*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU*
◾തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രിയെ ഉള്‍പെടുത്താനുള്ള ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ചീഫ് ജസ്റ്റീസ് അടങ്ങുന്ന പാനല്‍ വേണമെന്നു സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടതു മറികടക്കാനാണ് ശ്രമം.
◾പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് എന്‍ഡിഎ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന്റെ പിന്തുണ. മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം അറിയിക്കാനാണ് നീക്കം. ലോക്സഭയില്‍ ഒരു എംപി മാത്രമാണ് മിസോറാമിലെ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിനുള്ളത്. കഴിഞ്ഞ മാസം നടന്ന എന്‍ഡിഎ യോഗം എംഎന്‍എഫ് ബഹിഷ്‌കരിച്ചിരുന്നു.
◾പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ചരടുവലിച്ചെന്നു പറയപ്പെടുന്ന ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ കോണ്‍ഗ്രസ് അനുനയിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും കെപിസിസി പ്രസിഡന്റും ഇടപെട്ടു. ഇതേസമയം, താന്‍ ഒരു വിമത നീക്കവും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോണ്‍ വ്യക്തമാക്കി. തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നു ചിലര്‍ നടത്തിയ പ്രചാരണം സിപിഎം തന്നെ നിഷേധിച്ചല്ലോയെന്നും അദ്ദേഹം പറഞ്ഞു.
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*
ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.
*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*
◾സംസ്ഥാനത്ത് കൊലക്കേസുകളില്‍ വിചാരണ നീണ്ടുപോകാതെ സമയബന്ധിതമായി വിധി പ്രസ്താവിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേരളാ ഹൈക്കോടതി. കൊലക്കേസ് മാത്രം പരിഗണിക്കാന്‍ തിരുവനന്തപുരത്ത് രണ്ടും തൃശൂര്‍, കൊല്ലം, തലശേരി എന്നിവിടങ്ങളില്‍ ഓരോ കോടതികളെ ചുമതലപ്പെടുത്തും. ഈ കോടതികള്‍ മാസം അഞ്ചു കൊലക്കേസുകള്‍ വീതം തീര്‍പ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
◾പൊലീസിന് ആരേയും തല്ലിക്കൊല്ലാന്‍ ഒരധികാരവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. താനൂരില്‍ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോഴാണ് ഈ പ്രതികരണം. എസ്പിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്കു ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇതുവരെ തിരിച്ചുപിടിച്ചത് 4449 രൂപ മാത്രം. ബാങ്കിനുണ്ടായ നഷ്ടം 125.83 കോടി രൂപയുടേതാണ്. നിയമസഭയില്‍ സഹകരണ മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം വെളിപെടുത്തിയത്. 25 പേരില്‍ നിന്നാണ് 125.83 കോടി രൂപ ഈടാക്കേണ്ടത്. ഇതിലൊരാള്‍ 4449 രൂപ നല്‍കി. രണ്ടു പേര്‍ മരിച്ചു. ഇവരുടെ അവകാശികളെ കക്ഷി ചേര്‍ക്കും. സര്‍ക്കാരിനു നല്‍കിയ അപ്പീലില്‍ തീര്‍പ്പാകുന്നതുവരെ റിക്കവറി നടപടികള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 19 പേര്‍ കോടതിയെ സമീപിച്ചെന്നും മന്ത്രി അറിയിച്ചു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*
class="selectable-text copyable-text nbipi2bn">കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*◾ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ എന്‍ഫോഴ്സ്മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ബിനീഷ് ലഹരിക്കടത്ത് കേസില്‍ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു.
◾കൊല്ലത്തും വാട്ടര്‍ മെട്രോ വരും. കൊല്ലത്ത് പദ്ധതി നടപ്പാക്കാനായി ജലഗതാഗത വകുപ്പുമായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രാഥമിക ചര്‍ച്ച നടത്തി. വിനോദസഞ്ചാരം കൂടി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്‌കരിക്കുന്നത്.
◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് അസാധാരണ വേഗമെന്ന് മന്ത്രി വിഎന്‍ വാസവന്‍. മണര്‍കാട് പള്ളി പെരുന്നാളും തെരഞ്ഞെടുപ്പും അടുത്തടുത്ത ദിവസങ്ങളിലാകുന്നത് അസൗകര്യങ്ങളുണ്ടാക്കും. ഉമ്മന്‍ ചാണ്ടിയെ വിശുദ്ധന്‍ എന്നു വിശേഷിപ്പിച്ചു പ്രചാരണം നടത്തിയാല്‍ നിയമപരമായി നേരിടും. കോണ്‍ഗ്രസിലെ നിബു ജോണിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരു ആശയ വിനിമയവും നടത്തിയിട്ടില്ല. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്ന പ്രചാരണം അസംബന്ധമാണെന്ന് സിപിഎം. രണ്ടു കമ്പനികള്‍ തമ്മില്‍ നിയമപരമായി സേവന ലഭ്യതയ്ക്കു കരാറനുസരിച്ചു പണം നല്‍കിയതിനെയാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾
മുഖ്യമന്ത്രി പിണറായി വിജയന്‍ മകളുടെ പേരില്‍ പണം വാങ്ങുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വീണ സര്‍വീസ് ടാക്സ് ആണ്. എന്തിന് പണം വാങ്ങിയെന്ന് വ്യക്തമാക്കണം. ഇത് അഴിമതി പണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ പറഞ്ഞു.◾വീണ വിജയനെതിരായ മാസപ്പടി ആരോപണം അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. രാഷ്ട്രീയ വൈരാഗ്യം കാരണം മുഖ്യമന്ത്രിയുടെ മക്കളെ വ്യക്തിഹത്യ ചെയ്യുകയാണ്. വീണ വിജയന്റെ കണ്‍സള്‍ട്ടന്‍സി സ്ഥാപനം സേവനം നല്‍കിയതിന് നികുതി അടച്ച് പണം വാങ്ങിയിട്ടുണ്ടാകാമെന്നും ജയരാജന്‍.
◾മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ പൊലീസിന്റെ കേസിലാണ് മുന്‍കൂര്‍ ജാമ്യം.
◾അന്തരിച്ച ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം.വി. സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ പത്നി സാവിത്രി അന്തര്‍ജനമാകും അടുത്ത മണ്ണാറശാല അമ്മ. കുടുബത്തിലെ മുതിര്‍ന്ന വനിതയാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി. സാവിത്രി അന്തര്‍ജനത്തിന് 83 വയസുണ്ട്. 93 ാം വയസിലാണ് ഉമാദേവി അന്തര്‍ജനം അന്തരിച്ചത്.
◾ഇടുക്കി മണിയാറന്‍കുടിയില്‍ കിടപ്പു രോഗിയായ പറമ്പപ്പുള്ളില്‍ വീട്ടില്‍ തങ്കമ്മയെ (81) മദ്യലഹരിയില്‍ കട്ടിലില്‍ തലയിടിച്ചു കൊന്ന മകന്‍ സജീവന്‍ അറസ്റ്റില്‍. തങ്കമ്മയ്ക്കു ഭക്ഷണം വാരിക്കൊടുത്തപ്പോള്‍ കഴിക്കാതിരുന്നതിന് അരിശംമൂത്ത് കട്ടിലില്‍ തലയിടിപ്പിക്കുകയായിരുന്നു
◾കൊച്ചിയില്‍ പതിമൂന്നു വയസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന്‍ എന്ന നിരഞ്ജന്‍ (20) ആണ് അറസ്റ്റിലായത്.
◾ഉത്തര്‍പ്രദേശിലെ മഥുരയില്‍ അനധികൃത കൈയേറ്റമെന്ന് ആരോപിച്ച് നൂറിലേറെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു തകര്‍ത്തു. റെയില്‍വേയുടെ ഭൂമിയില്‍ അനധികൃതമായി താമസിച്ചെന്ന് ആരോപിച്ചാണ് ന്യൂനപക്ഷ സമുദായക്കാരുടെ കുടിലുകള്‍ പൊളിച്ചത്.
◾മണിപ്പൂരില്‍നിന്ന് വീണ്ടും കൂട്ട ബാലത്സംഗ പരാതി. 37 വയസുള്ള മെയ്തെയ് വിഭാഗത്തിലെ വിവാഹിതയായ യുവതിയാണ് കുക്കി വിഭാഗക്കാര്‍ക്കെതിരേ പരാതി നല്‍കിയത്. മെയ് മൂന്നിനു പീഡിപ്പിച്ചെന്നാണ് മൂന്നു മാസത്തിനുശേഷം യുവതി പരാതിപ്പെട്ടത്.
