◾ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്കു പങ്കുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ . ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണ്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസില്‍ കുടുക്കി അറസ്റ്റു ചെയ്തത് നിയമ വിരുദ്ധമാണ്. മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നു അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയെ അറിയിച്ചു. പുതിയ തെളിവുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു മറുപടി.
◾വനത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ കൈവിട്ട് പോകരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം താന്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടിയും ജനങ്ങളുമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രിയാകാന്‍ തയാറല്ലേ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പാര്‍ട്ടി പറഞ്ഞാല്‍ ചെയ്യുമെന്നു മറുപടി പറഞ്ഞതിനെയാണ് ഇങ്ങനെ വിവാദമാക്കുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞുള്ള നിയമസഭ തെരഞ്ഞെടുപ്പിനെ പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ശശി തരൂര്‍.
◾മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചവര്‍ നാലുവര്‍ഷത്തിനു ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നു രമേശ് ചെന്നിത്തല. തയ്പ്പിച്ച കോട്ട് മാറ്റിവച്ചേക്കെന്നും ചെന്നിത്തല പ്രതികരിച്ചു.
◾ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടിയിലാണ് പറയേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസുകാര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്പരം പറഞ്ഞ് ചര്‍ച്ചയാക്കരുത്. എന്തൊക്കെ പുറത്തു പറയണം, പറയണ്ട എന്ന് നേതാക്കള്‍ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരേ പ്രകടനം നടത്തിയ ഐഎന്‍ടിയുസി നേതാവിനുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രമേശ് ചെന്നിത്തല. ചങ്ങനാശേരിയിലെ ഐ എന്‍ ടി യു സി നേതാവ് പി.പി തോമസിന് നല്‍കുന്ന സ്വീകരണ സമ്മേളനമാണ് നാളെ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുക.
◾പ്രമുഖ ശാസ്ത്രജ്ഞനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയറക്ടറുമായിരുന്ന ഡോ. എ ഡി ദാമോദരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലും ശാസ്ത്രജ്ഞനായിരുന്നു. കെല്‍ട്രോണിന്റെ ചെയര്‍മാനുമായിരുന്നു. വടക്കാഞ്ചേരി ആലത്തൂര്‍ മന കുടുംബാംഗമാണ്. ഇഎംഎസിന്റെ മകള്‍ ഡോ. ഇ എം മാലതിയാണ് ഭാര്യ. സംസ്‌കാരം: നാളെ രാവിലെ ഒമ്പതിന് ശാന്തികവാടത്തില്‍.
◾വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്നു ബന്ധുക്കള്‍. കടുവയെ വെടിവച്ചു കൊല്ലണമെന്നും നഷ്ടപരിഹാരം അപര്യാപ്തമാണെന്നും മരിച്ച തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആന്റണിയും പറഞ്ഞു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടു.
◾മകരജ്യോതി ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. സന്നിധാനത്തു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നും നാളെയും വേര്‍ച്വല്‍ ബുക്കിംഗ് ഇല്ല. തിരുവാഭരണ ഘോഷയാത്ര നാളെ കാനന പാത വഴി സഞ്ചരിച്ച് സന്നിധാനത്തെത്തും. പന്തളം കൊട്ടാര കുടുംബാഗം മരിച്ചതിനാല്‍ രാജപ്രതിനിധി ഇല്ലാതെയാണ് ഘോഷയാത്ര.
◾കളമശേരിയില്‍ പഴകിയ മാംസം പിടിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് രജിസ്ട്രാറാണു നിര്‍ദേശം നല്‍കിയത്. കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളില്‍ ഷവര്‍മയയടക്കം ഉണ്ടാക്കി വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ കോഴിയിറച്ചിയാണ് ഇന്നലെ പിടികൂടിയത്.
◾സ്‌കൂള്‍ നന്നാക്കാന്‍ പരാതികളയച്ചിട്ടും ഫലമില്ലാതായതിനാല്‍ മനംമടുത്ത് വിആര്‍എസ് എടുത്തു കളം കാലിയാക്കുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികക്ക് സ്‌കൂള്‍ നന്നാക്കിത്തരുമെന്ന മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അല്ലപ്ര ഗവണ്‍മെന്റ് യുപിഎസിലെ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റിനാണ് മന്ത്രിയുടെ മറുപടി. പരാതി തനിക്കു നേരിട്ടു തരൂ, നടപടിയെടുക്കാമെന്നാണ് മന്ത്രിയുടെ പ്രതികരണം.
