◾തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പേര് പറയണമെന്ന് ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോന്സണ് മാവുങ്കല്‍ കോടതിയില്‍. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയപ്പഴാണ് മോന്സണ് ആരോപണം ഉന്നയിച്ചത്. കോടതിയില്‍ നിന്നും കൊണ്ടുപോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൊണ്ടു പോയിട്ടാണു ഭീഷണിപ്പെടുത്തിയത്. മോന്സണ് ആരോപിച്ചു.
◾മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമെന്നു പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ പോയതുകൊണ്ട് എന്തു പ്രയോജനമാണു ജനങ്ങള്‍ക്കെന്നു ചോദിച്ച അദ്ദേഹം പൊതുപണം പാഴാക്കിയാണ് യാത്രയെന്നും കുറ്റപ്പെടുത്തി. പുകയില ഉത്പാദനമാണ് ക്യൂബയുടെ പ്രധാന പരിപാടി. അവിടെനിന്ന് എന്തു നേട്ടമാണ് കേരളത്തിനു ലഭിക്കുകയെന്നും ഗവര്‍ണര്‍ ചോദിച്ചു.
◾
◾സിപിഎമ്മിന്റെ അശ്ലീല സെക്രട്ടറിയാണ് എം.വി. ഗോവിന്ദനെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് പറയണമെന്നുണ്ടെന്നും പക്ഷേ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് ഗോവിന്ദന് ഇപ്പോള്‍ കാണിക്കുന്നതെന്നും സുധാകരന് പറഞ്ഞു.
◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന ക്രിമിനല്‍ കുറ്റമാണെന്നും പോലീസ് കേസെടുക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അതിജീവിതയുടെ മൊഴി ഉദ്ധരിച്ചു ഗോവിന്ദന് നടത്തിയ പരാമര്‍ശത്തെ പോലീസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നു കാണാമെന്നും വേണുഗോപാല്‍.
◾കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ വ്യാജ ആരോപണം ഉന്നയിച്ച എംവി ഗോവിന്ദനും ദേശാഭിമാനിക്കും എതിരെ കേസെടുക്കണെമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്രൈംബ്രാഞ്ച് പറഞ്ഞെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്? എംവി ഗോവിന്ദന് സൂപ്പര്‍ ഡിജിപി ആണോയെന്നും സതീശന് ചോദിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടുറോഡില്‍ വസ്ത്രമില്ലാതെ നില്‍ക്കുന്നതുപോലെയാണെന്ന് കെ മുരളീധരന്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റപത്രത്തില്‍ ഇല്ലാത്ത കെട്ടുകഥകളും അശ്ലീല കഥകളും ചമച്ചുണ്ടാക്കുകയാണ് സിപിഎം നേതാക്കളെന്നും മുരളീധരന് കുറ്റപ്പെടുത്തി.
◾മലപ്പുറത്ത് പനി ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന് ഗോകുലാണ് (13) താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
◾വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കേരളാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം നല്കി.
◾
◾എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് എംകോമിനു പ്രവേശനം നല്‍കിയതില്‍ മാനേജര്‍ക്കു വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി. ഹാരിസ്. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണ്. ഏതു രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്തതെന്ന് വ്യക്തമാക്കേണ്ടത് മാനേജരാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു
◾താന്‍ സിഡാക് കോളജിലെ റെഗുലര്‍ വിദ്യര്‍ത്ഥിയാണെന്ന് കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട എംഎസ്എഫ് നേതാവ് അമീന് റാഷിദ്. തച്ചനാട്ടുകര പഞ്ചായത്തില്‍ നേരത്തെ ജോലി ചെയ്തിരുന്നു. പഠിക്കുന്ന സമയത്തും ജോലി ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് വരെയാണ് തച്ചനാട്ടുകരയില്‍ ജോലി ചെയ്തത്. കോളേജില്‍ നിന്ന് അവധി എടുത്തും ഒഴിവു ദിവസങ്ങളിലുമാണ് ജോലി ചെയ്തത്. എസ്എഫ്ഐ തനിക്കെതിരെ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
◾കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാംപെയിന് കമ്മിറ്റി ഗവര്‍ണര്‍ക്കു നിവേദനം നല്കി. ചട്ടം ലംഘിച്ചാണു നിയമനമെന്നാണ് ആരോപണം. ഗവര്‍ണര്‍ വീസിയോട് വിശദീകരണം തേടി.