◾സിക്ക് ലീവെടുത്ത സീനിയര്‍ ഐപിഎസ് ഓഫീസര്‍ പബ്ബില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഗോവ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എ കോനിനെതിരെയാണ് പരാതി. ബാഗാ ടൌണിലെ പബ്ബിലാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
◾വിദ്വേഷം മാത്രം ജീവിത്തില്‍ നിറച്ചു ജീവിക്കുന്നവര്‍ക്ക് സ്നേഹത്തിന്റേയും വാല്‍സല്യത്തിന്റേയും ഭാഷ അറിയില്ലെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി. പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി ബിജെപി ബഞ്ചുകളില്‍ ഇരുന്നവര്‍ക്കു ഫ്ളയിംഗ് കിസ് നല്‍കിയതു സ്നേഹത്തിന്റെ അടയാളമാണെന്നും പ്രിയങ്ക.
◾ഹരിയാനയിലെ നൂഹില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയത് വിഎച്ച്പിയും ബജ്റംഗ് ദളുമാണെന്നും ഇരു സംഘടനകളേയും നിരോധിക്കണമെന്നും ഖാപ് പഞ്ചായത്തുകള്‍. നേരത്തെ മുസ്ലിം വിഭാഗത്തെ ബഹിഷ്‌കരിക്കണമെന്നും കലാപത്തിന് പിന്നാലെയുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളെ അനുകൂലിക്കുന്നതായും ചില ഖാപ് പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടിരുന്നു.
◾വന്ദേഭാരത് ട്രെയിനില്‍ പുക കണ്ട് ഭയന്ന യാത്രക്കാര്‍ അപായ സൈറന്‍ മുഴക്കി ട്രെയിന്‍ നിര്‍ത്തിച്ചു. പരിശോധനയില്‍ ഒരു യാത്രക്കാരന്‍ ശുചിമുറിയില്‍ കയറി ബീഡി വലിച്ചതാണ് പുക ഉയരാന്‍ കാരണമായതെന്നു കണ്ടെത്തി. യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തിരുപ്പതി- ഹൈദരാബാദ് വന്ദേ ഭാരതിലാണ് സംഭവം.
◾യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി. സൈനിക മേധാവിയെ പിരിച്ചുവിട്ടു. യുദ്ധസാധ്യതയുള്ളതിനാല്‍ ആയുധനിര്‍മ്മാണം വര്‍ധിപ്പിക്കാനും കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയെന്നാണു റിപ്പോര്‍ട്ട്.
◾പാക്കിസ്ഥാനില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പൊതുതെരഞ്ഞെടുപ്പു നടത്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നിര്‍ദേശമനുസരിച്ചാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. 90 ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വി തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം നല്‍കി.
◾ഇക്വഡോറിലെ ക്വില്‍റ്റോയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വെടിയേറ്റു മരിച്ചു. ദേശീയ അസംബ്ലി അംഗമായ ഫെര്‍ണാണ്ടോ വില്ലവിസെന്‍സിയോ ആണ് കൊല്ലപ്പെട്ടത്. തലയ്ക്കാണ് വെടിയേറ്റത്. ലഹരി മാഫിയയുടെ ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രതികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗ്വില്ലര്‍മോ ലാസോ പറഞ്ഞു.
◾ഏഴു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന ആന്‍തേ ദേശീയ സ്‌കോളര്‍ഷിപ് പരീക്ഷ ഒക്ടോബര്‍ ഏഴിനും 15 നും ഇടയില്‍ നടക്കും. ഓണ്‍ലൈനായി സൗജന്യമായും ഓഫ് ലൈനായി 100 രൂപ ഫീസടച്ചും ഈ ടാലന്റ് ഹണ്ട് പരീക്ഷ എഴുതാം. ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്കു രണ്ടു ലക്ഷം രൂപയാണ് സമ്മാനം. മറ്റ് അനേകം സമ്മാനങ്ങളുമുണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷം പതിനാറര ലക്ഷം വിദ്യാര്‍ത്ഥികളാണു പരീക്ഷ എഴുതിയത്.
◾വ്യാപാരികള്‍ക്കും വ്യാപാരി സമൂഹവുമായി സഹകരിക്കുന്നവര്‍ക്കുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കുടുംബ സുരക്ഷാ പദ്ധതി ഹിറ്റായി. നാലായിരം രൂപ പ്രീമിയം അടച്ച് ഭദ്രം പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ സഹായവും പത്തു ലക്ഷം രൂപയുടെ മരണാനന്തര സഹായവുമാണു നല്‍കുന്നത്. ഭദ്രം പ്ലസ് പദ്ധതിയില്‍ 70 വയസിനു താഴെയുള്ള ബന്ധുക്കളേയും അംഗമാക്കാം. ഭദ്രം പ്ലസ് പദ്ധതിയില്‍ ചികിത്സാ സഹായം ഏഴര ലക്ഷം രൂപയും മരണാനന്തര സഹായം 15 ലക്ഷം രൂപയുമാണ്.