◾കൊല്ലം നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപിയുടെ അവിശ്വാസ പ്രമേയം യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ പാസായി. യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റായ ആര്‍ സത്യഭാമ പുറത്തായി. 18 അംഗങ്ങളില്‍ ബിജെപിയുടെ ഏഴംഗങ്ങളും യുഡിഎഫിന്റെ മൂന്നംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. നാല് എല്‍ഡിഎഫുകാരും മൂന്നു 3 കോണ്‍ഗ്രസ് അംഗങ്ങളും വിട്ടുനിന്നു.
◾തൃശൂരിലെ ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷ നല്‍കണമെന്ന സംസ്ഥാനത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. നിഷാമിനെ ജയിലില്‍തന്നെ നിലനിര്‍ത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
◾കൂടത്തായ് റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളി ജോസഫിനേയും കൂട്ടുപ്രതികളായ എം.എസ്. മാത്യു, പ്രിജുകുമാര്‍, മനോജ് എന്നിവരേയും കുറ്റപത്രം വായിച്ചു കേള്‍പിച്ചു. കോഴിക്കോട് പ്രത്യേക കോടതിയിലാണ് കുറ്റപത്രം വായിച്ചത്. അഞ്ചു കൊലക്കേസുകള്‍ അടുത്ത മാസം അഞ്ചിലേക്കു മാറ്റി. ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ജോളി ക്ഷുഭിതയായി.
◾കൊച്ചിയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം മണിക്കൂറുകളോളം വൈകി. വിമാനത്തിനകത്ത് യാത്രക്കാരെ പ്രവേശിപ്പിച്ച ശേഷം എസി പ്രവര്‍ത്തിപ്പിക്കാതിരുന്നതോടെ യാത്രക്കാര്‍ ചൂടേറ്റു വലഞ്ഞു.
◾ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയുമായ വി. മുരളീധരന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനം മാറ്റിവച്ചു. ഈ മാസം 15 മുതല്‍ 17 വരെ സന്ദര്‍ശിക്കാനായിരുന്നു പരിപാടി.
◾വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍നിന്ന് കണക്കില്‍പെടാത്ത 6,500 രൂപ വിജിലന്‍സ് കണ്ടെടുത്തു. അബു എന്ന ഏജന്റില്‍ നിന്നാണ് പണം കിട്ടിയത്.
◾വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ടു മാസങ്ങളായെന്ന് കളക്ടര്‍ക്കു പരാതി അയച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ വൈദ്യൂതി പുനസ്ഥാപിച്ചു നല്‍കി
ആലപ്പുഴ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ അര്‍ജുന്‍ കൃഷ്ണയെന്ന മൂന്നാം ക്ലാസുകാരനാണ് തന്റെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് കളക്ടര്‍ക്ക് കത്തെഴുതിയത്. കളക്ടര്‍ സ്വന്തം പണമെടുത്ത് ബില്‍ അടച്ച് വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു.
◾കോഴിക്കോട് പന്തീരങ്കാവില്‍ ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി 22 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. ചേവായൂര്‍ സ്വദേശികളാണു പിടിയിലായത്.
◾യുപി സ്‌കൂളിലെ ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറിയന്‍ മാക്കന്‍ ഫൈസലാണ് അറസ്റ്റിലായത്. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനാണ് ചെറിയന്‍മാക്കന്‍ ഫൈസല്‍.
◾ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല സവാരിയായ ഗംഗാ വിലാസ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍നിന്ന് യാത്ര ആരംഭിക്കുന്ന കപ്പല്‍ ബംഗ്ലാദേശിലൂടെ ആസാമിലെ ദിബ്രുഗഡില്‍ സമാപിക്കും. 51 ദിവസംകൊണ്ട് 3,200 കീലോമീറ്റര്‍ യാത്രക്കിടെ വിവിധ പൈതൃക സ്ഥലങ്ങളും ദേശീയ ഉദ്യാനങ്ങളും സന്ദര്‍ശിക്കും. 13 ലക്ഷം രൂപയാണ് ഒരാള്‍ക്കു ഫീസ്.
◾ഗംഗയിലൂടെയുള്ള ആഡംബര കപ്പല്‍ വിനോദയാത്രാ പദ്ധതി ധനികര്‍ക്കുവേണ്ടിയുള്ളതാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ധനികര്‍ക്കു വേണ്ടിയുള്ള പദ്ധതികളില്‍ മാത്രമാണ് ബിജെപിക്കു നോട്ടമെന്നും അഖിലേഷ് കുറ്റപ്പെടുത്തി. ഗംഗയില്‍ നിലവില്‍ ചെറുബോട്ടുകള്‍ ഓടിക്കുന്ന നിഷാദ വിഭാഗത്തിലുള്ളവര്‍ക്കു തൊഴില്‍ നഷ്ടപ്പെടുത്തുന്ന പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു.
◾രാജ്യം വിട്ട തട്ടിപ്പുവീരന്‍ സ്വാമി നിത്യാനന്ദയുടെ തടങ്കലില്‍നിന്ന് പെണ്‍മക്കളെ വിട്ടുകിട്ടണമെന്ന അച്ഛന്റെ ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. 2019 ലാണ് അച്ഛന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര അഭ്യന്തര മന്ത്രാലയം കോടതിയില്‍ സത്യവാങ് മൂലം പോലും നല്‍കിയില്ലെന്നു കോടതി വിമര്‍ശിച്ചു.
◾സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡിനെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ടെ ബെഞ്ച് പിന്‍മാറി. നേരത്തെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
◾മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്തു പേര്‍ മരിച്ചു. താനെ ജില്ലയിലെ അംബര്‍നാഥില്‍ നിന്ന് പുറപ്പെട്ട ടൂറിസ്റ്റു ബസ് അഹമ്മദ്‌നഗര്‍ ജില്ലയിലെ ക്ഷേത്രനഗരമായ ഷിര്‍ദിയിലേക്കു തീര്‍ത്ഥാടകരുമായി പോകുകയായിരുന്നു.
◾പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ വിസ തരണമെങ്കില്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്ന് പാക് ഹൈക്കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്ന് പഞ്ചാബിലെ പ്രമുഖ സര്‍വകലാശാലയിലെ സീനിയര്‍ പ്രഫസര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മാസത്തില്‍ ഡല്‍ഹിയിലെ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ ചെന്നപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പ്രഫസര്‍ പറഞ്ഞു.
◾വിശാഖപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞു ചില്ലു തകര്‍ത്ത മൂന്നുപേര്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളെ ആധാരമാക്കി നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്.
◾കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കൊല്‍ക്കത്തയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് വൈകിട്ട് നാല് മണിക്ക് ഇരു ടീമുകളും എത്തുക. നാളെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണിവരെ ലങ്കയും അഞ്ച് മണി മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീലനത്തിനിറങ്ങും.
◾പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഓഹരികള്‍ വിറ്റഴിച്ച് ആലിബാബ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബ്ലോക്ക് ഡീലിലൂടെ ഏകദേശം രണ്ട് കോടിയോളം ഓഹരികളാണ് ആലിബാബ വിറ്റത്. പേടിഎമ്മില്‍ 6.26 ശതമാനം ഓഹരി പങ്കാളിത്തമാണ് ആലിബാബയ്ക്ക് ഉണ്ടായിരുന്നത്. ഒറ്റ ദിവസം കൊണ്ട് 3.1 ശതമാനം ഓഹരികളാണ് ആലിബാബ വിറ്റഴിച്ചത്. 125 മില്യണ്‍ ഡോളറാണ് വില്‍പനയിലൂടെ ആലിബാബയ്ക്ക് ലഭിച്ചത്. ഓഹരി വിപണിയില്‍ നിന്നും ഏതാനും മാസങ്ങളായി കനത്ത തിരിച്ചടികളാണ് പേടിഎം നേരിട്ടത്. കണക്കുകള്‍ പ്രകാരം, 10.5 ദശലക്ഷം ഓഹരികളാണ് പേടിഎം തിരികെ വാങ്ങിക്കുക. ഓഹരി ഒന്നിന് 810 രൂപ വീതം നല്‍കും. ഓപ്പണ്‍ മാര്‍ക്കറ്റിലൂടെയാണ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ നടക്കുക. 2021 നവംബറിന് ശേഷം പേടിഎമ്മിന്റെ ഓഹരികള്‍ 65 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
◾സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് ബ്രാന്‍ഡുകളാണ് ആപ്പിളും സാംസംഗും. ഐഫോണ്‍ നിര്‍മാണത്തിന് അടക്കമുള്ള ഒട്ടനവധി ഉപകരണങ്ങള്‍ ആപ്പിളിന് സാംസംഗാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ഇവയില്‍ ഏറ്റവും പ്രധാനം ഡിസ്പ്ലേ തന്നെയാണ്. നിലവില്‍, ടെക് ലോകത്ത് ചര്‍ച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആപ്പിളിന്റെയും സാംസംഗിന്റെയും വേര്‍പിരിയല്‍. സാംസംഗ് നിര്‍മ്മിച്ചു നല്‍കുന്ന ഡിസ്പ്ലേ പാനലുകള്‍ പൂര്‍ണമായും ഉപേക്ഷിച്ച ശേഷം, സ്വന്തം നിലയില്‍ പാനലുകള്‍ നിര്‍മ്മിക്കാനാണ് ആപ്പിളിന്റെ നീക്കം. പ്രധാനമായും ആപ്പിള്‍ വാച്ചുകളിലാണ് പുതിയ പാനലുകള്‍ പരീക്ഷിക്കുക. അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കുന്ന ആപ്പിള്‍ വാച്ചുകളില്‍ സ്വന്തം പാനല്‍ ഉപയോഗിക്കുമെന്ന് കമ്പനി ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024- ല്‍ പുറത്തിറക്കുന്ന ആപ്പിള്‍ വാച്ച് അള്‍ട്രയിലാണ് സ്വന്തം പാനല്‍ ഉള്‍പ്പെടുത്തുക. ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വില കൂടിയ മോഡലായിരിക്കും ആപ്പിള്‍ വാച്ച് അള്‍ട്രാ.
◾ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ 25 കോടി ക്ലബ്ബില്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ ഇനത്തിലാണ് ചിത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ 25 കോടി നേടിയത്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും, ഇന്ത്യക്ക് പുറത്തുമൊക്കെ ചിത്രം വന്‍ വിജയമായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇടം നേടിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിത്രം. ചിത്രത്തില്‍ മാളികപ്പുറമായെത്തിയ ദേവനന്ദയും ശ്രീപദും എല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഡിസംബര്‍ 30നാണ് മാളികപ്പുറം തിയേറ്ററുകളിലെത്തിയത്. തുടക്കം മുതലേ ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. സൈജു കുറുപ്പ്, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നല്‍കിയിരിക്കുന്നു.
◾വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. നായകന്‍ വിജയ്യുടെയും രശ്മിക മന്ദാനയുടെയും കഥാപാത്രങ്ങളുടെ പ്രണയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്.
◾ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എംപിവി യുനീക്ക് 7 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ. മൂന്നാം തലമുറ ഹൈഡ്രജന്‍ ഇന്ധന സെല്‍ സാങ്കേതികവിദ്യയുള്ള പുതിയ എനര്‍ജി വാഹനങ്ങളാണ് എംജി അവതരിപ്പിച്ചത്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ശുദ്ധവും കാര്യക്ഷമവുമായ യാത്ര നല്‍കുന്നതിനുള്ള എംജിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. 2001ല്‍ ഫീനിക്‌സ് നമ്പര്‍ 1 ഫ്യുവല്‍ സെല്‍ വെഹിക്കിള്‍ പ്രൊജക്റ്റ് എന്ന നിലയിലാണ് എംജി ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സിസ്റ്റം ആദ്യമായി ആരംഭിച്ചത്. ഇപ്പോള്‍ പുതുതായി വികസിപ്പിച്ച മൂന്നാം തലമുറ ഇന്ധന സെല്‍ സിസ്റ്റം പ്രോം പി 390 എന്നു അറിയപ്പെടുന്നു. ഹൈഡ്രജന്‍ ഇന്ധന സെല്‍ പ്രവര്‍ത്തിക്കുന്ന വാഹനം ഒരു എയര്‍ പ്യൂരിഫയര്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നു കേവലം ഒരു മണിക്കൂര്‍ ഡ്രൈവിങ് കൊണ്ട് 150 മുതിര്‍ന്നവര്‍ ശ്വസിക്കുന്ന വായുവിന് തുല്യമായ വായു ശുദ്ധീകരിക്കുന്നണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പരമാവധി 95 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിക്കാനും -30 ഡിഗ്രിയില്‍ തണുപ്പ് താങ്ങാനും കഴിയുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.
◾കേരളത്തിലെങ്ങും പ്രചാരം നേടിയ ‘പറയിപെറ്റ പന്തിരുകുലം’ എത്ര അറിഞ്ഞാലും വറ്റാത്ത കഥകളുടെ അക്ഷയഖനിയാണ്. അഗ്നിഹോത്രിയും പാക്കനാരും നാറാണത്തു ഭ്രാന്തനും കാരയ്ക്കലമ്മയും പെരുന്തച്ചനും വായില്ലാക്കുന്നില്ലപ്പനുമെല്ലാം ഉള്‍പ്പെടുന്ന ഈ വിസ്മയലോകം സാമൂഹികമായ മൂല്യബോധം എല്ലാ തലമുറകള്‍ക്കും പകര്‍ന്നുനല്‍കുന്നു.പന്തിരുകുലത്തിന്റെ പിതാവായ വരരുചിയുടെയും അദ്ദേഹത്തിന്റെ അച്ഛനായ വിദ്യാസാഗരന്റെയും അറിയപ്പെടാത്ത അദ്ഭുതകഥകള്‍കൂടി ഉള്‍പ്പെടുന്ന ഈ പുസ്തകം കഥകളുടെ പുതുലോകത്തിലേക്ക് നമ്മെ നയിക്കുന്നു. പുനരാഖ്യാനം – കെ. രാധാകൃഷ്ണന്‍. ചിത്രീകരണം – ദേവപ്രകാശ്. മാതൃഭൂമി ബുക്സ്. വില 290 രൂപ.
◾കരള്‍ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ കരളിന്റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പോഷകാഹാര വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി. കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീന്‍ ചെയ്യുന്നു. ബീറ്റ്‌റൂട്ടിന്റെ ഉപയോഗം ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നതിലുപരി കരള്‍ രോഗങ്ങള്‍ക്ക് പരിഹാരം നല്‍കി ഡി എന്‍ എ ഡാമേജ് വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കാരറ്റാണ് കരളിനെ സംരക്ഷിക്കുന്ന മറ്റൊരു പച്ചക്കറി. ഇത് കരള്‍ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ഇലക്കറികള്‍ കരള്‍ ക്യാന്‍സറിനുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. അതിനുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കാന്‍ ഇലക്കറികള്‍ സഹായിക്കുന്നു. ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങളെ അരികത്തു പോലും കൊണ്ടു വരാതെ സംരക്ഷിക്കാന്‍ മികച്ചതാണ് ഇലക്കറികള്‍. ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ്. ഇത് ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍ എന്നിവയെ എല്ലാം ഇത്തരത്തില്‍ പ്രതിരോധിക്കുന്നു. 12 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കരളിനെ പുതുപുത്തനാക്കാനുള്ള കഴിവ് ഗ്രീന്‍ ടീക്കുണ്ട്. ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞള്‍. കരള്‍ രോഗത്തെ എന്തുകൊണ്ടും ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നാണ് മഞ്ഞള്‍. ആവക്കാഡോയുടെ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് കരളിനെ പൊതിഞ്ഞ് സംരക്ഷിക്കും. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ഇത് കരളിന്റെ ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍. ഇത് കരളിനെ ബാധിക്കുന്ന പല രോഗങ്ങളേയും ഇല്ലാതാക്കുന്നു. അനാരോഗ്യകരമായ ജീവിതശൈലി കൊണ്ട് പ്രശ്‌നമുണ്ടാകുന്ന പല രോഗങ്ങളേയും ഇല്ലാതാക്കാനും കരളിനെ ആരോഗ്യമുള്ളതാക്കാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.37, പൗണ്ട് – 99.37, യൂറോ – 88.29, സ്വിസ് ഫ്രാങ്ക് – 87.64, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.78, ബഹറിന്‍ ദിനാര്‍ – 215.92, കുവൈത്ത് ദിനാര്‍ -266.57, ഒമാനി റിയാല്‍ – 211.34, സൗദി റിയാല്‍ – 21.67, യു.എ.ഇ ദിര്‍ഹം – 22.16, ഖത്തര്‍ റിയാല്‍ – 22.35, കനേഡിയന്‍ ഡോളര്‍ – 60.99.