s2 yt cover

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയര്‍പ്പിച്ച് വിടനല്‍കി തലസ്ഥാനം. മൃതദേഹം ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് എത്തിച്ചു. സിപിഐ ഓഫീസായ പട്ടത്തെ പിഎസ് സ്മാരകത്തില്‍ രണ്ട് മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്‌കാരം.

സിപിഐ ഓഫീസായ പട്ടത്തെ പിഎസ് സ്മാരകത്തില്‍ പ്രിയ നേതാവ് കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒഴുകിയെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. പൊതുദര്‍ശനത്തിനിടെ പൊട്ടിക്കരഞ്ഞ ഡി രാജയെ എ കെ ആന്റണി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. റൂട്ട് മാപ്പ് തയ്യാറാക്കിയാണ് തട്ടികൊണ്ടുപോകല്‍ നടപ്പാക്കിയതെന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പൊലീസിന് വ്യക്തമായി. സിസിടിവി ഇല്ലാത്ത ഗ്രാമീണ റൂട്ടുകള്‍ ഉള്‍പ്പെടെ ഇവര്‍ ബ്ലൂ പ്രിന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫോണില്‍നിന്നാണ് പൊലീസിന് ബ്ലൂ പ്രിന്റ് ലഭിച്ചത്. ഒഎല്‍എക്സില്‍ വില്‍ക്കാന്‍ വെച്ചിരുന്ന കാറുകള്‍ പരിശോധിച്ച് അതില്‍നിന്നുള്ള നമ്പറുകള്‍ നോക്കിയാണ് ഇവര്‍ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാറിന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*

വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേര്‍ത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്ന് വ്യക്തമായതായി കെ മുരളീധരന്‍ എംപി. നവകേരള സദസ് തുടങ്ങിയതില്‍ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും ഇപ്പോള്‍ മതിലുപൊളി യാത്രയാണ് നടത്തുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ജമ്മു കശ്മീരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജ് മരിച്ചു. മനോജിന്റെ മൃതദേഹം കേരളത്തിലെത്തിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. വിനോദയാത്ര പോയ 13 അംഗ സംഘത്തിന്റെ വാഹനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ആദ്യം മരിച്ച നാല് യുവാക്കളുടെ മൃതദേഹം ഇന്നലെയാണ് സംസ്‌കരിച്ചത്.

ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ലെന്നും മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണമെന്നും പുതുതായി നിയമിക്കപ്പെട്ട എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്‌കോ പുത്തൂര്‍. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് എതിരായി മറിച്ചൊരു തീരുമാനം എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ക്രിസ്തുമസിന് ഏകീകൃത കുര്‍ബാന നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിഷപ് ബോസ്‌കോ പുത്തൂര്‍.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍

*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്തിയ താമരശേരി ചുരത്തിന്റെ എട്ട്, ഒന്‍പത് വളവുകള്‍ക്കിടയില്‍ ചുരം റോഡിന്റെ രണ്ടുഭാഗത്തുമായി വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയും കടുവയെ കണ്ടെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും ഇക്കാര്യം വനംവകുപ്പ് നിഷേധിച്ചിട്ടുണ്ട്. ചുരത്തിലൂടെയുള്ള രാത്രി യാത്ര ജാഗ്രതയോടെയായിരിക്കണമെന്ന് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കി.

ഇടുക്കി ജില്ലയില്‍ ഈ മാസം 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളായ ഉടുമ്പന്‍ചോല പഞ്ചായത്തിലെ വാര്‍ഡ് 10 (മാവടി), കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 07 (നെടിയക്കാട്) എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേട്ടെടുപ്പിന്റെ തലേ ദിവസവും അവധിയായിരിക്കും.

പത്തനംതിട്ട കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവര്‍ പിടിയിലായി. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു.