◾ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15,530 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 2021-22 ല്‍ മുന്‍വര്‍ഷത്തെ 13,838 കോടി രൂപയുടെ അറ്റനഷ്ടമുണ്ടായിരുന്നു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികളെല്ലാം മോശമല്ലാത്ത വരുമാനം രേഖപ്പെടുത്തിയെങ്കിലും ചില വിമാനങ്ങള്‍ക്കും വിമാന എന്‍ജിനുകള്‍ക്കുമായി എയര്‍ ഇന്ത്യ 5,000 കോടി രൂപ നീക്കിവച്ചതാണ് നഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത്. ടാറ്റ സണ്‍സ് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം എയര്‍ ഇന്ത്യ മൊത്തത്തില്‍ 11,216.32 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും 37,928.70 കോടി രൂപ വരുമാനം നേടുകയും ചെയ്തു. മറ്റ് ഗ്രൂപ്പ് വിമാന കമ്പനികളായ എയര്‍ഏഷ്യ ഇന്ത്യയും വിസ്താരയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം രേഖപ്പെടുത്തി. എയര്‍ ഏഷ്യ ഇന്ത്യ 2,750 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. ഗ്രൂപ്പിന്റെ 51% കൈവശമുള്ള വിസ്താര 1,393.34 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തി. അതേസമയം എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്സ്പ്രസ് 116.84 കോടി രൂപയുടെ അറ്റാദായം നേടി. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനികളില്‍ ലാഭമുണ്ടാക്കിയ ഒരേയൊരു സ്ഥാപനമാണിത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. പുതിയ വിമാനങ്ങളുടെ മൊത്തം ഓര്‍ഡര്‍ മൂല്യം ഏകദേശം 2,46,000 കോടി രൂപയാണ്. നിലവിലുള്ള വിമാനങ്ങള്‍ പുതുക്കിപ്പണിയുന്നതിനും നവീകരിക്കുന്നതിനുമായി 3,300 കോടി രൂപയുടെ പദ്ധതിയുമുണ്ട്.
◾യൂട്യൂബില്‍ വാച്ച് ഹിസ്റ്ററി ഓഫ് ചെയ്തിടുന്ന ആളാണെങ്കില്‍, യൂട്യൂബ് ഹോം പേജില്‍ ഇനി ഒരു വീഡിയോ പോലും കാണാനാകില്ല. യൂട്യൂബില്‍ ഒന്നും സെര്‍ച് ചെയ്തിട്ടില്ലെങ്കിലും ഹോം പേജില്‍ വീഡിയോ റെക്കമെന്റേഷനുകളൊന്നും തന്നെ ദൃശ്യമാകില്ല. പൊതുവെ നിങ്ങള്‍ കാണുന്ന വീഡിയോകള്‍ അനുസരിച്ചാണ്, ഹോം പേജില്‍ യൂട്യൂബ് അതുമായി ബന്ധപ്പെട്ട ഉള്ളടക്കം ദൃശ്യമാക്കുന്നത്. അതായത്, ‘വാച്ച് ഹിസ്റ്ററി’ യൂട്യൂബിനും അതുപോലെ യൂസര്‍മാര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണെന്ന് ചുരുക്കം. എന്നാല്‍, നിങ്ങള്‍ കാണുന്ന വീഡിയോകള്‍ എന്തൊക്കെയാണെന്ന് മറ്റൊരാള്‍ കാണാതിരിക്കാനായി ‘വാച്ച് ഹിസ്റ്ററി’ ഓഫ് ചെയ്തിട്ടാല്‍, ഇനി ഒരു വീഡിയോ പോലും യൂട്യൂബ് ഹോംപേജിലുണ്ടാകില്ല, മറിച്ച്, സെര്‍ച് ബാറും പ്രൊഫൈല്‍ ചിത്രവും മാത്രമാകും കാണാന്‍ സാധിക്കുക. അതേസമയം, പുതിയ സവിശേഷതയെ കുറിച്ചുള്ള വിശദീകരണവുമായി യൂട്യൂബ് രംഗത്തെത്തിയിട്ടുണ്ട്. ശുപാര്‍ശ ചെയ്യപ്പെടുന്ന വീഡിയോകളുടെ ശല്യമില്ലാതെ, ഉപയോക്താക്കള്‍ക്ക് അവര്‍ കാണാന്‍ ആഗ്രഹിക്കുന്ന ഉള്ളടക്കം തിരയാനും സബ്‌സ്‌ക്രൈബ് ചെയ്ത അക്കൗണ്ടുകളിലേക്ക് എളുപ്പത്തില്‍ പോകാനും പുതിയ മാറ്റം ഉപകാരപ്പെടുമെന്നാണ് അവര്‍ പറയുന്നത്. ഈ ഫീച്ചര്‍ യൂട്യൂബിന്റെ പുതിയ കാഴ്ചാനുഭവത്തിന്റെ ഭാഗമാണ്, ഭാവിയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കുമെന്നും സ്ട്രീമിങ് ഭീമന്‍ പറയുന്നു. ഈ ഫീച്ചര്‍ നിലവില്‍ പലര്‍ക്കും ലഭ്യമാക്കി വരികയാണെന്നും, വൈകാതെ തന്നെ എല്ലാവര്‍ക്കും അവരുടെ യൂട്യൂബ് ആപ്പില്‍ ദൃശ്യമായി തുടങ്ങുമെന്നും ഗൂഗിള്‍ അവരുടെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.
◾ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ കിങ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പുറത്ത്. ഷാറുഖ് ഖാന്‍, മോഹന്‍ലാല്‍, സൂര്യ, നാഗാര്‍ജുന തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ട്രെയിലര്‍ ഒദ്യോഗികമായി റിലീസ് ചെയ്തത്. മിനിറ്റുകള്‍ കൊണ്ട് പതിനായിരങ്ങള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ദുല്‍ഖറിന്റെ മാസ് ലുക്കും കിടിലന്‍ ഡയലോഗുകളുമാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തില്‍ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകന്‍, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. ചിത്രം ഓഗസ്റ്റില്‍ തിയറ്റുകളിലെത്തും.
◾വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഖുഷി’ സെപ്തംബര്‍ 1ന് തിയറ്ററുകളില്‍ എത്തും. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരേ സമയം ഇറങ്ങും. രണ്ട് ജാതിയില്‍ പെടുന്നവര്‍ പ്രേമിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരാകുന്നതും അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
◾ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കുഞ്ഞന്‍ പതിപ്പ് വരുന്നു. ജെഎല്‍ആറിന്റെ ഇലക്ട്രിക് മോഡുലാര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനം 2027ലായിരിക്കും പുറത്തിറങ്ങുക. ഇഎംഎ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കുന്ന നാലു വാഹനങ്ങളിലൊന്നായിരിക്കും കുഞ്ഞന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും. റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ വെലാര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എന്നിവയായിരിക്കും ഇതേ പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന മറ്റു വാഹനങ്ങള്‍. 15 അടി നീളവും 6.5 അടി വീതിയുമായിരിക്കും കുഞ്ഞന്‍ ഡിഫന്‍ഡറിനുണ്ടാവുക. സ്‌കോഡ കുഷാക്കിന്റെ വലിപ്പമായിരിക്കും ചെറു ഡിഫന്‍ഡറിനുണ്ടാവുക. ഡിഫന്‍ഡര്‍ സ്‌പോര്‍ട് എന്നായിരിക്കും ഈ വാഹനത്തിന് പേരു നല്‍കുകയെന്നും സൂചനയുണ്ട്. നിലവിലെ ഡിഫന്‍ഡറിന് പകരക്കാരനായല്ല ലാന്‍ഡ് റോവര്‍ ചെറു പതിപ്പ് പുറത്തിറക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2026ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഎല്‍എ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം നിര്‍മിക്കുക. വൈദ്യുത വാഹനങ്ങളും ഹൈബ്രിഡ്, ഐസിഇ വാഹനങ്ങളും നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. അതുകൊണ്ടുതന്നെ ഡിഫെന്‍ഡറിന്റെ പൂര്‍ണ രൂപത്തിലുള്ള വൈദ്യുത മോഡല്‍ 2026ല്‍ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
◾ഗോവയില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെട്ട് നാട്ടിലെത്തി, യാദൃച്ഛികമായി സൂപ്പര്‍താരമാകുന്ന ലീല. അവളിലെ നടിയെ കണ്ടെത്തുന്ന സംവിധായകന്‍ ഫ്രെഡ്ഡി. ഭൂതകാലത്തില്‍ ഉപേക്ഷിച്ച പലതും വീണ്ടും വിലങ്ങുതടിയാകുമ്പോള്‍ അതിനെ പാടേ പിഴുതുകളയുക എന്നതു മാത്രമേ പരിഹാരമുള്ളൂ. ഫ്രെഡ്ഡിയുടെ ഏറ്റവും മികച്ച തിരക്കഥയില്‍ ലീല എക്കാലത്തെയും മികച്ച അഭിനയപ്രകടനം കാഴ്ചവെക്കാന്‍ തീരുമാനിക്കുന്നു. അവിചാരിതമായുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ പുതിയ കഥാഗതികളിലേക്ക് തിരിയുമ്പോള്‍ കഥയിലെ കഥ കെണ്ടത്താന്‍ അദ്ദേഹം രംഗപ്രവേശം ചെയ്യുന്നു, ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാള്‍. ‘മരണത്തിന്റെ തിരക്കഥ’. അന്‍വര്‍ അബ്ദുള്ള. മാതൃഭൂമി ബുക്സ്. വില 313 രൂപ.
