ച മുറുക്കാന്‍ചെല്ലം. കടുപ്പമുള്ളതില്‍ മാത്രം അഭിരമിച്ച, നിവര്‍ന്നുമാത്രം നടന്ന വ്യക്തിപ്രഭാവം…. ലേഖനങ്ങളും കവിതകളും കുറിപ്പുകളും നോവല്‍ഭാഗവുമുള്ള ഈ പുസ്തകത്തിന് ആമുഖമെഴുതുമ്പോള്‍ ഓര്‍ക്കുന്നത് മൂന്നു പുസ്തകങ്ങളുടെ ഭ്രൂണമാണിതെന്ന സത്യമാണ്. ഏതില ചവച്ചാലും അതിന്ന വൃക്ഷത്തിന്റെ എന്ന് അറിയിക്കുന്ന രാജീവന്റെ കാവ്യവൃക്ഷത്തിന്റെ ഈ ഇലകളും ആ മൗലികപ്രതിഭയുടെ സാന്നിദ്ധ്യംകൊണ്ട് ഗംഭീരം. – കല്‍പ്പറ്റ നാരായണന്. ടി.പി. രാജീവന്റെ അസമാഹൃത രചനകള്‍. ലേഖനങ്ങള്‍, കുറിപ്പുകള്‍, കവിതകള്‍, നോവല്‍ ഭാഗം. ‘പൂര്‍ണ്ണ’. മാതൃഭൂമി. വില 314 രൂപ.
◾അടുക്കള കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും പൊള്ളല്‍ ഏല്ക്കാറുണ്ട്. കുട്ടികളിലും പ്രായമായവരിലും പൊള്ളല്‍ കൂടുതല്‍ അപകടമാണ്. പൊള്ളിയഭാഗത്ത് ടൂത്ത്പേസ്റ്റ്, തേന്‍ തുടങ്ങിയവയൊക്കെ പുരട്ടുന്നത് പല വീടുകളിലും ധാരാളമായി കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍ ഇവ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. പൊള്ളലേറ്റ ചര്‍മത്തിന് ക്ഷതമേല്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ രോഗപ്രതിരോധശക്തിക്ക് കോട്ടം തട്ടുകയും അവിടെ തേന്‍, പേസ്റ്റ് പോലുള്ള വസ്തുക്കള്‍ പുരട്ടുന്നത് അണുബാധയ്ക്ക് കാരണമാകും. പൊള്ളലേറ്റ ആളെ ഉടന്‍ സുരക്ഷിതമായ, വായു സഞ്ചാരമുള്ള സ്ഥലത്തേക്ക് മാറ്റുക. പൊള്ളലേറ്റ ഭാഗത്ത് ധാരാളം ശുദ്ധജലം ഒഴിക്കണം. തുടര്‍ച്ചയായി 15- 20 മിനിറ്റ് ഇങ്ങനെ ചെയ്യുക. ഐസോ, ഐസ് കോള്‍ഡ് വാട്ടറോ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് പൊള്ളലേറ്റ ഭാഗത്തെ വേദനയും നീറ്റലും കുറക്കുന്നതിന് ഇത് സഹായിക്കുന്നു. പൊള്ളലേറ്റ ഭാഗത്ത് വാച്ച്, ആഭരണങ്ങള്‍, ബെല്‍റ്റ് ഇവ ഉണ്ടെങ്കില്‍ ഉടന്‍തന്നെ നീക്കം ചെയ്യണം. പിന്നീട് നീരുവന്നാല്‍ അവ നീക്കാന്‍ പ്രയാസമായേക്കാം. ദേഹം മുഴുവനോ, ശരീരത്തിന്റെ 50 ശതമാനത്തില്‍ കൂടുതലോ പൊള്ളിയിട്ടുണ്ടെങ്കില്‍ നല്ല വൃത്തിയുള്ള തുണികൊണ്ട് ശരീരം മൂടിയശേഷം ആശുപത്രിയിലേക്ക് എത്രയുംവേഗം മാറ്റേണ്ടതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.27, പൗണ്ട് – 102.63, യൂറോ – 89.10, സ്വിസ് ഫ്രാങ്ക് – 92.53, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.55, ബഹറിന്‍ ദിനാര്‍ – 220.85, കുവൈത്ത് ദിനാര്‍ -269.72, ഒമാനി റിയാല്‍ – 216.31, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.65.