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഹോട്ടലിന്റെ മറവില്‍ നടത്തിയ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്‌സൈസിന്റെ പരിശോധനയില്‍ ഇരിങ്ങാലക്കുട സ്വദേശിയും നടനും ഡോക്ട്ടറുമായ അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരെ പിടികൂടി. 1200 ലിറ്റര്‍ മദ്യം കണ്ടെത്തി. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മിക്കുന്ന കേന്ദ്രമാണിതെന്ന് എക്സൈസ് അറിയിച്ചു.

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ പത്തനംതിട്ടയില്‍ കൂടുതല്‍ ഗതാഗത ക്രമീകരണവുമായി പൊലീസ്. ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടശേഷമാണ് തീര്‍ത്ഥാടകരെ നിലയ്ക്കലിലേക്ക് വിടുന്നത്. സന്നിധാനത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലയ്ക്കല്‍ മുതല്‍ തുലാപ്പള്ളി വരെ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസ അടച്ചുപൂട്ടില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന കണക്കിലെടുത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. ഇപ്പോള്‍തന്നെ ടോള്‍പിരിവ് 1300 കോടിയില്‍ എത്തി. എന്നിട്ടും പിരിവ് തുടരുന്നത് ചൂണ്ടിക്കാട്ടി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് തൂവല്‍ തീരം അഴിമുഖത്തിന് സമീപം വള്ളം മറിഞ്ഞു. അപകടത്തില്‍ ഒട്ടുംപുറം സ്വദേശി റിസ്വാന്‍ എന്ന മത്സ്യ തൊഴിലാളിയെ കാണാതായി. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു.

തൃശ്ശൂര്‍ ചാവക്കാടില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കോയമ്പത്തൂര്‍ കോത്തന്നൂര്‍ സ്വദേശി അശ്വിന്‍ ജോണ്‍സ് മുങ്ങി മരിച്ചു. ചാവക്കാട്ടെ കടല്‍ തീരത്ത് ഇന്ന് രാവിലെ 10.30നാണ് അപകടമുണ്ടായത്. അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രോടേം സ്പീക്കറായി നിയമസഭയിലെ എഐഎംഐഎം പ്രതിനിധിയായ അക്ബറുദ്ദീന്‍ ഉവൈസിയെ നിയോഗിച്ചതിലെ അതൃപ്തിയെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച് പുതിയ തെലങ്കാന നിയമസഭയിലെ ബിജെപി അംഗങ്ങള്‍. രേവന്ത് റെഡ്ഡിയുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് മുസ്ലിം പ്രോടേം സ്പീക്കറെ നിയമിച്ചതെന്നും ബിജെപി ആരോപിച്ചു. സ്ഥിരം സ്പീക്കര്‍ നിലവില്‍ വന്നതിനുശേഷം സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് ബിജെപി.

ഇന്നുമുതല്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡറുകള്‍ക്കും തെലങ്കാന ആര്‍ടിസി ബസുകളില്‍ യാത്ര സൗജന്യമായിരിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍. തെലങ്കാനയില്‍ കോണ്‍ഗ്രസ് ആറു വാഗ്ദാനങ്ങളായിരുന്നു നല്‍കിയത്. മഹാലക്ഷ്മി പദ്ധതി പ്രകാരമാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര.

തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയെ ലോക് സഭയില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം ദില്ലി ഹൈക്കോടതിയെയോ സുപ്രീം കോടതിയേയോ സമീപിക്കുമെന്ന് മഹുവ. വിഷയത്തില്‍ മഹുവക്ക് ഉറച്ച പിന്തുണ നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും വ്യക്തമാക്കി.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്. സാഹുവിന്റെ വീട്ടില്‍ നിന്ന് മാത്രം 100 കോടിയിലേറെ പണം പിടിച്ചെടുത്തു. 36 കൗണ്ടിംഗ് മെഷീനുകള്‍ എത്തിച്ചാണ് നോട്ടെണ്ണുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തറില്‍ താമസസ്ഥലത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് 50 ഏഷ്യന്‍ പൗരന്മാരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ച ശേഷമാണ് വീട്ടില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2020ല്‍ പാരിസിലെ സ്‌കൂളിനുപുറത്തുവച്ച് മതനിന്ദ ആരോപിച്ച് ചരിത്രാധ്യാപകനായ സാമുവല്‍ പാറ്റിയെ തലയറുത്തുകൊന്ന കേസില്‍ ആറുവിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് ഫ്രഞ്ച് കോടതി. കൊലപാതകം നടത്തിയ ചെചന്‍ വംശജന്‍ അബ്ദൊല്ല അന്‍സൊറോവ് അന്നുതന്നെ പൊലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. കൊലപാതകത്തിന് കൂട്ടുനിന്ന ആറ് വിദ്യാര്‍ഥികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

വനിത ഐപിഎല്ലിന്റെ രണ്ടാം സീസണ് മുന്നോടിയായുള്ള താരലേലം ഇന്ന് മുംബൈയില്‍. 104 ഇന്ത്യന്‍ താരങ്ങളും അറുപത്തിയൊന്ന് വിദേശ താരങ്ങളും ഉള്‍പ്പടെ 165 പേരാണ് ലേലപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. നാല് മലയാളി താരങ്ങളും ലേലത്തിനുണ്ട്.

ഇന്ത്യന്‍ ഭക്ഷ്യമേഖലയിലെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് നിര്‍മ്മാതാക്കളായി ഐ.ടി.സി. സെപ്തംബറില്‍ അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ ഐ.ടി.സി 17,100 കോടി രൂപയുടെ ഭക്ഷ്യ എഫ്.എം.സി.ജി വില്‍പ്പന രേഖപ്പെടുത്തിയതായി വിപണി നിരീക്ഷകരായ നീല്‍സെന്‍ഐക്യുവിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം ഈ കാലയളവില്‍ ബ്രിട്ടാനിയ 16,700 കോടി രൂപയുടെയും അദാനി വില്‍മര്‍ 15,900 കോടി രൂപയുടെയും പാര്‍ലെ പ്രോഡക്ട്സ് 14,800 കോടി രൂപയുടെയും മൊണ്ടെലെസ് 13,800 കോടി രൂപയുടെയും ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് 12,200 കോടി രൂപയുടെയും വില്‍പ്പനയാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം 16,100 കോടി രൂപയുടെ വില്‍പ്പനയുമായി അദാനി വില്‍മറാണ് വിപണിയില്‍ മുന്നില്‍ നിന്നിരുന്നത്. ബ്രിട്ടാനിയയും വില്‍പ്പനയില്‍ മുന്നിലെത്തിയതോടെ അദാനി വില്‍മര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഭക്ഷ്യ എണ്ണ വിലയിലെ ഗണ്യമായ കുറവാണ് അദാനി വില്‍മറിനെ മറികടക്കാന്‍ ഐ.ടി.സിയെ പ്രധാനമായും സഹായിച്ചതെന്ന് നിരീക്ഷകര്‍ പറയുന്നു. ഈ കുറവ് അദാനി വില്‍മറിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ആട്ട വില വര്‍ധിച്ചത് ഐ.ടി.സിക്ക് നേട്ടമായി. ആശിര്‍വാദ് ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്ന കമ്പനിയുടെ പാക്കേജ്ഡ് ആട്ട ഭക്ഷ്യ ബിസിനസ് വരുമാനത്തിലേക്ക് വലിയ സംഭാവന നല്‍കി. ഇവ കൂടാതെ ഐ.ടി.സിയുടെ മിക്ക ഉല്‍പ്പന്നങ്ങളും മെച്ചപ്പെട്ട വില്‍പ്പന വളര്‍ച്ച നേടിയിട്ടുണ്ട്.

