◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നാണ് ബി.ജെ.പി.യുടെ ആരോപണം. വിഷയത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം ഡി.ജി.പിക്ക് പരാതി നല്‍കി.
◾കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സീറോ ക്രെഡിബിലിറ്റിയാണ് സുരേന്ദ്രനുള്ളതെന്ന് പറഞ്ഞ ഷാഫി പറമ്പില്‍ സുരേന്ദ്രനില്‍ നിന്നോ ബിജെപിയില്‍ നിന്നോ രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തമാക്കി. സുതാര്യമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ആവശ്യമെങ്കില്‍ കെ. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
◾
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾ബാങ്കുകള്‍ കര്‍ഷക വിരുദ്ധ സമീപനം സ്വീകരിക്കാന്‍ പാടില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ചില ബാങ്കുകള്‍ മോശമായ സമീപനം സ്വീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ കര്‍ഷകരില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾പാര്‍ട്ടിയെയും പാര്‍ട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്ന് ആക്ഷേപിച്ച് , കേരള ബാങ്ക് ഭരണസമിതി അംഗമായി നിയോഗിക്കപ്പെട്ട, പി അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ മലപ്പുറത്ത് പോസ്റ്റര്‍. എംഎല്‍എ പാര്‍ട്ടിയെ വഞ്ചിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
◾പി അബ്ദുല്‍ ഹമീദ് എംഎല്‍എ കേരള ബാങ്ക് ഭരണസമിതി അംഗമായത് മുസ്ലിം ലീഗിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസിന് അതില്‍ പരാതിയില്ലെന്നും ലീഗിന്റെ ആഭ്യന്തര തീരുമാനമാണതെന്നും അദ്ദേഹം പറഞ്ഞു.
◾കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ലീഗ് എംഎല്‍എ അംഗമായതില്‍ ആശയ കുഴപ്പമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. ലീഗ് നേതൃത്വവുമായും ഹമീദ് എംഎല്‍എയുമായും സംസാരിച്ചു. മലപ്പുറത്തെ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും എംഎം ഹസ്സന്‍ വ്യക്തമാക്കി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സഹകരണം സഹകരണ മേഖലയില്‍ മാത്രമെന്ന് പികെ ബഷീര്‍ എംഎല്‍എ. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിന്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും എം എല്‍ എ പറഞ്ഞു.
◾കേരള ബാങ്ക് ഭരണ സമിതിയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം പുനപരിശോധിക്കണമെന്നും സഹകരണ ബാങ്കുകളുടെ നിലവിലെ സാഹചര്യത്തില്‍ അതിന്റെ പാപഭാരം ഏറ്റെടുക്കണോ എന്ന് ലീഗ് പരിശോധിക്കണമെന്നും ഷിബു ബേബി ജോണ്‍. അതേസമയം മുസ്ലിം ലീഗിനെ കേരള ബാങ്കിലേക്ക് തെരഞ്ഞെടുത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. കുറേക്കാലമായി സിപിഎം മുസ്ലിം ലീഗിന്റെ പിന്നാലെയാണെന്നും അധികാരം നഷ്ടപ്പെടുമെന്ന തോന്നലാണ് ഇതിന് പിന്നിലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
◾മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ്സിന് നാളെ തുടക്കമാകും. ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികള്‍ കേള്‍ക്കുകയാണ് സര്‍ക്കാര്‍. ധൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം നവകേരള സദസ് ബഹിഷ്‌കരിക്കും. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
◾സംസ്ഥാന സര്‍ക്കാരിന്റെ പോസിറ്റീവായ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പലകാര്യങ്ങളും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
◾എംഎല്‍എമാരുടെ പരാതികള്‍ പോലും പരിഹരിക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് നവകേരള സദസ്സ് നടത്തുന്നതെന്ന് മഞ്ചേശ്വരം എംഎല്‍എ . എന്നാല്‍ നവ കേരള സദസ്സില്‍ പൊതുജനങ്ങളുടെ സൗകര്യം മാനിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പരാതി സ്വീകരിക്കാത്തതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എല്ലാ നവകേരള സദസിലും കൗണ്ടറുകള്‍ വഴി പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പരാതികള്‍ ഒരു മാസത്തിനകം പരിഹരിക്കാനുള്ള സംവിധാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾മാനനഷ്ടത്തിന് ദേശാഭിമാനിക്കെതിരെ അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാന്‍ മറിയക്കുട്ടിയുടെ തീരുമാനം. ഇതു കൂടാതെ പെന്‍ഷന്‍ എല്ലാവര്‍ക്കും നല്‍കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും മറിയക്കുട്ടി പറഞ്ഞു. അതേ സമയം ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി മറിയക്കുട്ടിയുടെ വീട്ടിലെത്തി . ബിജെപി നേതാക്കള്‍ക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു.