◾കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വി.ജെ വില്സന് രണ്ടു വര്‍ഷം തടവുശിക്ഷയും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. 2012 ല്‍ സര്‍വ്വേ നമ്പരിലെ തെറ്റു തിരുത്താന്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്.
◾ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കിഴക്കന്‍ രാജസ്ഥാന് മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ബിപോര്‍ജോയ് മാറി. ദക്ഷിണേന്ത്യയാകെ കാലവര്‍ഷം ശക്തിപ്പെടും. കേരളത്തില്‍ അഞ്ചു ദിവസം ഇടി മിന്നലോടുകൂടിയ മഴക്കു സാധ്യത.
◾
◾മദ്യപിച്ച് വിമാനത്തിനകത്ത് ബഹളംവച്ച കോട്ടയം സ്വദേശി അറസ്റ്റില്‍. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസന്‍ ജേക്കബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനം കൊച്ചി റണ്വേയിലേക്കിറങ്ങുമ്പോള് സീറ്റിലിരിക്കാതെ ബഹളം തുടര്‍ന്നപ്പോള്‍ പൈലറ്റ് പരാതി നല്‍കുകയായിരുന്നു.
◾കോട്ടയം വിജയപുരത്ത് രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു. ചോര്‍ച്ചയെ കുറിച്ച് താമസക്കാര്‍ ഒരാഴ്ച മുമ്പ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കലക്ടര്‍ തന്നെ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
◾ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി. പോത്തോട്ടം കണ്ട് ഓടിയ കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിയും വനിതാ ഡോക്ടറും വീണ് പരിക്കേറ്റു. പോത്ത് വാര്‍ഡിനകത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും കൂട്ടിരിപ്പുകാരും ജീവനക്കാരും ചേര്‍ന്ന് വാതിലുകള്‍ അടച്ചു. അഗ്നിരക്ഷാ സേനയാണ് പോത്തിനെ പിടിച്ചുകെട്ടിയത്.
◾മാട്ടുപ്പെട്ടി എക്കോപോയിന്റില്‍ പെട്ടിക്കടകള്‍ തകര്‍ത്ത് പടയപ്പ എന്ന കാട്ടാന. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ എത്തിയ കാട്ടാന കടകള്‍ തകര്‍ത്ത് വില്പനക്കു വച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ അകത്താക്കി.
◾മറയൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ വിനോദസഞ്ചാരികളായ യുവാവും യുവതിയും മരിച്ചനിലയില്‍. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദന്‍കുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണ് മരിച്ചത്. മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
◾ഭര്‍തൃ വീട്ടില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പീഡനമെന്ന് യുവതിയുടെ പരാതി. വാളാട് സ്വദേശിയായ പത്തൊന്‍പതുകാരിയാണ് വയനാട് പനമരം കൂളിവയലിലെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. ഇഖ്ബാല്‍, ഇഖ്ബാലിന്റെ അമ്മ, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
◾തൃശൂര്‍ ചുവന്ന മണ്ണില്‍ കെഎസ്ആര്‍ടിസിയില്‍യില്‍ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാള്‍ സ്വദേശി ബിശ്വാസ് എന്നിവരെയാണു കഞ്ചാവു സഹിതം അറസ്റ്റു ചെയ്തത്.
◾മലപ്പുറം തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്കു പരുക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾കോട്ടയം പൂവന്തുരുത്ത് വ്യവസായ മേഖലയില്‍ സ്വകാര്യ ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരനെ തലയക്കടിച്ചു കൊന്നു. പൂവന്തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന് ളാക്കാട്ടൂര്‍ സ്വദേശി ജോസി(55)നെയാണ് കൊന്നത്. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.
◾കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരിക്കേറ്റു.