‘വാട്സ്ആപ്പ് യൂസര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത. ആപ്പില്‍ ‘ഡിസപ്പിയറിങ് വോയിസ് മെസ്സേജസ്’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പലരുടേയും ഇഷ്ട സവിശേഷതയായ ‘വ്യൂ വണ്‍സ്’ എന്ന ഫീച്ചറിന് സമാനമാണിത്. ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ ഗ്രൂപ്പിലും വ്യക്തിഗതമായും അയക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണ് വ്യൂ വണ്‍സ്. ഇനി മുതല്‍ ശബ്ദ സന്ദേശങ്ങളും അതുപോലെ അയച്ചുനല്‍കാം. ഡിസപ്പിയറങ് ഫീച്ചര്‍ ഓണ്‍ ചെയ്ത് ശബ്ദ സന്ദേശമയച്ചാല്‍, സ്വീകര്‍ത്താവിന് ഒരു തവണ മാത്രമേ അത് കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. സ്വകാര്യത ആവശ്യമുള്ള വിവരങ്ങള്‍ ശബ്ദസന്ദേശമായി കൈമാറാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമാണിത്. ഡിസപ്പിയറിങ് വോയ്‌സ് മെസേജിനൊപ്പം വ്യൂ വണ്‍സ് മെസേജുകള്‍ക്കൊപ്പം കാണുന്ന ‘ വണ്‍ ടൈം’ ഐക്കണും കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഒരു തവണ മാത്രമേ അത് കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സ്വീകര്‍ത്താവിന് മനസിലാക്കാന്‍ സാധിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് വാട്സ്ആപ്പ് ‘സീക്രട്ട് കോഡ്’ എന്ന പ്രൈവസി ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെയുണ്ടായിരുന്ന ചാറ്റ് ലോക്ക് ഫീച്ചറിന് അധിക സുരക്ഷ നല്‍കുന്നതിനാണ് ‘സീക്രട്ട് കോഡ്’. ചാറ്റുകള്‍ക്ക് പ്രത്യേക പാസ്വേഡ് സെറ്റ് ചെയ്യാന്‍ ഈ സംവിധാനം അനുവദിക്കും.

ബോളിവുഡില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ‘ഫൈറ്റര്‍’. ഷാരൂഖ് ഖാന് 1000 കോടി വിജയം നല്‍കിയ പഠാന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതുതന്നെയാണ് ഈ ഹൈപ്പിനുള്ള ഏറ്റവും വലിയ കാരണം. ഹൃത്വിക് റോഷനും ദീപിക പദുകോണും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുവെന്നതാണ് മറ്റൊരു കാരണം. സമീപകാലത്ത് ഏറ്റവുമധികം വരവേല്‍പ്പ് ലഭിച്ച ടീസര്‍ ആണ് ചിത്രത്തിന്റേത്. എന്നാല്‍ ടീസറിലെ ഒരു രംഗത്തിന്റെ പേരില്‍ ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് എതിര്‍പ്പ് നേരിടുകയാണ് ദീപിക പദുകോണ്‍. വ്യോമസേനാ പൈലറ്റുമാരാണ് ചിത്രത്തില്‍ ഹൃത്വിക്കിന്റെയും ദീപികയുടെയും കഥാപാത്രങ്ങള്‍. ബീച്ചില്‍ വച്ചുള്ള നായികാനായകന്മാരുടെ ഒരു ഇന്റിമേറ്റ് രംഗം ടീസറില്‍ ഉണ്ട്. ഇതില്‍ ദീപിക ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് വിമര്‍ശനം ഉയരുന്നത്. ഏത് വ്യോമസേനാ ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ പൊതുഇടങ്ങളില്‍ വസ്ത്രം ധരിക്കുകയെന്നും വ്യോമസേനയെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍. ദീപിക ഇപ്പോള്‍ എല്ലാ ചിത്രങ്ങളിലും ഇത്തരം വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും അവര്‍ക്ക് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് പൊയ്ക്കൂടേ എന്നുവരെ അധിക്ഷേപ പരാമര്‍ശനങ്ങള്‍ അക്കൂട്ടത്തിലുണ്ട്. നേരത്തെ പഠാനിലെ ഗാനരംഗം ഇറങ്ങിയ സമയത്തും നായികയായ ദീപികയ്ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. 2024 ജനുവരി 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.