◾മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനി വാര്‍ത്ത പാര്‍ട്ടിക്ക് കളങ്കമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തിരുത്തിയതോടെ പ്രശ്നം തീര്‍ന്നു. മാനുഷികമായ തെറ്റാണ് പറ്റിയതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ പ്രായമായ സ്ത്രീയെ കോടതിയില്‍ പോകാനൊക്കെ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
◾ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഐപിസി 406, ഐപിസി 420 വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് എടുത്തു. കുട്ടിയുടെ അച്ഛന്‍ പരാതി ഇല്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇന്നലെ തന്നെ വീട്ടിലെത്തി മൊഴിയെടുക്കുയായിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് മുനീര്‍ വാര്‍ത്ത പുറത്ത് വന്നതോടെ തട്ടിയെടുത്ത പണം തിരിച്ചു നല്‍കിയിരുന്നു.
◾സംസ്ഥാനത്ത് സമഗ്ര ഗൃഹപരിചരണ പദ്ധതി നടപ്പാക്കുമെന്നും വീടുകളില്‍ നേരിട്ടെത്തി ഒന്നര വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്. ഓരോ കുഞ്ഞിനും ആവശ്യമായ കരുതലും പരിചരണവും പിന്തുണയും നല്‍കുന്നു എന്നുള്ളത് ഉറപ്പാക്കപ്പെടുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും സര്‍ക്കാര്‍ ചികിത്സ. പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിയുടെ ചികിത്സയ്ക്ക് പൂജപ്പുര ഗവണ്‍മെന്റ് പഞ്ചകര്‍മ്മ ആശുപത്രിയില്‍ ചെലവായ 10,680 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
◾ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യത്തിനായി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചതായി കെഎസ്ആര്‍ടിസി. തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ 12 കെഎസ്ആര്‍ടിസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. 232 രൂപയാണ് ടിക്കറ്റ് നിരക്ക്.
◾സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്ന് തന്നെ വിതരണം തുടങ്ങും. വിതരണം നവംബര്‍ 26 നകം പൂര്‍ത്തിയാക്കണമെന്നാണ് ഇന്നിറങ്ങിയ ഉത്തരവിലെ നിര്‍ദ്ദേശം. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല.
◾കണ്ണൂര്‍ അയ്യന്‍കുന്നില്‍ വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്‌മണ്യന്‍ ജീവനൊടുക്കി. ക്യാന്‍സര്‍ ബാധിതന്‍ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടര്‍ന്ന് രണ്ടേക്കര്‍ ഭൂമി സുബ്രഹ്‌മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സ്ഥലം ഉള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍ അര്‍ഹതയും ഉണ്ടായിരുന്നില്ല. രണ്ടര വര്‍ഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
◾ബംഗാള്‍ ഉള്‍ക്കടലില്‍ മിദ്ഹിലി ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ അടുത്ത 3 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ, ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾സംസ്ഥാനത്തെ ഏറ്റവും വലിയ വനിതാ ജയിലായ അട്ടക്കുളങ്ങര വനിത ജയില്‍ പൂജപ്പുര ജയില്‍ വളപ്പിലേക്ക് മാറ്റാന്‍ തീരുമാനം. തടവുകാരുടെ എണ്ണം കൂടുതലുള്ള പൂജപ്പുരയില്‍ നിന്നടക്കം പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്ക് കൊണ്ടുവരും. പൂജപ്പുരയില്‍ വനിതാ തടവുകാര്‍ക്ക് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കാനാണ് തീരുമാനം.