◾തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈയില്‍ 27 വര്‍ഷത്തിനിടെ പെയ്ത റെക്കോര്‍ഡ് മഴയാണ് ഇന്നലത്തേത്. ചെന്നൈയടക്കം പല ജില്ലകളിലും സ്കൂളുകള്‍ക്ക് മഴ ഭീതിയില്‍ അവധി പ്രഖ്യാപിച്ചു.
◾ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം. പത്തു സംസ്ഥാനങ്ങള്‍ക്ക് നാലു ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം. ഛത്തീസ്ഘഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, കോസ്റ്റല്‍ ആന്ധ്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, കിഴക്കന്‍ മധ്യപ്രദേശ്, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം.
◾വിദ്യാര്ഥിനികള്ക്കൊപ്പമുള്ള അശ്ലീല വീഡിയോകള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ എബിവിപി നേതാവ് അറസ്റ്റില്‍. കര്‍ണാടക ശിവമോഗ തീര്‍ത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയെയാണ് അറസ്റ്റ് ചെയ്തത്.
◾ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കാനഡയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ വിവിധ കേസുകളുമായി ബന്ധമുള്ള ഖലിസ്ഥാനി നേതാവാണ് കൊല്ലപ്പെട്ടത്. ആയുധ ധാരികളായ രണ്ട് പേരാണ് നിജ്ജറെ വെടിവച്ചതെന്നാണ് വിവരം.
◾രാജ്യത്ത് പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തില്‍ വീണ്ടും കുതിച്ചുചാട്ടം. ജൂണ്‍ മാസം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, മൊത്തം 16,406 കോടി രൂപയുടെ നിക്ഷേപമാണ് എഫ്പിഐകള് ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയിരിക്കുന്നത്. ജൂണ്‍ മാസം അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മൊത്തം നിക്ഷേപം ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. മെയ് മാസത്തില്‍ മാസത്തില്‍ ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് 43,838 രൂപയുടെ നിക്ഷേപമാണ് എഫ്പിഐകള് എത്തിച്ചത്. കഴിഞ്ഞ 9 മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക് കൂടിയാണ് മെയ് മാസത്തിലേത്. എഫ്പിഐകളില് ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍, വരും വര്‍ഷങ്ങളില്‍ ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ കഴിയുന്നതാണ്. ധനകാര്യം, ഓട്ടോമൊബൈല്‍സ്, ഓട്ടോ കംപൊണന്റുകള്‍, ക്യാപിറ്റല്‍ ഗുഡ്സ്, നിര്‍മ്മാണ മേഖല എന്നിവയുമായി ബന്ധപ്പെട്ട ഓഹരികളിലാണ് ഏറ്റവുമധികം നിക്ഷേപം എത്തിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ എഫ്പിഐകളുടെ നിക്ഷേപം 11,631 കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ 7,936 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. അദാനി ഗ്രൂപ്പ് കമ്പനികളില്‍ അമേരിക്ക ആസ്ഥാനമായുള്ള ജി.ക്യു.ജി പാര്‍ട്ണേഴ്സ് നടത്തിയ നിക്ഷേപമാണ് മാര്‍ച്ചില്‍ മൊത്തത്തിലുള്ള നിക്ഷേപത്തെ പോസിറ്റീവാക്കി മാറ്റിയത്.
◾ചിപ് നിര്‍മാതാക്കളായ ഇന്റല്‍ തങ്ങളുടെ ഏറ്റവും ജനകീയമായ മൈക്രോചിപ് ശ്രേണിയുടെ പേരു മാറ്റുന്നു. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു മാറ്റത്തിനു ഒരുങ്ങുന്നത് ഐ5, ഐ7, ഐ9, ഐ13 എന്നിങ്ങനെ അറിയപ്പെട്ടിരുന്നതാണ് മാറ്റുന്നത്. പുതിയ ചിപ്പുകള്‍ക്ക് തലമുറ വിശേഷണം നല്‍കുന്നതും അവസാനിപ്പിക്കും. ഇതു പ്രകാരം ഇനി വരാനിരിക്കുന്ന ചിപ്പുകളെ കമ്പനി 14th Gen എന്നു വിശേഷിപ്പിക്കില്ല. ഐ7, ഐ9 എന്നിങ്ങനെയുള്ള പേരുകള്‍ക്ക് പ്രാധാന്യം വന്നതോടെ ഇന്റല്‍ എന്ന പേരിനു പ്രാധാന്യം കുറയുന്നെന്നു കണക്കാക്കിയാണ് പുതിയ നീക്കം. ഇനി മുതല്‍ ചിപ്പുകള്‍ക്ക് ഇന്റല്‍, ഇന്റല്‍ കോര്‍, ഇന്റല്‍ കോര്‍ അള്‍ട്ര എന്നീ മൂന്നു ശ്രേണികളിലാണ് വിപണിയിലെത്തുക.