◾ഒരാഴ്ച ഓടിനടന്ന് പണിയെടുക്കുന്നതിന്റെ ക്ഷീണമെല്ലാം പലരും വാരാന്ത്യങ്ങളിലാണ് വിശ്രമിച്ച് തീര്‍ക്കുന്നത്. രാത്രിയില്‍ കൂടുതല്‍ സമയം കിടന്നുറങ്ങിയും പറ്റിയാല്‍ പകല്‍ സമയത്തുപോലും കട്ടിലില്‍ ഇടംപിടിച്ചുമൊക്കെയാണ് പലരുടെയും വീക്കെന്‍ഡുകള്‍ കടന്നുപോകുന്നത്. എന്നാല്‍ ഉറക്കക്കുറവ് മാത്രമല്ല അമിതമായി ഉറങ്ങുന്നതും പ്രശ്നമാണ്. 90 മിനിറ്റ് അധികം ഉറങ്ങിയാല്‍ പോലും ആരോഗ്യത്തിന് തിരിച്ചടിയാകുമെന്നാണ് പഠനങ്ങള്‍. ജോലിദിവസങ്ങളിലും ഒഴിവുദിനങ്ങളിലും ഉറക്കരീതികളില്‍ വരുന്ന മാറ്റം ആന്തരിക ജൈവഘടികാരത്തില്‍ മാറ്റം വരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം, ഭക്ഷണശീലങ്ങള്‍, ഇന്‍ഫ്ലമേഷന്‍, ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ ഘടന എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. വളരെ വൈകി ഉറങ്ങുന്നവര്‍ക്കും ദിവസവും എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ ഉറക്കം കിട്ടാത്തവര്‍ക്കും ചിട്ടയായി ഉറങ്ങുന്നവരെ അപേക്ഷിച്ച് അനാരോഗ്യത്തിന്റെ സൂചനയായ ഇന്‍ഫ്ലമേഷന്‍ കൂടുതലായിരിക്കുമെന്നാണ് പടനത്തില്‍ പറയുന്നത്. ദിവസവും വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുള്ളത്. ഇവര്‍ക്ക് ശരീരഭാരം കൂടുക, ഹൃദയപ്രശ്നങ്ങള്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും. ജൈവഘടികാരത്തിനു വരുന്ന തടസ്സങ്ങളാണ് അനാരോഗ്യത്തിനു കാരണം. വാരാന്ത്യങ്ങളിലെ അലസമായുള്ള മയക്കവും അനാരോഗ്യകരമായ ഭക്ഷണശീലവുമെല്ലാം ഉദരപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഉറക്ക സമയത്തില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഉദരത്തിലെ ബാക്ടീരിയകളില്‍ വ്യത്യാസം വരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.82, പൗണ്ട് – 105.66, യൂറോ – 91.24, സ്വിസ് ഫ്രാങ്ക് – 94.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.27, ബഹറിന്‍ ദിനാര്‍ – 219.72, കുവൈത്ത് ദിനാര്‍ -269.39, ഒമാനി റിയാല്‍ – 215.13, സൗദി റിയാല്‍ – 22.07, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 61.78.