◾ഡീപ് ഫേക് വിഡിയോകള്‍ ബാധിക്കുന്നത് സാധാരണക്കാരെയാണെന്നും മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്ത് സംസാരിക്കുന്നതിനിടയിലാണ് ഡീപ് ഫേക് വിഷയത്തില്‍ മോദി പ്രതികരിച്ചത്.
◾മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്ന് പോളിംഗ്. മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശില്‍ ഇതുവരെ മികച്ച പോളിങ്ങും, ഛത്തീസ്ഗഡില്‍ ഭേദപ്പെട്ട പോളിങ്ങുമാണ് രേഖപ്പെടുത്തുന്നത്. മധ്യപ്രദേശിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് അല്‍പനേരം വോട്ടെടുപ്പ് തടസപ്പെട്ടു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഡില്‍ പോളിംഗ് നടക്കുന്നത്.
◾തെലങ്കാനയില്‍ 38 ഇന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. വിവാഹം കഴിക്കാന്‍ പോകുന്ന വധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വര്‍ണവും നല്‍കുന്ന ഇന്ദിരാമ്മ ഗിഫ്റ്റ് സ്‌കീം, എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് തുടങ്ങിയ ജനപ്രിയമായ ഒട്ടേറെ പദ്ധതികള്‍ പത്രികയിലുണ്ട്.
◾ഉത്തരാഖണ്ഡിലെ തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു. തുരങ്കത്തിലെ ലോഹഭാഗത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി വച്ചത്. ഡ്രില്ല് ചെയ്യുന്നതോടെ രൂപപ്പെടുന്ന ദ്വാരത്തിലൂടെ 90 സെന്റീമീറ്റര്‍ വ്യാസമുള്ള സ്റ്റീല്‍ പൈപ്പ് കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം.
◾ഗാസയിലെ അല്‍ ഷിഫ ആശുപത്രിയിലാണു ബന്ദികളെ ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ശക്തമായ സൂചന തങ്ങള്‍ക്കു രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നു കിട്ടിയിരുന്നുവെന്നും അതുകൊണ്ടാണ് ആശുപത്രിയില്‍ തങ്ങളുടെ സൈന്യം പ്രവേശിച്ചതെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു . എന്നാല്‍ ഇസ്രയേല്‍ സേനയുടെ ഓപ്പറേഷനു പിന്നാലെ ഹമാസ് ഈയാഴ്ചയാദ്യം ഇവിടെനിന്നു മാറിയിരിക്കാമെന്നും ബെഞ്ചമിന്‍ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
◾ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം, ഗാസ ഉടന്‍ പട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്ര സംഘടന. ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായതോടെ സാധാരണക്കാര്‍ ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിയിലാകുമെന്നും, യുദ്ധനിയമങ്ങളുടെ ലംഘനത്തിന് രാജ്യന്തര തലത്തില്‍ അന്വേഷണം വേണമെന്നും യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
◾ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനക്കും മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനും തോല്‍വി. ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുറുഗ്വായ് തകര്‍ത്തപ്പോള്‍ ബ്രസീലിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ പരാജയപ്പെടുത്തിയത്.
◾ഇന്നലെ മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5,655 രൂപയും പവന് 480 രൂപ വര്‍ധിച്ച് 45,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 4,690 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കയറ്റം തുടരുന്നതിനാലാണ് കേരളത്തിലെ വിലയും ഉയര്‍ന്നത്. ഇന്നലെ 1,967 ഡോളറില്‍ വ്യാപാരം തുടര്‍ന്ന സ്‌പോട്ട് സ്വര്‍ണം 1,981 ഡോളറിലാണ് ക്ലോസിംഗ് നടത്തിയത്. നിലവില്‍ 1,986 ഡോളറിലാണ് വ്യാപാരം തുടരുന്നത്. പണപ്പെരുപ്പം കുറഞ്ഞതിനാല്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സമീപഭാവിയിലെങ്ങും ഇനി അടിസ്ഥാന പലിശനിരക്ക് കൂട്ടില്ലെന്നും 2024 മധ്യത്തോടെ പലിശനിരക്ക് കുറച്ചുതുടങ്ങാന്‍ സാധ്യതയുണ്ടെന്നും ഉള്ള വിലയിരുത്തലുകളാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കുന്നത്. അമേരിക്കന്‍ ട്രഷറി യീല്‍ഡ് 5 ശതമാനത്തില്‍ നിന്ന് 4 ശതമാനത്തിലേക്ക് താഴ്ന്നതും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ പ്രേരിപ്പിക്കുന്നു. ഇതും വിലക്കയറ്റത്തിന് വഴിയൊരുക്കി.വെള്ളി വിലയും കൂടി. സാധാരണ വെള്ളിക്ക് രണ്ട് രൂപ ഉയര്‍ന്ന് 80 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് മാറ്റമില്ല, ഗ്രാമിന് 103 രൂപ.
◾ഇന്ത്യയിലെ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി റിലയന്‍സ് ജിയോയുടെ മുന്നേറ്റം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ 32.4 ലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കി. ഇതോടെ ജിയോയുടെ മൊത്തം ഉപയോക്താക്കള്‍ 44.57 കോടിയായി. ജൂലൈയില്‍ 39 ലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ ആകെ വരിക്കാര്‍ 37.64 കോടിയാണ്. ജൂലൈയില്‍ കമ്പനിയിലേക്ക് പുതുതായി 12.17 ലക്ഷം ഉപയോക്താക്കളെത്തി. അതേസമയം, ജൂലൈയിലും വൊഡാഫോണ്‍-ഐഡിയ നേരിട്ടത് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കാണ്. 49,782 പേരെയാണ് കമ്പനിക്ക് നഷ്ടപ്പെട്ടത്. വീയുടെ ആകെ ഉപയോക്താക്കള്‍ 22.82 കോടിയാണ്. ഓഗസ്റ്റില്‍ ഉപയോക്തൃ കൊഴിഞ്ഞുപോക്ക് 50,000ന് താഴെ എത്തിക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസം വൊഡാഫോണ്‍-ഐഡിയയ്ക്കുണ്ട്. മുന്‍മാസങ്ങളിലെല്ലാം തുടര്‍ച്ചയായി 50,000ലധികം ഉപയോക്താക്കളെ കമ്പനിക്ക് നഷ്ടപ്പെട്ടിരുന്നു. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് വലിയ സ്വീകാര്യതയാണുള്ളത്. ഇന്ത്യയിലിതുവരെ എം.എന്‍.പി അപേക്ഷ നല്‍കിയ ആകെ ഉപയോക്താക്കളുടെ എണ്ണം 87.7 കോടിയായി. ഓഗസ്റ്റിലെ കണക്കുപ്രകാരം ഇന്ത്യയിലാകെ 87.6 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ട്. ജൂലൈയെ അപേക്ഷിച്ച് 0.96 ശതമാനമാണ് വര്‍ധന. 45.5 കോടിപ്പേരും റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഉപയോക്താക്കളാണ്. 25.3 കോടിപ്പേരുമായി എയര്‍ടെല്ലാണ് രണ്ടാംസ്ഥാനത്ത്. വൊഡാഫോണ്‍-ഐഡിയയ്ക്ക് 12.5 കോടി വരിക്കാരുണ്ട്. 2.5 കോടിപ്പേരാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിനുള്ളത്.
◾ഇനി വരാനിരിക്കുന്ന ഒരു ചിത്രത്തില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാതല്‍: ദ കോര്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ പ്രീമിയറിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ സിനോപ്‌സിസ് ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഭാര്യ ഓമന, മകള്‍ ഫെമി, പിതാവ് എന്നിവരോടൊപ്പം താമസിക്കുന്ന ജോര്‍ജ് ദേവസിയുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. റിട്ടയേര്‍ഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥാനാണ് ജോര്‍ജ് ദേവസി. ജോര്‍ജ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഓമന വിവാഹമോചനത്തിന് അപേക്ഷിക്കുന്നു. ജോര്‍ജ് സ്വവര്‍ഗാനുരാഗിയാണ്, അതില്‍ പ്രശ്നവുമില്ലെങ്കിലും വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഹര്‍ജിയാണ് ഓമന നല്‍കുന്നത് എന്നാണ് ഐഎഫ്എഫ്ഐയിലെ സിനോപ്‌സിസ് പറയുന്നത്. ഇത് തന്റെ രാഷ്ട്രീയ മോഹങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ജോര്‍ജ്ജ് ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്നു. നവംബര്‍ 23ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഐഎഫ്എഫ്ഐയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
◾കാളിദാസ് ജയറാം നായകനാവുന്ന ത്രില്ലര്‍ ചിത്രം ‘രജനി’യുടെ ട്രെയ്ലര്‍ പുറത്തെത്തി. വിനില്‍ സ്‌കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങിയിരിക്കുന്നത്. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്നു. 2 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ മലയാളത്തിലും തമിഴിലും പുറത്തിറക്കിയിട്ടുണ്ട്. ശ്രീകാന്ത് മുരളി, അശ്വിന്‍ കെ കുമാര്‍, വിന്‍സെന്റ് വടക്കന്‍, കരുണാകരന്‍, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ ആര്‍ വിഷ്ണു നിര്‍വ്വഹിക്കുന്നു.
◾പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായിയുടെ പുത്തന്‍ കാറുകള്‍ ഇനി ആമസോണില്‍ ബുക്ക് ചെയ്ത് വാങ്ങാം. അടുത്ത വര്‍ഷം മുതല്‍ യു.എസില്‍ ആമസോണ്‍ വഴി ഹ്യുണ്ടായ് കാറുകള്‍ വില്‍ക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ആമസോണില്‍ കാര്‍ വാങ്ങാനും പ്രാദേശിക ഹ്യുണ്ടായ് ഡീലര്‍ വഴി ഡെലിവറി ഷെഡ്യൂള്‍ ചെയ്യാനും കഴിയുമെന്ന് കമ്പനികള്‍ അറിയിച്ചു. ഇത് സ്ഥിരീകരിച്ചുകൊണ്ട് ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജാസി എക്‌സില്‍ ട്വീറ്റ് ചെയ്തു. ആമസോണില്‍ ഹ്യുണ്ടായിയുടെ ഡിജിറ്റല്‍ ഷോറൂം വിപുലീകരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് ഇരു കമ്പനികളും കരാറിലേര്‍പ്പെട്ടത്. ഈ കരാര്‍ പ്രകാരം ഉപയോക്താവിന് വാഹനം തിരഞ്ഞെടുക്കാനും വില വിവരങ്ങളറിയാനും വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ഡീലറെ കണ്ടെത്താനും കഴിയും. 2025ല്‍ പുതിയ ഹ്യുണ്ടായ് കാറുകളില്‍ ആമസോണിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റ് ലഭ്യമാകും. ഈ കരാര്‍ വില്‍പ്പന ശൃംഖല വളര്‍ത്താനും സ്മാര്‍ട്ട് മൊബിലിറ്റി എന്ന സ്വപ്നം സാക്ഷാത്കരിക്കാനും സഹായിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ സി.ഇ.ഒ ജെയ് ചാങ് പറഞ്ഞു.