◾ഫഹദ് ഫാസില്‍ നായകനായെത്തുന്ന ധൂമത്തിലെ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച ഗാനം കപില്‍ കപിലന് ആണ് ആലപിച്ചത്. പൂര്‍ണചന്ദ്ര തേജസ്വി ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങുന്ന ധൂമത്തില്‍ അപര്‍ണ ബാലമുരളി നായികയായെത്തുന്നു. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനു ശേഷം ഫഹദും അപര്‍ണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പവന് കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. റോഷന് മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ധൂമത്തില്‍ വേഷമിടുന്നു. ജൂണ്‍ 23ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
◾റൊമാന്റിക് കോമഡി ജോണറില്‍ പുതിയൊരു ചിത്രം എത്തുകയാണ്. ജോസ്കുട്ടി ജേക്കബ് നായകനായെത്തുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പേര് സിനിമയ്ക്ക് ഇട്ടതിന് പിന്നിലും ഒരു കഥയുണ്ട്. വേമ്പനാട് കായലില്‍ ചിറ കെട്ടി തിരിച്ചെടുത്ത ഈ മനുഷ്യ നിര്‍മ്മിത കായലിന്റെ പേര് സിനിമയ്ക്ക് വന്നത് ചിത്രത്തിലെ നായകന് ‘ആന്‍സന്റെ’ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ്. ഈ പ്രദേശത്ത് വസിക്കുന്ന അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ പറയുന്നത്. ഒരു മെഡിക്കല്‍ ഷോപ്പുടമയായ അച്ഛനില്‍ നിന്ന് ആ ബിസിനസ് മകന് ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കന്‍ഡ് ജനറേഷന് ബിസിനസ് പ്രശ്നങ്ങളുമൊക്കെയാണ് റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത്. ജോസ്കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയില്‍ കീര്‍ത്തന ശ്രീകുമാര്‍, കോട്ടയം നസീര്‍, വൈശാഖ് വിജയന്, അഭിഷേക് രവീന്ദ്രന്, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
◾ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. 2023 മെയ് 20 വരെ ടിവിഎസ് ഐക്യൂബ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഫെയിം രണ്ട് സബ്സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയല്‍റ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്ക് 2023 ജൂണ്‍ ഒന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഫെയിം രണ്ട് പുനരവലോകനത്തിന്റെ പൂര്‍ണ ഭാരം വഹിക്കാതെ തന്നെ പുതിയ വിലയില്‍ വാഹനം സ്വന്തമാക്കാനും കഴിയും. 2023 ജൂണ്‍ 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് അനുസൃതമായി 17,000 മുതല്‍ 22,000 രൂപയുടെ വരെ വര്‍ധനവാണ് ടിവിഎസ് ഐക്യൂബിനുണ്ടാവുക. 2023 മെയ് 20ന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് അധിക ലോയല്‍റ്റി ആനുകൂല്യവും നല്‍കും. 2023 മെയ് 20 വരെ നടത്തിയ ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,42,433 രൂപയും, ടിവിഎസ് ഐക്യൂബ് എസിന് 1,55,426 രൂപയുമാണ് കൊച്ചി ഓണ്‍-റോഡ് വില. 2023 മെയ് 21 മുതലുള്ള ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,49,433 രൂപയും, ടിവിഎസ് ഐക്യൂബ് എസിന് 1,64,866 രൂപയുമാണ് കൊച്ചി ഓണ്‍-റോഡ് വില.