ഗാനരംഗത്തില്‍ മാത്രം മുഖം കാണിച്ചു പോവുന്ന നിരവധി താരങ്ങള്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഈയടുത്ത് ഇന്ത്യന്‍ സിനിമലോകം ഏറ്റവും കൂടുതല്‍ ഏറ്റെടുത്ത ഒന്നായിരുന്നു അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’ എന്ന സിനിമയിലെ സാമന്തയുടെ ‘ഓ ആണ്ടവാ’ എന്ന ഗാനരംഗം. 5 കോടി രൂപയാണ് പ്രതിഫലമായി സാമന്ത ഈ ഗാനരംഗത്തിന് വാങ്ങിയത്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഗാനം കൂടി ചര്‍ച്ചകളില്‍ ഇടം നേടുന്നു. നാനി നായകനായെത്തിയ ‘ഹായ് നാന’ എന്ന ചിത്രത്തിലെ ‘ഓഡിയമ്മാ ഹീറ്റു’ എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നതിന് മാത്രമായി 90 ലക്ഷം രൂപയാണ് ശ്രുതി ഹാസന്‍ പ്രതിഫലം വാങ്ങിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളിയായ ഹിഷാം അബ്ദുള്‍ വാഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ആഗാഡു, തേവര്‍ എന്നീ ചിത്രങ്ങളിലെ നൃത്തരംഗങ്ങളിലും മുന്‍പ് ശ്രുതി ഹാസന്‍ ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. മൃണാള്‍ താക്കൂര്‍ ആണ് ഹായ് നന്നായിലെ നായിക. ബേബി കിയാര ഖന്ന, നാസര്‍, പ്രിയദര്‍ശിനി പുലികൊണ്ട, അഗാദ് ബേദി, വിരാജ് അശ്വിന്‍ എന്നിവരാണ് ഹായ് നാനയിലെ മറ്റ് താരങ്ങള്‍. മലയാള താരം ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇറ്റാലിയന്‍ ബ്രാന്‍ഡായ അപ്രീലിയ തങ്ങളുടെ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്ക് ആര്‍എസ് 457 ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യ ബൈക്ക് വീക്കില്‍ ആണ് ബൈക്കിന്റെ അവതരണം. ഇതിന്റെ ഡിസൈന്‍ അപ്രീലിയ ആര്‍എസ് 660 ന് സമാനമാണ്. എന്നാല്‍ ഇത് വളരെ പ്രീമിയം രൂപത്തിലാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലാണ് ഈ മോട്ടോര്‍സൈക്കിള്‍ രൂപകല്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. അതേസമയം, പിയാജിയോയുടെ ഇന്ത്യയിലെ ബാരാമതി പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ ഇതിന്റെ ബുക്കിംഗ് ആരംഭിക്കും. മോട്ടോപ്ലെക്‌സ് ഡീലര്‍ഷിപ്പില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഈ മോട്ടോര്‍സൈക്കിള്‍ വാങ്ങാനാകും. 4.10 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. അപ്രീലിയ ആര്‍എസ് 457ന്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 47ബിഎച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 457സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ സിലിണ്ടര്‍, ഡോക് എഞ്ചിന്‍ ഉണ്ട്. ട്രാന്‍സ്മിഷന് വേണ്ടി, ഇത് 6-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. സജ്ജീകരണത്തിന് സ്ലിപ്പര്‍ ക്ലച്ചും ടു-വേ ക്വിക്ക്ഷിഫ്റ്ററും ലഭിക്കുന്നു. ബൈക്കിന് യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകളും സസ്‌പെന്‍ഷനായി ഒരു മോണോഷോക്ക് യൂണിറ്റും ഉണ്ട്, അതേസമയം എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് സുഗമമാക്കും.

കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ അസാധാരണമായ ആത്മകഥ. പൊതുബോധത്തിന്റെ മാനവികാംശം അര്‍ഹിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതരേഖകൂടിയാകുന്ന കൃതി. ‘ദലിതര്‍’. കെ കെ കൊച്ച്. ഡിസി ബുക്സ്. വില 440 രൂപ

കഠിനമായ ആര്‍ത്തവ വേദന മറികടക്കാന്‍ പലരും കഴിക്കുന്ന വേദനസംഹാരികളിലൊന്നാണ് മെഫ്റ്റാല്‍ സ്പാസ്. എന്നാല്‍ മെഫ്റ്റാല്‍ സ്പാസിന്റെ അധിക ഉപയോഗം ഡ്രസ് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് ഇന്ത്യന്‍ ഫാര്‍മകോപീയ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതിനാല്‍ ഇതിന്റെ ഉപയോഗത്തില്‍ കരുതല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡ്രഗ് റാഷ് വിത്ത് ഈസ്‌നോഫീലിയ ആന്‍ സിസ്റ്റമിക് സിംപ്റ്റംസ് എന്നതിനെയാണ് ഡ്രസ് സിന്‍ഡ്രോം എന്ന് വിളിക്കുന്നത്. ഈ മരുന്നിന്റെ ഉപയോഗം മൂലമുണ്ടാകുന്ന അലര്‍ജിക് റിയാക്ഷനില്‍ ആരോഗ്യപ്രവര്‍ത്തകരിലും രോഗികളിലും സൂക്ഷ്മ നിരീക്ഷണം നടത്തേണ്ടതുണ്ടെന്ന് ഐപിസി അറിയിച്ചു. പലവിധ മരുന്നുകളുടെയും ഉപയോഗം കൊണ്ട് ഡ്രസ് സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടാകാം. ഗുരുതരമായ അലര്‍ജിക് റിയാക്ഷനാണ് ഇത്. പനി, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ആന്തരികാവയവങ്ങളെ ബാധിക്കുന്ന തരത്തിലും ലക്ഷണങ്ങള്‍ പ്രകടമാകാം. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ഐപിസി മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ ദഹനക്കുറവ്, മറ്റ് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയുള്ളവരില്‍ മെഫ്റ്റാല്‍ കഴിക്കുന്നത് സ്ഥിതി വഷളാക്കും. ദീര്‍ഘനാള്‍ മെഫ്റ്റാല്‍ ഉപയോഗിക്കുന്നത് വയറില്‍ അള്‍സറുണ്ടാകാനും ചികിത്സിച്ചില്ലെങ്കില്‍ അത് കാന്‍സറാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും ഈ മരുന്ന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ആര്‍ത്തവ വേദന കൂടാതെ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് വേദനയ്ക്കും ഇവ കഴിക്കാറുണ്ട്. വയറിളക്കം, ക്ഷീണം, കൈകാലുകളില്‍ നീര്, ചൊറിച്ചില്‍, ഓക്കാനം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മലത്തില്‍ രക്തം, കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം തുടങ്ങിയവ മെഫ്റ്റാലിന്റെ പ്രധാന അനന്തരഫലങ്ങളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.43, പൗണ്ട് – 104.69, യൂറോ – 89.88, സ്വിസ് ഫ്രാങ്ക് – 94.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.92, ബഹറിന്‍ ദിനാര്‍ – 221.34, കുവൈത്ത് ദിനാര്‍ -270.70, ഒമാനി റിയാല്‍ – 216.78, സൗദി റിയാല്‍ – 22.25, യു.എ.ഇ ദിര്‍ഹം – 22.72, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 61.38.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *