കുരുതിക്കളത്തില്‍നിന്നു
വന്ന രക്തസന്ദേശം
മിത്തുകള്‍ മുത്തുകള്‍ – 37
വിക്രമാദിത്യ കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
മാളവ രാജ്യത്തു മുഞ്ജരാജന്റെ ഭരണം. ബാലനായ ഭോജനാണ് യഥാര്‍ത്ഥത്തില്‍ രാജാവാകേണ്ടത്. രാജാവായിരുന്ന അച്ഛന്‍ ഭോജന്‍ ശൈശവകാലത്തുതന്നെ മരിച്ചു. കിരീടാവകാശിയായ ഭോജനുവേണ്ടി വലിയച്ഛനായ മുഞ്ജന്‍ അങ്ങനെയാണ് ഭരണം ഏറ്റെടുത്തത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഭോജനെ രാജാവാക്കാമെന്നാണു ധാരണ.
ഒരിക്കല്‍ പണ്ഡിതനായ ഒരു ജ്യോല്‍സ്യന്‍ കൊട്ടാരത്തിലെത്തി. മുഞ്ജരാജാവിന്റെയും മക്കളുടേയും ഭാവി പ്രവചിച്ചു. കൂട്ടത്തില്‍ ഭോജന്റെയും.
‘അസാമാന്യമായ ദിവ്യശക്തി ഈ ബാലനുണ്ട്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇവന്‍ വിഖ്യാതനായ ചക്രവര്‍ത്തിയാകും.’ ഭോജനെപ്പറ്റി ജ്യോല്‍സ്യന്റെ പ്രവചനം.
ഇതുകേട്ടപാടേ, മുഞ്ജന്റെയും മക്കളുടേയും മുഖം കടന്നല്‍ കുത്തേറ്റതുപോലെയായി. ഭോജന്‍ രാജാവും ചക്രവര്‍ത്തിയാകുകയോ? അതു പറ്റില്ല. രാജാവകാശം ഭോജനു നല്കാതെ തന്റെ മക്കള്‍ക്കു നല്കണമെന്ന് ഉറച്ച തീരുമാനമെടുത്തിരുന്ന മുഞ്ജന്‍ ആലോചിച്ചു. രാജ്യത്തുടനീളം സല്‍പ്പേരുണ്ടാക്കുന്ന ഭോജനെ ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല. അവനെ തന്ത്രപൂര്‍വം കൊല്ലണം.
മുഞ്ജന്‍ മന്ത്രിയെ വിളിച്ചുവരുത്തി. ‘നാം ഒരു ജ്യോല്‍സ്യനെക്കൊണ്ടു പ്രശ്നംവയ്പിച്ചു. വലിയ ആപത്താണ് വരാനിരിക്കുന്നത്. ദേവീകോപം. രക്ഷപ്പെടാന്‍ ഒരൊറ്റ വഴിയേ ജ്യോല്‍സ്യന്‍ വിധിക്കുന്നുള്ളൂ. ഇന്നു രാത്രി നമ്മുടെ കാളിക്ഷേത്രത്തില്‍ ഭോജനെ ബലി കൊടുക്കണം.’ രാജാവ് രഹസ്യമായി മന്ത്രിച്ചു.
കിരീടാവകാശിയായ ഭോജനോട് അതീവ താല്പര്യമുണ്ടായിരുന്ന മന്ത്രി ഇതുകേട്ട് ഞടുങ്ങിപ്പോയി. രാജകല്പന നടപ്പാക്കാതിരിക്കാനാകുമോ? മന്ത്രി ‘റാന്‍’ മൂളി.
‘എല്ലാ ഏര്‍പ്പാടും ചെയ്യുക. രഹസ്യമായിരിക്കണം. കൊന്നതിനുള്ള തെളിവും ഹാജരാക്കണം.’ രാജാവ് കല്പിച്ചു.
പാതിരാവായപ്പോള്‍ മന്ത്രി ഭോജനെ വിളിച്ചുണര്‍ത്തി കാളിക്ഷേത്രത്തിലേക്കു കൊണ്ടുപോയി. അല്പസമയം പ്രാര്‍ത്ഥിച്ചു. ഭോജനെ രക്ഷിക്കാന്‍ വഴി കാണിച്ചുതരണമെന്നായിരുന്നു മന്ത്രിയുടെ പ്രാര്‍ത്ഥന.
ഇക്കഥയൊന്നും അറിയാത്ത ഭോജന്‍ പ്രാര്‍ത്ഥനയ്ക്കുശേഷം മടങ്ങിപ്പോകാന്‍ ഒരുങ്ങി. മന്ത്രി തടഞ്ഞു.
‘കുമാരാ, അടിയനു മാപ്പു നല്കണം. ഇവിടെ കുമാരനെ കൊല്ലാനാണ് രാജകല്പന. കാളിക്കുള്ള ബലിയാണത്രേ. അടിയനതു ചെയ്യില്ല. അങ്ങു രക്ഷപ്പെടണം.’ ഭോജന്റെ കാലില്‍ പിടിച്ചുകൊണ്ട് മന്ത്രി വിലപിച്ചു.
ഭോജകുമാരന്‍ ഞെട്ടിത്തരിച്ചുപോയി. അല്പ സമയത്തെ മൗനത്തിനുശേഷം പറഞ്ഞു: ”മന്ത്രി ശ്രേഷ്ഠാ, രാജകല്പന നടപ്പാക്കാന്‍ അങ്ങു ബാധ്യസ്ഥനാണ്.’
‘ഇതാ തേച്ചുമിനുക്കിയ വാള്‍. എന്റെ തലയറുക്കുക. അങ്ങയെ കൊല്ലുന്നതിലും നല്ലത് അതാണ്.’ മന്ത്രിയുടെ മറുപടി. അല്പസമയം അവര്‍ക്കിടയില്‍ തലപുകയുന്ന മൗനം.
‘ചതിയെ ചതികൊണ്ടുതന്നെ നേരിടണമെന്നാണു പ്രമാണം. അങ്ങയെ ഞാന്‍ ഒര രഹസ്യതാവളത്തില്‍ ഒളിപ്പിക്കാം. പക്ഷേ കൊന്നതിനു തെളിവു വേണമെന്ന് രാജാവ് ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവിനായി അങ്ങയുടെ അല്പം രക്തം വേണം.’
ബാലനായ ഭോജന്‍ സമ്മതിച്ചു. വാള്‍കൊണ്ട് ഭോജന്റെ കൈയില്‍ ചെറിയൊരു മുറിവുണ്ടാക്കി. വാര്‍ന്നുവന്ന രക്തം വാള്‍ത്തലയില്‍ പുരട്ടി. രാജകുമാരന്റെ ഉടയാടകളും അരപ്പട്ടയും അഴിച്ചെടുത്ത് അതിലും രക്തത്തുള്ളികള്‍ വീഴ്ത്തി. ഒടുവില്‍ മുറിവു വച്ചുകെട്ടിയശേഷം രഹസ്യതാവളത്തില്‍ ഒളിപ്പിച്ചു.
ക്ഷേത്രത്തിനരികില്‍ ചന്ദനമുട്ടികള്‍ നിരത്തി ഒരുക്കിയിരുന്ന ചിതയ്ക്കു തീകൊളുത്തി കൊട്ടാരത്തിലേക്കു മടങ്ങി. മന്ത്രി കൊട്ടാരത്തിലെ മട്ടുപ്പാവില്‍തന്നെ രാജാവുണ്ടായിരുന്നു. ദൂരെയുള്ള ക്ഷേത്രത്തിന്നരികില്‍ ചിതയെരിയുന്നത് അവ്യക്തമായി കാണാം.
‘തിരുമേനീ, ഭോജനെ കഴുത്തറുത്ത് ബലി കൊടുത്തു. തലയും ഉടലും ദഹിപ്പിക്കുകയാണ്. എങ്കിലേ ബലി പൂര്‍ണമാകൂ. ഇതാ,അവന്റെ ഉടയാടകള്‍.’ രക്തം പുരണ്ട ഉടയാടകളും വാളും രാജാവിനെ കാണിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.
ഉടയാടകളിലേക്ക് രാജാവ് തുറിച്ചുനോക്കി. അതു നിവര്‍ത്തിപ്പടിച്ച് ഒരേ നില്പ്. ഉടുപ്പില്‍ രക്തംകൊണ്ട് എന്തോ എഴുതിയിരിക്കുന്നു. ഭോജന്റെ രക്തസന്ദേശം. സന്ദേശമെന്തെന്നു മന്ത്രിക്കു വായിക്കാനായില്ല. പക്ഷേ അതുനോക്കി പരിഭ്രാന്തനാകുന്നതും രാജാവ് വിമ്മിട്ടപ്പെടുന്നതും കാണാമായിരുന്നു. മന്ത്രി ഭയന്നു. സത്യം പുറത്താകുമോ? വിറച്ചു വീഴാതിരിക്കാന്‍ ബലംപിടിച്ചുനിന്ന മന്ത്രി മോങ്ങി:
‘മഹാരാജാവേ, അടിയന്‍….. ‘
‘ഛെ… അവനെ കൊല്ലേണ്ടായിരുന്നു.’ രാജാവ് പിറുപിറുത്തു. പിന്നെ മന്ത്രിക്കുനേരെ ചീറിത്തിരിഞ്ഞ് ആക്രോശിച്ചു:
‘പൊയ്‌ക്കോ, എന്റെ മുമ്പീന്ന്.’
ഭോജനെ രക്ഷപ്പെടുത്തിയ കഥ രാജാവ് അറിഞ്ഞിട്ടില്ലെന്നു മനസിലാക്കിയ മന്ത്രി ഉടനേ ആശ്വാസത്തോടെ സ്ഥലംവിട്ടു. പിറ്റേന്നും രാജാവ് അസ്വസ്ഥനായിരുന്നു. രാത്രി മുഴുവനും ഉറങ്ങാതെ ക്ഷീണിതനായ അദ്ദേഹം ഭ്രാന്തനേപ്പോലെ പുലമ്പാനും തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മുഞ്ജരാജന്റെ നില കൂടുതല്‍ വഷളായി. ഒടുവില്‍ അദ്ദേഹം മന്ത്രിയെ വിളിച്ചുവരുത്തി.
‘ഭോജനെ കൊന്നത് മഹാഅപരാധമായിപ്പോയി. വേണ്ടായിരുന്നു. ഇനി അവനെ ജീവനോടെ കിട്ടാന്‍ എന്തു ചെയ്യും? അവനെ തിരിച്ചുകിട്ടിയില്ലെങ്കില്‍ ഹൃദയം പൊട്ടി ഞാന്‍ മരിക്കും.’
”എന്തെങ്കിലും വഴിയുണ്ടോയെന്ന് ഞാന്‍ നോക്കാം, തിരുമേനീ.’ മന്ത്രിയുടെ മറുപടി. രാജസന്നിധിയില്‍ നിന്നു പെട്ടെന്നു തന്നെ മടങ്ങിയ മന്ത്രി ആലോചിച്ചു. ഒടുവില്‍ ഒരു ഉപായം കണ്ടെത്തി. പിറ്റേന്നു രാജാവിനെ മുഖം കാണിച്ച് വിവരം അറിയിച്ചു.
”അസാമാന്യ അദ്ഭുതസിദ്ധികളുള്ള ഒരു മഹര്‍ഷിയെക്കുറിച്ചു അടിയന്‍ കേട്ടിട്ടുണ്ട്. മരിച്ചവരെ പുനരുജ്ജീവിപ്പിക്കാന്‍ വരെ അദ്ദേഹത്തിനു കഴിവുണ്ടത്രേ. ആ മഹര്‍ഷിയെ വിളിച്ചാലോ?’
‘ഉടനെയാകട്ടെ. ഞാന്‍ നേരിട്ടുവരാം. ഖജനാവില്‍നിന്ന് കുറേ പാരിതോഷികങ്ങളും എടുക്കാം.’ രാജാവ് പറഞ്ഞു.
‘അങ്ങു വേണമെന്നില്ല. അടിയന്‍ ഒറ്റയ്ക്കു പൊയ്ക്കൊള്ളാം. മഹര്‍ഷി പ്രത്യേക സ്വഭാവക്കാരനാണ്. സമ്മാനങ്ങളൊന്നും സ്വീകരിക്കാറില്ല.’ മന്ത്രി.
‘എന്നാല്‍ അങ്ങനെയാകട്ടേ. ഉടനേ വേണം.’
പിറ്റേന്ന് മന്ത്രി ഒരു മഹര്‍ഷിയേയുംകൂട്ടി രാജസന്നിധിയിലെത്തി. മഹര്‍ഷിക്കു മുന്നില്‍ രാജാവു സാഷ്ടാംഗം പ്രണമിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് ആവശ്യമുണര്‍ത്തിച്ചു. മഹര്‍ഷി ഗംഭീരഭാവത്തോടെ തലകുലുക്കി.
രാജാവിനോട് ഒന്നും ഉരിയാടാതെ, മന്ത്രിയോട് ചില രഹസ്യങ്ങള്‍ പറഞ്ഞ് മഹര്‍ഷി സ്ഥലംവിട്ടു. ഒരു രഹസ്യകേന്ദ്രത്തില്‍ യാഗശാല സജ്ജജമാക്കണമെന്നാണ് മഹര്‍ഷി ആവശ്യപ്പെട്ടത്.
മന്ത്രി ഒരു രഹസ്യകേന്ദ്രത്തില്‍ യാഗശാലയൊരുക്കി. മഹര്‍ഷിയെത്തി. യാഗശാലയ്ക്കുള്ളില്‍ മണിക്കൂറുകള്‍ നീണ്ട യാഗവും പൂജയും. പുറത്ത് രാജാവും മന്ത്രിയും അക്ഷമരായി കാത്തുനില്‍ക്കുകയായിരുന്നു.
കുറേക്കഴിഞ്ഞപ്പോള്‍ മഹര്‍ഷി പുറത്തുവന്നു. പിന്നാലെ ഭോജകുമാരനും. ഭോജനെ കണ്ടപാടേ, മുഞ്ജരാജാവ് ആഹ്ലാദത്തോടെ ഓടിച്ചെന്ന് അവനെ വാരിപ്പുണര്‍ന്നു. സന്തോഷവും കുറ്റബോധവും തിരയിളക്കിയ രാജാവിന്റെ മനസില്‍നിന്നു കണ്ണീര്‍പ്രവാഹം.
ഇതിനിടയില്‍ മഹര്‍ഷി പെട്ടെന്നു സ്ഥലംവിട്ടു. മഹര്‍ഷിവേഷംകെട്ടി വന്നത് മന്ത്രിയുടെ പത്നിയായിരുന്നെന്ന് അപ്പോഴും രാജാവിനു മനസിലായില്ല. ഭോജകുമാരനെ മന്ത്രി കൊല്ലാതെ ഒളിവില്‍ പാര്‍പ്പിക്കുകയായിരുന്നെന്ന് മറ്റാരും അറിഞ്ഞില്ല. യാഗശാലയില്‍ അവനെ ഒളിപ്പിച്ചിരുത്തിയിരുന്ന കാര്യവും പരമരഹസ്യം.
ഭോജനുമൊത്ത് കൊട്ടാരത്തിലേക്കു മടങ്ങിയ മുഞ്ജന്‍ കുറേ വര്‍ഷങ്ങള്‍കൂടി രാജ്യം ഭരിച്ചു. ഭോജന്‍ യുദ്ധതന്ത്രജ്ഞനും പരാക്രമിയുമായ യുവാവായി വളര്‍ന്നു.
അക്കാലത്താണ് രാജാവായ ത്രികലിംഗ തൈലപന്‍ മുഞ്ജരാജനോട് യുദ്ധത്തിനു വന്നത്. ഭോജന്റെ നേതൃത്വത്തില്‍ പട്ടാളം ശത്രുക്കളെ തുരത്തിക്കൊണ്ടിരുന്നു. പക്ഷേ, തൈലപന്റെ പട്ടാളം ചതിയിലൂടെ മുഞ്ജരാജനെ കൊന്നു. യുദ്ധം തുടര്‍ന്ന ഭോജന്‍ ഒടുവില്‍ ശത്രുക്കളെ തുരത്തി.
വിജയാഹ്ലാദ ആരവങ്ങള്‍ക്കിടയില്‍ ഭോജന്റെ രാജകീയ സ്ഥാനാരോഹണം. മാസങ്ങള്‍ക്കകം സമീപരാജ്യങ്ങളെയെല്ലാം ഭോജന്‍ ആക്രമിച്ചു കീഴടക്കി. എല്ലായിടത്തും ഭോജരാജന്‍ ജയിച്ചപ്പോള്‍ പഴയ പ്രവചനം ഫലിക്കുകയായിരുന്നു. അസാമാന്യ സിദ്ധികളോടെ വിഖ്യാതനായ ചക്രവര്‍ത്തിയാകുമെന്ന പ്രവചനം.