◾പ്രപഞ്ചത്തിന്റെ 99 ശതമാനത്തിലേറെ ദ്രവ്യം ഉള്‍ക്കൊള്ളുന്ന പ്ലാസ്മാവസ്ഥയെക്കുറിച്ചുള്ള പഠനം ഉദ്വേഗജനകമാണ്. പ്ലാസ്മാഭൗതികത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയുടെ ഒരു ലഘു ചരിത്രവും അതോടൊപ്പംതന്നെ ഈ ശാസ്ത്രശാഖ മാനവരാശിക്ക് ഇതിനകം നല്കിക്കഴിഞ്ഞ മികച്ച സാങ്കേതിക സംഭാവനകളെക്കുറിച്ചും ഭാവിയില്‍ സംഭവിക്കാന്‍പോകുന്ന ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടത്തിനെക്കുറിച്ചുമുള്ള ഒരു വിവരണമാണ് ഈ പുസ്തകത്തില്‍. ‘പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുത പ്രപഞ്ചം’. ഡോ. പി.ജെ. കുര്യന്. ഡിസി ബുക്സ്. വില 284 രൂപ.
◾പ്രമേഹരോഗികളില്‍ പലരും പഴങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. പഴങ്ങളില്‍ മധുരം ഉളളതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്ന ആശങ്കയിലാണ് പഴങ്ങള്‍ ഒഴിവാക്കുന്നത്. എന്നാല്‍ പഴങ്ങളില്‍ പ്രകൃതിദത്ത പഞ്ചസാര ആണുള്ളത്. പ്രത്യേകിച്ച് ഫ്രക്ടോസ്. ഇതാണ് പഴങ്ങള്‍ക്ക് മധുരം നല്‍കുന്നത്. ഇത് മറ്റ് പഞ്ചസാരകളെപ്പോലെ രക്തത്തിലെ പഞ്ചസാരയെ ബാധിക്കില്ല. പഴങ്ങളില്‍ ധാരാളം നാരുകള്‍ ഉണ്ട്. കൂടാതെ മൈക്രോന്യൂട്രിയന്റുകളും ആന്റി ഓക്സിഡന്റുകളും ഉണ്ട്. ഇവയെല്ലാം പ്രമേഹം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. വണ്ടര്ഫ്രൂട്ട് എന്നറിയപ്പെടുന്ന പൈനാപ്പിളില്‍ നാരുകള്‍ ധാരാളമുണ്ട്. ഒരു കപ്പ് പൈനാപ്പിളില്‍ 2.2 ഗ്രാം നാരുകള്‍ ഉണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ നില കുറയ്ക്കുകയും ചെയ്യുന്നു. പൈനാപ്പിളിന്റെ ഇനവും പഴുപ്പും അനുസരിച്ച് ഗ്ലൈസെമിക് ഇന്‍ഡക്സ് 50 നും 70 നും ഇടയ്ക്കാണ്. നാരുകള്‍ ധാരാളം ഉളളതിനാല്‍ ഇതിന്റെ ഗ്ലൈസെമിക് ലോഡ് 6 ആണ്. ഇതുകൊണ്ടു തന്നെ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു മികച്ച ഭക്ഷണമാണ് പൈനാപ്പിള്‍. എന്നാല്‍ കഴിക്കുന്ന അളവ് പ്രധാനമാണ്. ഒരു സമയം 100 മുതല്‍ 150 ഗ്രാം വരെ മാത്രമേ കഴിക്കാവൂ. വൈറ്റമിന്‍ ബി6 ഉം പൈനാപ്പിളില്‍ ധാരാളമായുണ്ട്. ഇത് അരുണരക്താണുക്കളുടെ രൂപീകരണത്തില്‍ സഹായിക്കുന്നു. കൊഴുപ്പിന്റെയും അന്നജത്തിന്റെയും ഉപാപചയപ്രവര്‍ത്തനം നിയന്ത്രിക്കുന്ന മൈക്രോ ന്യൂട്രിയന്റ് ആയ മാംഗനീസും പൈനാപ്പിളിലുണ്ട്. പൈനാപ്പിളില്‍ 86 ശതമാനവും വെള്ളം ആയതിനാല്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും.