2025 ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യയില്‍ പുറത്തിറക്കി. 2.31 കോടി രൂപ മുതല്‍ 2.41 കോടി രൂപ വരെയാണ് എല്‍സി 300ന് ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത്. ഓഫ് റോഡിങ് ഫീച്ചറുകളുള്ള ജിആര്‍-എസ് വകഭേദം ആദ്യമായി ഇന്ത്യയില്‍ ലഭ്യമാണെന്ന സവിശേഷതയുമുണ്ട്. ജിആര്‍-എസ് വകഭേദത്തിനു പുറമേ ഇസെഡ്എക്സ് വകഭേദത്തിന്റെയും ബുക്കിങ് ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. 3.3 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് പുതിയ എല്‍സി 300ലും ജിആര്‍-എസിലുമുള്ളത്. 309എച്ച്പി കരുത്തും 700 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. 10 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് പുത്തന്‍ ലാന്‍ഡ് ക്രൂസര്‍ 300ലും ഉള്ളത്. നിലവില്‍ വിപണിയിലുള്ള ലാന്‍ഡ് ക്രൂസര്‍ 300 മോഡലില്‍ നിന്നും എന്‍ജിനില്‍ മാറ്റങ്ങളില്ല. നിലവിലെ ലാന്‍ഡ് ക്രൂസര്‍ 300നേക്കാള്‍ 21 ലക്ഷം രൂപ കൂടുതലാണ് 2025 ലാന്‍ഡ് ക്രൂസര്‍ 300ന്. വിലയും വലിപ്പവും പവര്‍ട്രെയിനും കണക്കിലെടുത്താല്‍ 2025 ലാന്‍ഡ് ക്രൂസര്‍ 300ന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല.
ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യയില്‍ പുറത്തിറക്കി