◾ജാതീയതയെ നിശ്ശബ്ദമായി എതിര്‍ത്തുകൊണ്ട് ജീവിതം ആരംഭിച്ച ഒരു സ്ത്രീയുടെ കഥയാണിത്. മനുഷ്യനെന്ന ജാതി മാത്രം മതി ലോകത്തില്‍ എന്ന് സ്വപ്നം കണ്ട തങ്കത്തിന്റെ കഥയിലൂടെ നന്മയും സ്‌നേഹവും മതാതീതമായ കാഴ്ചപ്പാടും അതിനനുസരിച്ച് ജീവിച്ച ഒരു കുടുംബത്തിന്റെ കഥ. പുഴകളും പൂക്കളും അമ്പലവും പൂരവും നിറഞ്ഞ ഗ്രാമത്തിന്റെ കാഴ്ചകളും ഓര്‍മ്മകളിലൂടെ ഉരുത്തിരിയുന്ന രചന. ‘പിന്നിലേക്കൊഴുകുന്ന പുഴ’. ഡോ. പി എസ് രമണി. ഗ്രീന്‍ ബുക്സ്. വില 152 രൂപ.
◾ആഗോളതലത്തില്‍ ഭീതി പടര്‍ത്തി അഞ്ചാംപനി വ്യാപനം. കോവിഡിന് ശേഷം അഞ്ചാംപനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 40 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രോഗബാധിതരുടെ എണ്ണം ഏകദേശം 20 ശതമാനം ഉയര്‍ന്നു. കോവിഡിനെ തുടര്‍ന്ന് അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതാണ് വീണ്ടും പകര്‍ച്ചവ്യാധി പിടിമുറുക്കാന്‍ കാരണം. മഹാമാരിക്കാലത്താണ് 15 വര്‍ഷത്തിനിടെ നടന്ന ഏറ്റവും താഴ്ന്ന പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 37 രാജ്യങ്ങളില്‍ പകച്ചവ്യാധി വ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ആഗോളതലത്തില്‍ ഒന്‍പതു ദശലക്ഷത്തോളം കുട്ടികള്‍ രോഗബാധിതരായി. ഇതില്‍ 136,00 പേര്‍ മരിച്ചു. ദരിദ്ര രാഷ്ട്രങ്ങളിലാണ് കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കയിലെ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രവും വ്യക്തമാക്കി. വികസ്വര രാജ്യങ്ങളായ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ലാറ്റിനമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ് പകര്‍ച്ചവ്യാധി ഏറ്റവുമധികം ബാധിക്കാന്‍ സാധ്യത. 66 ശതമാനമാണ് ദരിദ്ര രാജ്യങ്ങളിലെ പ്രതിരോധ കുത്തിവെപ്പ് നിരക്ക്. വികസിത രാജ്യങ്ങളിലും അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചാംപനി ലണ്ടനില്‍ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ബ്രിട്ടീഷ് ആരോഗ്യ അധികൃതര്‍ ജൂലൈയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിടെ 40 ശതമാനം കുട്ടികളില്‍ മാത്രമാണ് വാക്‌സിനേഷന്‍ ചെയ്തിട്ടുള്ളു. മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് അഞ്ചാംപനി. വായുവിലൂടെയാണ് വൈറസ് പകരുക. രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് രോഗാണു വായുവില്‍ വ്യാപിക്കുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, ചുണങ്ങു എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. 10-12 ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണയായി ലക്ഷണങ്ങള്‍ വികസിക്കുകയും 7-10 ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യും. മസ്തിഷ്‌കവീക്കം, ശ്വാസ തടസം, നിര്‍ജലീകരണം, ന്യുമോണിയ തുടങ്ങിയ കാരണങ്ങളാണ് മരണത്തിലേക്ക് നയിക്കുന്നത്. കുട്ടികളിലും 30 വയസിന് മുകളിലുള്ളവര്‍ക്കും സങ്കീര്‍ണതകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.27, പൗണ്ട് – 103.13, യൂറോ – 90.26, സ്വിസ് ഫ്രാങ്ക് – 93.68, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.87, ബഹറിന്‍ ദിനാര്‍ – 220.94, കുവൈത്ത് ദിനാര്‍ -269.94, ഒമാനി റിയാല്‍ – 216.33, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.50.